ADVERTISEMENT

ടി. പത്മനാഭന്‍റെ സമ്പൂര്‍ണ കഥകളുടെ സമാഹാരം വാങ്ങിക്കാന്‍ കണ്ണൂരിലേക്കു ബസ് കയറിയ ദിവസം എനിക്കിപ്പോഴും ഓര്‍മയുണ്ട്. പത്തു പന്ത്രണ്ട് വര്‍ഷം മുന്‍പായിരുന്നു, അത്. 

 

ഏതോ കഥാമത്സരത്തില്‍ സമ്മാനം കിട്ടിയ കാശില്‍നിന്നു മിച്ചം പിടിച്ച നോട്ടുകള്‍ കൈയിലുണ്ടായിരുന്നു. അക്കാലത്ത്, തോന്നയ്ക്കല്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് കഥാമത്സരം മുതല്‍ ഭാഷാപോഷിണിക്കുവരെ കഥകള്‍ അയക്കുമായിരുന്നു. പരക്കെ കല്ലെറിയുമ്പോള്‍ ഒന്നോ, രണ്ടോ മാങ്ങാ താഴെവീഴുന്നതുപോലെ ഇടയ്ക്ക് സമ്മാനമടിക്കും. വലിയ തുകയൊന്നും ആയിരിക്കില്ല. ആയിരം അല്ലെങ്കില്‍ ആയിരത്തി അഞ്ഞൂറ്; ഏറിയാല്‍ രണ്ടായിരം. (ഡിഗ്രി ഫൈനല്‍ ഇയര്‍ പഠിക്കുന്ന കാലത്ത്, സ്വന്തമായി ഒരു മൊബൈല്‍ വാങ്ങാന്‍ ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ കാലിക പ്രസക്തി എന്ന വിഷയത്തില്‍ ഘോരജല്‍പനങ്ങളുള്ള ഒരു പ്രബന്ധം എഴുതിയതും രണ്ടായിരം ഉറുപ്പിക സമ്മാനമടിച്ചതുമാണ്, അക്കൂട്ടത്തിലെ ഏറ്റവും ത്രില്ലിങ്ങായ ഓര്‍മ. ഗാന്ധി എന്നോടു പൊറുക്കുമായിരിക്കും.) ടി. പത്മനാഭന്‍റെ ചിത്രം പതിച്ച, പച്ച കവറിലുള്ള പുസ്തകത്തിന്‍റെ പരസ്യം ആഴ്ചപ്പതിപ്പുകളില്‍ കണ്ടപ്പോള്‍ത്തന്നെ എപ്പോഴെങ്കിലും ഒരു കോപ്പി സ്വന്തമാക്കണമെന്ന് മോഹിച്ചിരുന്നു. ചെറിയ മഴയുള്ള നട്ടുച്ചയ്ക്ക് കണ്ണൂര്‍ ടൗണിലെത്തി. ഞങ്ങളുടെ നാട്ടില്‍നിന്ന് ഏകദേശം രണ്ടു മണിക്കൂറില്‍ കൂടുതല്‍ യാത്രയുണ്ട്. പുസ്തകം വാങ്ങി തിരികെ ബസില്‍ ഇരിക്കുമ്പോള്‍ അത്രമേല്‍ നിഗൂഢമായൊരു കാര്യം ചെയ്ത സംതൃപ്തി എനിക്കുണ്ടായി. കാരണം, അതായിരുന്നു, ഞാന്‍ പണംകൊടുത്തു വാങ്ങുന്ന രണ്ടാമത്തെ പുസ്തകം; ആദ്യത്തേത് ആടുജീവിതമായിരുന്നു. 

 

കോളജിനും വീടിനും ഇടയിലുള്ള സകല ലൈബ്രറികളിലും കയറിയിറങ്ങുകയും കഥാസമാഹാരങ്ങള്‍ ഒന്നൊഴിയാതെ വായിച്ചുതീര്‍ക്കുകയും ചെയ്യുന്ന കാലത്ത്, പുസ്തകം സ്വന്തമായി വാങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നില്ല. അതിന്‍റെ ആവശ്യമുണ്ടെന്ന തോന്നല്‍ ഇല്ലായിരുന്നു എന്നതാണ് സത്യം. വീട്ടില്‍ കാര്യമായിട്ട് പുസ്തകങ്ങളൊന്നുമുണ്ടായിരുന്നില്ല. കൂട്ടുകാരുടെ വീടുകളിലും അങ്ങനൊക്കെത്തന്നെ. പഠിക്കാനുള്ളതും ഇംഗ്ലീഷ്-മലയാളം, ഹിന്ദി- മലയാളം ഡിക്ഷ്ണറി പോലുള്ള ചില തടിയന്‍ പുസ്തകങ്ങളും മാത്രമേ മിക്ക വീടുകളിലുമുണ്ടായിരുന്നുള്ളൂ. കഥകളിലും നോവലുകളിലുമുള്ളതിനേക്കാള്‍ തീക്ഷ്ണമായ ജീവിതം ജീവിക്കുന്ന ഞങ്ങളുടെ മലയോരത്തുള്ളവര്‍ക്ക് പുസ്തകങ്ങള്‍ ഒരവശ്യവസ്തുവായി തോന്നാറില്ല; അന്നും ഇന്നും. 

