ADVERTISEMENT

‘ആൻ ഇംപോസിബിൾ മാൻ’, മൊണ്ടേഗ്–ചെംസ് ഫോർഡ‍് ഭരണപരിഷ്കാരങ്ങളുടെ കാലത്ത് എഡ്‌വിൻ മൊണ്ടേഗ് തന്റെ ഡയറിയിൽ ‘അസാധ്യമനുഷ്യൻ’ എന്നു കുറിച്ചിട്ടതു ചേറ്റൂർ ശങ്കരൻനായർ എന്ന മലയാളിയെക്കുറിച്ചാണ്. സ്വാതന്ത്ര്യസമര കാലത്തെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൗൺസിൽ അംഗത്വം ഉപേക്ഷിച്ച ശങ്കരൻനായർക്കു മോത്തിലാൽ നെഹ്റു അയച്ച സന്ദേശത്തിൽ പറഞ്ഞു: ‘ഇന്ത്യ മുഴുവൻ അങ്ങയുടെ പിന്നിൽ’. 100 വർഷത്തിനിപ്പുറം ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ബ്രിട്ടൻ ഖേദം പ്രകടിപ്പിച്ചതും ചരിത്രം. അതേ ശങ്കരൻനായരുടെ ജീവിതമാണു ബോളിവുഡിൽ ‘ദി അൺടോൾഡ് സ്റ്റോറി ഓഫ് സി. ശങ്കരൻനായർ’ എന്ന പേരിൽ കരൺ ജോഹറും കരൺ ത്യാഗിയും ചേർന്നു സിനിമയാക്കുന്നത്. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ പദവി വഹിച്ച ഏക മലയാളിയാണു മങ്കരക്കാരൻ ശങ്കരൻനായർ. ബോളിവുഡിൽ ഒരു മലയാളിയുടെ ജീവിതം സിനിമയാകുന്നതിന്റെ കൗതുകവുമുണർത്തുന്നു സംവിധായകൻ കരൺ ത്യാഗിയുടെ ഉദ്യമം. ശങ്കരൻനായരുടെ പിൻമുറക്കാരിൽ മൂന്നാം തലമുറക്കാരനായ രഘു പാലാട്ടും ഭാര്യ പുഷ്പയും ചേർന്നെഴുതിയ ‘ദ് കേസ് ദാറ്റ് ഷുക് ദി എംപയർ’ എന്ന പുസ്തകത്തിലെ വിവരങ്ങളും ചേർത്താണു തിരക്കഥയൊരുങ്ങുന്നതെന്നും വാർത്തകൾ പറയുന്നു.  

 

മൗനം മുറിച്ച് ഇടിമുഴക്കമായി

 

സംസാരശേഷിയില്ലാത്ത കുട്ടിയായിരുന്നു ശങ്കരൻനായർ. മാതാപിതാക്കൾക്കൊപ്പം പഴനി ക്ഷേത്രത്തിൽ ഭജനമിരുന്ന ശേഷമാണ് ആറാം വയസ്സിൽ സംസാരശേഷി ലഭിച്ചതെന്നു ജീവചരിത്രം. മൗനം ഭേദിച്ച ശബ്ദമാണു പിൽക്കാലത്തു വൈസ്രോയീസ് കൗൺസിലിലും ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്കെതിരെ ബ്രിട്ടനിലും ഇടിമുഴക്കമായത്.

സ്വദേശം മങ്കരയാണെങ്കിലും ഒറ്റപ്പാലത്തുകാരനായാണ് അദ്ദേഹം അറിയപ്പെട്ടത്. ഗുരുവായൂർ സ്വദേശിയും തഹസിൽദാരുമായിരുന്ന മമ്മായിൽ രാവുണ്ണിപ്പണിക്കരുടെയും  മങ്കര ചേറ്റൂർ പാർവതിയമ്മയുടെയും മകനായി 1857 ജൂലൈ 11നായിരുന്നു ജനനം. കൗമാര പ്രായത്തിൽ യോഗയും കളരിയും വാൾപയറ്റും കുതിരസവാരിയുമൊക്കെ അഭ്യസിച്ചു. മദ്രാസ് ലോ കോളജിൽനിന്നു നിയമ ബിരുദം നേടിയത്. അഭിഭാഷകനും അഡ്വക്കറ്റ് ജനറലും ഹൈക്കോടതി ജഡ്ജിയുമായി. ഇതേ കാലയളവിൽ സർ മാധവറാവു അധ്യക്ഷനായിരുന്ന ലോഗൻ കമ്മിഷനിൽ വില്യം ലോഗനോടൊപ്പം അംഗത്വം, റിപ്പൺ പ്രഭു നിയോഗിച്ച ഹണ്ടർ കമ്മിഷന്റെ മദ്രാസ് സെക്രട്ടറി, മദ്രാസ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗത്വം, മദ്രാസ് നിയമനിർണ സഭാംഗം മലബാർ ടെംപിൾ അഡ്മിനിസ്ട്രേഷൻ അധ്യക്ഷൻ തുടങ്ങിയ പദവികളും വഹിച്ചു. 

