കിട്ടാത്തവയെക്കുറിച്ചുള്ള വിലാപമല്ല, കിട്ടിയവകൊണ്ടുള്ള ഉത്സവമാകണം ജീവിതം

literature-subdhadinam
SHARE

ഇരട്ടമക്കളിൽ ഒന്നാമൻ സന്തോഷവാനും രണ്ടാമൻ പരാതിക്കാരനുമാണ്. രണ്ടാമന്റെ സ്വഭാവം മാറ്റാൻ മനഃശാസ്‌ത്രജ്‌ഞന്റെ നിർദേശപ്രകാരം മാതാപിതാക്കൾ ഒരു ബുദ്ധി പ്രയോഗിച്ചു. ജന്മദിനത്തിന്റെ അന്ന് ഒന്നാമന് ഒരു പെട്ടിയിൽ കുറച്ചു വിത്തുകളും ചാണകപ്പൊടിയും നൽകി. അവൻ ഉത്സാഹപൂർവം സ്വീകരിച്ചു പറഞ്ഞു: ഇതു വ്യത്യസ്തതയുള്ള സമ്മാനമാണ്. ഞാൻ വീടിനു ചുറ്റും പച്ചക്കറിത്തോട്ടം നിർമിക്കും. രണ്ടാമനു നൽകിയതു വിലകൂടിയ ലാപ്‌ടോപ് ആണ്. തുറന്നു നോക്കിയ ഉടനെ അവൻ ചോദിച്ചു: ഇതൊക്കെ വാങ്ങുമ്പോൾ പുതിയ മോഡൽ നോക്കി വാങ്ങിക്കൂടേ.

എന്തു ലഭിക്കുന്നു എന്നതിലല്ല, ലഭ്യമായവയെ എങ്ങനെ വിനിയോഗിക്കുന്നു എന്നതിലാണ് ഉപയോഗക്ഷമതയും ഉൽപാദനശേഷിയും പ്രകടമാകുന്നത്. ന്യൂനതകൾ കണ്ടെത്തുന്നതിന്റെയും പരാതിപ്പട്ടിക തയാറാക്കുന്നതിന്റെയും അടിസ്ഥാനകാരണം കൈവശമുള്ളവയുടെ സാധ്യതകളെക്കുറിച്ചുള്ള അവബോധമില്ലായ്‌മയാണ്. ഉള്ളതുകൊണ്ട് എന്തു ചെയ്യണമെന്നറിയാത്തവർ ഇല്ലാത്തതിനെക്കുറിച്ചു പരിഭവം പറയും. ആഗ്രഹിക്കുന്നതെല്ലാം കിട്ടിയതിനുശേഷം എന്തെങ്കിലുമൊക്കെ ആകാനിരുന്നാൽ ഒന്നുമാകാതെ വിടവാങ്ങേണ്ടിവരും. കിട്ടാത്തവയെക്കുറിച്ചുള്ള വിലാപമല്ല, കിട്ടിയവകൊണ്ടുള്ള ഉത്സവമാകണം ജീവിതം. ദാനം കിട്ടുന്നവയുടെ മികവു നോക്കുന്നവരൊന്നും സ്വന്തം കഴിവുകളെ ആശ്രയിക്കുകയോ അഭിനിവേശങ്ങളെ പിന്തുടരുകയോ ഇല്ല.

ഉള്ളതുകൊണ്ടു സംതൃപ്‌തരാകാത്തവർ മാത്രമേ കൂടുതൽ ഉയരങ്ങൾ കീഴടക്കൂ എന്നതു സത്യം. പക്ഷേ ആത്മസംതൃപ്‌തി സൃഷ്‌ടിപരമാകണം. എന്തു ലഭിച്ചാലും തൃപ്‌തി വരാത്തതു മാനസിക വൈകല്യമാണ്. എന്തു ലഭിച്ചാലും അതു തങ്ങളെ അയൽക്കാരെക്കാൾ മെച്ചപ്പെട്ടതാക്കുന്നുണ്ടോ എന്നതിലായിരിക്കും അവരുടെ ശ്രദ്ധ. മറ്റുള്ളവരുടെ പാത്രത്തിൽ അധികമുള്ളതു നോക്കിയിരിക്കുന്ന ഒരാളും സ്വന്തം പാത്രത്തിലെ സദ്യ ആസ്വദിക്കില്ല. അവർക്കു പട്ടിണി കിടക്കാനാണു വിധി. ക്രിയാത്മക അസംതൃപ്‌തിയുള്ളവർ എന്തിനെയും മെച്ചപ്പെടുത്താൻ നോക്കും; കയ്യിലുള്ളവയുടെ മറ്റൊരു പതിപ്പു പുറത്തിറക്കും; അപ്രധാനമെന്നു കരുതുന്നവയിൽ നിന്ന് ആരെയും മോഹിപ്പിക്കുന്ന സൃഷ്‌ടികർമം നടത്തും. മറ്റുള്ളവരിൽ നിന്നു ലഭിക്കേണ്ടതല്ല സംതൃപ്‌തി; ഉള്ളിൽ രൂപപ്പെടുത്തേണ്ടതാണ്.

English Summary: Subhadinam, Thoughts for the day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA
;