ADVERTISEMENT

ഒരു തലമുറയെ ആവേശിച്ച നിരാശയുടെ പ്രതീകമായിരുന്നു ജാക് കെറോക്. ബീറ്റ് തലമുറയുടെ തലതൊട്ടപ്പനായ അമേരിക്കന്‍ എഴുത്തുകാരന്‍. ജാക്കും സമാന മനസ്കരായ സഹ എഴുത്തുകാരും കൂടി ചേര്‍ന്നപ്പോള്‍ ബിറ്റ് തലമുറ ജനിച്ചു. രണ്ടാം ലോക യുദ്ധം തെരുവുകളില്‍ ഉപേക്ഷിച്ചവര്‍. അവര്‍ വീടുകളില്‍ വിശ്വസിച്ചില്ല; കുടുംബങ്ങളിലും. ബന്ധങ്ങളില്‍ ആശ്വാസം കണ്ടെത്തിയില്ല; സ്നേഹത്തില്‍പ്പോലും. മദ്യവും മയക്കുമരുന്നും അവര്‍ ഇഷ്ടപ്പെട്ടു. നിരത്തുകളെ വീടുകളാക്കി. നിരന്തരമായ യാത്രയില്‍ ജീവിതം രചിച്ചു. പിന്നീടുള്ള വര്‍ഷങ്ങളില്‍ ലോകത്തിനു നൊമ്പരമായ ഹിപ്പി പ്രസ്ഥാനത്തിന് ഉള്‍പ്പെടെ വഴിമരുന്നിട്ട് അസ്തമിച്ച നഷ്ട തലമുറ. 

 

അലച്ചിലിന്റെയും ആത്മനാശത്തിന്റെയും പര്യായമായ ബിറ്റ് തലമുറയിലെ പ്രമുഖനായ ജാക് ഒന്നും മറച്ചുവച്ചില്ല; സ്വന്തം ജീവിതം അദ്ദേഹത്തിന് തുറന്ന പുസ്തകമായിരുന്നു. എന്നാല്‍,  ജീവചരിത്രത്തില്‍ നിന്ന് മനപൂര്‍വം അദ്ദേഹം ഒഴിവാക്കിയ ഒരാളുണ്ട്. സ്വന്തം മകള്‍. ജാന്‍ കെറോക്. ജാക്കിന്റെ മകളെന്നതിനെക്കാള്‍ സ്വന്തം നിലയില്‍ എഴുത്തുകാരിയായി 

അറിയപ്പെട്ടെങ്കിലും പിതാവിന്റെ ജീവിതം തന്നെ മകളും ജീവിച്ചുതീര്‍ത്തു. ലഹരിക്ക് അടിമയായി, മൂന്നാമത്തെ നോവല്‍ പകുതിവഴിക്കു നിര്‍ത്തി അകാലത്തില്‍ അസ്തമിച്ചു. ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ 69 വയസ്സ് ആകുമായിരുന്നു ജാനിന്റെ ജീവിതം വീണ്ടെടുക്കുകയാണ് ജെറാള്‍ഡ് നികോസിയ എന്ന ജീവചരിത്രകാരന്‍. 

 

മൂന്നു തവണ വിവാഹം കഴിച്ചു ജാക്. 1946 ല്‍ കലാ വിദ്യാര്‍ഥി എഡീ പാര്‍ക്കറുമായുള്ള ആദ്യ വിവാഹം നീണ്ടുനിന്നതു രണ്ടു വര്‍ഷം മാത്രം. 1950 ല്‍ ജോന്‍ ഹവര്‍ട്ടിയുമായി രണ്ടാം വിവാഹം. എട്ടുമാസം മാത്രം നീണ്ടുനിന്ന ആ ബന്ധത്തിലാണ് ജാന്‍ ജനിക്കുന്നത്. 1966 ല്‍ മരിക്കുന്നതിനു മൂന്നു വര്‍ഷം മുന്‍പായിരുന്നു മൂന്നാം വിവാഹം; സ്റ്റെല്ലാ സാംപസുമായി. 

എല്ലാറ്റിനും സാക്ഷിയായിരുന്നു ജാക്കിന്റെ അമ്മ. മകന്‍ ഉപേക്ഷിച്ചുപോയ ബന്ധങ്ങളെ അവര്‍ കുട്ടിയിണക്കി. കൊച്ചുമകള്‍ ജാനിനെയും അംഗീകരിച്ചു. 

