ADVERTISEMENT

പൊഞ്ഞാറ് വായിക്കുമ്പോൾ കയ്യിലൊരു പത്തായമിരിക്കുന്നതുപോലെ തോന്നുന്നു. വടക്കൻ കേരളത്തിന്റെ നാട്ടുഭാഷാനിഘണ്ടു എന്ന് പൊഞ്ഞാറിനെ വിളിക്കാമെങ്കിലും ഓരോ ദേശത്തിനും ഇങ്ങനെ ഒരു നിഘണ്ടു ഉണ്ടായിരുന്നെങ്കിൽ എന്ന് ഇതിന്റെ വായനയ്ക്കിടെ നാം ആശിച്ചുപോകും. കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് പുറത്തിറക്കിയ ഈ പുസ്തകം തീർച്ചയായും നിങ്ങളെ ഓർമകളുടെ പാടവരമ്പുകളിലൂടെ നടത്തിക്കും. കലാലയങ്ങളിലെ യുവത്വം പലപ്പോഴും പടച്ചുവിടുന്ന വാക്കുകൾ ഭാഷയെ നശിപ്പിക്കുകയാണ് ചെയ്യാറ്. പുതിയ വാക്കുകൾക്കു വേണ്ടിയുള്ള കുതറിമാറലിനിടെ അവർ നാം വാക്കുകളിലൂടെ ആർജിച്ചതൊക്കെ കളഞ്ഞുകുളിക്കും. പ്രമുഖ കഥാകൃത്ത് വി.എസ്. അനിൽകുമാർ ഈ പുസ്തകത്തിലെ മൊഴി വഴി എന്ന ലേഖനത്തിൽ എഴുതിയ ശൈലി ഓർത്ത് പറഞ്ഞാൽ ആ വികൃതമായ കലാലയ വാചാടോപത്തിൽ നമ്മുടെ മലയാളം മരിച്ചുകിടക്കും.

 

എന്നാൽ നെഹ്റുകോളജിലെ കുട്ടികൾ ഇതിനു നേർവിപരീതമായി പഴയകാല വാക്കുകളും കാസർകോട്ട് ഇന്നും പ്രചാരത്തിലുള്ളതുമായ നാട്ടുമൊഴികളും ഉൾച്ചേർത്തിരിക്കുകയാണ് പുസ്തകത്തിൽ. ബിജു കാഞ്ഞങ്ങാടും ബാര ഭാസ്കരനും വരച്ച ചിത്രങ്ങൾ പഴയകാല സാധനങ്ങൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന ഒരങ്ങാടിയുടെ പരിവേഷം പുസ്തകത്തിന് നൽകുന്നു. വാല എന്നാൽ ഓമന എന്നാണെന്നും ശുജായി എന്നാൽ സവാരി എന്നാണെന്നും ശിഫ എന്നാൽ അസുഖം എന്നാണെന്നും പുസ്തകം നമുക്ക് പറഞ്ഞു തരുന്നു. വസ്സി എന്നാൽ പാത്രം , വയരെല് എന്നാൽ വഴക്കു പറയല്, ചിപ്പാരം എന്നാൽ മിനുക്കു പണി, കാപ്പാടം എന്നാൽ പാദസരം എന്നൊക്കെ വായിക്കുമ്പോൾ നാം ഓർത്തുപോവും വെറുതെയല്ല ആറുമലയാളിക്ക് നൂറുമലയാളമായിപ്പോയതെന്ന്.

 

പൊഞ്ഞാറ് എന്ന പുസ്തകപ്പേര് തന്നെ എന്താണെന്നറിയുന്ന എത്ര മലയാളികൾ കാണും? പൊഞ്ഞാറ് എന്നാൽ ഗൃഹാതുരത്വമാണെന്ന് പുസ്തകത്തിലുണ്ട്. മലയാളിക്ക് പൊതിച്ചോറിനോടുള്ളത്ര ഗൃഹാതുരത്വം വേറൊന്നിനോടുമില്ല. പൊതിച്ചോറ് ലോപിച്ചാവുമോ പൊഞ്ഞാറ് എന്ന വാക്കുണ്ടായത് ഇനി അഥവാ അല്ലെങ്കിൽ തന്നെ അങ്ങനെയായിരിക്കണേ എന്ന് നാം പ്രാർഥിച്ചു പോവും ഈ പുസ്തകത്തെ ഇഷ്ടപ്പെടുന്നതോടെ. അണേഭാരം എന്നാൽ തലയിലെഴുത്ത് എന്നാണെന്ന് പുസ്തകത്തിലുണ്ട്. ഇത്രയേറെ ഭാഷാഭേദങ്ങളുള്ള മലയാളത്തിന്റെ അണേഭാരം വല്ലാത്തതു തന്നെ എന്നു പറയേണ്ടിയിരിക്കുന്നു. സോറ് എന്നാൽ റേഷൻകട, സുദ്ദി എന്നാൽ വർത്തമാനം, ചെറുള്ളി എന്നാൽ ചെറുനാരങ്ങ.. ഇങ്ങനെ മലയാളിയെ തനി മലയാളിയാക്കുന്ന വാക്കുകളുടെ സമാഹാരമാണ് ഈ പുസ്തകം. ഓരോ വർഷവും ഓക്സഫഡ് നിഘണ്ടുവിൽ പുതിയതായി ഉണ്ടാകുന്ന വാക്കുകൾ കൂട്ടിച്ചേർക്കുന്നു. നമ്മളാകട്ടെ നാട്ടുവാക്കുകളെ മരിക്കാൻ വിടുന്നു. എന്റെ ദേശത്തിന്റെ വാക്കുകളെ ഞാൻ മരിക്കാൻ അനുവദിക്കില്ല എന്ന മുദ്രാവാക്യം ഈ പുസ്തകത്തിന്റെ നെഞ്ചിൽ എഴുതിവച്ചിട്ടുണ്ടെന്നു തോന്നുന്നു. അന്നത്തെ കോളജ് പ്രിൻസിപ്പൽ കുമാരൻ ഈ നിഘണ്ടുവിന് ഇംഗ്ളിഷിൽ ഒരു ആമുഖം എഴുതിക്കൊടുത്തിട്ടുണ്ട്. മലയാളം നാട്ടുഭാഷാ നിഘണ്ടുവിന് ഇംഗ്ലിഷ് ആമുഖം പോലെ ഒരനൗചിത്യം വേറെയില്ലെന്നും പറയേണ്ടിയിരിക്കുന്നു.

 

English Summary: ‘Ponjaru’ dictionary of local dialect in malayalam by Nehru arts and science college Kanhangad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com