ADVERTISEMENT

തിരുവടിയില്‍ പൂമ്പൊടി തേടി 

തിരുമുടിയിലെ മുകിലൊളി തേടി 

തിരുമിഴിയില്‍ക്കാരുണ്യത്തിന്‍ 

തിരയിളകും നിര്‍വൃതി തേടി 

തിരുമാറില്‍ കൗസ്തുഭ രത്ന-

ദ്യുതി കുതിരും പുലരൊളി തേടി 

ചിരകാലം തൊഴുകയ്യായ് ഞാ- 

നലയുകയാണേകമനസ്സായ് ! 

മഞ്ജുളാല്‍ത്തറയുടെ അരികില്‍ ഭഗവാന്‍ ശ്രീകൃഷ്ണനെ നേരില്‍ക്കണ്ട നിര്‍വൃതിയില്‍ മാനവേദന്‍ തമ്പുരാന്റെ പ്രാര്‍ഥനയുടെ രൂപത്തില്‍ എഴുതിയ കൃഷ്ണമുടി എന്ന കവിതയില്‍ എസ്. രമേശന്‍ നായര്‍ എന്ന കവിയുടെ ഹൃദയവുമുണ്ട്. ദര്‍ശനം നല്‍കി മറഞ്ഞെങ്കിലും ഭഗവാന്‍ ശിരസ്സില്‍ ചൂടിയിരുന്ന ഒരു മയില്‍പീലി മാനവേദനു ലഭിച്ചു. ഭഗവാനെ ധ്യാനിച്ചാണ് അദ്ദേഹം കൃഷ്ണനാട്ടം കഥകള്‍ രചിച്ചതും. കഥയിലെ കൃഷ്ണവേഷത്തിന്റെ കിരീടത്തില്‍ എന്നുമുണ്ടായിരുന്നു ആ മയില്‍പീലി. നിസ്സീമമായ ഭക്തിയുടെ മയില്‍പീലി ചുടിയതാണ് രമേശന്‍ നായരുടെ കവിതകളും. ജീവിതത്തിന്റെ പീലിക്കാവടിയേന്തി ഭക്തിയുടെ ഔന്നത്യത്തിലുള്ള തേജോമയശിഖരം തേടിയുള്ള യാത്രയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ആ ജീവിതത്തിന്റെ സകല ഭാവങ്ങളും ശുദ്ധ കവിതയായി കൈരളിക്കു തിരിച്ചുനല്‍കിയാണ് അദ്ദേഹം വിടവാങ്ങുന്നതും. 

literature-poet-s-rameshan-nair
എസ്. രമേശന്‍ നായർ

ഇക്കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ അവസാനത്തെ കവിതാ സമാഹാരത്തിനു പോലും ശ്യാമയ്ക്കൊരു പൂവ് എന്നണദ്ദേഹം പൂവിട്ടത്. സൗന്ദര്യ ലഹരിയിലെ പ്രപഞ്ച മാതൃസ്വരൂപിണിക്ക് ഒരു ധ്യാനപുഷ്പം എന്നെഴുതിയാണ് അദ്ദേഹം ശ്യമയ്ക്കൊരു പൂവ് എന്ന പേരിനെ ന്യായീകരിച്ചതും. 

വൃത്ത നിബദ്ധമായിരുന്നു രമേശന്‍ നായരുടെ കവിത. താളബോധം ആ കവിതകള്‍ക്ക് നൈസര്‍ഗ്ഗിക ഭംഗിയായി. ആധുനികതയിലും പിന്നെ ഉത്തരാധുനികതയിലും കവിത ഗദ്യത്തിന്റെ  രൂപം പൂണ്ടെങ്കിലും സ്വന്തം തട്ടകത്തില്‍ ഉറച്ചുനിന്നാണ് അദ്ദേഹം കവിതകള്‍ രചിച്ചത്; സഹൃദയ ലോകം തന്നെ മനസ്സിലാക്കും എന്ന ഉറപ്പില്‍. അംഗീകാരത്തെക്കുറിച്ചും ആദരവിനെക്കുറിച്ചും ചിന്തിക്കുകപോലും ചെയ്യാതെ കര്‍മക്ഷേത്രത്തിലെ നിസ്വാര്‍ഥനായ ഭക്തനായി കവി. 

