മാതൃഭാഷ വിട്ടെങ്ങും പോകാത്തവർ, ഭാഷ വിട്ടു ഭാഷയിലേക്കു സഞ്ചരിക്കുന്നവർ

HIGHLIGHTS
  • ഏതാണ് എഴുത്തുകാരുടെ ഭാഷ മാതൃഭാഷയോ തിരഞ്ഞെടുക്കുന്നതോ?
jhumpa-lahiri
ജുംപാ ലാഹിരി
SHARE

ഭാഷയുടെ കാര്യത്തിൽ സ്വദേശമെന്നോ വിദേശമെന്നോ വേർതിരിച്ചു നോക്കാൻ എനിക്കു താൽപര്യമില്ല. വായനക്കാരനു മുന്നിൽ ഭാഷയുടെ അതിരുകൾ മാഞ്ഞുപോകുന്നു. ശീലം കൊണ്ടാണ് ഒരു ഭാഷ ഒരാൾക്കു മാതൃഭാഷയാകുന്നത്. ഒരാൾക്ക് ആത്മവിശ്വാസം നൽകുന്നതു മാതൃഭാഷയാണെന്നും പറയാവുന്നതാണ്. ചിലർക്കു മാതൃഭാഷയെക്കാൾ ആനന്ദവും ആത്മവിശ്വാസവും ഇതരഭാഷകൾ നൽകാം. മറ്റുചിലർ മാതൃഭാഷയുടെ കാൽപാദം വിട്ടെങ്ങും പോകാറുമില്ല.

ബംഗാളി വംശജയായ യുഎസ് എഴുത്തുകാരി ജുംപാ ലാഹിരി കഥകളും നോവലുകളുമടക്കം നാലു പുസ്തകങ്ങൾ ഇംഗ്ലിഷിൽ എഴുതിയിട്ടുണ്ട്. ഏതാനും വർഷം മുൻപ് അവർ ഒരു തീരുമാനമെടുത്തു. ഇനി ഇംഗ്ലിഷിൽ അല്ല, ഇറ്റാലിയൻ ഭാഷയിൽ മാത്രം എഴുതും. പുതിയ ഭാഷയിൽ എഴുത്തു തുടങ്ങുന്നതിനായി ബോസ്റ്റണിൽനിന്നു റോമിലേക്കു താമസവും മാറ്റി. ഇരുപതു വർഷം മുൻപു തുടങ്ങിയ ഇറ്റാലിയൻ ഭാഷാ പ്രേമത്തിലെ വഴിത്തിരിവായിരുന്നു അത്. രണ്ടുവർഷത്തിനുശേഷം ഈ ഭാഷാമാറ്റത്തെപ്പറ്റി ജുംപാ ലാഹിരി ഇറ്റാലിയനിൽ ഒരു പുസ്തകമെഴുതി. ഇൻ അതർ വേഡ്‌സ് (2015) എന്ന പേരിൽ ആൻ ഗോൾഡ്‌സ്റ്റെയിൻ അത് ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തി. ഒടുവിൽ ജുംപാ ലാഹിരി എഴുതിയ നോവലും ഇറ്റാലിയനിൽ ആണ്. ആൻ ഗോൾഡ്‌സ്റ്റെയിൻ നടത്തിയ അതിന്റെ പരിഭാഷ (Whereabouts) ഈ വർഷമാണ് ഇംഗ്ലിഷിലിറങ്ങിയത്. (എലീന ഫിറാന്റെയുടെ നോവലുകൾ ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തിയത് ആൻ ഗോൾഡ്സ്റ്റെയിനാണ്).

