എഴുത്താളന്റെ കത്തി; ഹാസ്യത്തിന്റെ മൂർച്ച

HIGHLIGHTS
  • മലയാള സാഹിത്യത്തിലെ പുതുതലമുറയെ പരിചയപ്പെടുത്തുന്ന പംക്തി
V.K.K. Ramesh
വി.കെ.കെ. രമേഷ്
SHARE

നായകൾ പോലും മൃദുവായി കുരച്ചിരുന്ന അടിയന്തരാവസ്ഥക്കാലത്താണു തമിഴ്നാട്ടിലെ ഒരു വലിയ നഗരത്തിൽനിന്നു തിരുവില്വാമലയെന്ന കുഗ്രാമത്തിലേക്ക് ആ കുട്ടി വരുന്നത്. രാത്രി ഏഴു മണിയായാൽത്തന്നെ നട്ടപ്പാതിരയാകുമായിരുന്ന അക്കാലത്തെ പ്രകാശപൂരിതമാക്കിയിരുന്നത് അക്ഷരങ്ങളായിരുന്നു. അതിനു സ്നേഹച്ചൂട്ടു കത്തിച്ചതാകട്ടെ വടക്കേ കൂട്ടാല വീട്ടിലെ നാണ്വാരെന്ന സ്വന്തം അമ്മാമയും പിന്നെ അമ്മൂമ്മയും. അങ്ങനെ ഭാഷയുടെ പുനർജനി നൂണ്ടു വളർന്ന ആ കുട്ടി വി.കെ.കെ. രമേഷ് എന്ന പേരിൽ എഴുത്താളനായി മാറി, രസിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന കഥകളെഴുതുന്നു.

നാലു ഭാഷകളും രണ്ടു നദികളും പിന്നെ ലോകോത്തര എഴുത്തുകാരൻ വികെഎന്നും സംഗമിച്ച തിരുവില്വാമലയെന്ന ദേശത്തിന്റെ പ്രഭാവം രമേഷിന്റെ വാക്കുകളെ അരികുകൂർത്ത കത്തിമുനകളാക്കി മാറ്റുന്നു. ലോകത്തെ യുദ്ധനാടകങ്ങളെ കേരളത്തിലെ ഒരു ഗ്രാമത്തിലേക്കു പറിച്ചു നട്ട ‘യുദ്ധവാണിഭം’ എന്ന കഥയായാലും തമിഴ്നാട്ടിലെ കൂവം നദിയുടെ ജനന, മരണങ്ങളിലൂടെ പരിസ്ഥിതി നാശത്തെക്കുറിച്ചും അരികുജീവിതങ്ങളുടെ അതിജീവനത്തെക്കുറിച്ചും പറഞ്ഞ ‘കൂവം’ എന്ന കഥയായാലും ഭൂതകാലത്തിൽ നിന്നാരംഭിച്ച്, വർത്തമാനകാലത്തിലൂടെ സഞ്ചരിച്ച്, ഭാവിയിലേക്കു നീണ്ടുപോകുന്ന ചിന്തകളാണ് രമേഷിന്റെ എഴുത്തിന്റെ കരുത്ത്. വായനയ്ക്കു ശേഷവും അവയിലെ ശബ്ദങ്ങളും ദൃശ്യങ്ങളും മണങ്ങളും സ്പർശനങ്ങളുമെല്ലാം നമ്മെ വിടാതെ പിന്തുടർന്നുകൊണ്ടേയിരിക്കും. രമേഷ് എഴുത്തു ജീവിതം പറയുന്നു. 

ഒരു ആഗോളശക്തിയുടെ യുദ്ധഭ്രാന്ത് പാലക്കാട്ടെ ഒരു സാധാരണഗ്രാമത്തിലെ നിസാരനായൊരു മനുഷ്യനെ വരെ ബാധിക്കുന്ന ഒന്നായി മാറുന്നതെങ്ങനെയെന്നു കാണിച്ചു തരുന്ന കഥയാണു രമേഷിന്റെ ‘യുദ്ധവാണിഭം’. രാജ്യാതിർത്തികൾ ഭേദിച്ചുള്ള ആഗോള യുദ്ധ രാഷ്ട്രീയത്തിന്റെ ഇടപെടലുകൾ ഇന്നത്തെ കേരളീയ പരിസരത്തിൽ പോലും ഏറെ പ്രസക്തമായ സാഹചര്യത്തിൽ ആ കഥ യുദ്ധത്തിന്റെ സമകാലീന വായന തന്നെയാണ്. ആ കഥയെഴുതിയ അനുഭവം വിശദീകരിക്കാമോ?

മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല, സ്വപ്നം കൊണ്ടുകൂടിയാണു ജീവിക്കുന്നതെന്ന് ആദ്യം ഉച്ചത്തിൽ പറഞ്ഞതു ഞാനായിരിക്കണം. യുദ്ധവാണിഭമെന്നു മാത്രമല്ല, എല്ലാ കഥകളും ഞാൻ പടയ്ക്കുന്നത്, അവിടെ നിന്നാണ്. യുദ്ധവാണിഭത്തെ അവസാനിപ്പിക്കാൻ കാരണമാകുന്നത് ഒരു യുദ്ധസിനിമ തന്നെയാവുന്നത് അതുകൊണ്ടാണ്. മുള്ളിനെ മുള്ളുകൊണ്ട് എന്ന ഈ ലൈൻ ഒരു സ്വപ്നത്തിന്റെ, അഥവാ ഭാവനയുടെ ഭാഗമായി വന്നുഭവിച്ചതാണ്. മനുഷ്യനിലെ യുദ്ധക്കൊതിക്ക് അവന്റെ ചെറുത്തുനിൽപ്പിനുള്ള ബലത്തോളം പഴക്കമുണ്ട്. അങ്ങനെ പറയുമ്പോൾ, നാം അവന്റെ അടിസ്ഥാനചോദനകളിലാണ് എത്തുക. വികാസമൊരുക്കാനുള്ള ബലംതന്നെ മറ്റൊരർത്ഥത്തിൽ, വിനാശകരമായും പരിവർത്തിക്കാം. കത്തി പലപ്പോഴും പല പണികൾ ചെയ്യുമല്ലോ. വർധിച്ച മാനസിക, ശാരീരികബലമുള്ളവർ പ്രത്യേകമായി പ്രവർത്തിക്കാനില്ലാതെയാകുന്ന അവസരങ്ങളിൽ അക്രമാസക്തരാകുന്നതായി ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. വിശാലാർഥത്തിൽ അനേകങ്ങളായ പേർസ്പെക്ടീവുകൾ പ്രവർത്തിക്കുന്ന ലോകരാഷ്ട്രീയത്തിനു മുന്നിൽ ഇത്തരം ലളിതവത്കരണംകൊണ്ടൊന്നും വ്യാഖ്യാനിച്ചു നിൽക്കാനാവില്ലെന്ന് എനിക്കറിയാം. എങ്കിലും, മനുഷ്യഭാവത്തിന്റെ അടിസ്ഥാനങ്ങളെ വ്യക്തിമനസ്സെന്നപോലെ സമൂഹമനസ്സും അനുസരിക്കുമെന്നു തന്നെയാണ് എന്റെ വിശ്വാസം. രചനാവേളയിൽ ഈ കഥയിലെ വെല്ലുവിളിയും പ്രഹർഷവും അതിലെ മൾട്ടിഡൈമൻഷനൽ ആയ കഥാശരീരം തന്നെയായിരുന്നു. അത്തരം വിവിധതലസ്പർശിയായ ഭാവങ്ങൾ എഴുതുമ്പോൾ നമ്മുടെ നില വിടും. കെട്ടു പൊട്ടും. അത്തരം പരിതസ്ഥിതിയിൽ എഴുത്താളൻ നിസ്സഹായനായിരിക്കും. അറ്റമില്ലാത്ത മാതിരി സ്വാതന്ത്ര്യം ലഭിക്കുന്നതിന്റെ സഫലവും സുഖദവുമായ നിസ്സഹായത. അവിടെ ഭൂത, ഭാവി, വർത്തമാനങ്ങളെ എങ്കോണിപ്പോടെയെടുത്ത് അമ്മാനമാടാനുള്ള ‘ചുടലബലം’ ഒരാൾക്കു ലഭിക്കുകയാണ്. അന്നേരം, യുക്തി തുടങ്ങിയ കണ്ടംപെററി ബാധകൾ ആവേശിക്കുകയേയില്ല. അങ്ങനെയാണ് യുദ്ധവാണിഭം എന്ന കഥയിൽ ജീവികൾക്കു പകരമായി ഒരു യുദ്ധസിനിമയെ നായകകഥാപാത്രമാക്കാനുള്ള ധൈര്യം വന്നത്. ഇക്കഥയിൽ ആക്ഷേപഹാസ്യവും ആദ്ധ്യാത്മികതയും ചരിത്രവും ശാസ്ത്രീയതയും ടെക്നോളജിയുമെല്ലാം ചേർന്ന ഒരു സമ്മിശ്രഭാവം എടുത്തണിഞ്ഞുകൊണ്ടാണ് മനസ്സ് അതിന്റെ രചനാവേളയിൽ പ്രവർത്തിച്ചത്. ഒറ്റയടിക്ക് എഴുതാൻ കഴിഞ്ഞ കഥയായതുകൊണ്ട് അതിന്റെ മുഴുവൻ ഇളകിവിറകളും അനുഭവിക്കാനും കഴിഞ്ഞു. എഴുത്താളനെ സംബന്ധിച്ചിടത്തോളം വിഷയം അവന്റെ പ്രാഥമികപരിഗണനയിൽ മാത്രമേ കടന്നുവരികയുള്ളൂ. അതിന്റെ ഫോം ആകുന്നു അവനു പ്രധാനം, അതിന്റെ പാറ്റേൺ. രചനാവേളയിൽ അത് ഒറ്റയടിക്കെടുത്തു വിനിയോഗിക്കുന്ന മനസ്സിന്റെ വേഗതയ്ക്കു വേണ്ടിയാണ്, അവന്റെ കൃത്യമായ പ്രാർഥന. അതിന്റെ വിനിയോഗസഞ്ചാരത്തിൽനിന്ന് ലഭിക്കുന്ന അപരിചിതമായ ആവേഗങ്ങളാകുന്നു അവന്റെ ലക്ഷ്യം. ബാക്കിയെല്ലാം അച്ചടിക്കുശേഷം വായനക്കാരിലൂടെ വന്നുഭവിക്കുന്നതാണ്. വൈവിധ്യമുഖികളായ മനോആവേഗങ്ങൾക്ക് വാതിൽ തുറന്നുകൊടുക്കുന്ന രചനകളേതും എഴുത്താളനെ പ്രഹർഷംകൊള്ളിക്കും. അത്തരത്തിലൊരു രചനയായിരുന്നു ഈയുള്ളവനു യുദ്ധവാണിഭം എന്ന കഥ.

