അഗ്രഹാരത്തിൽ നിന്നൊരു നിഷേധി കഥ പറയുമ്പോൾ...

HIGHLIGHTS
  • രവിവർമ തമ്പുരാൻ എഴുതുന്ന പംക്തി – പുസ്തകക്കാഴ്ച
  • ഒരേ സമയം പുസ്തകവും എഴുത്തുകാരനും സംസാരിക്കുന്ന ഇടം
TK Sankaranarayanan
ടി.കെ. ശങ്കരനാരായണൻ
SHARE

മലയാള സാഹിത്യത്തിൽ അഗ്രഹാരങ്ങളുടെ കഥകൾക്ക് എന്നും വായനക്കാരുണ്ടായിരുന്നു. പുറംലോകവുമായി അകലം സൂക്ഷിക്കുന്ന ജനസമൂഹമെന്ന നിലയ്ക്ക് അവരുടെ ആചാരങ്ങളും ജീവിതരീതികളും ഭാഷയുമൊക്കെ മറ്റുള്ളവർക്ക് ഏറെക്കുറെ അജ്ഞാതമാണ്. അതുകൊണ്ടുതന്നെ അതെക്കുറിച്ചറിയാൻ ജിജ്ഞാസ സ്വാഭാവികവുമാണ്. ഈ ജിജ്ഞാസയാണ് അഗ്രഹാരകഥകൾക്ക് ആരാധകരെ ഉണ്ടാക്കിക്കൊടുത്തത്. അത്തരം പല കഥകൾ എഴുതിയ മുൻനിര എഴുത്തുകാരനാണ് മലയാറ്റൂർ രാമകൃഷ്ണൻ. ആദിവാസി ജീവിതവും ഭരണയന്ത്രത്തിന്റെ തലതിരിവുകളുമൊക്കെ എഴുതിയ മലയാറ്റൂർ തമിഴ്ബ്രാഹ്‌മണരുടെ വേറിട്ട ജീവിതവും വരച്ചിട്ടു. മലയാറ്റൂരിനെപ്പോലെ പ്രശസ്തരായില്ലെങ്കിലും വേറെയും ചിലർ തമിഴ്ബ്രാഹ്‌മണരുടെ ജീവിതം എഴുതുന്നുണ്ടായിരുന്നു.

പഴയതുപോലെ  വേറിട്ട സമൂഹമൊന്നുമല്ല ഇന്ന് തമിഴ് ബ്രാഹ്‌മണർ. പൊതുസമൂഹവുമായി കലർന്നും ഇടപെട്ടും തമിഴ് ബ്രാഹ്‌മണരുടേതെന്നു മാത്രം പറയാവുന്ന പല പ്രത്യേകതകളും അപ്രത്യക്ഷമായിട്ടുണ്ട്. എങ്കിലും പലതരം പ്രതികൂല സാഹചര്യങ്ങൾക്കിടയിലൂടെയും, തനിമയും സ്വത്വവും സൂക്ഷിക്കാൻ അവരിൽ പലർക്കും കഴിയുന്നുണ്ട്. കേരളത്തിന്റെ പൊതുസമൂഹത്തിൽ ഏതാണ്ടു തീർത്തും പ്രസക്തി നഷ്ടപ്പെട്ട അവസ്ഥയിലാണിന്ന് തമിഴ്ബ്രാഹ്‌മണർ. അതിന്റെ പ്രതിഫലനമാകാം സാഹിത്യത്തിലും സംഭവിച്ചത്. ഇക്കാലത്ത് വല്ലപ്പോഴും ഒരു അഗ്രഹാരകഥ വായിക്കണമെങ്കിൽ നമുക്കാശ്രയം ടി.കെ. ശങ്കരനാരായണനാണ്. അഗ്രഹാരകഥകൾ മാത്രമല്ല അദ്ദേഹം എഴുതുന്നത്. എഴുതുന്ന അഗ്രഹാരകഥകളിലാവട്ടെ പലപ്പോഴും കടന്നുവരുന്നത് ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും നേരേയുള്ള മുള്ളുകളും മുനകളുമാണ്, ചാട്ടുളികളാണ്. 

ടി.കെ. ശങ്കരനാരായണന്റെ തിരഞ്ഞെടുത്ത കഥകൾ എന്ന പുസ്തകത്തിൽ ഒന്നാമതായി കൊടുത്തിട്ടുള്ള വിനായകം എന്ന കഥയിൽ തുടങ്ങുന്നു ചാട്ടുളിപ്രയോഗം. ഇംഗ്ലിഷ് അക്ഷരമാലയിലെ ടിയുടെ ആകൃതിയിലുള്ള റോഡാണ്. റോഡ് ടി പ്രാപിക്കുന്ന ദിക്കിലാണ് നടരാജയ്യരുടെ വീട്. ആ ദിക്കിൽ വീട് കുഴപ്പമാണ്. കുഴപ്പം മാറണമെങ്കിൽ ചുവരിൽ ഒരു വിനായക പ്രതിഷ്ഠ വേണമെന്ന് വാസ്തുശാസ്ത്ര വിദ്യാർഥിയായ വിശ്വനാഥൻ പറയുന്നു. നവരാത്രിക്ക് ബൊമ്മക്കൊലു വയ്ക്കാൻ മാത്രം ഉപയോഗിച്ചിരുന്ന ഒരു ഗണപതിബൊമ്മ പൊടി തട്ടിയെടുത്ത് നടരാജയ്യർ ചുവരിൽ പ്രതിഷ്ഠിച്ചു.

