ഭ്രാന്താശുപത്രിയിലെ ‘ആൾക്കൂട്ടം’, രണ്ട് ലോട്ടറിയുടെ വിലയായി കിട്ടിയ ‘മരണ സർട്ടിഫിക്കറ്റ്’

HIGHLIGHTS
  • ആൾക്കൂട്ടം – വ്യത്യസ്തമായൊരു വായനാനുഭവം
alkkoottam-anand
ആനന്ദ്
SHARE

ഭ്രാന്താശുപത്രി എന്ന ബോർഡില്ലാത്ത കോഴിക്കോട്ടെ വിജയാ ഹോസ്പിറ്റലിൽ അഡ്മിറ്റായി കിടക്കുമ്പോഴാണ് ഞാൻ ആനന്ദിന്റെ ‘ആൾക്കൂട്ടം’ എന്ന നോവൽ ആദ്യമായി വായിക്കുന്നത്.

അതിനു മുമ്പ് അതേ നഗരത്തിൽ ലോട്ടറി വിറ്റ് നടക്കുന്ന കാലത്ത് ബസ്സിൽ വെച്ച് രണ്ട് ലോട്ടറിയുടെ വിലയായി ഏതോ ഒരു മനുഷ്യൻ എനിക്ക് നീട്ടിയത് പുതുമണം മാറാത്ത ഒരു പുസ്തകമാണ്. അത് ആനന്ദിന്റെ ‘മരണ സർട്ടിഫിക്കറ്റ് ’ എന്ന ചെറു നോവലായിരുന്നു. ആ മനുഷ്യൻ മദ്യപിച്ചിരുന്നു. അതിന്റെ നാറ്റവും മദ്യപാനികളോടുള്ള അന്നത്തെ ഭയവും കാരണം ഞാൻ ലോട്ടറി കൊടുത്ത് പകരം പുസ്തകം വാങ്ങി.

ദോഷം പറയരുതല്ലോ... മരണസർട്ടിഫിക്കറ്റ് വായിച്ചെങ്കിലും അന്ന് എനിക്കൊന്നും മനസിലായില്ല. പിന്നെയും കാലമേറെ കഴിഞ്ഞാണ് ആനന്ദിന്റെ വാക്കുകൾ എന്റെ തലമണ്ടയിലേക്ക് കയറിയത്.

വിജയാ ഹോസ്പിറ്റലിലെ പതിമൂന്നാം നമ്പർ മുറിയാണ് എനിക്ക് അനുവദിച്ച് കിട്ടിയത്. അപ്പുറത്തെ പതിനാലാം നമ്പർ മുറിയിൽ മയക്കം തെളിയുമ്പോഴൊക്കെ പാമ്പ് ... പാമ്പ് ...എന്ന് അലറി വിളിക്കുന്ന ഒരു യുവതി ഉണ്ടായിരുന്നു. ആദ്യമായി ആ നിലവിളി കേട്ട് അങ്ങോട്ട് ഓടാൻ തുടങ്ങുമ്പോൾ നഴ്സാണ് പറഞ്ഞത്.

പാമ്പ് ആ മുറിയിലല്ല അവരുടെ മനസിലാണെന്ന്. മുറിയേക്കാൾ ഒരു നദിയേക്കാൾ കടലിനേക്കാൾ വലിപ്പമുള്ള ആ പാമ്പ് അവരുടെ തലച്ചോറിലെ കോശങ്ങളെ തിന്ന് തീർക്കുകയായിരുന്നോ ...?

ഇപ്പുറത്തെ പന്ത്രണ്ടാം നമ്പർ മുറിയിൽ എത്ര തിന്നാലും തീരാത്ത വിശപ്പുമായി അസ്വന്ത് കിടന്നു. മകന്റെ ഒടുങ്ങാത്ത വിശപ്പിന് ഭക്ഷണവും കരുതലും നൽകി ഒരമ്മ ആ മുറിയിൽ കണ്ണീരോടെ കാവലിരുന്നു. അവന്റെ വയറ് ഒരു പെരും കടലായി പരിണമിക്കുകയായിരുന്നോ ...?