yudhavanibham

മദിരാശിപ്പട്ടണവുമായി നേരിട്ടും സിനിമകൾ വഴിയും സാഹിത്യത്തിലൂടെയും ബന്ധപ്പെട്ടിട്ടുള്ള മലയാളികൾക്കു ഗൃഹാതുരത കലർന്ന ഓർമ സമ്മാനിക്കുന്ന കഥയാണു ‘കൂവം’. അതേസമയം, ആഗോളീകരണത്തിന്റെയും നഗരവത്കരണത്തിന്റെയും പരിസ്ഥിതി നാശത്തിന്റെയും ഇരകൾ എന്നും സാധാരണക്കാർ തന്നെയാണന്ന ക്രൂര യാഥാർഥ്യവും അതു പങ്കുവയ്ക്കുന്നുണ്ട്. മദിരാശി എന്ന ഇന്നത്തെ ചെന്നൈയിലെ ആ നദിയുമായുള്ള പരിചയം എങ്ങനെയാണ് കഥയായി മാറുന്നത്?

koovam-story

ഞാൻ ജനിച്ചതും ആദ്യകാലങ്ങളിൽ വളർന്നതും കോയമ്പത്തൂരിലായിരുന്നു. അച്ഛൻ പഠിച്ചപണി പതിനെട്ടും നടത്തിയിരുന്നതു മിക്കവാറും തമിഴ്നാട്ടിന്റെ പല ഭാഗങ്ങളിലുമാണ്. പുള്ളി ഫാർമസിക്ക് പഠിച്ചത് മദിരാശിയിലുമായിരുന്നു. കുട്ടിക്കാലത്ത് അച്ഛനിൽ നിന്നു കേട്ടറിഞ്ഞ കഥകളിലൂടെയാണു കൂവത്തെ ആദ്യമായി ശ്രദ്ധിക്കുന്നത്. അവിടെ, ആ നദിയുടെ വിവിധങ്ങളായ അവസ്ഥകളോടൊപ്പം ജീവിച്ചുപോന്ന ഒരാളായിരുന്നു അച്ഛൻ. ആ അർഥത്തിൽ, അദ്ദേഹത്തിനുണ്ടായിരുന്ന മമതയൊന്നും എനിക്ക് കൂവത്തോടുണ്ടായിരുന്നില്ല. എന്നാൽ, ബാല്യത്തിൽ കേട്ടുപോന്ന കഥകളിലെ ഒരു മുഖ്യകഥാപാത്രമെന്ന നിലയിൽ അതെന്നെ ഓർമകളിൽ സുഖിപ്പിച്ചിരുന്നു, ദുഃഖിപ്പിച്ചിരുന്നു. സത്യത്തിൽ, അതൊന്നുമായിരുന്നില്ല കഥയ്ക്ക് കാരണമായത്. രാത്രിസ്വപ്നങ്ങളിലൊന്നിൽ ഞാൻ കണ്ട ഒരു ഐറ മീനായിരുന്നു അതിന്റെ ശരിയായ കാരണം. കരിങ്കറുപ്പൻ വെള്ളത്തിൽ നീന്തുന്ന വെള്ളിനിറമുള്ള ആ മീൻ ഐറയായിരുന്നു. അത്തരം മലിനജലത്തിൽ വാഴാനുള്ള മീനല്ല ഐറ. അത് സമ്പ്രദായത്തിന്റെ അനിവാര്യമായ വൈരുദ്ധ്യംപോലെ എന്നെയങ്ങ് പിടിയിട്ടു. ക്രമേണയെന്നോണം നാശത്തിലേക്കു നീങ്ങുന്ന ഭരതപ്പുഴയുടെ തീരത്താണു ഞാൻ താമസിക്കുന്ന ഗ്രാമം. അതിന്റെ വിഷമം അബോധത്തിൽ ഘനീഭവിച്ചുനിൽക്കുന്നുണ്ടാവണം. എന്നാൽ, കഥയിൽ അതു കുട്ടിക്കാലത്ത് പറഞ്ഞുകേട്ട കൂവത്തിലേക്കാണു നീങ്ങിച്ചെന്നത്. വശങ്ങളിൽ ചേരിയെ ചുമന്നുനിൽക്കുന്ന കൂവത്തിലേക്ക് സ്വാഭാവികമായി, അഥവാ, അബോധപരമായി കഥാസ്ഥലം പരിണമിക്കുകയായിരുന്നു. എഴുതുമ്പോൾ ചരിത്രത്തിലൂടെ പ്രമേയത്തെ പിടിയിടാനുള്ള വാസന പൊതുവെ ഉള്ളതുമാണ്. അങ്ങനെയാണ് കൂവം സംഭവിച്ചത്. യുക്തിഭദ്രമായ ഭാഷയിലും പാറ്റേണിലും ആണ് എഴുതിയിരിക്കുന്നതെന്ന് തോന്നാമെങ്കിലും അതു മൊത്തം ഒരു സ്വപ്നത്തിന്റെ അന്തരീക്ഷമാണെന്നു ശ്രദ്ധിച്ചാൽ മനസ്സിലാകും. മുഖ്യകഥാപാത്രം കൂവം നദിയാണെങ്കിലും കയിലൻ താത്ത എന്ന വയസ്സന്റെ നിലതെറ്റിയ മനസ്സനോടൊപ്പം പ്രവർത്തിച്ചുകൊണ്ടാണു കഥയുടെ മനസ്സ് ഞാൻ കൈപ്പിടിയിലാക്കിയത്. 