ഒരു നാൾ, കാലത്ത് പത്രമെടുക്കാൻ മുറ്റത്തു ചെന്നപ്പോൾ എതിർവീട്ടിലെ ശുപ്പാമണി ഗണപതിക്കു മുന്നിൽ കൈകൂപ്പി നിൽക്കുന്നു. പത്രമെടുത്ത് അകത്തേക്കു കയറിയ നടരാജയ്യർ ജനൽവിടവിലൂടെ ശുപ്പാമണിയുടെ മുഖത്തെ ഭക്തിവിസ്താരം കണ്ടു സന്തോഷിച്ചു. ഗണപതി ബൊമ്മയിലൂടെ തന്റെ വീട്ടുമുറ്റത്ത് ഒരു നവചൈതന്യം കൈവന്നതായി അദ്ദേഹത്തിനു തോന്നി. ‌ക്രമേണ അതുവഴി പോകുന്നവരെല്ലാം ഗണപതി ബൊമ്മയെ തൊഴാൻ തുടങ്ങി. പത്രക്കാരനും പാലുകാരനും കൊത്തമല്ലി വിൽക്കുന്നവനും വേലക്കാരി പെണ്ണുങ്ങളുമെല്ലാം ഗണപതിയെ വന്ദിച്ചു. ഏതോ ഒരു വഴിപോക്കൻ ബൊമ്മയെ നാരങ്ങാമാലയണിയിച്ചു. 

ഗണപതിബൊമ്മയ്ക്ക് ഭക്തർ പെരുകിയപ്പോൾ നടരാജയ്യർക്കും ഭാര്യ സുബ്ബമ്മാളിനും സന്തോഷവും പെരുകി. ഭഗവാന്റെ കൂടെ ജീവിക്കാൻ കഴിയുന്നതിലായിരുന്നു ആ സന്തോഷം. അവരങ്ങനെ സന്തോഷിച്ചിരിക്കെ കാര്യങ്ങൾ പെട്ടെന്നാണ് മാറി മറിഞ്ഞത്. ഗണപതി ബൊമ്മയിൽ വെയിലടിക്കാതിരിക്കാൻ ഷീറ്റിറക്കണമെന്നായി അഗ്രഹാരത്തിലെ മറ്റുള്ളവരും നാട്ടുകാരും. നടരാജയ്യരുടെ കീശ മുറിയാതെ നാട്ടുകാർ തന്നെ അതിനു പരിഹാരവും കണ്ടു. സമീപത്തുള്ള മുരുകൻകോവലിന്റെ  ഫണ്ടിൽനിന്ന് ഷീറ്റിറക്കി. വിളക്കു വയ്ക്കാനും കർപ്പൂരം കത്തിക്കാനും പീഠം കൂടി ഉയർന്നതോടെ അതൊരു ചുവരമ്പലമായി രൂപപ്പെട്ടു. അമ്പലമായതോടെ വിനായകചതുർഥി ആഘോഷിക്കണമെന്നായി നാട്ടുകാർ. ആനപ്പുറത്ത് എഴുന്നള്ളിപ്പ് സഹിതം ചതുർഥി ആഘോഷവും അവർ കേമമാക്കി.

മുരുകൻ കോവിലിലെ തൈപ്പൂയത്തേക്കാളും കേമമായി ചതുർഥി ആഘോഷിച്ചപ്പോഴാണ് നാട്ടുകാർക്കൊരു സംശയം. മുരുകന് പിണക്കമായിട്ടുണ്ടാവുമോ. അതറിയാൻ ദേവപ്രശ്‌നമായി. ഗണപതിപ്രതിഷ്ഠ നടത്തിയ ദിക്കിലാണ് യഥാർഥത്തിൽ മുരുകൻ കോവിൽ വരേണ്ടിയിരുന്നതെന്നും ഗണപതിയെ ഉപപ്രതിഷ്ഠയാക്കിയാൽ മതിയെന്നും പ്രശ്‌നത്തിൽ തെളിഞ്ഞു. വേറെയും ഉപപ്രതിഷ്ഠകൾ വേണ്ടി വരും.

