രാത്രി വഞ്ചിയിൽ അക്കരയ്ക്ക്, ക്രിസ്തുവിനെ കണ്ട തെരുവിൽ

Vijay Sethupathi
വിജയ് സേതുപതി
SHARE

‘കാലങ്ങൾ കാലങ്ങൾ പണ്ടേ മറഞ്ഞവ

കുന്തിച്ചുനോക്കാതെ നിന്നു കഴച്ചവ

ഒട്ടൊരു ദിക്കിലായ് നിശ്ചലമായവ

എല്ലാം തളർന്നിന്നു ചായുന്ന ശയ്യയായ്

തീർന്നു നിമിഷങ്ങൾ.’

എസ്. കണ്ണൻ- രേഖപ്പെടുത്താത്തത്.

കഴിഞ്ഞദിവസം ഒരു സംഭാഷണത്തിൽ, എഴുത്തുകാർക്കു മുന്നിലെ വായനക്കാർ ആരാണ് എന്ന ചോദ്യമുയർന്നു. എഴുത്തുകാരന്റെ പക്ഷത്തുനിന്നും വായനക്കാരുടെ പക്ഷത്തുനിന്നും ഈ ചോദ്യത്തിനു വ്യത്യസ്തമായ ഉത്തരങ്ങളാണു കിട്ടുക. അതിനാൽ എനിക്ക് പല ഉത്തരങ്ങളാണു തോന്നുന്നത്. കാരണം ഞാൻ എഴുത്തുകാരനും വായനക്കാരനുമാണ്. എന്നിലെ എഴുത്തും വായനയും വേർപിരിക്കുക സാധ്യമല്ല. എന്നിൽ ബാക്കിയായ ഏക പാരമ്പര്യം എന്റെ വായനകളാണ്. സ്വാഭാവികമായും ഞാൻ എഴുതുന്നത് എന്നിലെ റീഡറെ കൂടി അടുത്തിരുത്തിയാണ്. 

വായനക്കാർ വാസ്തവത്തിൽ എഴുത്തുകാരുടെ ഏറ്റവും ഉന്നതമായ സങ്കൽപമാണ്. തന്നെ കാത്തിരിക്കുന്ന ഒരാളെ അയാൾ പ്രതീക്ഷിക്കുന്നു. അത് ആരാണെന്ന് അറിയുകയുമില്ല. കാരണം, എഴുതുമ്പോൾ അയാൾ മുന്നിൽ ഒരു ശൂന്യതയാണു കാണുന്നത്. അതിനെ വെല്ലുവിളിച്ച് അയാൾ മോണലോഗ് നടത്തുകയാണ്. ആ വാക്കുകളെ സ്വീകരിക്കുന്ന റീഡറെ സങ്കൽപിക്കാനേ അയാൾക്കു കഴിയൂ. വായനക്കാരാകട്ടെ, തനിക്കു ചേരുന്ന എഴുത്തുകാരെ അന്വേഷിച്ചുപോകുന്നു. നല്ല വായനക്കാർ ആരും മുറിയിൽ അടച്ചിരിക്കുന്നില്ല, ഇറങ്ങിനടക്കുകയാണ്, സ്വന്തം ഓഥറെ കണ്ടെത്താനായി. അതുകൊണ്ട് ആരാണ് എന്റെ വായനക്കാർ എന്ന ചോദ്യം എന്നെ അലട്ടുന്നില്ല. ഞാൻ എന്റെ എഴുത്തുകാരെ തിരയുന്നതു പോലെ എന്റെ വായനക്കാർ എന്നെയും തിരയുന്നുണ്ടാകുമെന്നു സങ്കൽപിക്കുവാനാണ് എനിക്ക് ഇഷ്ടം. അങ്ങനെയാണു ജീവിതം മനോഹരമാകുക എന്ന് ഞാൻ വിശ്വസിക്കുന്നു. 