vkk-ramesh

ചരിത്രത്തെ, അതും നൂറ്റാണ്ടുകൾക്കപ്പുറത്തുള്ള ചരിത്രത്തെ വർത്തമാനകാലവുമായി കൂട്ടിക്കെട്ടുകയും ഭാവിയിലേക്കുള്ള ഒരു ചൂണ്ടുപലകയായി അതിനെ മാറ്റുകയും ചെയ്യാനുള്ള ശ്രമം രമേഷിന്റെ കഥകളുടെ പ്രത്യേകതയായി തോന്നിയിട്ടുണ്ട്. ഒരു ‘ചരിത്രഭാവം’ ഉണ്ടു പല കഥകൾക്കും. കഥകളിലേക്കു ചരിത്രം കയറിവരുന്നതെങ്ങനെയാണ്? എന്തുകൊണ്ടാണ്?

ഒരു ജീവിതഖണ്ഡമാണ് നാമൊക്കെ എഴുതാനായി ഉപയോഗിക്കുന്നത്, അല്ലേ? അപ്പോൾ, പരമാവധി സത്യസന്ധതക്കായി അതിനു പിന്നിലേക്ക് നീങ്ങുന്നത് നന്നായിരിക്കുമെന്ന പക്ഷക്കാരനാണ് ഞാൻ. മനുഷ്യനെന്നല്ല, നിലനിൽക്കുന്നതെന്തും അതിന്റെ ബായ്ക്–അപ്പ് ആണ്. ഭൂതത്തെ കൈവെള്ളയിലാക്കിയാൽ വർത്തമാനത്തിൽ ഓടിനടന്നുകൊണ്ട് ഭാവിയെ പ്രവചിക്കാമെന്ന് സ്വന്തം എഴുത്തുകൊണ്ടും മനസ്സുകൊണ്ടും കാണിച്ചുതന്ന വികെഎന്നിന്റെ കളരിയിൽ നിന്നാണ് ഞാൻ പ്രാഞ്ചിപ്രാഞ്ചി വരുന്നത്. ഈ വഴിയിലേക്ക് മാർഗം കൂടാൻ അതും അബോധപ്രേരണയായിട്ടുണ്ടാവണം.

spiritual-war

അമ്മ ഭാഷ ‘തമിഴ്’ ആണെന്നു രമേഷ് ഒരിക്കൽ പറയുകയുണ്ടായി. അതേസമയം നല്ല നാടൻ മലയാളത്തിൽ കഥകളെഴുതുകയും ചെയ്യുന്നു. കോയമ്പത്തൂരിൽ ജനിച്ച് തിരുവില്വാമലയിൽ സ്ഥിരതാമസമാക്കിയ രമേഷിൽ വിവിധ ഭാഷാഭേദങ്ങൾ എത്രമാത്രം സ്വാംശീകരിക്കപ്പെട്ടിട്ടുണ്ട്?