ചുരുക്കത്തിൽ നടരാജയ്യർ താമസിക്കുന്ന വീട് പൊളിച്ച് അവിടെ അമ്പലം പണിയണമെന്നു വന്നു. വീടാവട്ടെ, നടരാജയ്യരുടെ സ്വന്തവുമല്ല. അനുജൻ അനന്തുവാണ് യഥാർഥ ഉടമ. അദ്ദേഹം അമേരിക്കയിലാണ്. അമേരിക്കയിലെ സാമ്പത്തികമാന്ദ്യം നേരിടാനാവാതെ നാട്ടിലേക്കു തിരികെവന്ന് നിലവിലുള്ള വീട് പൊളിച്ചു മാറ്റി പുതിയ വീടു പണിയാൻ പ്ലാൻ തയാറാക്കിവച്ചിരിക്കുകയാണ് അനന്തു. അപ്പോഴാണ് അവിടെ അമ്പലം പണിയണമെന്ന ആവശ്യവുമായി ഇമെയിൽ ചെല്ലുന്നത്. വീടിന്റെ രേഖാചിത്രം ചേർത്ത് അനന്തു മറുപടി അയച്ചു. 

നടരാജയ്യർ വീട്ടു ചുവരിലെ ഗണപതി ബൊമ്മയ്ക്കു മുന്നിൽ ചെന്നു നിന്ന് കരഞ്ഞു. ‘ഗണപതീ, വെറും മണ്ണു ബൊമ്മയ്ക്കപ്പുറം നീയിപ്പോൾ ദിവ്യപ്രതിഷ്ഠയായി വളർന്നിരിക്കുന്നു. നീയിന്ന് എന്റെ സ്വകാര്യമല്ല. ഒരു ഗ്രാമത്തിന്റെ മുഴുവൻ വിശ്വാസം. നിന്നെ കാണാനും വന്ദിക്കാനും എനിക്ക് ഭയമാകുന്നു’. രാത്രി അദ്ദേഹത്തിനുറക്കം വന്നില്ല. കാലത്ത് പത്രമെടുക്കാൻ മുറ്റത്തു ചെന്നപ്പോൾ ആരോ എറിഞ്ഞ തേങ്ങയുടെ ചിരട്ടക്കണം തട്ടി നടരാജയ്യരുടെ നെറ്റി പിളർന്നു.

tk-sankaranarayanan-book

അഗ്രഹാരത്തിന്റെയും നാട്ടുകാരുടെയും വിശ്വാസം ഒരു പാവം ബ്രാഹ്‌മണന്റെ ജീവിതം തകർക്കുന്നതാണ് വിനായകം എന്ന കഥയെങ്കിൽ അഗ്രഹാരത്തിൽ അലസജീവിതം നയിച്ച സഹസ്രനാമൻ എന്ന യുവാവ് മൾട്ടി നാഷനൽ കമ്പനിയിലെ സമയനിഷ്ഠയും ചിട്ടവട്ടങ്ങളുമായി പൊരുത്തപ്പെടാനാവാതെ പരാജയപ്പെടുന്നതും സ്വന്തം ജീവിതവും കാമുകിയും ഒക്കെ കൈമോശം വരുന്നതു കണ്ട് നിസ്സഹായനായി രാജിവയ്ക്കുന്നതുമാണ് സമയസംവിധാനം എന്ന കഥയിൽ പറയുന്നത്.

അഗ്രഹാരങ്ങൾക്കു പുറത്തും, വിശ്വാസവും ആചാരവും ജീവിതം തകർക്കുന്നത് ശങ്കരനാരായണൻ പല കഥകളിലായി എഴുതുന്നുണ്ട്. അത്തരത്തിലൊരു കഥയാണ് കൃഷ്ണസർപ്പത്തിന്റെ വീട്. തമിഴ്‌നാട്ടിൽ കാലങ്ങളോളം കാടുപിടിച്ചു കിടന്നൊരു പറമ്പിൽ ഉടമ രാമൻകുട്ടി വീടുവയ്ക്കാൻ ഒരുങ്ങിയിറങ്ങിയതും വിവരമറിഞ്ഞ നാട്ടുകാർ കേവലം 17 മണിക്കൂർ കൊണ്ട് അവിടെയൊരു നാഗക്ഷേത്രം പണിതുയർത്തിയതുമാണ് ആ കഥയിൽ പറയുന്നത്.

tk-sankaranarayanan-2

ബ്രാഹ്‌മണയുവതിയെ മുസ്‌ലിം യുവാവ് പ്രണയിച്ചു വിവാഹം കഴിക്കുന്നതിന്റെയും ഡോക്ടർമാരും മെഡിക്കൽ റെപ്പുമാരും തമ്മിൽ പുലർത്തുന്ന അവിഹിത കച്ചവട ബന്ധത്തിന്റെയും നായവളർത്തലിലെ കൗതുകങ്ങളുടെയുമൊക്കെ പല പല കഥകൾ ശങ്കരനാരായണൻ പറയുന്നുണ്ട്.  