രമേശന്‍ നായരെ കേരളം വേണ്ടവിധം അംഗീകരിച്ചിട്ടുണ്ടോ എന്ന സംശയം ഉയര്‍ത്തിയിട്ടുണ്ട് വിഖ്യാത കഥാകരന്‍ ടി. പത്മനാഭന്‍. കവിതയില്‍ മാത്രമല്ല രമേശന്‍ നായരുടെ സംഭാവനകള്‍ എന്നതുകൂടി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സംശയം ഉന്നയിച്ചതും. ചിലപ്പതികാരവും തിരുക്കുറളും മലയാളത്തിലേക്കു മൊഴിമാറ്റിയതും കവി തന്നെയാണ്. മലയാളി എന്നെന്നും ഓര്‍ത്തിരിക്കുന്ന സുന്ദര ഗാനങ്ങള്‍ എഴുതിയതിനു പിറകെ നാടകങ്ങളും ബാലസാഹിത്യ കൃതികളും രചിച്ചിട്ടുണ്ട്. ദൈവദശകത്തിനും നീതിസാരത്തിനും വ്യാഖ്യാനം ചമയ്ക്കാനും സമയം കണ്ടെത്തി. എന്നാല്‍ മലയാളം അദ്ദേഹത്തിനു നല്‍കിയതിലും കൂടുതല്‍ അംഗീകാരം തമിഴ്നാട് സമ്മാനിച്ചു. വിവിധ തമിഴ് സംഘങ്ങളുടെ ഒട്ടേറെ പുരസ്കാരങ്ങള്‍ക്കൊപ്പം തമിഴ്നാടിന്റെ വിശിഷ്ട സാഹിത്യ പുരസ്കാരവും രമേശന്‍ നായര്‍ക്കു ലഭിച്ചു. രണ്ടു വര്‍ഷം മുന്‍പു മാത്രമാണ് കവിതയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുന്നത്. ഗുരുപൗര്‍ണ്ണമി എന്ന കൃതിക്ക്.

എന്നാല്‍ അര്‍ഹിക്കുന്ന അംഗീകാരം കേരളം അദ്ദേഹത്തിനു നല്‍കിയില്ലെന്നു തന്നെ പത്മനാഭന്‍ ഉറപ്പിച്ചു പറഞ്ഞു. കേന്ദ്ര പുരസ്കാരം വൈകിയില്ലേ എന്നു ചോദിച്ച പത്മനാഭന്‍ പറയുന്നു: അല്ലെങ്കില്‍ എന്തിനാണ് ഇതൊക്കെ പറയുന്നത്. നമ്മുടെ മുഖമുദ്ര നന്ദികേടല്ലേ ? ശ്യാമയ്ക്കൊരു പൂവ് എന്ന സമാഹാരത്തിന് പത്മനാഭന്റെ മുഖക്കുറിയുമുണ്ട്. കവിയെ നിര്‍ലോഭം പ്രശംസിക്കുന്നതാണ് അദ്ദേഹത്തിന്റെ കുറിപ്പ്: 

literature-poet-lyricist-s-rameshan-nair-file-imagejpg
എസ്. രമേശന്‍ നായർ

നമ്മുടെ പഴയ കവികള്‍ ഋഷികളായിരുന്നു. ഋഷിയല്ലാത്തവന്‍ കവിയല്ല. ഋഷി സത്യം ദര്‍ശിച്ചവനാണ്. എന്നിട്ട് ആ സത്യം ലോകനന്‍മയ്ക്കായി വിളിച്ചുപറയുന്നവനാണ്. അത്തരം ഋഷികവികളുടെ വംശം കാലാന്തരത്തില്‍ ഇവിടെ ഇല്ലാതായി. പക്ഷേ, നമ്മുടെയെല്ലാം ഭാഗ്യത്തിന് ഒരു കവി ഇപ്പോഴും നമ്മുടെയിടയിലുണ്ട്. മറ്റാരുമല്ല- കവി രമേശന്‍ നായര്‍ തന്നെ. 

മലയാളത്തിലെ വലിയ കവിയായ രമേശന്‍ നായര്‍ക്കു മുന്നില്‍ ശിരസ്സ് നമിച്ചാണ് പത്മനാഭന്‍ കുറിപ്പ് അവസാനിപ്പിച്ചത്. മലയാളത്തിന്റെ ആദരവും അംഗീകാരവും തന്നെയാണ് പത്മനാഭന്റെ വാക്കുകളിലൂടെ കവിക്കു ലഭിച്ചത്. കവിതയുടെ ക്ഷേത്രത്തിലെ നിത്യ ഭക്തനു ലഭിച്ച വരപ്രസാദം. 

Content Summary : Veteran Malayalam poet-lyricist S Ramesan Nair passes away at 73

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com