joseph-conrad

വഴക്കമുള്ള ഭാഷ ഉപേക്ഷിച്ചു പുതുഭാഷ സ്വീകരിക്കുക എഴുത്തുകാർക്ക് ഏറ്റവും പ്രയാസകരമാണ്; ലോകത്തിലെ ഏതാനും വലിയ എഴുത്തുകാർ വിജയകരമായ ഭാഷാമാറ്റം നടത്തിയിട്ടുണ്ടെങ്കിലും. പോളിഷ് വംശജനായ ജോസഫ് കോൺറാഡ് കടൽയാത്രയിലെ നീണ്ട വർഷങ്ങളിൽ ഇംഗ്ലിഷ് പഠിച്ച് ആ ഭാഷയിലെ വലിയ എഴുത്തുകാരനായി. വ്ളാഡിമിർ നബോകോവ് ചെറുപ്പത്തിലേ ഇംഗ്ലിഷ് പഠിച്ചു. പിന്നീട് റഷ്യനിൽനിന്ന് ഇംഗ്ലിഷിലേക്ക് എഴുത്തുമാറ്റി. സാമുവൽ ബെക്കറ്റ് വർഷങ്ങളോളം ഫ്രാൻസിൽ താമസിച്ചശേഷം ഫ്രഞ്ചിലെഴുതി. റഷ്യൻ മഹാകവി ജോസഫ് ബ്രോഡ്‌സ്കി യുഎസിലേക്കു കുടിയേറിയശേഷം നിരൂപണലേഖനങ്ങളെല്ലാം ഇംഗ്ലിഷിലാണ് എഴുതിയത്. സ്വന്തം കവിതകൾ ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തുകയും ചെയ്തു. ചെക് നോവലിസ്റ്റായ മിലാൻ കൂന്ദേര പാരിസിലെത്തിയശേഷം ആദ്യം ലേഖനങ്ങൾ ഫ്രഞ്ചിൽ എഴുതി; പിന്നീടു നോവലുകളും. എന്നാൽ ജുംപാ ലാഹിരി കഷ്ടിച്ച് ഒരു വർഷം മാത്രം റോമിൽ താമസിച്ചശേഷമാണ് ആ ഭാഷയിൽ എഴുതാൻ തുടങ്ങിയത്. റോമിലെ ഒരു ചെറിയ ലൈബ്രറിയിലിരുന്നാണ് ജുംപാ ലാഹിരി ഇറ്റാലിയനിലുള്ള തന്റെ സാഹിത്യശ്രമങ്ങൾ നടത്തിയത്. എമിലി ഡിക്കിൻസണിന്റെ കവിതകളുടെയും കത്തുകളുടെയും ഒരു സമാഹാരമല്ലാതെ ഇംഗ്ലിഷിലുള്ള ഒരു പുസ്‌തകവും അക്കാലത്ത് അവർ ഒപ്പം കൊണ്ടുപോയില്ല.