Anton Chekhov
ചെക്കോവ്

കഴിഞ്ഞ ദിവസം ഞാൻ പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ ചെക്കോവിന്റെ ‘ഈസ്റ്റർ നൈറ്റ്’ എന്ന കഥ ഓർത്തു. ഈസ്റ്റർ രാത്രിയിൽ തീർഥാടനകേന്ദ്രമായ ഒരു ആശ്രമത്തിലേക്കു പോകുന്നു കഥാകൃത്ത്. അക്കരെ മൊണാസ്ട്രിയിലേക്കുള്ള വഞ്ചി കാത്ത് അയാൾ നദിക്കരയിൽ പാതിരാത്രി നിൽക്കുന്നു. ബോട്ട് വരുന്നില്ല. ആകാശത്ത് ഈസ്റ്ററിന്റെ ഭാഗമായി ഏതാനും വിളക്കുകൾ എരിയുന്നുണ്ട്. താമസിയാതെ ഉയർന്നേഴുന്നേൽപിന്റെ ആഘോഷം തുടങ്ങും. ആകാശം പ്രകാശപൂരിതമാകും. വെടിക്കെട്ടുകൾ ഉയരും. പക്ഷേ വഞ്ചി വൈകുന്നു. തനിക്കു സമീപം തീരത്തെ ഇരുളിൽ ഒരാൾ കൂടിയുണ്ടെന്നു പെട്ടെന്നു കഥാകൃത്ത് അറിയുന്നു. ഒരു കർഷകവൃദ്ധനാണത്. ഇരുവരും സംസാരം തുടങ്ങുന്നു. താനും അക്കരെക്കു പോകേണ്ടതാണ് എന്ന് ആ മനുഷ്യൻ പറയുന്നു. പക്ഷേ വഞ്ചിക്കൂലിക്കു കാശ് ഇല്ല. കഥാകൃത്ത് പറയുന്നു, പണം ഞാൻ കൊടുത്തുകൊള്ളാം. കർഷകത്തൊഴിലാളി അതു നിരസിക്കുന്നു. പണം വേണ്ടാ, പകരം തനിക്കുവേണ്ടി മെഴുതിരി കത്തിച്ചു പ്രാർഥിച്ചാൽ മതി. കുറച്ചുകഴിഞ്ഞ് വഞ്ചിയെത്തുന്നു. തുഴയുന്നതു ഒരു യുവസന്യാസിയാണ്. വഞ്ചി തീരം വിടുമ്പോൾ ആ വൃദ്ധൻ ഇരുണ്ട രൂപമായി അവിടെ അനക്കമറ്റ് നിൽക്കുന്നു. വഞ്ചിക്കാരനായ സന്യാസി ദുഃഖിതനാണ്. ആശ്രമത്തിൽ ഒരു ജോലിക്കാരൻ, ഒരു ചെറുപ്പക്കാരൻ ആ രാത്രി മരിച്ചുപോയി. അവൻ കവിയായിരുന്നു. മനോഹരമായ സ്തുതികൾ അവനെഴുതിയിരുന്നു. പക്ഷേ മറ്റാരും കാര്യമായി പരിഗണിച്ചില്ല. അനാഥനായ കവിയുടെ മരണമാണ് ആ ഈസ്റ്റർ രാത്രിയിൽ സന്യാസിയെ വിഷമിപ്പിക്കുന്നത്. എല്ലാ ദുഃഖവും ദുരിതവും മറന്ന് എത്ര വേഗമാണു മനുഷ്യൻ ജീവിതത്തിലേക്കു മടങ്ങിപ്പോകുന്നതെന്നു കൂടി ആ സന്യാസി പറയുന്നുണ്ട്. പുഴയിലെ ആ രാത്രിയുടെ വിവരണം, ആ സംഭാഷണം മായികമായ ഒരു സ്വപ്നം പോലെ എന്റെ ഉള്ളിലുണ്ടായിരുന്നു. ആ ഓർമയിൽ ഞാൻ വീണ്ടും ആ കഥ വായിച്ചു. ‘എല്ലാം തളർന്നിന്നു ചായുന്ന ശയ്യയായ് തീർന്നു നിമിഷങ്ങൾ’ എന്നു കണ്ണൻ എഴുതിയതുപോലെ, ആ രാത്രിയുടെ നിമിഷങ്ങൾ ഓരോന്നായി ഊർന്നുപോകുന്നു. പണ്ടേ മറഞ്ഞ കാലങ്ങളിൽനിന്ന് നടനും കവിയും ഇറങ്ങിവരുന്നു. 

