വെള്ളത്താടിയുള്ള മനുഷ്യനെ കണ്ടുകൊണ്ടിരുന്ന 30 വർഷം

The Man with a White Beard by Tintoretto
The Man with a White Beard by Tintoretto (medieval painting)
SHARE

കോളജ് അവധിക്കാലത്തു നാട്ടിൽ ഞാനും അവനും വർത്തമാനം പറയാൻ പോയിരിക്കാറുള്ള ഒരു സ്ഥലമുണ്ട്, കുന്നിനു മുകളിൽ സ്കൂൾ വളപ്പിൽ പവർ ഹൗസിലേക്കു ജീവനക്കാർ ഇറങ്ങിപ്പോകുന്ന കോൺക്രീറ്റ് പടികളുടെ ഏറ്റവും മുകളിൽ. അവിടെയിരുന്നാൽ പൊതുവഴിയിൽനിന്നു നോട്ടമെത്തില്ല. പാലത്തിലൂടെ വണ്ടികൾ പോകുന്നു, അക്കരെ മുകളിൽ മൺവഴിയിലൂടെ ആളുകൾ വീട്ടിലേക്കു മടങ്ങുന്നു, പവർ ഹൗസിന്റെ ഇരമ്പമുളള സന്ധ്യയിൽ അവിടെയിരുന്നു പുകവലിക്കുന്നു, കഥകൾ പറയുന്നു. ഇരുട്ടാകുമ്പോഴേക്കും തിരിച്ചുനടക്കുന്നു, എട്ടിനു മുൻപേയുള്ള ബസിൽ അവൻ മടങ്ങുന്നു. 

സൂസന്നയുടെ ഗ്രന്ഥപ്പുരയിൽ ഈ സ്ഥലം എഴുതാൻ ശ്രമിച്ചപ്പോൾ, പൊടുന്നനെ ആ പ്രദേശമാകെ മൂടിപ്പോയി. എനിക്ക് അവിടെനിന്ന് ഒരു ചലനം പോലും എടുക്കാൻ കഴിഞ്ഞില്ല. ആ വർത്തമാനങ്ങൾ ഓർത്തെടുക്കാനാവാതെ വന്നതോടെ എനിക്കു സങ്കടം വന്നു. ഒരു തീപ്പെട്ടി പ്ലാസ്റ്റിക് കൂടിലാക്കി ഒരു വിടവിൽ ഒളിപ്പിച്ചുവച്ചിരുന്നു, സിഗരറ്റ് കത്തിക്കാനാണ്. പക്ഷേ, വാക്കുകളോ സംസാരങ്ങളോ ഒളിവിൽനിന്നെടുക്കാൻ കഴിയുന്നില്ല. ചില പുസ്തകങ്ങളുടെയും സിനിമകളുടെയും പേരുകൾ ഓർമയുണ്ട്. പക്ഷേ എന്താണ് അതേപ്പറ്റി പറഞ്ഞിരുന്നതെന്ന് ഓർമയില്ല. 