ഏതാണ് എഴുത്തുകാരുടെ ഭാഷ? മാതൃഭാഷയോ തിരഞ്ഞെടുക്കുന്നതോ? ഒരു എഴുത്തുകാരനു സ്വന്തം ഭാഷ തിരഞ്ഞെടുക്കാനാകുമോ? തുടങ്ങിയ ചോദ്യങ്ങൾ ജുംപാലാഹിരിയുടെ ഇൻ അതർ വേഡ്സ് എന്ന പുസ്തകം ചർച്ച ചെയ്യുന്നു. ബംഗാളികളാണു ജുംപാ ലാഹിരിയുടെ മാതാപിതാക്കൾ. അമേരിക്കയിലേക്കു കുടിയേറിയെങ്കിലും ബംഗാളിഭാഷയും സംസ്‌കാരവും കർശനമായി പരിപാലിച്ചുപോന്നവർ. യുഎസിലാണെങ്കിലും മകൾ വീട്ടിൽ ബംഗാളി പറയണമെന്ന കാര്യത്തിൽ നിർബന്ധം പിടിച്ചു എഴുത്തുകാരിയുടെ മാതാപിതാക്കൾ. അമേരിക്കയിലായിരുന്നിട്ടും ബംഗാളി സംസ്കാരത്തിന്റെ ഒരു തരി പോലും നഷ്ടപ്പെടുത്തിയിട്ടില്ല എന്ന് അമ്മ അഭിമാനം കൊണ്ടു. ബംഗാളി നന്നായി അറി‍ഞ്ഞിട്ടും ജുംപാ ലാഹിരി ബംഗാളിയിൽ ഒന്നുമെഴുതിയില്ല. കൊൽക്കത്തയിൽ ജീവിച്ചിട്ടുമില്ല. എന്നാൽ ഇംഗ്ലിഷിലെഴുതിയ ആദ്യപുസ്തകം കൊൽക്കത്ത പശ്ചാത്തലത്തിലായിരുന്നു. വീട്ടിൽ ബംഗാളിയും പുറത്തിറങ്ങിയാൽ അമേരിക്കക്കാരിയുമായിട്ടാണു താൻ വളർന്നതെന്ന് ജുംപാ ലാഹിരി പറയുന്നുണ്ട്. ഇതു ഭാഷാപ്രവാസം എന്ന സ്വത്വസങ്കീർണതയിലേക്കാണ് എഴുത്തുകാരിയെ കൊണ്ടുപോയത്. കൂട്ടുകാർക്കിടയിലിരിക്കുമ്പോൾ അമ്മ വിളിച്ചാൽ ബംഗാളിയിൽ സംസാരിക്കേണ്ടിവന്നതു സങ്കോചമുണ്ടാക്കിയിരുന്നു. ഏതാണു തന്റെ മാതൃഭാഷ? ഇംഗ്ലിഷോ ബംഗാളിയോ? ഈ സങ്കര ഭാഷാസ്വത്വത്തിന്റെ സ്വാഭാവിക പരിണതിയാകണം മൂന്നാമതൊരു ഭാഷയോടു തോന്നിയ അനുരാഗം. ഭാഷാപരമായ ഒരു തീർഥാടനം കൂടിയായി റോമിലേക്കുള്ള യാത്ര. തന്റേതായ ഭാഷയും സ്വത്വവും കണ്ടെത്താനുള്ള എഴുത്തുകാരിയുടെ അന്വേഷണം, തന്നിലെ ഇംഗ്ലിഷ് പൂർണമായി ഉപേക്ഷിച്ചായിരുന്നു. ‘കുട്ടിക്കാലം മുതൽ ഞാൻ എന്റെ വാക്കുകളുടെ മാത്രം സ്വന്തമായിരുന്നു. എനിക്കൊരു രാജ്യമോ പ്രത്യേകിച്ചൊരു സംസ്കാരമോ ഇല്ല. ഞാൻ എഴുതിയില്ലെങ്കിൽ, വാക്കുകളിൽ ഞാൻ പണിയെടുത്തില്ലെങ്കിൽ, ഞാൻ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നതായി എനിക്കു അനുഭവപ്പെടുമായിരുന്നില്ല.’, ജുംപാ ലാഹിരി പറഞ്ഞു. അപ്പോൾ ഏതു ഭാഷയിലായാലും അന്വേഷണം പുതിയ വാക്കുകൾക്കു പിന്നാലെയാകണം. അർഥമറിയാത്ത വാക്കുകൾ കാണുമ്പോഴാണു ഭൂമിയിൽ അറിയാത്ത ഒട്ടേറെക്കാര്യങ്ങളുണ്ടെന്ന വീണ്ടുവിചാരം വരുന്നത്. എഴുത്തുകാരിക്ക് അത് ആവേശം പകർന്നു.

the-lowland

ജുംപാ ലാഹിരിയുടെ ഭാഷാപ്രണയത്തിന്റെയും ഭാഷാപരിത്യാഗത്തിന്റെയും കഥ വായിച്ചപ്പോൾ ഭാഷാസ്വത്വം സംബന്ധിച്ച എന്റെ ചില പഴയ ദിവാസ്വപ്നങ്ങൾ വീണ്ടുമുണർന്നു. മലയാളത്തെക്കാൾ എനിക്ക് അടുപ്പം തമിഴിനോടാണ്. ഒരു ദിവസം തമിഴ് എഴുത്തുകാരനായി മാറുന്നതു ഞാൻ സങ്കൽപിച്ചിട്ടുണ്ട്. മറ്റൊരു ഭാഷയിൽ പിറക്കുക എന്ന സ്വപ്നമാണു ജുംപാ ലാഹിരിയിൽ ഞാൻ യാഥാർഥ്യമായി കണ്ടത്. ഈ ലേഖനത്തിൽ ആദ്യം പരാമർശിച്ച മറ്റു പല എഴുത്തുകാരുടെയും കാര്യത്തിൽ, പ്രവാസം പോലെ നിർബന്ധിത സാഹചര്യങ്ങളാണ് അവരിലെ ഭാഷാമാറ്റത്തിനു കാരണമായത്. അത്തരമൊന്നല്ല ജുംപാ ലാഹിരിയുടേത്. സാഹസികമായ സ്വയം തിരഞ്ഞെടുപ്പാണത്. ഇംഗ്ലിഷ് പോലുള്ള ഒരു ലോകഭാഷയിൽ പ്രശസ്തയായിരിക്കേ, ഇറ്റാലിയൻ പോലെ പ്രാദേശിക ഭാഷയിലേക്കുള്ള കൂടുമാറ്റം എഴുത്തുകാരിയെന്ന നിലയിൽ ആത്മഹത്യാപരമാകുമെന്ന മുന്നറിയിപ്പും അവർ അവഗണിച്ചു. എഴുത്തുകാരുടെ സ്വത്വം അവരുടെ സാഹിത്യഭാവനയാണ്. അതാകട്ടെ മാതൃഭാഷയുടെ അകത്താണു സാധാരണനിലയിൽ സംഭവിക്കുന്നത്. എന്നാൽ തീവ്രമായ അനുരാഗത്താൽ ലോകത്തിലെ ഏതു ഭാഷയും മാതൃഭാഷയാക്കി മാറ്റാമെന്ന ആത്മവിശ്വാസമാണു ജുംപാ ലാഹിരിയിൽ നാം കാണുന്നത്.