ഇരുപതു വർഷം മുൻപ് ജോലിയുടെ ഭാഗമായി ഞാൻ കോഴിക്കോട്ടെത്തിയപ്പോൾ ആദ്യം താമസിച്ചതു ഹൽവാ ബസാറിനു സമീപത്തെ ഒരു വീട്ടിലാണ്. ഇടുങ്ങിയ വഴിയും വൃത്തിഹീനമായ പരിസരവും. രാത്രി സ്കൂട്ടറിൽ ഒഴിഞ്ഞ ബസാറിലൂടെ വേണം വീട്ടിലേക്കു പോകാൻ. ചെളിക്കുഴികളിൽ വലിയ എലികൾ പുളയ്ക്കുന്നതു കാണാം. വിഷാദവും രോഗവും നിറഞ്ഞ ലോകത്തിന്റെ പരിച്ഛേദമായി ആ രാത്രികൾ ഞാനോർക്കുന്നു. ആറേഴു മാസത്തിനു ശേഷം ഞാൻ ഒരു ഫ്ലാറ്റിലേക്കു താമസം മാറി. അവിടെ ഫ്ലാറ്റിന്റെ ഒന്നാം നിലയിൽ പഴയകാല നടൻ സുധീർ താമസിച്ചിരുന്നു. അദ്ദേഹം അഭിനയിച്ച ഒരു മ്യൂസിക് ഡോക്യൂമെന്ററി അക്കാലത്തു ടിവിയിൽ വന്നു. അതു കണ്ടശേഷം ഞാൻ അദ്ദേഹത്തോടു പോയി കുറച്ചുനേരം സംസാരിച്ചു, ഒരു സന്ധ്യക്ക്, എന്റെ അവധി ദിവസം, ഫ്ലാറ്റിനോടു ചേർന്ന വീട്ടിലെ നായ ഉച്ചത്തിൽ കുരയ്ക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ഫ്ലാറ്റിലെ പടവുകളിൽ നിന്നാണു സംസാരിച്ചത്. ‘ഞാൻ പല രാത്രികളിലും ഉറക്കം ഞെട്ടി ഉണർന്ന് ജനാലയുടെ അടുത്തു വന്നു നിന്നു താഴേക്കു നോക്കി സിഗരറ്റ് വലിക്കുമ്പോൾ ഈ നായ’,– സുധീർ നായയെ ചൂണ്ടി പറഞ്ഞു, ‘അവിടെനിന്നു  എന്നെ നോക്കാറുണ്ട്.’

Actor Sudheer
സുധീർ

രണ്ടോ മൂന്നോ വർഷത്തിനുശേഷം സുധീർ ഒരു പുലരിയിൽ ഹൃദയാഘാതം മൂലം മരിച്ചു. പിന്നെയും ഒട്ടേറെ വർഷങ്ങൾ കഴിഞ്ഞ് ഒരു ഉച്ചമയക്കത്തിൽ ഞാനൊരു സ്വപ്നം കണ്ടു. കനത്ത മഴ മൂലം ഇരുണ്ടുപോയ മുറിക്കുള്ളിൽ രാത്രിയെന്ന പോലെയാണു ഞാനുറങ്ങിയത്. ആ സ്വപ്നത്തിൽ ഞാൻ മധുരയിൽ അലക്കുകാരുടെ തെരുവിലൂടെ നടൻ വിജയ് സേതുപതിക്കൊപ്പം നടക്കുന്നു. സേതുപതിയുമായി അഭിമുഖം തയാറാക്കാനാണു ഞാൻ പോയത്. നടൻ സുധീർ പറഞ്ഞിട്ടാണു ഞാൻ വന്നതെന്നു പറഞ്ഞപ്പോൾ, അതെ, എനിക്കറിയാം എന്നു സേതുപതി പറഞ്ഞു. അവിടെ സിനിമയുടെ ഷൂട്ട് നടക്കുകയായിരുന്നു. സേതുപതി കരയുന്ന ഒരു രംഗമായിരുന്നു. കട്ട് പറഞ്ഞാലുടൻ കരച്ചിൽ നിർത്തണം എന്ന് നടൻ മേക്കപ്പിടുന്നതിനിടെ എന്നോടു പറഞ്ഞു. ഞാൻ അതു നോക്കിനിൽക്കുകയായിരുന്നു. കട്ട് പറയുമ്പോഴെല്ലാം കരച്ചിൽ പെട്ടെന്നു നിൽക്കുന്നതു ഞാൻ കണ്ടു. പിന്നീട് ഒരു പ്ലേറ്റിൽ വാഴയില വച്ച് അതിൽ മൂന്ന് ഇഡലിയും സാമ്പാറുമായി ഒരാൾ എന്റെ അടുത്തുവന്നു. നടൻ അഭിനയം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഞാൻ അയാളുടെ തോളിൽ ചാഞ്ഞു കരഞ്ഞു. കട്ട്, കട്ട് എന്നു നടൻ പറഞ്ഞിട്ടും ഞാൻ നിർത്തിയില്ല. അതോടെ ആ സ്വപ്നം തീർന്നുപോയി.  

