ADVERTISEMENT

പുസ്തകശാലകൾ സജീവമായ ഒരു കാലഘട്ടത്തിന്റെ ജ്വലിക്കുന്ന ഓർമ്മയാണ് പ്രീമിയർ ബുക് ഷോപ്പ്. ബെംഗളൂരുവിലെ പുസ്തകപ്രേമികൾ ഒരിക്കലും മറക്കാത്ത പേര്. പ്രിയപ്പെട്ട പുസ്തകങ്ങളന്വേഷിച്ച്  നഗരത്തിലെ വായനാപ്രേമികൾ കൂട്ടം കൂടിയ ഇടം. എഴുത്തുകാർക്ക് ദിശാബോധവും എഴുത്തുപ്രേമികൾക്ക് ആനന്ദവും നൽകിയ പുസ്തകക്കട. പ്രീമിയറിന്റെ സാരഥിയായ ഷാൻബാഗ് അങ്കിൾ ആരാണെന്ന്  ഒറ്റവാക്കിൽ മറുപടി നൽകുക പ്രയാസമാണ്. പുസ്തകങ്ങളെ ജീവനുതുല്യം സ്നേഹിച്ച ഒരാൾ! 

 

അദ്ദേഹത്തിന്റെ കടയിൽ നിന്ന് കേവലം ഒരു പുസ്തകം മാത്രമെടുത്ത് തിരിച്ചുപോകാൻ അത്ര എളുപ്പമല്ല. ഓരോ പുസ്തകത്തെയും അദ്ദേഹം മനോഹരമായി വിവരിക്കും. അദ്ദേഹത്തിന്റെ വാക്കുകളിൽ ആകൃഷ്ടരായി ഒരു കെട്ട് പുസ്തകവും കൊണ്ടാവും മടങ്ങുക. സ്വതസിദ്ധമായ കഥപറച്ചിലിലൂടെ  ആളുകളുടെ മനം കവർന്നു. പ്രീമിയർ ബുക് ഷോപ്പിന്റെ അമരത്ത് നാല് പതിറ്റാണ്ടുകാലം  നിറഞ്ഞുനിന്ന ടി.എസ് ഷാൻബാഗ് എന്ന ഷാൻബാഗ് അങ്കിൾ കോവിഡിനോട് മല്ലിട്ട് മേയ് 7ന് ജീവൻ വെടിഞ്ഞപ്പോൾ നിലച്ചത് നഗരത്തിന്റെ പുസ്തകചരിത്രത്തിലെ സുവർണ്ണാധ്യായമാണ്. 

  

യുആർ അനന്തമൂർത്തി മുതൽ കമൽ ഹാസൻ വരെ     

 

പ്രായാധിക്യം മൂലം 2011ൽ പ്രവർത്തനം അവസാനിപ്പിച്ച നാൾ വരെ അങ്കിളിനെത്തേടി നഗരത്തിന്റെ പലകോണിൽ നിന്നും ആളുകൾ ഒഴുകിയെത്തി. അവർക്ക് അങ്കിൾ കേവലമൊരു പുസ്തകക്കച്ചവടക്കാരൻ മാത്രമായിരുന്നില്ല, മാർഗദർശി കൂടെയായിരുന്നു.  നഗരത്തിലെ പ്രശസ്തമായ കോശീസ് റെസ്റ്റോറന്റിലെ ചൂടുകാപ്പി ഊതിക്കുടിച്ച ശേഷം വൈകുന്നേരങ്ങളിൽ അപൂർവ്വ പുസ്തകങ്ങളുടെ കലവറയായ പ്രീമിയർ ബുക് ഷോപ്പിൽ സമയം ചിലവഴിച്ചിരുന്ന വ്യക്തിയാണ് അനന്തമൂർത്തി. ബുക് ഷോപ്പ് അടയ്ക്കുന്നത് വരെ ഈ ദിനചര്യ അദ്ദേഹം പിന്തുടർന്നു. കോശീസിലെ കാപ്പി കുടിച്ച ശേഷം  അങ്കിളിനോട് എന്തെങ്കിലും വർത്തമാനം പറയാതെ തിരികെ പോവാൻ കഴിഞ്ഞിരുന്നില്ല എന്നാണ് അദ്ദേഹം ഒരഭിമുഖത്തിൽ പറഞ്ഞത്. 