ആദ്യം സംസാരിച്ചിരുന്ന ഭാഷ എന്ന അർത്ഥത്തിലാണ് അങ്ങനെ പറഞ്ഞത്. കേരളീയസംസ്കാരം ഉടലിലാകെ ആവേശിച്ച ഒരു സന്ദർഭത്തിൽ അച്ഛൻ എന്നെ രക്ഷിക്കാൻ തമിഴ്നാട്ടിൽ നിന്ന് തിരുവില്വാമലയിലേക്ക് നാടുകടത്തുകയായിരുന്നു. ഒരു മെട്രോപൊലീറ്റൻ നഗരത്തിൽ നിന്ന് പ്രാഥമികസൗകര്യങ്ങളിലൊന്നായ വൈദ്യുതിപോലും കാണാൻ പ്രയാസമായ കുഗ്രാമത്തിലേക്കാണ് ഞാൻ വന്നുപെട്ടത്. വായിലാണെങ്കിൽ മുഴുവൻ തമിഴിന്റെ ഒറ്റപ്പദങ്ങൾ. അമ്മൂമ്മയും അമ്മയും ഞാനും ചേർന്നു താമസിക്കുന്ന വലിയവീട്ടിൽ അന്നൊക്കെ ഏഴു മണിയായാൽ, നട്ടപ്പാതിരയാകും. അടിയന്തരാവസ്ഥയുടെ കാലമാണ്. ഒച്ചയനക്കങ്ങൾ മൃഗങ്ങൾക്കു പോലും വിലക്കപ്പെട്ടിരിക്കുകയാണ്. നായ്ക്കൾ പോലും അന്നൊക്കെ മൃദുവായി മാത്രമേ കുരക്കാറുള്ളൂ. അവറ്റയെ ഫ്ലവർ ഷോവിനു പോലും പങ്കെടുപ്പിക്കാമെന്നായി. അമ്മൂമ്മയാണ് മലയാളപദങ്ങൾ ശീലമാക്കിത്തന്നത്. അവരുടെ കൈയിൽനിന്ന് കിട്ടിയ മലയാളത്തോളം ചന്തം ഞാനെങ്ങും കണ്ടിട്ടില്ല. അതിന്റെ പേരാണ്, സ്നേഹം. അതു കലരുന്നതോടെ ഭാഷ മാത്രമല്ല, മറ്റെന്തും ചന്തമാകും. തിരുവില്വാമലയിലേക്ക് എത്തിയപ്പോൾ തമിഴ് പോയ്പ്പോയി. എങ്കിലും ഇതൊരു പ്രത്യേക പ്രദേശം തന്നെയാണല്ലോ. തെന്നിന്ത്യയുടെ ഒരു പരിച്ഛേദം തന്നെയാണ് ഇവിടം. തമിഴ്, തെലുങ്ക്, കന്നടം എന്നീ മൂന്നു ഭാഷകൾ സംസാരിക്കുന്നവരുടെ നാലു തെരുവുകളുള്ള സ്ഥലമാണിത്. അതുകൊണ്ടുതന്നെ ഇവിടുത്തെ ശ്രീമുരുകൻ ടാക്കീസിൽ കളിക്കുന്ന പടങ്ങളേറെയും തമിഴായിരിക്കും. തെന്നിന്ത്യയുടെ രാഷ്ട്രഭാഷയാണല്ലോ തമിഴ്. അങ്ങനെ വീണ്ടും തമിഴിലേക്ക് മറ്റൊരർഥത്തിൽ കടന്നുചെല്ലാൻ കഴിഞ്ഞു. കൗമാരകാലങ്ങളിൽ ആനന്ദവികടനും കുമുദവുമെല്ലാം വായിക്കാൻ കിട്ടിയിരുന്നു. അതിനപ്പുറമുള്ള സാഹിത്യബന്ധമൊന്നും ഉണ്ടായതുമില്ല. ജാതിവിഭാഗങ്ങൾക്ക് സ്വന്തമായ സംസാരഭാഷകൾ ഏറെ ഉപയോഗിക്കപ്പെട്ടിരുന്ന ഒരു കാലത്താണ് ബാല്യം കഴിച്ചുകൂട്ടിയത് എന്നതുകൊണ്ട് അത്തരം അവാന്തരവിഭാഗങ്ങളിൽ കമ്പം വന്നു. പഴയ കൊച്ചിശീമയിൽ ഉൾപ്പെട്ട തിരുവില്വാമല മലബാറിന്റെ ഓരംചേർന്നാണു നിന്നത്. തമിഴനാട്ടിലേക്കും ദൂരം അധികമില്ല. വള്ളുവനാടൻ പ്രദേശങ്ങളോടും ചേർന്നുകിടക്കുന്നതുകൊണ്ട് ആ ഭാഷയും സങ്കരസ്വഭാവത്തോടെ സംസാരഭാഷയിൽ അണിചേരും. സങ്കരഭാഷയുടെ കേന്ദ്രത്തിലിരുന്നുകൊണ്ട് തെളിമലയാളം പറയാൻ അൽപം പണിക്കൂടുതലുണ്ട്. എങ്കിലും, തന്റേതല്ലാത്ത ഒരു ഭാഷയാണെന്ന പേടി എപ്പോഴും കൂട്ടിനുള്ളതുകൊണ്ടാവാം എഴുത്തിൽ തെറ്റുകൾ വന്നുകൂടുമെന്നു ഞാൻ എല്ലായ്പ്പോഴും ഭയക്കാറുണ്ട്. വിനയത്തോടെയാണു ഭാഷയിൽ പണിയേറ്റുന്നതെന്നു ചുരുക്കം.