സിനിമയിൽ വന്ന കാലത്ത് എക്സ്ട്രാ നടന്റെ വേഷങ്ങളായിരുന്നു വിജയ് സേതുപതിക്കു കിട്ടിയിരുന്നത്. അന്നത്തെ കാലത്ത് ഒരു സ്കൂട്ടറിൽ ചെന്നൈയിലെ വിവിധ സ്റ്റുഡിയോകളിൽ അവസരം തേടി രാവിലെ മുതൽ വൈകിട്ടു വരെ അലയും. വീട്ടുകാർ വിചാരിച്ചത് നടൻ ഏതോ ജോലിക്കു പോകുന്നുവെന്നാണ്. പരസ്പരമറിയാത്ത രണ്ടു നടന്മാർ, രണ്ടു കാലത്തുനിന്നും, എന്റെ സ്വപ്നത്തിൽ ഒരുമിച്ചു ചേർന്നത് എന്തിന് എന്ന വിചാരത്തോടെ കുറെക്കാലം ആ സ്വപ്നം ഞാനോർത്തു. അക്കാലത്തു വായിച്ച ഷുസെ സരമാഗോയുടെ ദ് ഡബിൾ എന്ന നോവലിൽ, ഒരാൾ ഒരു സിനിമ വിഡിയോ പ്ലെയറിൽ  കണ്ടുകൊണ്ടിരിക്കുമ്പോൾ അതിൽ പ്രത്യക്ഷപ്പെടുന്ന ഒരു എക്സ്ട്ര നടൻ തന്റെ അതേ രൂപമാണല്ലോ എന്നു കണ്ടെത്തുന്നുണ്ട്. ഒരു രംഗത്തിൽ ഹോട്ടൽ റിസപ്ഷനിസ്റ്റിന്റെ വേഷത്തിലിരിക്കുന്ന ആളാണ്. ഒരൊറ്റ സീൻ മാത്രം. തന്റെ അപരനെ വീണ്ടും കാണാനായി അയാൾ തുടരെത്തുടരെ കസെറ്റുകൾ എടുത്തു കാണാൻ തുടങ്ങി. ആ കഥയുടെ അവസാനം എക്സ്ട്രാനടൻ നായകനായിത്തീരുന്നതാണു നാം കാണുന്നത്. നായകന്റെ രൂപം സ്വീകരിച്ച് ആ ജീവിതത്തിലേക്ക്, പ്രേമത്തിലേക്ക്, സ്വപ്നത്തിലേക്ക് എക്സ്ട്രാ നടൻ പരകായപ്രവേശം ചെയ്യുന്നു.

lupin
‘ലുപാൻ’ എന്ന നെറ്റ്ഫ്ലിക്സ് സിരീസിൽ നിന്ന്

അടുത്തകാലത്തു നെറ്റ്ഫ്ലിക്സിൽ ‘ലുപാൻ’ എന്ന സിരീസ് കണ്ടപ്പോൾ അതിലെ നായകനായ ഒമർ സീയുമായി, ആ ചിരിയുമായി ഞാൻ വേഗം ഇഷ്ടത്തിലായി. ഫ്രഞ്ച് നോവലിസ്റ്റായ മോറീസ് ലുബ്ലോ  1905 ൽ സൃഷ്ടിച്ച ‘മാന്യനായ കള്ളനാ’ണ് ആർസെൻ ലുപാൻ എന്ന കഥാപാത്രം. സീരിയസ് ലിറ്ററേച്ചർ എഴുതാനാണു മോറീസ് ആഗ്രഹിച്ചിരുന്നതെങ്കിലും പരമ്പരയായി പ്രസിദ്ധീകരിച്ച ലുപാന്റെ കഥകൾ വായനക്കാർക്കു ഹരമായതോടെ ആ പരമ്പരയിൽ ഒട്ടേറെ പുസ്തകങ്ങൾ പിന്നീട് എഴുതേണ്ടിവന്നു. നൂറുവർഷത്തിനുശേഷം ഫ്രഞ്ച് വായനസമൂഹം ഏതാണ്ടു പൂർണമായി വിസ്മരിച്ച ഒരു പോപുലർ ഫിക്‌ഷൻ കഥാപാത്രത്തെ പുനരുജ്ജീവിപ്പിക്കുകയാണു നെറ്റ്ഫ്ലിക്സ് ചെയ്തത്. ചെറുപ്പത്തിൽ ലുപാൻ കഥകൾ വായിച്ചു ഹരം കൊണ്ട അസാൻ ഡിയാപ് എന്ന യുവാവ് അതേ മാതൃകയിൽ, അതേ വേഷത്തിൽ കവർച്ചകൾ നടത്തുന്നു. താൻ വായിച്ച കഥയിലെ കള്ളനെ അതേപടി അനുകരിക്കുന്ന ഈ യുവാവിനെയാണു ഒമർ സീ  അവതരിപ്പിച്ചത്. നെറ്റ്ഫ്ലിക്സിന്റെ തന്നെ കണക്കു പ്രകാരം അവരുടെ ഒറിജിനൽ സിരീസിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ പടം. 