 

1971ൽ ബെംഗളൂരുവിലെ ചർച് റോഡിലാണ് പ്രീമിയർ ബുക്  ഷോപ്പ് പ്രവർത്തനമാരംഭിക്കുന്നത്. 71' ൽ തുടങ്ങി  പ്രവർത്തനം നിർത്തിയ 2011 വരെ നീണ്ട പുസ്തകയാത്രയിൽ ഒപ്പം കൂടിയ പ്രമുഖർ ചില്ലറക്കാരല്ല- പ്രമുഖ സാഹിത്യകാരനായ യു ആർ അനന്തമൂർത്തി, ചലച്ചിത്രതാരം കമൽ ഹാസൻ,  എഴുത്തുകാരായ ഗിരീഷ് കർണാട്, രാമചന്ദ്ര ഗുഹ, മോഹൻദാസ് പൈ -- ഇങ്ങനെ നീളുന്ന ആരാധകപ്പട്ടിക സ്വന്തമായ അങ്കിളിന് നഗരത്തിൽ സെലിബ്രിറ്റി പരിവേഷം ലഭിച്ചു.  പ്രീമിയർ ബുക് ഷോപ്പിന്റെ മറ്റൊരു കടുത്ത ആരാധകനാണ് രാമചന്ദ്ര ഗുഹ. 'പ്രീമിയർ ബുക്‌ഷോപ്പിൽ നിന്നാണ് എന്റെ യഥാർത്ഥ പഠനം ആരംഭിക്കുന്നത്. അവിടെ അന്വേഷിച്ചിട്ട് ഇട്ടാതെപോയ ഒരു പുസ്തകം പോലും എന്റെ ഓർമ്മയിലില്ല. ഒരു ദിവസം മുഴുവൻ സന്തോഷത്തോടെ ചിലവിടാൻ പ്രീമിയർ പോലെ പറ്റിയ ഇടമില്ല,' - രാമചന്ദ്ര ഗുഹയുടെ വാക്കുകൾ.  

 

സ്വന്തമായ ബുക് ഷോപ്പ് എന്ന സ്വപ്നം  

 

1937 മേയ് 2 തീരദേശ കർണ്ണാടകയിലെ കുന്ദാപൂരിലാണ്  ഷാൻബാഗ് അങ്കിളിന്റെ ജനനം. ബോംബെ സർവ്വകലാശാലയിൽ നിന്ന് എക്കണോമിക്സിൽ ബിരുദാനന്തരബിരുദം നേടിയശേഷം അമ്മാവന്റെ സ്ഥാപനമായ സ്ട്രാൻഡ് ബുക് സ്റ്റാളിൽ ജോലിക്ക് പ്രവേശിച്ചു. തുടർന്ന് പത്തുകൊല്ലത്തെ മുംബൈജീവിതത്തിന് ശേഷം സ്ട്രാൻഡ് ബുക്ക് ക്ലബ് എന്ന സംരംഭവുമായി അമ്മാവനുമൊപ്പം ബെംഗളൂരുവിൽ തിരികെയെത്തി. സ്വന്തമായ ഒരു സ്ഥാപനം എന്നത് ഷാൻബാഗിന്റെ എക്കാലത്തെയും വലിയ സ്വപ്‌നമായിരുന്നു. 1971ൽ പ്രീമിയർ ബുക്‌ഷോപ്പിന്റെ രൂപത്തിൽ ആ സ്വപ്നം സഫലമായി. പിന്നെ പുസ്തകലോകത്ത് നാല് പതിറ്റാണ്ട് നീണ്ടുനിന്ന ജീവിതം. 