 

ഭാര്യ ജോന്‍ ഹാവെര്‍ട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഗര്‍ഭഛിദ്രം നടത്താനായിരുന്നു ജാക്കിന്റെ നിര്‍ദേശം. ദരിദ്രനായിരുന്നു അന്നദ്ദേഹം. ദ് ടൗണ്‍ ആന്‍ഡ് ദ് സിറ്റി എന്ന ആദ്യ നോവല്‍ വിറ്റത് 400 കോപ്പി മാത്രം. പിന്നീട് മാസ്റ്റര്‍പീസ് എന്നു വാഴ്ത്തപ്പെട്ട ഓണ്‍ ദ് റോഡ് എന്ന നോവലിന്റെ കയ്യെഴുത്തുപ്രതി ആരെയും കാണിക്കാന്‍ ധൈര്യമില്ലായിരുന്നു. കുട്ടി ജനിച്ചാല്‍ എങ്ങനെ തീറ്റിപ്പോറ്റും എന്നായിരുന്നു ചിന്ത. എന്നാല്‍, ജോന്‍ ഗര്‍ഭഛിദ്രത്തിനു തയാറായില്ല. ജാന്‍ ജനിച്ചെങ്കിലും മകളെ അംഗീകരിക്കാന്‍ ജാക് ഒരിക്കലും തയാറായില്ല. 

 

ജാക്കിനെ പിതാവായി അംഗീകരിച്ചുകിട്ടാന്‍ ജാനിനു കോടതി കയറേണ്ടിവന്നു. പിതൃത്വ പരിശോധനയ്ക്ക് എത്തുമ്പോഴാണ് അവര്‍ ആദ്യമായി പരസ്പരം കാണുന്നത്. ജാനിന്റെ പിതാവ് ജാക് തന്നെയാണെന്നു കോടതി വിധിച്ചു; എല്ലാം മാസവും 52 ഡോളര്‍ വീതം  

മകള്‍ക്ക് ജീവനാംശം നല്‍കണമെന്നും വിധിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം ജാക് ഫ്ലോറിഡയില്‍ ജീവിക്കുമ്പോള്‍ അവര്‍ ഒരിക്കല്‍ക്കൂടി പരസ്പരം കണ്ടു. പിന്നീടൊരിക്കല്‍ ഫോണില്‍ ഏതാനും വാക്കുകള്‍ കൈമാറി. പരസ്യമായി ജാനിനെ അംഗീകരിച്ചില്ലെങ്കിലും മകളെക്കുറിച്ച് രഹസ്യമായി ജാക് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ജാനിന്റെ ചിത്രം പഴ്സിന്റെ രഹസ്യ 

അറയില്‍ ഒട്ടേറെ രേഖകള്‍ക്കടിയില്‍ അദ്ദേഹം സൂക്ഷിച്ചിരുന്നു. എന്നാല്‍ പുറമെ, ജാനിനെ അദ്ദേഹം അപരിചിതയായിത്തന്നെ കണക്കാക്കി. 

 

പിതാവിനെപ്പോലെതന്നെയായിരുന്നു ജാനിന്റെ ജീവിതവും. ഒരു ബന്ധത്തിലും ഉറച്ചുനിന്നില്ല. മദ്യവും മയക്കുമരുന്നും നിരന്തരം ഉപയോഗിച്ചു. യാത്രകളും അലച്ചിലുകളും ആസക്തികളുമായി അല‍ഞ്ഞുതിരിഞ്ഞു. 1981 ല്‍ ആത്മകഥാപരമായ ആദ്യ നോവല്‍ 

പുറത്തിറങ്ങി: ബേബി ഡ്രൈവര്‍. ട്രെയിന്‍സോങ്- രണ്ടാമത്തെ നോവല്‍ 88-ല്‍. പാരറ്റ് ഫീവര്‍ - മൂന്നാം നോവല്‍ പൂര്‍ത്തിയാക്കുംമുന്‍പേ 44-ാം വയസ്സില്‍ അമിത മദ്യപാനം ജാനിന്റെ ജീവിനെടുത്തു. സമാന രോഗത്താല്‍ പിതാവ് ജാക് മരിച്ചതു 47-ാം വയസ്സില്‍. 

 

ജാന്‍ അവശേഷിപ്പിച്ച കയ്യെഴുത്തുപ്രതികള്‍ കണ്ടെടുത്ത് പാരറ്റ് ഫീവര്‍ പൂര്‍ത്തിയാക്കാന്‍ പലരും ശ്രമിച്ചു; ഇപ്പോഴും വിജയം കാണാത്ത പരിശ്രമം. അപൂര്‍ണമായി അവസാനിപ്പിച്ച ജീവിതം പോലെ അവസാനത്തെ കൃതിയും. ജാനിനെ ജാക് അംഗീകരിച്ചിരുന്നെങ്കില്‍ എന്നൊരു ചോദ്യം ഇപ്പോഴും ബാക്കി. അങ്ങനെയെങ്കില്‍ തെരുവില്‍ അവസാനിക്കുമായിരുന്നില്ല അവരിരുവരും. ജാക് കുറേനാള്‍ കൂടി ജീവിക്കുമായിരുന്നു. ജാനും. മികച്ച കൃതികള്‍ പുറത്തുവരുമായിരുന്നു. അവ  സ്വപ്നങ്ങള്‍ മാത്രം. നഷ്ട തലമുറ 

ഇന്നും നഷ്ടതലമുറ തന്നെ; അവര്‍ അവശേഷിപ്പിച്ച ജീവിതങ്ങളും.

 

English summary: The beat went on: what happened to Jan Kerouac, Jack’s forgotten daughter 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com