vkk-ramesh-writer

വിവിധതരം ഭാഷകളുടെ കേൾവിജ്ഞാനവും ഒട്ടേറെ സംസാരഭാഷകളുമായുള്ള സഹവാസവുമെല്ലാം ചേർന്ന് എന്റെ എഴുത്തിൽ സ്വയമറിയാതെത്തന്നെ ചില കേളികൾ നടത്തുന്നുണ്ടാവാം, ഉണ്ടായാൽ നന്ന്.

തിരുവില്വാമല എന്ന ദേശത്തിന്റെ പ്രത്യേകത എന്തൊക്കെയാണ്? എഴുത്തിൽ അതെത്രമാത്രം സ്വാധീനം ചെലുത്തുന്നു?

ഏതാണ്ട് ഒത്തനടുവിലായി വില്വാമല നിൽക്കുന്നു. അതിന്റെ മൂന്നിടത്തേക്കുമുള്ള ചെരിവുകളിലായാണു തിരുവില്വാമലയുടെ കിടപ്പെന്ന് ലളിതമായി പറയാം. താഴ്‌വരയിൽ കാടും നാടും, പിന്നെ പാടങ്ങളുമാണ്. തെക്ക് ഗായത്രിപ്പുഴ, വടക്ക് ഭാരതപ്പുഴ. അർധവളവെടുത്ത് അവ രണ്ടും പടിഞ്ഞാറു സംഗമിക്കുന്നു. അങ്ങനെ ഫലത്തിൽ മൂന്നു ദിക്കിലും നദികളാൽ ചുറ്റപ്പെട്ട ഒരു അർധദ്വീപാണ് ഇത്. ലോകവ്യാപകമായി പുറമേക്ക് വാതായനങ്ങൾ കുറവായിരുന്ന പഴംകാലങ്ങളിൽ തിരുവില്വാമലയ്ക്ക് വിശേഷിച്ചും ഭൂമിശാസ്ത്രപരമായിത്തന്നെ തടസ്സമുണ്ടായിരുന്നുവെന്നാണു പറയുന്നത്. പുറവെള്ളം എന്ന അർധപ്രളയാവസ്ഥയിലൂടെ പുഴകൾ പല ദേശങ്ങളെ അതിന്റെ വിദൂരതടപ്രദേശങ്ങളിലേക്കു കൊണ്ടുവന്നിടുകയില്ലേ, അതുപോലെ, നൊമാഡിക് ബാധയേൽക്കാതെതന്നെ സംസ്കാരങ്ങളെ ഇങ്ങോട്ടാവാഹിക്കാൻ കഴിഞ്ഞു ഈ ദേശത്തിന്. വെള്ളത്തിന്റെ സൗകര്യംതേടി തമ്പടിച്ച വിവിധസംസ്കാരങ്ങളുടെ ഈ ദേശത്തിന്റെ അടുത്ത ബലം വില്വാദ്രിനാഥക്ഷേത്രമായിരുന്നു. വിവിധങ്ങളായ കലകൾക്ക് അരങ്ങാവാനുള്ള സൗകര്യം ഒരുങ്ങിയത് അങ്ങനെയാണ്. എഴുത്തിൽ ഭാഷയുടെ താളം സമീകൃതമായി പ്രയോഗിക്കാൻ വികെഎന്നിന് കഴിഞ്ഞത് ഇതു താളം വിളഞ്ഞ മലയായതു കൊണ്ടുതന്നെയാവാം. അത്തരത്തിലല്ലെങ്കിലും എഴുത്തിൽ ഭാവവും താളവുമൊക്കെ കൂടെനടത്താൻ പ്രചോദനമായത് കേട്ടുവളർന്ന സംഗീതവും വാദ്യവിശേഷങ്ങളും തന്നെയായിരിക്കാം. വിശാലമായ പ്രകൃതി സുഗമമായി ഇപ്പോഴും അകത്തുള്ളതു പലവിധ കഥാപരിസരങ്ങൾ എഴുതാൻ സഹായകമായെന്നു തോന്നാറുണ്ട്.

v-k-k-ramesh

വടക്കേ കൂട്ടാല നാണ്വാര് അമ്മാവനാണല്ലോ. ‘ഹൂ ഈസ് അഫ്രൈഡ് ഓഫ് വികെഎൻ’ എന്നതാണു രമേഷിന്റെ ആദ്യ പുസ്തകവും. ഒരു വികെഎൻ പ്രഭാവം എഴുത്തിനെയും ജീവിതത്തെയും ജീവിതദർശനത്തെയും എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്?