 

പുസ്‌തകങ്ങളുടെ പ്രിയതോഴൻ

 

ഷാൻബാഗ് അങ്കിൾ അലസമായി അടുക്കിവെയ്ക്കുന്ന പുസ്തകങ്ങൾ സൂക്ഷിച്ചൊന്ന് നോക്കിയാൽ ഏത് പുസ്തകം വാങ്ങണമെന്ന് ആശയക്കുഴപ്പം തോന്നുമെന്ന് പുസ്തകസ്നേഹികൾ  പറയുന്നു. മറ്റ് പുസ്തകക്കടകളെ വെല്ലുന്ന വിലക്കുറവാണ് അങ്കിളിന്റെ പ്രത്യേകത. പുസ്തകങ്ങൾക്ക് ഏകദേശം അറുപത് ശതമാനം വരെ വില കുറയ്ക്കാൻ അങ്കിളിന് മടിയില്ല.  സാധാരണക്കാരുടെ പുസ്തകസ്വപ്നങ്ങൾക്ക് എന്നും കൂടെയുണ്ടായിരുന്ന വ്യക്തിത്വം. പ്രീമിയറിൽ ആകെ എത്ര പുസ്തകമാണുള്ളതെന്ന് അങ്കിളിന് പോലും നിശ്ചയമില്ല. അഞ്ച് ലക്ഷത്തോളം വരുമെന്ന്  സ്ഥിരം സന്ദർശകർ അടിവരയിടുന്നു.  ഏത് പുസ്തകത്തെ സംബന്ധിച്ച എന്ത് വിവരവും അങ്കിളിന് മനഃപാഠമാണ്. സൂപ്പർ കമ്പ്യൂട്ടറിനെ തോൽപ്പിക്കുന്ന ഓർമ്മശക്തിയാണ് അങ്കിളിനിനെന്ന് നഗരത്തിലെ ചെറുപ്പക്കാർ പറയുന്നു.  

 

2009ൽ കെട്ടിടവാടക നല്കാൻ ബുദ്ധിമുട്ടിയതോടെ പ്രീമിയർ ബുക് ഷോപ്പ് അടച്ചുപൂട്ടുമെന്ന നില വന്നപ്പോൾ നഗരത്തിന്റെ നാല് കോണിൽ നിന്നും മണി ഓർഡറുകൾ പ്രവഹിച്ചു. പ്രീമിയർ ബുക് ഷോപ്പ്  അടച്ചുപൂട്ടുന്നത് നഗരവാസികൾക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല.  കെട്ടിടം ഒഴിപ്പിക്കൽ ഭീഷണി ഒഴിവായതോടെ പുസ്തകക്കടയിൽ അങ്കിൾ രണ്ട് കൊല്ലം  തുടർന്നു. പക്ഷേ അനാരോഗ്യം വില്ലനായതോടെ തന്റെ പ്രിയസ്ഥാപനം  2011ൽ എന്നന്നേക്കുമായി അടച്ചുപൂട്ടി. അന്നദ്ദേഹത്തിന് 74 വയസ്സ്. ബുക് ഷോപ്പ് തുറക്കണം എന്ന ആവശ്യവുമായി നിരവധി ചെറുപ്പക്കാർ അദ്ദേഹത്തെ കാണാൻ പോയെങ്കിലും നിരാശയായിരുന്നു ഫലം. 

 

‘പുസ്തകക്കട അടച്ചതിന് ഞാനെന്തിന് വിഷമിക്കണം?’

 