ജ്യോതിഷത്തിൽ ബിരുദാനന്തരബിരുദം നേടിയ, ആരുടെയും ഭാവി പ്രവചിക്കാൻ കഴിയുന്ന ശങ്കരനാരായണന്റെ കഥകളിൽ കാണുന്നത് വിശ്വാസ, ജ്യോതിഷ നിഷേധങ്ങളാണ്. ആ നിലയ്ക്കു നോക്കിയാൽ, അഗ്രഹാരത്തിൽ നിന്നൊരു അവിശ്വാസി എന്ന വിശേഷണമാകും അദ്ദേഹത്തിനു കൃത്യമായി ചേരുക.  ഈ വിശ്വാസനിഷേധം ആ കഥകൾക്കൊരു ദുരൂഹഛായ നൽകുന്നുണ്ട്. ആ ദുരൂഹത തന്നെയാണ് ആ കഥകളെ പാരായണപ്രധാനമാക്കുന്നത്. ഇനി ശങ്കരനാരായണനെ കേൾക്കാം. 

മലയാറ്റൂർ രാമകൃഷ്ണനു ശേഷം അഗ്രഹാരങ്ങളുടെ ഭാഷ മലയാള ചെറുകഥയിൽ വായിക്കുന്നത് താങ്കളുടെ കഥകളിലാണ്. എങ്കിലും, ഒറ്റപ്പെട്ട കഥകളിലൊഴിച്ചാൽ അഗ്രഹാര ജീവിതം കുറവുമാണ്.  അഗ്രഹാര ജീവിതത്തിന്  പൊതുസമൂഹ ജീവിതത്തിൽനിന്ന് കാര്യമായ വ്യത്യാസം ഇല്ല എന്ന സ്ഥിതി വന്നു തുടങ്ങിയോ?

കോളജ് വിദ്യാഭ്യാസം കഴിയുന്നതു വരെ മാത്രമേ ഞാൻ അഗ്രഹാരത്തിലുണ്ടായിരുന്നുള്ളു. ബിരുദം കഴിഞ്ഞതും ജോലി തേടി മുംബൈക്ക് പോയി. രണ്ടു മൂന്നു വർഷത്തോളം മുംബൈ, പുണെ, ചെന്നൈ നഗരങ്ങളിലായിരുന്നു. അഗ്രഹാരത്തിലേക്കു തിരിച്ചെത്തിയെങ്കിലും വൈകാതെതന്നെ പാടത്തിന്റെ ഒരു തുണ്ട് സ്വന്തമാക്കുകയും വീട് പണിയുകയും കേരളത്തിലെ റസിഡൻഷ്യൽ കോളനി സംസ്കാരത്തിലേക്ക് മാറുകയുമായിരുന്നു. അതിനാൽ അഗ്രഹാരം മാത്രമല്ല അഗ്രഹാരത്തിന് പുറത്തുള്ള ലോകവും എന്റെ കഥകളിൽ കാണാൻ കഴിയും. ഇപ്പോൾ നമ്മുടെ പൊതുജീവിതത്തിന് വന്നു ചേർന്നിട്ടുള്ള ആഗോള സ്വഭാവം അഗ്രഹാരങ്ങളുടെ തനതു സംസ്കാരത്തെ വലിയ അളവിൽ ബാധിച്ചിട്ടുണ്ട്. ലോകമാകെ മാറുമ്പോൾ തമിഴ് ബ്രാഹ്‌മണ സമൂഹത്തിനു മാത്രമായി ആ മാറ്റത്തോടു മുഖം തിരിച്ചു നിൽക്കാൻ കഴിയില്ലല്ലോ. അതിനാൽ പൊതുസമൂഹ ജീവിതവും അഗ്രഹാര ജീവിതവും തമ്മിലുള്ള അകലം കുറഞ്ഞു വരുന്നതായി കാണാം.

ഒരു കാലത്ത് കേരളത്തിൽ നിർണായക സ്വാധീനമുണ്ടായിരുന്ന സമൂഹമാണ് തമിഴ് ബ്രാഹ്‌മണർ. എന്നാൽ ഇന്ന് അവർ തീർത്തും പാർശ്വവൽകരിക്കപ്പെട്ട അവസ്ഥയിലാണ്. ഇത്തരം പാർശ്വവൽക്കരണങ്ങൾ മലയാള സാഹിത്യത്തിൽ വേണ്ടുംവിധം അടയാളപ്പെടുത്തപ്പെടുന്നുണ്ടോ?