ഒരു ജീവിതംകൊണ്ട് ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്ന അതിദീർഘമായ മറുപടി തന്നെ വേണ്ടിവരും, ഈ ചോദ്യത്തിനുള്ള മറുപടിക്ക്. എങ്കിലും, ചിലത് ഒറ്റതോന്നലിനു പുറത്ത് പറയാനാവുന്നതു പറയാം. വികെഎന്നുമായിട്ടുള്ള അടുപ്പത്തിന് രണ്ടു ഘട്ടങ്ങളുണ്ട്. കൊച്ചുകുട്ടിയായിരുന്നപ്പോൾ അമ്മൂമ്മയോടൊപ്പം അമ്മാമയുടെ വീട്ടിൽ പോയിരുന്നതാണ് ഒരു ഘട്ടം. അന്നു കണ്ടത് വികെഎന്നിനെയായിരുന്നില്ല. അമ്മാമയേയായിരുന്നു. പിന്നീട്, എഴുതാനും ഫലിതബിന്ദുക്കളിലെങ്കിലും രചനകൾ അച്ചടിക്കാനും തുടങ്ങിയപ്പോഴാണ് അടുത്ത ഘട്ടം ആരംഭിക്കുന്നത്. പിന്നീട് അദ്ദേഹത്തിന്റെ മരണംവരെ ഏതാണ്ട് അടുത്തുണ്ടായിരുന്നുവെന്നു പറയാം. അനന്തിരവനെന്ന നിലയിൽ ശവശരീരത്തിന് ‘തലപിടിക്കു’ന്നതിൽ അവസാനിക്കുന്നതുമായിരുന്നില്ല ആ ബന്ധം. വികെഎൻ സാഹിത്യത്തെ ഉപരിതലത്തിൽ സ്പർശിക്കുക എന്നതു വലിയ കാര്യമല്ല. അദ്ദേഹത്തിന്റെ സാഹിത്യം വായിച്ചവർ അറിയാതെ ചെയ്തുപോകുന്നതാണല്ലോ അത്. അത്രമാത്രം സ്വാധീനശക്തിയായിരുന്നു ആ മനുഷ്യന്. അതല്ല എന്നെ സ്വാധീനിച്ചത്. അദ്ദേഹത്തെ അങ്ങനെയൊക്കെ എഴുതിക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്ന പ്രഹർഷം എന്താണ്, അതെങ്ങനെ സ്വാംശീകരിക്കാം, അങ്ങനെയൊക്കെയായിരുന്നു ചിന്ത പോയത്. ഉപരിതലത്തിൽ അനുകരിക്കാനല്ല, ആന്തരികമായി ആ മനസ്സിനെ സ്വാംശീകരിക്കാനായിരുന്നു ആദ്യമൊക്കെ ശ്രമം. അതൊരു നടക്കാത്ത സ്വപ്നത്തിന്റെ കൗതുകകരമായ പരിസമാപ്തിയിൽ ഒടുങ്ങിയെങ്കിലും അതിനു ചെലവാക്കിയ ഊർജം തീർത്തും പാഴായില്ലെന്നു തോന്നുന്നു. ചില കടമ്പകൾ അറിയാതെ മനസ്സ് ചാടിക്കടക്കാൻ തുടങ്ങി. പലവിധ പരിഗണനകൾക്കും അപ്പുറത്തേക്കു ചിന്തിക്കണമെന്നു തോന്നി. പരിഗണനകൾ സാങ്കേതികമായി മാത്രം മതിയെന്നും ആത്യന്തികമായി സ്വതന്ത്രനാവുകയാണ് ലക്ഷ്യമെന്നും മറ്റുമുള്ള മാനദണ്ഡം അകത്തുറച്ചു. സത്യാകാംക്ഷയാണു തിരഞ്ഞെടുക്കാനുള്ള വഴിയെന്നും തോന്നി. അവനവനെ എഴുത്തിൽ വല്ലാതെ പരിഗണിക്കേണ്ടതില്ലെന്ന നിശ്ചയം ദൃഢമായി. അതോടെ, അവനവന് എതിരായും എഴുതാമെന്ന നില വന്നു. അർഥശൂന്യതയുടെ സഫലമായ പ്രതിച്ഛായയാണ് ജീവിതമെന്ന ലാഘവത്വം കുറേശ്ശെയായി ഉറച്ചുവരാൻ തുടങ്ങി. അതിന്റെ ഫലം ഫണ്ടമെന്റൽസിൽ കഴിവതും ഉറച്ചുനിന്നുകൊണ്ടു കാര്യങ്ങളെ സമീപിക്കണമെന്ന വാസന തന്നെയാണ്. അതിനുള്ള സഹജബലം തീരെ കുറവായ എന്നെപ്പോലും ആ വഴിയിലേക്ക് ആട്ടിക്കയറ്റിയെങ്കിൽ അതിനുള്ള മുഴുവൻ നേട്ടവും അദ്ദേഹത്തിനു സ്വന്തം. ആ അർഥത്തിൽ എന്നെ ഉടച്ചുവാർത്ത അതുമല്ലെങ്കിൽ എനിക്കു പറഞ്ഞിട്ടുള്ള വഴിയിലേക്ക് എന്നെ കയറ്റിനിർത്തിയ ഒരാളാണ് വികെഎൻ. അത്തരം മനുഷ്യരെ ഗുരു എന്നല്ലേ വിളിക്കേണ്ടത്?