പ്രീമിയർ ബുക് ഷോപ്പ് നിർത്തിയതിനെക്കുറിച്ച്  2016ൽ നടന്ന അനുസ്മരണ പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം മനസ്സ് തുറന്നു. ‘മാറ്റമെന്നത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. നമ്മുടെയെല്ലാം സ്വന്തമായ ആ  പുസ്തകകട അടയ്ക്കുമ്പോൾ എനിക്ക് നല്ല പ്രായമുണ്ട്. ജീവിതത്തിലെ സുവർണ്ണകാലം മുഴുവൻ ആ പുസ്തകക്കടയിലാണ് ഞാൻ ചിലവഴിച്ചത്. അതുകൊണ്ട് ഞാനെന്തിന് വികാരഭരിതനാവണം?’ വേദിയിൽ തടിച്ചുകൂടിയ ജനങ്ങളെനോക്കി അദ്ദേഹം കൂപ്പുകൈകളോടെ പറഞ്ഞു, 'നിങ്ങളുടെ ഈ സ്നേഹത്തിൽ ഞാൻ സന്തോഷിക്കുന്നു. നിങ്ങളാണ് എന്റെ ശക്തി. എനിക്ക് പുസ്തകങ്ങളോടുള്ള സ്നേഹമാണ് നിങ്ങളിലൂടെ തിരികെക്കിട്ടുന്നത്,' അങ്കിളിന്റെ ഹൃദയസ്പർശിയായ വാക്കുകൾ കേട്ട് സദസ്സ് കരഘോഷത്തോടെ എഴുന്നേറ്റുനിന്നു. അങ്കിളിന്റെ കണ്ണിൽ നിന്ന് രണ്ടുതുള്ളി കണ്ണുനീർ നിലത്ത് ഇറ്റുവീണു.  

     

അഞ്ച് ലക്ഷത്തിൽപരം പുസ്തകം ഉണ്ടായിരുന്നത് പത്ത് പുസ്തകവ്യാപാരികൾക്ക് തുച്ഛമായ വിലയ്ക്ക് നൽകിയാണ് അദ്ദേഹം പുസ്തകശേഖരം പങ്കുവെച്ചത്. ഇടയ്ക്ക് പുസ്തകവ്യാപാരികളുടെ കടകൾ അദ്ദേഹം സന്ദർശിച്ചു. ഷാൻബാഗ് അങ്കിളിന്റെ പുസ്തകത്തിന് പ്രത്യേക ഇടം ഒരുക്കാൻ പുസ്തകവ്യാപാരികൾ മത്സരിച്ചു. അങ്കിളിന്റെ പുസ്തകങ്ങൾ മറ്റ് പുസ്തകങ്ങളുടെ ഒപ്പം വെയ്ക്കുന്നത് അങ്കിളിനെ അപമാനിക്കുന്നത്പോലെയാണ് എന്നവർ വിശ്വസിച്ചു.  

 

2021ൽ പ്രീമിയർ ബുക് ഷോപ്പ് സ്ഥാപിച്ചു അൻപത് വർഷം തികയവേ അപ്രതീക്ഷിതമായാണ് അങ്കിളിന്റെ വിയോഗം. പുസ്തകങ്ങളുടെ കൂട്ടുകാരന് ഉചിതമായ യാത്രയയ്പ്പ് കൊടുക്കാൻ കോവിഡ് മഹാമാരി അനുവദിച്ചില്ല. പ്രീമിയർ ബുക്ക് ഷോപ്പ് നിന്നയിടത്ത് മറ്റ് കെട്ടിടങ്ങൾ ഉയർന്നുവന്നു. പുസ്തകങ്ങൾ ഓൺലൈനിൽ കിട്ടുന്ന കാലത്ത് അങ്കിളിനെപ്പോലെയുള്ള വ്യക്തിത്വങ്ങൾ വിസ്മരിക്കപ്പെടുമോ? അങ്കിളിനെ അറിയുന്ന വ്യക്തികൾ അദ്ദേഹത്തെ മറക്കില്ലെന്ന് തീർച്ച. അങ്കിളിന്റെ പുഞ്ചിരിയും പുസ്തകം വാങ്ങുന്നില്ലേയെന്ന ചോദ്യവും ജനമനസ്സുകളിൽ  നിലനിൽക്കും. ബെംഗളൂരു നഗരത്തിന് മായാത്ത ഓർമ്മകൾ നൽകിയ ഷാൻബാഗ് അങ്കിൾ മടങ്ങുകയാണ്, പുസ്തകങ്ങളില്ലാത്ത പുതിയ ലോകത്തേക്ക്.     

 

English Summary: Shanbhag Uncle - the owner of Premier Bookshop departs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com