എന്നാൽ, നമുക്കു പ്രിയങ്കരരായ മറ്റു ചില എഴുത്തുകാർക്കു സർഗാത്മകതയുടെ ഊർജം പകരുന്നത് ജന്മദേശവും മാതൃഭാഷയുമാണ്. അതു വിട്ടാൽ അവർ ശൂന്യമായിപ്പോകും. ഹംഗേറിയൻ എഴുത്തുകാരൻ ഷാന്തോർ മറായി അത്തരമൊരു എഴുത്തുകാരനായിരുന്നു. ലോകയുദ്ധങ്ങൾക്കും സോവിയറ്റ് അധിനിവേശങ്ങൾക്കുമിടയിൽ തുടർച്ചയായ പലായനമായിരുന്നു എഴുത്തുകാരന്റെ വിധി. ‘രാത്രികളിൽ, മുറികളിൽ, അപരിചിതമായ കണ്ണാടികൾക്കു മുന്നിൽ, ഞാൻ നിൽക്കുന്നു, ഒന്നും ചെയ്യാതെ: നോക്കൂ എന്റെ അമ്മേ, നിന്റേതുപോലെ, നിന്റെ മകന്റെ അപരിചിതമുഖത്തും ചുളിവുകൾ, നമ്മുടെ സാദൃശ്യം. എന്നിട്ട് – ക്ഷീണിതമായി, ജീർണമായി, നാരുനാരായി– നമ്മുടെ രണ്ടുപേരുടെയും ശരീരം സാവധാനം മണ്ണിലേക്കു പോകുന്നു– ഒരൊറ്റ ശരീരമായി, ഒറ്റ പൊടിയായി, ഒറ്റ അമ്മ മണ്ണായി. ’ ജർമനും ഫ്രഞ്ചും നന്നായി അറിഞ്ഞിട്ടും മറായി ഹംഗേറിയനിൽ മാത്രമാണു കവിതയും നോവലും എഴുതിയത്. പക്ഷേ ജർമനിൽനിന്നും ഫ്രഞ്ചിൽനിന്നും ഒട്ടേറെ കൃതികൾ ഹംഗേറിയനിലേക്കു പരിഭാഷപ്പെടുത്തി. കാഫ്‌കയുടെ ആദ്യ ഹംഗേറിയൻ പരിഭാഷ മറായിയുടേതായിരുന്നു.