റേഡിയോ നാടകങ്ങൾ രമേഷിന്റെ വലിയ സർഗപ്രവർത്തനമാണല്ലോ. അതിന്റെ സവിശേഷതകളെന്തെല്ലാമാണ്? പുതിയ കാലത്ത് അവ നിർവഹിക്കുന്ന ധർമമെന്താണ്?

ആദ്യഘട്ടത്തിലെ എഴുത്ത് അവസാനിച്ചതിനുശേഷം കുറെക്കാലം ഞാൻ ഒന്നും ചെയ്യാതിരുന്നു. പിന്നീടു തിരിച്ചുവരുന്നതു റേഡിയോനാടകങ്ങളിലൂടെയാണ്. തൃശ്ശൂർ ആകാശവാണിയിലെ ഒരുപാടുപേർ അതിനു കാരണമായിട്ടുണ്ട്. സ്കിറ്റുകളും നാടകങ്ങളുമായി അഞ്ഞൂറോളം രചനകൾ നിർവഹിച്ചിട്ടുണ്ട്. അവരുടെ ഡ്രാമാ ബി.ഗ്രേഡ് ആർട്ടിസ്റ്റാണ്. വികെഎന്നിന്റെയും അക്ബർ കക്കട്ടിലിന്റെയും കഥകൾ നാടകമാക്കിയിട്ടുണ്ട്. രചനകളെല്ലാം പക്ഷേ, വായുവിൽ പോയി. അതുമാത്രമാണ് ആ മാധ്യമത്തിന്റെ അക്കാലത്തെ പോരായ്മ. ഇന്ന്, ആ പ്രശ്നമില്ല, ഓഡിയോകൾ നമുക്കുതന്നെ സൂക്ഷിക്കാമെന്ന നില വന്നിട്ടുണ്ട്. കേൾവിയുടെ കലകൾക്ക് തീർച്ചയായും അതിന്റേതായ രീതിയിൽ ഭാവനയെ ഉണർത്താൻ കഴിയും. ശക്തമായ ആക്ഷേപഹാസ്യ മാതൃകകളെന്ന നിലയിൽ സ്കിറ്റുകൾക്ക് പ്രത്യേകമായ സ്ഥാനമുണ്ട്. അതിലെ മുൻപരിചയം ഹാസ്യസാഹിത്യം എഴുതുമ്പോൾ എന്നെ ഇപ്പോഴും സഹായിക്കാറുണ്ട്.

who-is-afraid-of-vkn

സമകാലീന മലയാള കഥാ സാഹിത്യത്തിൽ രമേഷിന് ഇഷ്ടപ്പെട്ട കുറച്ചു രചനകളുടെ വായനാനുഭവം പങ്കുവയ്ക്കാമോ?

വായന അധികവും ഇതരവിഷയങ്ങളിലാണ്. അതും അച്ചടക്കമില്ലാത്തത്. പുസ്തകാഭിപ്രായം പറയാനുള്ള ജ്ഞാനം പോര. രസിക്കാനാണ് പൊതുവേ വായന. അതുകൊണ്ട്, രസിക്കുന്നത് സുഖമായി വായിക്കുകയും അല്ലെന്ന് അപ്പോൾ തോന്നുന്നതിനെ തൽക്കാലം വിടുകയുമാണു രീതി. ഭാവന ഉണർത്തുന്നതിനെ ആദ്യം പരിഗണിക്കും. സ്പിരിച്വാലിറ്റിയുമായി ബന്ധമുള്ളത് വായിക്കാൻ ഇഷ്ടമാണ്. യുക്തിവാദത്തിന് അതു വളരെ നല്ലതാണ്. യുക്തിയിൽ യുക്തിപൂർവം വിശ്വസിക്കാതിരിക്കാൻ, അല്പം ജ്യോതിഷവുമുണ്ട്.

കുടുംബം?

ജ്യോതിയാണ് ഭാര്യ. മക്കൾ രണ്ടുപേരുണ്ട്.ബ്രഹ്മദത്തൻ, നിരഞ്ജന. ഒൻപതിലും മൂന്നിലും പഠിക്കുന്നതായി അഭിനയിക്കുന്നു. 

വി.കെ.കെ.രമേഷ്, വടക്കേ കൂട്ടാല വീട്, കണിയാർക്കോട്.പി.ഒ, തിരുവില്വാമല, തൃശൂർ– 680594 എന്നതാണു വിലാസം.

English Summary : Puthuvakku column written by Ajish Muraleedharan - Talk with writer V.K.K. Ramesh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA
;