അവർക്കു നടുവിൽ പതിമൂന്നിന്റെ ഭാഗ്യ നിർഭാഗ്യങ്ങളിൽ വിശ്വാസമില്ലാതെ ഒന്നിലും വിശ്വാസമില്ലാതെ, ഭൗതികവാദിയുടെ മണ്ണും ആത്മീയതയുടെ ആകാശവും നഷ്ടമായി ഉത്തരമില്ലാത്ത ചോദ്യങ്ങളെ ഭയമാക്കി മാറ്റിയ തലച്ചോറുമായി ഞാനും കിടന്നു. ഫ്രോയിഡും യൂങ്ങും ഇങ്കർ സോളും ശങ്കര വേദാന്തവും എന്റെ തലച്ചോറിൽ കിടന്ന് പുകഞ്ഞു.

ഭയം...

എനിക്ക് ഭ്രാന്തായിപ്പോവുമോ എന്ന അകാരണമായ ഭയം ... ഇപ്പൊ... ഈ നിമിഷം .

അടുത്ത നിമിഷം ... ഭയം തലച്ചോറിൽ നിന്നിറങ്ങി ചെവി വഴികളിലൂടെ നെഞ്ചിലെത്തി നെഞ്ചാകെ പൊള്ളിച്ച് വയറ്റിലെത്തി വയറാകെ ഇളക്കിമറിച്ചു. ജാലകങ്ങൾക്കപ്പുറത്ത് നിലവിളികളോടെ അലറിപ്പായുന്ന നഗരം ...

പട്ടാളത്തിൽ നിന്നും വിരമിച്ച വിജയൻ ഡോക്ടർ എനിക്ക് എന്തൊക്കെയോ ഗുളികകൾ തന്നു. ഉറങ്ങാനുള്ള ഇഞ്ചക്ഷൻ തന്നു. ചുട്ടുപഴുത്ത തലച്ചോറ് ഉറങ്ങിയില്ല. ഞാനും എന്റെ ഭയവും ഉറങ്ങിയില്ല.

abbas tp
അബ്ബാസ് ടി.പി.

വിക്ടോറിയ ടെർമിനസിൽ നിന്നും ജോസഫിനോടൊപ്പം തുടങ്ങിയ യാത്ര സുനിലിലേക്കും രാധയിലേക്കും പ്രേമിലേക്കും സുന്ദറിലേക്കും ബോംബെ എന്ന മഹാനഗരത്തിന്റെ നിലവിളികളിലേക്കും പകർന്ന് പകർന്നങ്ങനെ പോയി. ആ പോക്കിന്റെ വൈദ്യുതി സ്പർശത്തിലും ആൾക്കൂട്ടത്തിലെ ആനന്ദിന്റെ ഭാഷ നഗരജീവിതങ്ങൾക്ക് എത്ര മാത്രം ഇണങ്ങുന്നുവെന്ന് ഞാൻ അത്ഭുതം കൊണ്ടു. (ആ അത്ഭുതം ഇപ്പോഴുമുണ്ട് )

ഉത്തരമില്ലാത്ത എന്റെ ചോദ്യങ്ങളുടെ തീ ചൂടിലേക്ക് ആനന്ദ് സന്ദേഹങ്ങളുടെ വിറകു കൊള്ളികൾ തിരുകി തന്നു. അഗ്നിയുടെ ഗന്ധം ഞാൻ അറിയുകയായിരുന്നു. ആൾക്കൂട്ടത്തിലെ ജോസഫിലാണ് ഞാനെന്റെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും ചേർത്ത് വെച്ചത്. വിമോചന സ്വപ്നങ്ങളെ കടലെടുക്കുന്നത് കണ്ട് അസ്വസ്ഥനായ ജോസഫിനെ ഞാൻ ചേർത്ത് പിടിച്ചു.