മദ്രാസിൽ 1887ൽ നടന്ന മൂന്നാമത് എഐസിസി സമ്മേളനത്തിൽ പങ്കെടുത്താണു കോൺഗ്രസിൽ സജീവമായത്. മഹാരാഷ്ട്രയിലെ അമരാവതിയിൽ 1897ൽ ചേർന്ന പതിമൂന്നാമത് എഐസിസി സമ്മേളനത്തിൽ അധ്യക്ഷനായത് ഇപ്പോഴും മറ്റൊരു മലയാളിക്കും ഇ‌ടംകിട്ടാത്ത പദവിയുടെ ചരിത്രമായി തുടരുന്നു.  

 

തൊഴിലാളി സമര നായകൻ

 

കേരളത്തിലെ ആദ്യ തൊഴിലാളിപ്രക്ഷോഭം നയിച്ചതു ശങ്കരൻ നായരാണെന്നു പറയാം. സിലോണിൽ നിന്നു ചാരായം ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ മലബാറിൽ പട്ടിണിയിലായിരുന്ന ചെത്തുതൊഴിലാളികളെ സംഘടിപ്പിച്ചാണ് 1893ൽ ശങ്കരൻനായർ തൊഴിലാളികളു‌ടെ സമര നായകനായത്.  ചാരായം ഇറക്കുമതി ചെയ്യുന്നതിലൂടെ ലഭിക്കുന്ന ചുങ്കമായിരുന്നു സർക്കാരിന്റെ താൽപര്യം. സർക്കാർ പൊലീസിനെ അണിനിരത്തി സമരത്തെ നേരി‌‌‌ടുകയും നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തു. 

 

അനുസരിക്കാനാണെങ്കിൽ ശിപായിയെ  പരിഗണിക്കാം

 

ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ചു ശങ്കരൻനായർ വലിച്ചെറിഞ്ഞതു ബ്രിട്ടിഷ് ഇന്ത്യയുടെ ഭരണത്തിനു കീഴിലെ 35 വകുപ്പുകളുടെ അധികാരമാണ്, വൈസ്രോയീസ് കൗൺസിലിലെ എക്സിക്യൂട്ടീവ് അംഗത്വം. രാജി പിൻവലിക്കണമെന്ന ആവശ്യത്തിനു വഴങ്ങാതിരുന്ന ശങ്കരൻനായരോടു പകരക്കാരനെ നിർദേശിക്കാൻ  വൈസ്രോയി ആവശ്യപ്പെട്ടു. ശങ്കരൻനായർ വൈസ്രോയിയുടെ മുഖത്തുനോക്കി പറഞ്ഞു: ‘നിങ്ങളുടെ ചെയ്തികൾക്കു കൂട്ടുനിൽക്കാനാണെങ്കിൽ എന്റെ ശിപായിയെ പരിഗണിക്കാം.’

 

കൗൺസിൽ അംഗത്വം രാജിവച്ചു സിംലയിൽനിന്നു ഡൽഹിയിലേക്കും അവിടെ നിന്നു മദ്രാസിലേക്കും അദ്ദേഹം യാത്ര ചെയ്യുമ്പോൾ റെയിൽവേ സ്റ്റേഷനുകളിൽ രാജ്യസ്നേഹത്തിന്റെ മുദ്രാവാക്യങ്ങളുമായി ജനങ്ങൾ കാത്തുനിന്നു. ശങ്കരൻനായർക്കു മോത്തിലാൽ നെഹ്റു കമ്പി സന്ദേശമയച്ചു: ‘ഇന്ത്യ മുഴുവൻ അങ്ങയുടെ പിന്നിൽ.’

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്യത്തിന്റെ ആസ്ഥാനത്തു പോയാണു  കൂട്ടക്കൊലയ്ക്കെതിരെ ശങ്കരൻനായർ ബ്രിട്ടിഷ് ജനതയുടെ വികാരമുണർത്തിയത്. ബ്രിട്ടനിലെ മാധ്യമങ്ങളെയും അധികാര കേന്ദ്രങ്ങളെയും അദ്ദേഹം ആ ഭീകരതയുടെ ആഴം ബോധ്യപ്പെടുത്തി.  100 വർഷം നീറിപ്പിടിച്ച ജനവികാരം 2019ൽ ബ്രിട്ടന്റെ ഔദ്യോഗിക ഖേദപ്രകടനത്തിൽ കലാശിച്ചപ്പോഴേക്കും ശങ്കരൻനായർ ചരിത്രത്തിലേക്കു മറഞ്ഞ് 85 വർഷം തികഞ്ഞിരുന്നു. 