ഇല്ല എന്നു തന്നെ പറയാം. 1969 ൽ ഭൂപരിഷ്കരണ ബിൽ വന്നതോടെ മുഖ്യ വരുമാന സ്രോതസ്സായിരുന്ന കൃഷിഭൂമി നഷ്ടപ്പെട്ട്, ജീവിക്കാൻ വേണ്ടി മഹാനഗരങ്ങളിലേക്ക് വണ്ടി കയറുന്നിടത്ത് കേരളത്തിലെ തമിഴ് ബ്രാഹ്മണ ജീവിതത്തിന്റെ പുതിയ അധ്യായം തുടങ്ങുന്നു. അതു വരെ അവർ ജീവിച്ച ജീവിതത്തെ കീഴ്മേൽ മറിച്ചിടുന്നതായിരുന്നു ആ ബിൽ. സമ്പദ്‌വ്യവസ്ഥ പാടെ തകർന്നു. വലിയൊരു വിഭാഗം നഗരങ്ങളിലേക്ക് കുടിയേറിയതോടെ എല്ലാ അർഥത്തിലും ഗ്രാമങ്ങൾക്ക് ബലക്ഷയം തുടങ്ങി. ബുദ്ധിയും കഠിനാധ്വാനവും കൊണ്ടാണ് അവർ ഈ അവസ്ഥയെ തരണം ചെയ്തത്. ആ അനുഭവങ്ങൾ സാഹിത്യത്തിൽ അടയാളപ്പെടുത്തണമെങ്കിൽ സമൂഹത്തിൽനിന്ന് എഴുത്തുകാർ ഉയർന്നു വരണം. അതുണ്ടായില്ല.

സ്വയം ജ്യോതിഷ പണ്ഡിതനാണ്. പക്ഷേ, വിനായകം എന്ന കഥ ജ്യോതിഷികളുടെ നെറ്റി നോക്കിയുള്ള തേങ്ങായേറാണ്. സക്കറിയയുടെ നസ്രാണി യുവാവും ഗൗളി ശാസ്ത്രവും വായിച്ച ഓർമയാണ് ഈ കഥ വായിച്ചപ്പോൾ ഉണർന്നത്. എന്താണ് ജ്യോതിഷത്തിനു നേരേ ഒരു പരിഹാസം ?

ചിലപ്പോൾ കൈകൂപ്പി നിൽക്കാനും മറ്റു ചിലപ്പോൾ ചോദ്യം ചെയ്യാനും തോന്നിയിട്ടുണ്ട്. അത് കേവലം പരിഹാസമല്ല. ചില ജീവിതാനുഭവങ്ങൾ ഈ ശാസ്ത്രത്തിൽ ഒരളവു വരെ സത്യമുണ്ട് എന്നു തോന്നിച്ചതു കൊണ്ടാണ് അതിന്റെ ആധികാരികത മനസ്സിലാക്കാൻ ഗൗരവമായിത്തന്നെ പഠിച്ചത്. എന്നാൽ ചില പ്രവചനങ്ങൾക്ക് കടകവിരുദ്ധമായി കാര്യങ്ങൾ സംഭവിക്കുമ്പോൾ നമ്മുടെ നെറ്റി ചുളിയുന്നു. അപ്പോൾ അതിന്റെ യുക്തിയെ ചോദ്യം ചെയ്യാതെ വയ്യ. ജ്യോതിഷത്തെ അനുകൂലിച്ചും പ്രതികൂലിച്ചും എഴുതാൻ കാരണമിതാണ്.

മരുന്നുകളുടെ പേരും വിശദാംശങ്ങളും പല കഥകളിലുമുണ്ട്. ഒരു മെഡിക്കൽ റെപ്പിന്റെ ജീവിതം എഴുത്തിനെ എപ്രകാരം സഹായിച്ചു?

ഇരുപത്തിയാറു വർഷത്തെ മെഡിക്കൽ റെപ് ജീവിതാനുഭവങ്ങൾ എഴുത്തിനെ വലിയ അളവിൽ സഹായിച്ചിട്ടുണ്ട്. തൊഴിലിന്റെ ഭാഗമായി നടത്തിയ യാത്രകൾ, സന്ദർശിച്ച സ്ഥലങ്ങൾ, കണ്ടുമുട്ടിയ മനുഷ്യർ എല്ലാം എഴുത്തിലെ എന്റെ വലിയ സമ്പാദ്യങ്ങളാണ്. ആദ്യ കഥാസമാഹരമായ ‘സമയസംവിധാന’വും ആദ്യ നോവലായ ‘ഇലച്ചക്ര’വും മെഡിക്കൽ റെപ്പുകളുടെ ജീവിത കഥയാണ്. ആഗോളീകരണം നമ്മുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളുടെ ഭാഗമായി ഒരുപാട് സ്ത്രീകൾ കഴിഞ്ഞ രണ്ടു ദശകങ്ങൾക്കിടയ്ക്ക്, പ്രത്യേകിച്ചും നഗരങ്ങളിൽ, ഈ തൊഴിൽ രംഗത്തേക്ക് കടന്നു വന്നു. അവരുടെ ജീവിതം പറയുന്ന നോവലാണ് ഏഴെട്ടു കൊല്ലം മുൻപെഴുതിയ ‘ഫാർമ മാർക്കറ്റ്’.