swans-way

പിജി കഴിയുന്നതുവരെ ഞാൻ ഡയറി എഴുതിയിരുന്നു. ആ ഡയറികൾ പിന്നീടു നഷ്ടമായി. അതുണ്ടായിരുന്നുവെങ്കിൽ ആ സംസാരങ്ങൾ തീർച്ചയായും അതിൽ കണ്ടേനെ. മാർസൽ പ്രൂസ്റ്റ്  Swan's Way യിൽ പറയുന്നു, ഓർമയെ ബുദ്ധിയാൽ പിടിച്ചുകൊണ്ടുവരാനാവില്ല. അത് ഉള്ളിലല്ല സ്ഥിതി ചെയ്യുന്നത്, പുറത്ത് ഏതെങ്കിലും വസ്തുവിലോ മനുഷ്യരിലോ ഇടങ്ങളിലോ ആവും. അതുകൊണ്ടാവാം പണ്ടു പോയ ചില സ്ഥലങ്ങളിൽ, അസാധാരണമായി അവിടെ ഒന്നുമില്ലെങ്കിലും ഞാൻ വീണ്ടും പോയി നിൽക്കുന്നു. (കൂടെയുള്ള ആൾ ചോദിക്കുന്നു, എന്തിനാണ് ഇവിടെ വന്നത് ?). അവിടെ ഒരു വലിയ മരം. അതിപ്പോഴും ഉണ്ട്. അതിന്റെ ഏറ്റവും ഉയരത്തിലെ ശിഖരത്തിൽ ഒരിക്കൽ ഒരു കടന്നൽകൂട് ഉണ്ടായിരുന്നു. ഒരു വേനലിൽ കാക്കക്കൂട്ടം കൂടിളക്കി, ആ പ്രദേശമാകെ കടന്നലുകൾ നിറഞ്ഞു. ഭയങ്കരവും നിഗൂഢവുമായ ഒരു ഭീതിയായി ആ ഭീമൻ കടന്നൽകൂട് ഇപ്പോഴും ഉള്ളിൽ ഒരു ചിത്രം പോലെ കാണുന്നതുകൊണ്ടാവാം അവിടെത്തന്നെ വന്നുനോക്കുന്നത്. ഇലക്ട്രിസിറ്റി പോലെ ഒരു തീവ്രപ്രവാഹം ആ കാഴ്ചയിൽനിന്നു പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ കടന്നൽകൂട് അവിടെയില്ല. ചിത്രം അവിടെനിന്നു മാഞ്ഞുപോയി. ക്യാൻവാസിൽ മരം മാത്രം ബാക്കിയുണ്ട്. വെള്ളച്ചാട്ടത്തിനു സമീപമുള്ള വീട്ടിൽ താമസിച്ചിരുന്ന കൂട്ടുകാരൻ, പിന്നീട് അവിടെനിന്നു മറ്റൊരു നാട്ടിലേക്ക്, ഒരു കടലോര പട്ടണത്തിലേക്കു താമസം മാറി . വർഷങ്ങൾക്കുശേഷം ഞങ്ങൾ തമ്മിൽ കണ്ടപ്പോൾ അവൻ ആദ്യം ചോദിച്ചത്, ആ വീട്ടിൽ പോകാറുണ്ടോ എന്നാണ്. വെള്ളച്ചാട്ടമോ വീടോ അവിടെയില്ല, അണക്കെട്ടു വന്നപ്പോൾ ആ പ്രദേശം മുങ്ങിപ്പോയെന്നു ഞാൻ അവനോടു പറഞ്ഞില്ല. 

Kunsthistorisches Museaum, Vienna.
Kunsthistorisches Museaum, Vienna.