 

‘ഗാന്ധിയും അരാജകത്വവും’ 

 

നിയമവ്യവസ്ഥയുടെ വക്താവായിരുന്ന ശങ്കരൻനായർ, ഗാന്ധിജിയുടെ നിസ്സഹകരണ സമരത്തോടും ഖിലാഫത്ത് പ്രസ്ഥാനത്തോടും കടുത്ത വിയോജിപ്പു രേഖപ്പെടുത്തിയാണു കോൺഗ്രസ് വിട്ടത്. നിയമലംഘനം അരാജകത്വം സൃഷ്ടിക്കുമെന്ന നിലപാടുമായി ‘ഗാന്ധി ആൻഡ് അനാർക്കി’ എന്ന പേരിൽ അദ്ദേഹം എഴുതിയ ലേഖനം വലിയ വിവാദമായി. മൊണ്ടേഗ്–ചെംസ്ഫോർഡ് ഭരണപരിഷ്കാരത്തിന്റെ തുടർച്ചയായി ഇന്ത്യ സ്വയംഭരണത്തിനു പാകമായോ എന്നന്വേഷിക്കാൻ ബ്രിട്ടൻ നിയോഗിച്ച സൈമൺ കമ്മിഷനിൽ ഇന്ത്യക്കാർക്ക് അംഗത്വമില്ലെന്നു കണ്ടു രാജ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം വിയോജിച്ചു നിൽക്കെ, ശങ്കരൻനായർ സൈമൺ കമ്മിഷനോടു സഹകരിക്കാൻ രൂപീകരിച്ച സമിതിയുടെ അധ്യക്ഷ പദവി സ്വീകരിച്ചതും അദ്ദേഹത്തിന്റെ പേരിൽ അപരാധമായി. 

അതേസമയം, സൈമൺ കമ്മിഷനു പുറത്തു ദേശീയവാദികൾ ഒറ്റക്കെട്ടായി നടത്തിയ പോരാട്ടത്തേക്കാൾ ശക്തമായിരുന്നു ശങ്കരൻനായർ  സൈമൺ കമ്മിഷനു മുന്നിൽ നടത്തിയ പോരാ‌ട്ടമെന്നും പിൽക്കാലത്തു ചരിത്രകാരൻമാർ വിലയിരുത്തിയിട്ടുണ്ട്. 

 

അന്ത്യവിശ്രമം ഭാരതപ്പുഴയോരത്ത് 

 

കോൺഗ്രസ് വിട്ട ശേഷം കുറച്ചുകാലം ഹിന്ദുമഹാസഭയുടെ ഭാഗമായ ശങ്കരൻനായർ പിൽക്കാലത്തു ബുദ്ധമത തത്ത്വങ്ങളിലേക്ക് ആകർഷിക്കപ്പെടുകയും അവസാനകാലത്ത്, ‘മാനവികതയുടെ ഐക്യം’ എന്ന ഉപദേശ തത്ത്വത്തിലൂന്നി, ഇറാനിൽ പിറവിയെടുത്ത  ബഹായ് മതം സ്വീകരിക്കുകയും ചെയ്തെന്നാണു പറയപ്പെടുന്നത്. കാറപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ 1934 ഏപ്രിൽ 24നു ചെന്നൈയിലായിരുന്നു അന്ത്യം. 

 

അന്ത്യവിശ്രമം ജന്മനാടായ മങ്കരയിൽ ഭാരതപ്പുഴയോരത്താകണമെന്ന മോഹം സഫലമായി.  ഒറ്റപ്പാലത്തെ ചേറ്റൂർ ശങ്കരൻനായർ സാംസ്കാരിക കേന്ദ്രവും സർക്കാർ ആശുപത്രിയും ചേറ്റൂർ ശങ്കരൻ നായർ ഫൗണ്ടേഷനും ചരിത്രപുരുഷന്റെ സ്മാരകങ്ങളാണ്. കരൺ ത്യാഗിയുടെ ബോളിവുഡ് സിനിമ രാജ്യമാകെ ശങ്കരൻനായരെ പരിചയപ്പെടുത്തുന്ന ഉദ്യമമാകുമെന്നു പ്രതീക്ഷിക്കാം.  

 

English Summary: Karan Johar to produce biopic on Sankaran Nair in Hindi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com