1900 ൽ ഓസ്ട്രോ–ഹംഗേറിയൻ പട്ടണമായ കാസായിൽ ജനിച്ച മറായി, എൺപത്തിയെട്ടാം വയസ്സിൽ യുഎസിലെ കലിഫോർണിയയിലെ സാൻ ദീഗോയിൽ ജീവനൊടുക്കി. ഒരു തലയണ മുഖത്തോടു ചേർത്തുവച്ചശേഷം നിറയൊഴിക്കുകയായിരുന്നു. രണ്ടാംലോകയുദ്ധത്തിനുശേഷമുളള അമേരിക്കയിലെ പ്രവാസകാലത്ത് അദ്ദേഹം ഒന്നുമെഴുതിയില്ല. സോവിയറ്റ് അധിനിവേശം മൂലം, ജന്മനാടായ ഹംഗറിയിൽ ദശകങ്ങളോളം മറായിയുടെ പുസ്തകങ്ങൾ നിരോധിക്കപ്പെട്ടു. എൺപതുകൾ ആകുമ്പോഴേക്കും ഹംഗറിയിൽ മറായി പൂർണമായും വിസ്മരിക്കപ്പെട്ടിരുന്നു. വാണിജ്യസമൂഹത്തിൽ മറ്റെല്ലാ സർഗാത്മകതയും പോലെ സാഹിത്യവും വിസ്മരിക്കപ്പെടുന്നതു മറായി അവസാനകാലത്തു തിരിച്ചറിഞ്ഞു. 1984 ൽ ഡയറിയിൽ മറായി എഴുതി: ‘ഓരോ വിഭാഗത്തിലും നൂറുകണക്കിനു പുസ്തകങ്ങൾ, ശ്വാസം മുട്ടിക്കും വിധം അങ്ങനെ ആയിരക്കണക്കിനു പുസ്‌തകങ്ങൾ. സാഹിത്യം മരിച്ചു; പ്രസാധക വ്യവസായം നീണാൾ വാഴട്ടെ.’ 

രണ്ടാം ലോകയുദ്ധകാലത്തു ബുഡാപെസ്റ്റ് പിടിക്കാൻ ജർമൻ–റഷ്യൻ പട്ടാളം ഏറ്റുമുട്ടിയപ്പോൾ നഗരത്തിൽ മറായിയുണ്ടായിരുന്നു. 35,000 നഗരവാസികളാണു കൊല്ലപ്പെട്ടത്. അക്കാലത്തെ ഹംഗേറിയൻ മുഖ്യധാരാ രാഷ്ട്രീയത്തിനു പുറത്തുനിന്ന സാന്തോർ മറായി തന്റെ സമകാലികരിൽനിന്ന് ഒറ്റപ്പെട്ടുപോയി. സോവിയറ്റ് അധിനിവേശത്തെയും നാത്‌സി അധിനിവേശത്തെയും അദ്ദേഹം ഒരുപോലെ ചെറുത്തു. തന്റെ രാജ്യവും ജനതയും ആദ്യം വംശീയ വലതുപക്ഷത്തേക്കും പിന്നീടു സോവിയറ്റ് പക്ഷ സേച്ഛാധികാരത്തിലേക്കും പോയപ്പോൾ മറായി സാഹിത്യഭാവനയുടെ ആത്മീയബലം കൊണ്ടാണു പ്രവാസജീവിതം കഴിച്ചുകൂട്ടിയത്. നാത്‌സി അധിനിവേശകാലത്തു ബുഡാപെസ്റ്റിലെ തന്റെ വീട്ടിലെ പുസ്തകശേഖരം എന്തു ചെയ്യുമെന്നായിരുന്നു മറായിയുടെ ആധി. താൻ വർഷങ്ങളോളം ജീവിച്ച മിലോ സ്ട്രീറ്റിനെപ്പറ്റി മനോഹരമായ ഒരു കവിത മറായി എഴുതിയിട്ടുണ്ട്. ആ തെരുവും വീടും രണ്ടാം ലോകയുദ്ധത്തിൽ ബോംബാക്രമണത്തിൽ പൂർണമായും തകർന്നുപോയി. മറായിയുടെ തിരഞ്ഞെടുത്ത കവിതകൾ ‘ ദ് വിതറിങ് വേൾഡ് ’ എന്ന പേരിൽ 2013 ൽ ഇംഗ്ലിഷിൽ ഇറങ്ങിയപ്പോൾ, ‘തലകുനിക്കാത്തവൻ, അപരാജിതൻ’ എന്നാണ് ഇംഗ്ലിഷ് നോവലിസ്റ്റ് തിബോർ ഫിഷർ അവതാരികയിൽ കവിയെ വിശേഷിപ്പിച്ചത്.

