ADVERTISEMENT

കയറ്റങ്ങളും വളവുകളുമുള്ള വഴിയിലൂടെ ടാക്സി ഡ്രൈവർ തന്റെ കാർ ഓടിക്കുകയാണ്. പെട്ടെന്നാണ് അതിവേഗത്തിൽ ഒരു കാർ എതിരെ വന്നത്. വളരെ കഷ്ടപ്പെട്ടു ടാക്സി ഡ്രൈവർ തന്റെ കാർ വെട്ടിച്ചുമാറ്റി ഓരം ചേർത്തു നിർത്തി. അയാൾക്കു വല്ലാതെ ദേഷ്യം വന്നു. കാറോടിച്ചിരുന്ന സ്ത്രീയാകട്ടെ അയാളെ പന്നി എന്നു വിളിച്ച ശേഷം കടന്നുകളഞ്ഞു. കലി പൂണ്ട അദ്ദേഹത്തിന്റെ വേഗവും കൂടി. അടുത്ത വളവിൽ എത്തിയപ്പോൾ വഴി മുഴുവൻ കാട്ടുപന്നിക്കൂട്ടം നിൽക്കുന്നു. എന്തുകൊണ്ടാണ് ആ സ്ത്രീ അതിവേഗം വന്നതെന്നും തന്നെ അങ്ങനെ വിളിച്ചതെന്നും അപ്പോഴാണ് അയാൾക്കു മനസ്സിലായത്. 

 

പാതി മനസ്സിലാകുന്നതാണ് ഒന്നും മനസ്സിലാകാത്തതിനെക്കാൾ വലിയ അപകടം. കേൾക്കുന്നതും കാണുന്നതും ഒരിക്കലും പൂർണമല്ല. അതിനു മുൻപും പിൻപുമുള്ള ഒട്ടേറെ കാര്യങ്ങളുണ്ട്. അവയൊന്നും മനസ്സിലാക്കാൻ ശ്രമിക്കാതെ ഞാൻ എന്റെ കണ്ണുകൊണ്ടു കണ്ടതാണ്, കാതുകൊണ്ടു കേട്ടതാണ് എന്നു പറയുന്നതിൽ മുൻവിധിയുടെ ദുസ്സൂചനകളുണ്ട്. ഒന്നും അറിയില്ലെങ്കിൽ ഒന്നിൽ നിന്നും തുടങ്ങാം. കുറച്ചൊക്കെ അറിയാം എന്നു ഭാവിക്കുന്നവർ എവിടെ നിന്നാരംഭിക്കും. ഓരോരുത്തരുടെയും പ്രവൃത്തികളുടെ അർഥമറിയണമെങ്കിൽ അകലെ നിന്നു വ്യാഖ്യാനിക്കുകയല്ല, അടുത്തു ചെന്നു ചോദിക്കുകയാണു വേണ്ടത്. അപ്പോഴാണു യഥാർഥ്യമറിയുക. വിധിന്യായങ്ങൾ പുറപ്പെടുവിക്കുന്നതിനും പ്രതികരണം തീരുമാനിക്കുന്നതിനും മുൻപു സത്യം എന്തെന്ന് അറിയാനുള്ള ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്.

 

മഞ്ഞയും ചുവപ്പും നിറങ്ങൾ മാത്രം നോക്കി യാത്ര ചെയ്യുന്നവരുടെ കണ്ണിൽ മറ്റടയാളങ്ങൾ തെളിയില്ല. അപ്രതീക്ഷിതവും അപരിചിതവുമായ പ്രതീകങ്ങളെപ്പോലും വിവേകത്തോടെ ശ്രദ്ധിച്ചു വേണം മുന്നോട്ടു നീങ്ങാൻ. സംരക്ഷണം നൽകുന്ന കരങ്ങളുടെ സ്വഭാവം സ്നേഹവും സൗമ്യതയും മാത്രമാണെന്നു തെറ്റിദ്ധരിക്കരുത്. ചിലർ കാർക്കശ്യത്തോടെ പെരുമാറും; പരിഹാസത്തിന്റെ വഴിയിലൂടെ നടത്തുന്നവരുണ്ടാകും. രോഷം, രോദനം തുടങ്ങിയ എളുപ്പമാർഗങ്ങളിലൂടെ പ്രതികരിക്കുന്നവരുമുണ്ടാകാം. ഒരാൾ ആഗ്രഹിക്കുന്ന രീതിയിൽ അയാളുടെ കൂടെ നിൽക്കാനോ അയാളെ ചേർത്തുപിടിക്കാനോ ആർക്കും കഴിഞ്ഞെന്നു വരില്ല. പക്ഷേ അവരുടെ പരിമിതികൾക്കുള്ളിൽ നിന്ന് ഏറ്റവും മികച്ച തണൽ അവർ ഒരുക്കുന്നുണ്ടാകും.

 

English Summary: Subhadinam, Thoughts for the day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com