വിയന്നയിലെ കുൻസ്തോഷ്യസ് മ്യുസിയം 30 വർഷമായി സ്ഥിരമായി സന്ദർശിക്കുന്ന ഒരാളുണ്ട്. A Man with a White Beard എന്ന ടിന്റോറെറ്റോയുടെ (Tintoretto) പതിനാറാം നൂറ്റാണ്ടിലെ പെയിന്റിങ്ങിനു മുന്നിലിരിക്കാനാണ് എൺപതുകാരനായ അയാൾ എന്നും അവിടെ പോകുന്നത്. റെജെർ എന്ന ഈ വയസ്സൻ നടത്തുന്ന നീണ്ട പ്രസംഗമാണു തോമസ് ബേൺഹാഡിന്റെ ഓൾഡ് മാസ്റ്റേഴ്സ് എന്ന നോവൽ. വിഷാദഹാസ്യം. വിഷാദരോഷം. 30 വർഷമായി അയാൾ മുടങ്ങാതെ മ്യൂസിയത്തിൽ വരുന്നു. സ്ഥിരമായ ഒരിടത്ത്, ഒരു സെറ്റിയിൽ, ഇരിക്കുന്നു. A Man with a White Beard എന്ന പെയിന്റിങ് നോക്കി മ്യൂസിയം അടയ്ക്കുംവരെ ഇരിക്കുന്നു. ഒരേ കൃതി വർഷങ്ങളായി എഴുതിക്കൊണ്ടിരിക്കുന്ന, ഒരു പുസ്തകം പോലും പ്രസിദ്ധീകരിക്കാത്ത ഒരു എഴുത്തുകാരനോടു റെജെർ നടത്തുന്ന സംഭാഷണത്തിൽ, ഓസ്ട്രിയൻ രാജകുടുംബം ഫണ്ടു ചെയ്യുന്ന ഈ ആർട്ട് മ്യൂസിയം മധ്യകാല ഭരണാധികാര അഹന്തയുടെ പ്രതീകം മാത്രമാണെന്ന വിമർശമാണു കാതൽ. യൂറോപ്പിലെ മധ്യകാല ചിത്രകലയെ അധികാരത്തിന്റെ കല എന്നു പൊളിച്ചടുക്കുന്നു. ചിത്രകലയിലെ പഴയകാല മഹാന്മാരെല്ലാം, മഹാഗുരുക്കന്മാരായി വാഴ്ത്തപ്പെടുന്നവരെല്ലാം പള്ളിയുടെയോ രാജാവിന്റെയോ അടിമകളായിരുന്നു, ചക്രവർത്തിയെയോ പോപ്പിനെയോ മാത്രം അവർ സേവിച്ചു, രാഷ്ട്രീയക്കാരെക്കാൾ വലിയ നുണയന്മാരാണു കലാകാരന്മാർ. അവരിൽ എന്തു പ്രചോദനമാണു നിങ്ങൾ തേടുന്നതെന്നു റെജെർ ചോദിക്കുന്നു, പ്രതിഭയും ഓസ്ട്രിയയും ഒത്തുപോകില്ല, ഓസ്ട്രിയയിൽ ശരാശരിക്കാർക്കു മാത്രമേ വിലയുള്ളു, അവരെ കേൾക്കാനേ ആളുള്ളു. ആർട്ട് മ്യൂസിയത്തിൽ പെയിന്റിങ്ങുകൾ കാണാനെത്തുന്ന ടൂറിസ്റ്റുകളെയും റെജെർ പരിഹസിക്കുന്നു, ആർട്ട് മ്യൂസിയത്തിൽ വരുന്ന 90 ശതമാനം പേർക്കും കലയെന്തെന്ന് അറിയില്ല. അവർക്ക് അത് ആസ്വദിക്കാനും കഴിയില്ല. കലാചരിത്രകാരന്മാരാണു കലയെ തകർക്കുന്നത്. നിരത്ഥകജൽപനം നടത്തി അവർ കലയെ കൊല്ലുന്നു.

old-masters

നോവൽ ഇറങ്ങിയ കാലത്ത് ഓസ്ട്രിയയിലുണ്ടായ വിവാദം ചെറുതായിരുന്നില്ല. അന്നത്തെ സാംസ്കാരിക മന്ത്രി, ബേൺഹാഡിനു ഭ്രാന്താണെന്നു വരെ പറഞ്ഞു. കത്തോലിക്ക സഭയ്ക്കെതിരായ രൂക്ഷമായ പരിഹാസം ഉണ്ടാക്കിയ കലഹങ്ങൾ േവറെയും. 

തീപിടിച്ച ധൈഷണികതയുടെ കൗശലങ്ങളാണു റെജെറുടെ വർത്തമാനത്തിലുള്ളത്. അയാൾ സാഹിത്യത്തെയും കലയെയും പുകഴ്ത്തുകയാണോ പരിഹസിക്കുകയാണോ എന്നു വേർപിരിക്കുക എളുപ്പമല്ല. ഉദാഹരണത്തിനു തന്റെ വീട്ടിലെ വലിയ ലൈബ്രറിയെപ്പറ്റി അയാൾ പറയുന്നു. പക്ഷേ പുസ്തകം താൻ വീട്ടിലിരുന്നു വായിക്കാറില്ല. ഒരു പുസ്തകവും മുഴുവനായും വായിക്കാറില്ല. താൻ ഒരു വായനക്കാരൻ എന്നതിനേക്കാൾ ഒരു താളുമറിക്കലുകാരനാണ്. I am more of a page turner than a reader. താളുകൾ മറിക്കുന്നതിലാണു തനിക്ക് യഥാർഥ ആനന്ദം. 300 പേജുള്ള ഒരു പുസ്തകം മുഴുവനായും വായിക്കുന്നതിനു പകരം 3 പേജുകൾ നന്നായി ആവർത്തിച്ചുവായിച്ചാൽ മതി. ഒരു കലാസൃഷ്ടിയെ കമ്പോടുകമ്പു പഠിക്കുന്നതോടെ അതിനോടുള്ള ഇഷ്ടം നമുക്കു നഷ്ടമാകുന്നു. അതിലേക്ക് ആഴ്ന്നിറങ്ങുന്നതോടെ അതിനെ നാം നശിപ്പിക്കുന്നു. He who reads everything has understood nothing. അതിനാൽ ഗോയ്ഥേ, കാന്റ്, ഷൊപ്പനവർ തുടങ്ങിയ മഹാരഥന്മാരെ മുഴുവനായും വായിക്കേണ്ടതില്ല. കുറച്ചു വായിച്ചാൽ മതി. മുഴുവനായല്ല, കഷ്ണങ്ങളായി, തുണ്ടുകളായി ആസ്വദിക്കുന്നതാണു മനോഹരം, അതാണു കൂടുതൽ ആനന്ദം എന്നും റെജെർ വാദിക്കുന്നു. 