tk-sankaranarayanan-3

ഒന്നിലേറെ കഥകളിൽ കടന്നു വരുന്ന ഒന്നാണ് നായകൾ. വളർത്തു നായയുടെ പശ്ചാത്തലത്തിൽ വിരിയുന്ന കഥകൾ. ശരിക്കും ഒരു നായപ്രേമി ആണോ? എങ്ങനെയാണ് ഇത്ര വിശദമായി നായകളെ കുറിച്ച് പഠിച്ചത്.

കുട്ടിക്കാലത്ത് മകന്റെ കൂട്ടിനു വേണ്ടിയാണ് ആദ്യം ഒരു നായയെ വളർത്തിയത്. ഒരു വീട്ടിൽ ഒരു സന്താനം എന്ന നവ സാമൂഹിക വ്യവസ്ഥിതിയിൽ നമ്മുടെ കുട്ടികളെല്ലാം വീടുകളിൽ ഒറ്റപ്പെട്ടു പോയല്ലോ. വളർത്തുനായ വന്നതോടെ മകന്റെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ കണ്ടു തുടങ്ങി. പിന്നീട് പല വർഗത്തിൽ പെട്ട നായകളെയും വളർത്തി. അവരുടെയെല്ലാം പ്രത്യേകതകളും ശരീരഭാഷയും മനസ്സിലാക്കി. ഏതു വർഗ്ഗത്തിൽ പെട്ടവരിലും കണ്ട സ്ഥായിയായ ഭാവം സ്നേഹമാണ്. നമുക്കില്ലാത്തതും അതാണല്ലോ. മനുഷ്യരും മൃഗങ്ങളുമെല്ലാം തുല്യരാണ് എന്നൊരു മനോഭാവം മകനിലുണ്ടായി. ‘ജന്തുലോക കഥകൾ’ എന്ന പേരിൽ സൈകതം ബുക്സ് ഇറക്കുന്ന സമാഹാരത്തിൽ കുറേ നായക്കഥകളുണ്ട്.

ചില കഥകളുടെ പശ്ചാത്തലം മനഃശാസ്ത്രമാണ്. മനഃശാസ്ത്രം പഠിച്ചിട്ടുണ്ടോ?

ഇല്ല. വായിക്കുകയും ചിന്തിക്കുകയുമൊക്കെ ചെയ്യുന്ന ആൾ, എഴുത്തുകാരൻ എന്നീ നിലയ്ക്കൊക്കെ നമ്മൾ പലതും നിരീക്ഷിക്കുമല്ലോ. അത്തരം നിരീക്ഷണങ്ങളിൽനിന്നു കിട്ടുന്നതാണ് മനഃശാസ്ത്രപരമായ അറിവുകൾ. ജ്യോതിഷത്തിൽ അഞ്ചാം ഭാവം, ഭാവാധിപൻ, മനോകാരകനായ ചന്ദ്രന്റെ പക്ഷബലം എന്നിവയെ ബന്ധപ്പെടുത്തി മനുഷ്യമനസ്സിനെ വിശകലനം ചെയ്യുന്നുണ്ട്. ഈ അറിവുകളും കാരണമായിരിക്കാം.

പ്രണയക്കെണി ഇന്ന് നമ്മുടെ നാട്ടിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന കാലമാണ്. താങ്കളുടെ പല കഥകളിലും ബ്രാഹ്‌മണ യുവതികളും ബ്രാഹ്‌മണ വൃദ്ധകളും മുസ്‌ലിം പുരുഷന്മാരെ പ്രണയിച്ച് വിവാഹിതരാവുന്നുണ്ട്. പ്രണയക്കെണി വാദം ഉന്നയിക്കുന്നവർക്കുള്ള മറുപടിയാണോ ഈ കഥകൾ?

അങ്ങനെ പ്രത്യേക ലക്ഷ്യം വച്ച് എഴുതിയതൊന്നുമല്ല. എന്റെ കുട്ടിക്കാലത്തൊക്കെ അഗ്രഹാരത്തിലെ ചിട്ടകളിൽ വളർന്നവർ അന്യ മതത്തിൽ വിവാഹം കഴിക്കുന്നത്‌ മഹാപാപമായി കണ്ടിരുന്നു. ആത്മഹത്യകൾ വരെ ഉണ്ടായിട്ടുണ്ട്. അങ്ങനെ വിവാഹിതരായി സമൂഹം വിട്ടു പോകുന്നവർക്ക് ഇരിക്കപ്പിണ്ഡം വരെ വച്ച അനുഭവങ്ങളുണ്ട്. എന്റെ ഗ്രാമത്തിന്റെ ചുറ്റുപാടിൽ ഇതൊക്കെ കണ്ടാണ് ഞാൻ വളർന്നത്. അതൊക്കെ സ്വാഭാവികമായും എഴുത്തിൽ വന്നതാവും.