ഹോസ്പിറ്റലിൽ എനിക്ക് കൂട്ടിരുന്നവർ അന്തം വിട്ട് ഉറങ്ങുമ്പോൾ ഞാൻ ആനന്ദ് സൃഷ്ടിച്ച ആശയലോകത്തിൽ ഉണർന്നിരുന്നു. നഴ്സ് വന്ന് ഉറങ്ങാനുള്ള ഗുളിക ആദ്യം തരും. എന്നിട്ട് പുസ്തകം വാങ്ങി വെച്ച് എന്നോട് ഉറങ്ങാൻ പറയും. ഉറക്കം മറ്റെവിടേക്കോ ഉറങ്ങാൻ പോവുമ്പോൾ ഞാൻ വീണ്ടും വായിക്കും. കുറേ നേരം കഴിയുമ്പോൾ നഴ്സ് വീണ്ടും വരും.

ഞാൻ ഉറങ്ങിയിട്ടില്ലെന്ന് കണ്ട് ഉറങ്ങാനുള്ള ഇഞ്ചക്ഷൻ തരും. പുസ്തകം പിന്നെയും പിടിച്ച് വാങ്ങി ലൈറ്റ് ഓഫാക്കി എന്നോട് ഉറങ്ങാൻ പറയും. അപ്പുറത്തെ മുറിയിൽ അസ്വന്ത് ശമനമില്ലാത്ത വിശപ്പിന്റെ തീച്ചൂടിൽ കിടന്ന് ഉരുകുന്നുണ്ടാവും. ഇപ്പുറത്ത് മയക്കം വിട്ട യുവതി തന്റെ മുറിയിലെ പാമ്പിനെ ഒന്ന് കൊന്നു തരാനായി മുഴു ലോകത്തോടും ഉറക്കെ അലറുന്നുണ്ടാവും.

ഞാൻ ലൈറ്റിട്ട് പുസ്തകമെടുത്ത് ആ സന്ദേഹങ്ങളുടെ പൊരുളുകളിലേക്ക് ഊർന്നിറങ്ങും. പുറത്ത് നഗരം ഉറക്കം കിട്ടാതെ നിലവിളിക്കുന്നുണ്ടാവും. ആ ഒരു അവസ്ഥയിൽ എനിക്ക് വായിക്കാൻ പറ്റിയതല്ല ആൾക്കൂട്ടമെന്ന് അത് കൊണ്ടു തന്ന എന്റെ സുഹൃത്തിന് അറിയില്ലായിരുന്നു. എങ്കിലും അവന് നന്ദി പറയാതെ വയ്യ.

പതിനൊന്ന് ദിവസത്തെ ആ ആശുപത്രി വാസത്തിനിടയിൽ രണ്ട് തവണ ഞാൻ ആൾക്കൂട്ടം വായിച്ചു. വ്യക്തിയും സമൂഹവും തമ്മിലുള്ള വിടവുകളും അത് ഉണ്ടാക്കുന്ന സംഘർഷങ്ങളും , സമൂഹവും അധികാരവും തമ്മിലുള്ള കൊടുക്കൽ വാങ്ങലിലെ ജനാധിപത്യ വിരുദ്ധതകളും വ്യക്തികളുടെ നൈസർഗികമായ ചോതനകളെ പോലും തരിശാക്കി കളയുന്ന നഗര വ്യവസ്ഥയും വാക്കുകളിലൂടെ ആനന്ദ് എന്നിലേക്ക് പകരുകയായിരുന്നു.

ഓരോ സന്ദർശനത്തിലും വിജയൻ ഡോക്ടർ രണ്ട് ചോദ്യങ്ങൾ എന്നോട് ആവർത്തിക്കുമായിരുന്നു.