woodcutters

പക്ഷേ ഇതെല്ലാം പറയുന്ന ആൾ, ഒരു മധ്യകാല പെയിന്റിങ്ങിനു മുന്നിലാണു 30 വർഷം ചെലവഴിച്ചത്. കലാശൂന്യത തെളിയിക്കാനായിരുന്നോ അത്, ആ നോട്ടങ്ങൾ എവിടേക്കായിരുന്നു..

ദുഃഖഭരിതമായ കുട്ടിക്കാലമായിരുന്നു ബേൺഹാഡിന്റേത്. അമ്മയുടെ രണ്ടാം ഭർത്താവിനൊപ്പം ജർമനിയിലെത്തിയ ബേൺഹാഡിനു സ്കൂൾജീവിതം ആസ്വദിക്കാനായില്ല. സഹപാഠികൾ അവനെ പീഡിപ്പിച്ചു. ഹിറ്റ്​ലേഴ്സ് യൂത്തിൽ ചേരാൻ നിർബന്ധിതനായി. അത് അവൻ കഠിനമായി വെറുത്തു. ബേൺഹാഡിനെ പിന്നീടു വഴിപിഴച്ച കുട്ടികൾക്കുള്ള പ്രത്യേക കേന്ദ്രത്തിലേക്കു നാടുകടത്തി. പതിനഞ്ചാം വയസ്സിൽ സ്കൂൾ വിട്ട് ഒരു കടയിൽ ജോലിക്കാരനായി. അക്കാലത്താണു സംഗീതം പഠിക്കാൻ തുടങ്ങിയത്. എന്നാൽ ശ്വാസകോശ രോഗങ്ങൾ മൂലം സംഗീതപഠനം ഇടയ്ക്കു നിർത്തേണ്ടിവന്നു. മുത്തച്ഛൻ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ടൈപ് റൈറ്റർ ബേൺഹാഡിനു കിട്ടി. ആ ടൈപ്റൈറ്ററിലാണ് എഴുത്തു തുടങ്ങിയത്. 

woodcutters

യുദ്ധാനന്തര ജർമനിയിലെ ഏറ്റവും ശ്രദ്ധേയനായ നാടകകൃത്തും നോവലിസ്റ്റും കവിയുമായ ബേൺഹാഡ് 1989ൽ ശ്വാസകോശരോഗം മൂർച്ഛിച്ചാണു മരിച്ചത്. അവസാനകാലത്ത് നോവൽത്രയം എന്നു വിശേഷിപ്പിക്കാവുന്ന മൂന്നു നോവലുകൾ എഴുതി. ഇവ മൂന്നും കലയുടെ സത്യവും മിഥ്യയും സംബന്ധിച്ചാണ്. ആദ്യത്തേത് The Loser, സംഗീതത്തെപ്പറ്റി. നഷ്ടമായ സംഗീതജീവിതവും അതിലുണ്ട്. നാടകലയെപ്പറ്റിയുള്ളതാണു Woodcutters. മൂന്നാമത്തേത് Old Masters : A Comedy,  ചിത്രകലയെക്കുറിച്ചും. ഗദ്യത്തിൽ വ്യത്യസ്തമായ ഒരു ഭാവുകത്വ തലമാണു ബേൺഹാഡിന്റെ കവിതകൾ. അതേപ്പറ്റി മറ്റൊരിക്കൽ വിശദമായി പറയാമെന്നു കരുതുന്നു.

English Summary: Ezhuthumesa Column written by Ajai P Mangattu, Old Masters Novel by Thomas Bernhard

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
;