അടുത്ത കാലത്ത് വായിച്ച പല പുതു തലമുറക്കഥകൾക്കും വളരെയേറെ വലുപ്പം ഉണ്ട്. മേതിൽ രാധാകൃഷ്ണനെപ്പോലെ മുതിർന്ന തലമുറയിൽ പെട്ടവരും വലിയ കഥകൾ എഴുതാറുണ്ട്. പക്ഷേ, താങ്കളുടെ കഥകൾ പൊതുവേ വലുപ്പം കുറഞ്ഞവയാണ്. ചെറുകഥയുടെ വലുപ്പം സംബന്ധിച്ച കാഴ്ചപ്പാട് എന്താണ്?

എണ്ണത്തിൽ കുറവാണെങ്കിലും നീണ്ട കഥകൾ ഞാനും എഴുതിയിട്ടുണ്ട്. പ്രമേയമാണ് ദൈർഘ്യവുമായി ബന്ധപ്പെട്ട കഥയുടെ വലുപ്പച്ചെറുപ്പം നിശ്ചയിക്കുന്നത്. വലിയ കാൻവാസിൽ എഴുതേണ്ട തീമായിരിക്കും ചിലപ്പോൾ. കുറേ കഥാപാത്രങ്ങൾ ഉണ്ടാവും. അപ്പോൾ കഥ നീണ്ടതാവും. ചെറുതാക്കാൻ ശ്രമിക്കുന്തോറും വലുതായിപ്പോവുന്നു എന്നതാണ് എന്റെ കഥയുടെ കുഴപ്പം എന്ന് മേതിൽ രാധാകൃഷ്ണൻ പറയാറുണ്ട്. ആത്യന്തികമായി കഥ ഫലപ്രദമാവുന്നുണ്ടോ, കൊള്ളേണ്ടിടത്ത് കൊള്ളുന്നുണ്ടോ എന്നതു മാത്രമാണ് പ്രധാനം.

അഗ്രഹാര ജീവിതം എഴുത്തിനെ രൂപപ്പെടുത്തിയതെങ്ങനെ ?

എന്റെ എഴുത്തിനെ രൂപപ്പെടുത്തിയതിൽ അഗ്രഹാരത്തിന്റെ പങ്ക് വളരെ വലുതാണ്. ഏതൊരെഴുത്തുകാരനെ രൂപപ്പെടുത്തുന്നതിലും നിർണായക പങ്ക് അയാളുടെ കുട്ടിക്കാലത്തിനായിരിക്കും. ആ നിലയ്ക്ക് ഞാൻ ജനിച്ചു വളർന്ന പ്രത്യേക സംസ്കൃതി തന്നെയാണ് എന്റെ ചിന്തകളെയും കാഴ്ചകളെയും ഭാഷയെയും ദർശനങ്ങളെയും ഇതെല്ലാം ചേർന്ന എഴുത്തിനെയും രൂപപ്പെടുത്തിയത്. ഈ തമിഴ് ജീവിതം എനിക്ക് പ്രത്യേകമായ ഒരു ഭാഷ തന്നു. മലയാള സാഹിത്യത്തിന് തീർത്തും അപരിചിതമായ കഥാപാത്രങ്ങളെയും ജീവിതപരിസരങ്ങളെയും തന്നു. അതിന്റെയൊക്കെ ഫലമായി ശവുണ്ഡി, വഴിപോക്കാൾ, കിച്ചുവിന്റെ ഉപനയനം എന്നീ വ്യത്യസ്ത നോവലുകളുണ്ടായി. 40 കഥകൾ ഒന്നിക്കുന്ന ‘അഗ്രഹാര കഥകൾ’ ഡി. സി ബുക്സ് വൈകാതെ പുറത്തിറക്കുന്നു.

ആധുനികതയുടെ കാലത്ത് എഴുത്ത് തുടങ്ങി. മേതിലിനെപ്പോലെ ഉറ്റ ചങ്ങാതിമാർ പലരും ആധുനിക ധാരയിൽ എഴുതിയവരുമാണ്. പക്ഷേ താങ്കളുടെ കഥകളിൽ അവരുടെ സ്വാധീനം കാര്യമായി ഇല്ല. ഒന്നു വിശദീകരിക്കാമോ ?