റഷ്യനിലെഴുതിയ ഡോക്ടർ ഷിവാഗോ ആദ്യം പ്രസിദ്ധീകരിച്ചത് ഇറ്റലിയിലായിരുന്നു. ഷിവാഗോയ്ക്ക് (1958) പിന്നീടു നൊബേൽ സമ്മാനം ലഭിച്ചപ്പോൾ സോവിയറ്റ് റഷ്യയിൽ അതു വലിയ വിവാദമായി. പടിഞ്ഞാറിന്റെ കളിപ്പാവയായി പാസ്റ്റർനാക്ക് മാറിയെന്നും റഷ്യാവിരുദ്ധ സാഹിത്യമെഴുതി നൊബേൽ സമ്മാനം നേടിയെന്നുമായിരുന്നു വിമർശനം. നൊബേൽ സമ്മാനമോ റഷ്യയോ, രണ്ടിലൊന്നു തീരുമാനിക്കൂ എന്നാണ് പാസ്റ്റർനാക്കിന് അധികൃതർ നൽകിയ ആജ്ഞ. അൽബേനിയയിൽനിന്നുള്ള വിദ്യാർഥിസംഘത്തിനൊപ്പം ഇസ്മായിൽ കദാരെ ഈ വിവാദം നടക്കുന്ന കാലത്ത് മോസ്കോയിലുണ്ടായിരുന്നു. അവർ താമസിച്ചിരുന്ന ഹോസ്റ്റലിൽനിന്ന് കുറച്ചകലെ ഗ്രാമപ്രദേശത്തെ കൃഷിയിടത്തിലാണു പാസ്റ്റർനാക്ക് താമസിച്ചിരുന്നത്. കദാരെയും സുഹൃത്തും കൂടി പാസ്റ്റർനാക്കിന്റെ വീടു തേടിപ്പോയി. കൃഷിയിടത്തിൽ പണിയെടുത്തുകൊണ്ടിരിക്കുന്ന എഴുത്തുകാരനെ അവർ ദൂരേന്നു കണ്ടു. ദിവസങ്ങൾക്കകം പാസ്റ്റർനാക്ക് നൊബേൽ സമ്മാനം നിരസിച്ചതായി പ്രഖ്യാപനം വന്നു. അദ്ദേഹം പറഞ്ഞു, എനിക്കു ദേശമാണു വലുത്. നൊബേൽ സമ്മാനമല്ല. കദാരെയുടെ The Twilight of Eastern Gods എന്ന നോവലിൽ വിദ്യാർഥിയായിരുന്ന കാലത്ത് റഷ്യയിൽ സാഹിത്യക്യാംപിനു പോയ അനുഭവങ്ങളാണു വിവരിക്കുന്നത്. പാസ്റ്റർനാക് നിറഞ്ഞു നിൽക്കുന്ന മനോഹരമായ നോവലാണത്. അൽബേനിയൻ ഭാഷയിൽ പല ഭാഗങ്ങളായി (1962-1978) പ്രസിദ്ധീകരിച്ച നോവൽ 1981 ൽ ഫ്രഞ്ചിലാണു പൂർണരൂപത്തിൽ വന്നത്. ഈ ഫ്രഞ്ച് പരിഭാഷയിൽനിന്നുള്ള ഡേവിഡ് ബെല്ലോസിന്റെ ഇംഗ്ലിഷ് പരിഭാഷ പ്രസിദ്ധീകരിച്ചത് 2014 ലാണ്. അൽബേനിയനിൽ എഴുതപ്പെട്ട കദാരെയുടെ പ്രധാന കൃതികളെല്ലാം ഫ്രഞ്ചിൽനിന്നാണ് ഇംഗ്ലിഷിലെത്തിയത്. ആ നോവലുകളുടെ മലയാള പരിഭാഷ വായിക്കുമ്പോൾ ഓർക്കുക, മൂന്നു ഭാഷകൾ സഞ്ചരിച്ച സാഹിത്യമാണു നിങ്ങൾ വായിക്കുന്നത്. 

English Summary: Ezhuthumesa Column written by Ajai P Mangattu, Writers who chose to write in their mother tongue and other languages

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആ ഷോട്ട് കഴിഞ്ഞപ്പോൾ ഞാൻ ഗിരീഷ് ഗംഗാധരന് ഒരു ഉമ്മ കൊടുത്തു |Kunchacko Boban | Bheemante Vazhi | Manorama Online

MORE VIDEOS
FROM ONMANORAMA
;