 

മലയാള മനോരമയില്‍ ജോലി കിട്ടി കോട്ടയത്ത് എത്തിയപ്പോള്‍ താമസിക്കാന്‍ കിട്ടിയത്, ഗുഡ് ഷെപ്പേര്‍ഡ് റോഡിലുള്ള ഒരു ചെറിയ വീടായിരുന്നു. മനോരമയിലേത്തന്നെ ജോലിക്കാരായിരുന്നു സഹവാസികള്‍.  അവിടെനിന്ന് ഒരു നൂറ് മീറ്റര്‍ നടന്നാല്‍ ഡി.സി. ബുക്സിന്‍റെ ഹെഡ് ഓഫീസാണ്. റോഡിന് എതിര്‍വശത്ത്, ബസേലിയസ് കോളേജിനോടു ചേര്‍ന്നും ഡിസിയുടെ ഒരു ഷോറൂമുണ്ട്. ശമ്പളം കിട്ടുന്ന ദിവസങ്ങളില്‍ രണ്ടിടത്തും കയറും തീരുമാനിച്ചുവെച്ച ലിസ്റ്റിലുള്ള പുസ്കങ്ങള്‍ വാങ്ങും. വാങ്ങിയതില്‍ പാതി വായിക്കും. ബാക്കി പിന്നത്തേക്കുവെക്കും. കാശുകൊടുത്തു വാങ്ങുന്ന ശീലം തുടങ്ങിയതിനുശേഷമാണ്, വായനയുടെ വേഗത കുറഞ്ഞത്. അതിനുമുന്‍പ്, എത്രയും വേഗം തിരിച്ചുകൊടുത്ത് അടുത്തത് എടുക്കാനുള്ള ആര്‍ത്തികൊണ്ട് കുത്തിയിരുന്ന് വായിക്കുമായിരുന്നു. സ്വന്തമാക്കിയ പുസ്തകങ്ങള്‍ എപ്പോള്‍ വേണമെങ്കിലും വായിക്കാമല്ലോ എന്ന മടിയന്‍ ന്യായത്തില്‍ പിന്നേക്കു വെച്ചു. 

 

ആശിച്ചു മോഹിച്ചുവാങ്ങിയ പുസ്തകങ്ങളിലൊന്ന്, സുഭാഷ് ചന്ദ്രന്‍റെ മനുഷ്യന് ഒരു ആമുഖം ആയിരുന്നു. ഇരട്ടക്കവറുകള്ള ആദ്യ പതിപ്പുതന്നെ വാങ്ങണമെന്ന് ഉറപ്പിച്ചിരുന്നെങ്കിലും നടന്നില്ല- അത് ജോലിക്കു കയറുന്നതിനു മുന്‍പുള്ള കാലമാണ്. ജനനത്തെയും മരണത്തെയും ആവിഷ്കരിച്ച ആ കവറിലുള്ള പുസ്തകം പിന്നീട് കൈയിലെത്തി. പക്ഷേ, പ്രിന്‍റിങ് തകരാറ് കാരണം അത് കീഴ്മേല്‍ മറിഞ്ഞിരുന്നു. സവിശേഷമായ ആഹ്ലാദത്തോടെ നോവല്‍ വായിച്ചു. കെ. ആര്‍. മീരയുടെ ആരാച്ചാര്‍ തരംഗമാകുന്ന കാലത്തുതന്നെ, അതു വാങ്ങിയിരുന്നു. കൊച്ചിയിലെ ഷോറൂമില്‍നിന്ന് അഞ്ഞൂറിലധികം പേജുകളുള്ള പുസ്തകം കൈയിലെടുത്തപ്പോള്‍ കൂടെയുണ്ടായിരുന്ന, അധ്യാപികയായ കൂട്ടുകാരി,  ‘ഇത്രയും എഴുതിയ മീരയെ സമ്മതിക്കണം’ എന്നു പറഞ്ഞ് അത്ഭുതപ്പെട്ടു. നോവല്‍ വായിച്ചപ്പോള്‍ ഞാനും. 