Omar Sy
‘ലുപാൻ’ എന്ന നെറ്റ്ഫ്ലിക്സ് സിരീസിൽ ഒമർ സീ

ന്യൂയോർക്കർ വാരികയിൽ, ഒമർ സീയെക്കുറിച്ചു കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ദീർഘമായ പ്രൊഫൈലിൽ, ലൊസാഞ്ചലസിലെ തെരുവിൽ വച്ച് പത്തു വർഷം മുൻപ് താൻ ക്രിസ്തുവിനെ നേരിട്ടു കണ്ടതിനെപ്പറ്റി നടൻ പറയുന്നുണ്ട്. ഫ്രാൻസിൽ ജനിച്ചുവളർന്ന നടൻ ലൊസാഞ്ചലസിലേക്കു താമസം മാറിയ ഉടനെയാണത്.  കുട്ടികളെ സ്കൂളിൽ വിട്ടു നടന്നുവരുമ്പോൾ എതിരെ ക്രിസ്തു വരുന്നു! അതേ രൂപം.. എന്നാൽ തെരുവിലുള്ള മറ്റാരും ക്രിസ്തുവിനെ കണ്ട മട്ടില്ല. ആരും ശ്രദ്ധിക്കുന്നില്ല. താൻ മാത്രമാണു വിസ്മയത്തോടെ നോക്കുന്നത്. പിന്നീടാണു നടൻ അതു മനസ്സിലാക്കിയത്, ലൊസാഞ്ചലസിൽ നിങ്ങൾ ഏതു വേഷം കെട്ടിയാലും ആരും നോക്കിനിൽക്കില്ല. നിങ്ങൾ നിങ്ങൾക്ക് ഇഷ്ടംപോലെ വസ്ത്രം ധരിക്കുന്നു, ഇഷ്ടമുള്ള രീതിയിൽ നടക്കുന്നു, ആരും നോക്കില്ല. ഒമറിന്റെ മറ്റൊരു അനുഭവം ലുപാൻ ചിത്രീകരണത്തിനിടെയാണ്. അതിൽ ഡിയാപ് ജയിലിൽ കഴിയുന്ന രംഗങ്ങളുണ്ട്. പാരിസിന് അടുത്തുള്ള ഒരു ജയിലിലാണ് ആ എപിസോഡ് രണ്ടാഴ്ചയോളം ചിത്രീകരിച്ചത്. ചിത്രീകരണത്തിന്റെ ആദ്യ ദിവസം മുതൽ തടവുകാരുമായി ഒമർ അടുത്തിടപഴകുന്നതും സംസാരിക്കുന്നതും സംവിധായകനും മറ്റും ശ്രദ്ധിച്ചിരുന്നു. തടവുകാരിൽ പലരും നടന്റെ നാട്ടുകാരും പരിചയക്കാരുമായിരുന്നു. ഹൃദയസ്പർശിയായിരുന്നു ആ ചിത്രീകരണ ദിനങ്ങൾ. 

ന്യൂയോർക്കറിലെ ലേഖനം വായിച്ച ദിവസം രാത്രി ഞാൻ ഒമർ സിയെ ഓർത്താണു കിടന്നത്. ലുപാൻ സിരീസിലേതു പോലെ വിചിത്രമായ ഒരു മേക്കപ്പിൽ അയാൾ സ്വപ്നത്തിൽ വന്നേക്കുമെന്നു ഞാൻ പ്രതീക്ഷിച്ചു. അതുണ്ടായില്ല. തീരുന്ന നിമിഷങ്ങളുടെ മറ്റൊരു വക്കിൽ ആയിരിക്കും ഇനി ഞങ്ങൾ കണ്ടുമുട്ടുക.

English Summary: Ezhuthumesa Column written by Ajai P Mangattu on the reader inside a writer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA
;