 ആധുനികത കത്തി നിൽക്കുന്ന കാലത്താണ് എന്റെ വായന. ഉത്തരാധുനിക കാലത്താണ് എഴുത്ത്. ഞാൻ ജനിച്ചു വളർന്ന അന്തരീക്ഷം, എന്റെ തൊഴിൽരംഗം തുടങ്ങി എന്നിലെ എഴുത്തുകാരനെ സ്വാധീനിച്ചിരിക്കാവുന്ന ഘടകങ്ങളെല്ലാം ഉത്തരാധുനിക എഴുത്തുകാരിൽനിന്ന് വ്യത്യസ്തമായിരുന്നു. എന്നോടൊപ്പം എഴുതിയിരുന്ന ആർക്കും ഒരു തമിഴ് പാരമ്പര്യത്തിന്റെ തുടർച്ചയുണ്ടായിരുന്നില്ല. മിക്കവരും അധ്യാപകരോ സർക്കാർ ഉദ്യോഗസ്ഥരോ ആയിരുന്നു. അവർക്കിടയിൽ മെഡിക്കൽ റെപ്രസെന്ററ്റീവായ ഞാൻ മാത്രമായിരുന്നു ഒരപവാദം. അതുകൊണ്ടായിരിക്കാം എന്റെ വഴി അവരിൽനിന്ന് വ്യത്യസ്തമായത്.

tk-sankaranarayanan-1

ജീവിതത്തിന്റെ അർഥമില്ലായ്മ, സമയക്രമമനുസരിച്ച് ജീവിക്കുന്നതിന്റെ സമ്മർദ്ദം തുടങ്ങിയ പ്രശ്‌നങ്ങൾ കടന്നു വരുന്ന കഥയാണ് സമയ സംവിധാനം. അതിനൊരു ഫിലോസഫിക്കൽ ടച്ചും ഉണ്ട്. 1990 ൽ എഴുതിയ കഥയാണത്.  ജീവിതം കൂടുതൽ സമയബന്ധിതമായി നീക്കാൻ ഓരോരുത്തരും നിർബന്ധിതമായിരിക്കുന്ന ഇക്കാലത്ത് ഇതേ വിഷയം ഒരു കഥയാക്കിയാൽ എങ്ങനെയായിരിക്കും അന്ത്യം?

സമയക്രമങ്ങളോട് പൊരുതിത്തോറ്റ് പിടിച്ചു നിൽക്കാൻ കഴിയാതെ താനൊരു മിസ്ഫിറ്റ് ആണെന്ന് തിരിച്ചറിഞ്ഞ് എംഡിക്ക് രാജിക്കത്ത് നൽകുന്നിടത്താണ് 1990 ൽ എഴുതിയ സമയസംവിധാനം അവസാനിക്കുന്നത്. മൂന്നു ദശകങ്ങൾ പിന്നിടുമ്പോൾ നമ്മുടെ കാലവും ജീവിതവും എന്തെന്നില്ലാതെ മാറി. നിഷ്കളങ്കതയും സ്നേഹവും ആർദ്രതയും കൈമോശം വന്നവരായി നമ്മൾ. എന്തിനും പോന്ന തരത്തിൽ കാലം കോലം കെട്ടു കിടക്കുന്ന ഈ സന്ദർഭത്തിൽ ഒന്നുകിൽ അയാൾ സമയത്തോടു തോൽക്കാതിരിക്കാൻ സ്വയം പ്രാപ്തനാക്കും. തോൽക്കുമെന്നുറപ്പായാൽ തോൽവി സമ്മതിക്കാതെ എന്തെങ്കിലും പ്രതിരോധവഴി കണ്ടെത്തുമായിരിക്കും.

ആചാരങ്ങളും വിശ്വാസങ്ങളും മനുഷ്യ ജീവിതത്തിന് ഏൽപിക്കുന്ന ആഘാതമാണല്ലോ ‘കൃഷ്ണസർപ്പത്തിന്റെ വീട്’ എന്ന കഥ. ആചാരാനുഷ്ഠാനങ്ങൾക്ക് എങ്ങനെയാണ് പരിധി നിശ്ചയിക്കുക?

ആചാരങ്ങളും വിശ്വാസങ്ങളുമൊക്കെ അതിരു കടക്കുമ്പോൾ ഭ്രാന്തായി മാറും. കാൻസർ പോലെ പടരാൻ ശേഷിയുള്ള മാരക വിഷമാണത്. ഇന്നത്തെ സാഹചര്യം പരിഗണിക്കുമ്പോൾ കൂടുതൽ വിശദീകരിക്കാൻ പ്രയാസമുണ്ട്. വിശദീകരണം ആവശ്യമില്ലാത്ത വിധം നിത്യേന നമുക്കു ചുറ്റും നാമത് കണ്ടു കൊണ്ടിരിക്കുന്നു. ആചാരാനുഷ്ഠാനങ്ങൾക്ക് അവനവൻ പരിധി നിശ്ചയിക്കുന്നതാവും നല്ലത്.

English Summary: Pusthakakkazhcha column by Ravivarma Thampuran on T K Sankaranarayanan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA
;