 

പുസ്തകശാലകളില്‍ ചെറിയ ചെറിയ അത്ഭുതങ്ങള്‍ പലപ്പോഴും നമ്മെ കാത്തിരിക്കുന്നുണ്ടാകും. അക്കൂട്ടത്തില്‍ ഒന്ന്, മാതൃഭൂമിയുടെ കണ്ണൂര്‍ ശാഖയില്‍ പോയതാണ്. കോളജ് കാലത്താണ്. അന്ന്, ആഴ്ചപ്പതിപ്പിലൊക്കെ തകര്‍ത്തെഴുതിയിരുന്ന വി. സുരേഷ്കുമാറിന്‍റെ ‘എഴുത്തുകാരുടെ കപ്പല്‍യാത്ര’ എന്ന കഥാസമാഹാരം വാങ്ങി. കൗണ്ടറില്‍ ബില്ലടിക്കുമ്പോഴാണ് അറിയുന്നത്, എഴുത്തുകാരന്‍ തന്നെയാണ് കൗണ്ടറിലുള്ളതും ബില്ലടിക്കുന്നതും. 

 

കോട്ടയംകാലത്താണ് മലയാളത്തിലെ മിക്കവാറും എഴുത്തുകാരുടെ സമ്പൂര്‍ണകൃതികള്‍ വാങ്ങുന്നത്. കാരൂര് മുതല്‍ ഇന്ദുമേനോന്‍ വരെ ഒന്നൊഴിയാതെ വായിച്ചുതീര്‍ത്തു. അങ്ങനെയിരിക്കെയാണ്, അപ്രതീക്ഷിതമായി ജോലിസ്ഥലം മാറുന്നത്. നടുവിന് വേദന വരികയും ഉഴിച്ചിലും പിഴിച്ചിലുമായി ഇരിക്കുന്ന സമയവുമായിരുന്നു, അത്. എല്ലാ പുസ്തകങ്ങളും കൊണ്ടുപോകാന്‍ വഴിയില്ല. അതുകൊണ്ട്, ഒരു വലിയ ബിഗ്ഷോപ്പറില്‍ പുസ്തകങ്ങള്‍ അടുപ്പിപ്പെറുക്കിവെച്ചു. ആരും എടുത്തുകൊണ്ട് പോകരുത്, എന്ന സ്വാര്‍ഥതകൊണ്ട്, കയറിട്ട് കെട്ടി ഭദ്രമാക്കി. കുറച്ചുനാള്‍ കഴിഞ്ഞ് ലീവെടുത്ത് വരാം എന്നും പറഞ്ഞ് സഹമുറിയന്‍ നോബിളിനെ ഏല്‍പ്പിച്ചു. ഞാന്‍ മലപ്പുറത്തിനു വണ്ടി കയറി. 

ആത്മസൗഹൃദമായതുകൊണ്ട് എന്‍റെ പുസ്തകങ്ങളില്‍ തൊടാന്‍ നോബിള്‍ ആരെയും അനുവദിച്ചുമില്ല. പുസ്തകക്കെട്ട് കോട്ടയത്തും ഞാന്‍ മലപ്പുറത്തും ജീവിച്ചു. ഒരു വര്‍ഷത്തിനുശേഷമാണ് ഞാന്‍ വീണ്ടും കോട്ടയത്ത് എത്തുന്നത്. കെട്ടു പൊട്ടിച്ചപ്പോള്‍ പുസ്തകങ്ങള്‍ ചിതല് തിന്നിരുന്നു. ഒരെണ്ണംപോലും വായിക്കാന്‍ പറ്റുന്ന പരുവത്തിലില്ല. കൊതിച്ചു വാങ്ങിയതൊക്കെ പോയെങ്കിലും എനിക്കു ചിരിവന്നു. കെട്ടിപ്പൂട്ടിവെച്ചാല്‍ അക്ഷരങ്ങളിലും ചിതലരിക്കും. സക്കറിയയേയും എന്‍.എസ്. മാധവനേയും അശോകന്‍ ചരുവിലിനേയും തിന്നുതീര്‍ത്ത ചിതലുകള്‍ക്കു സ്തുതി. 

 

English Summary: Writer Abin Joseph on collecting books

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com