‘‘കാതിൽ അശരീരി പോലെ വല്ലതും കേൾക്കുന്നുണ്ടോ ?’’

‘‘ആരെങ്കിലും ആക്രമിക്കാൻ വരുമ്പോലെ തോന്നുന്നുണ്ടോ ?’’

രണ്ട് ചോദ്യങ്ങൾക്കും ‘‘ഇല്ല ’’ എന്നു തന്നെയാണ് എനിക്കും ആവർത്തിക്കേണ്ടി വന്നത്. കുറേ മരുന്ന് പരീക്ഷണങ്ങളും പട്ടിണി കിടത്തലും ഒക്കെ നടത്തിയ ശേഷം ഡോക്ടർ എന്റെ ഭയത്തിനും ഉത്തരമില്ലാ ചോദ്യങ്ങൾക്കും ഒക്കെ ഒരു ഓമനപ്പേരിട്ട് തന്നു. ‘വിഷാദരോഗം’

ഇന്നും ഉത്തരം കിട്ടാത്ത ആ ചോദ്യങ്ങളുമായി ആൾക്കൂട്ടം വായിക്കാൻ എടുക്കുമ്പോൾ ഞാൻ എന്നോടു തന്നെ ചോദിക്കുകയാണ്.

പകലിന്റെ ഒടുക്കത്തെ പറവയും പറന്നകന്ന ആകാശച്ചുവട്ടിൽ നിൽക്കുമ്പോൾ എന്നെ പൊതിയുന്ന അരൂപിയായ വിഷാദം ഒരു രോഗം തന്നെയാണോ ?

ഉത്തരങ്ങൾ ഇല്ലെങ്കിൽ പോലും ചോദ്യങ്ങൾ ചോദിക്കുന്നത് രോഗമാണോ ?

നീണ്ട ട്രെയിൻ യാത്രയിൽ എന്റെ മടിയിൽ ഇരുന്ന് ഒരുപാട് വിശേഷങ്ങൾ പറഞ്ഞ് ഏതോ സ്‌റ്റേഷനിൽ പിരിഞ്ഞ് പോയ കുഞ്ഞുടുപ്പുകാരിയെ ജീവിതത്തിൽ ഇനിയൊരിക്കലും കാണാൻ കഴിയില്ലല്ലോ എന്ന വിഷാദചിന്ത ഒരു രോഗമാണോ ? 

അറിയില്ല ...

പാമ്പും വിശപ്പും അയൽവാസികളായിരുന്ന ആ മുറി വിട്ട് പോരുമ്പോൾ അതിന്റെ ഇളം നീല ചുമരിൽ ഞാൻ എഴുതിയിട്ടു.

‘പ്രിയ സുഹൃത്തേ ...

എന്നെ നിങ്ങൾക്ക് അറിയാത്തത് പോലെ ഇതിനു മുമ്പ് ഇവിടെ കിടന്ന ആളെ എനിക്കും അറിയില്ല. നിങ്ങൾക്കു ശേഷം ഇവിടെ വരാൻ പോവുന്ന ആൾക്ക് നിങ്ങളെയും അറിയില്ല. പക്ഷേ നമുക്ക് വഴിയമ്പലമായ ഈ സമചതുരത്തിൽ നമ്മൾ എത്താൻ കാരണമായത് നമ്മൾക്ക് മനസ്സുകൾ ഉള്ളത് കൊണ്ടാണ്. ഈ ഗ്രീഷ്മത്തിനപ്പുറം വസന്തങ്ങളും പുലരി മഞ്ഞ് നനഞ്ഞ പുൽതകിടികളും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഭൂമിയെന്ന ഈ കണ്ണീരിന്റെ താഴ്​വര അത്ര മോശമായ ഇടമല്ല സുഹൃത്തേ ...’

ഇപ്പോഴും ആ ഹോസ്പിറ്റലും വിജയൻ ഡോക്ടറും പതിമൂന്നാം നമ്പർ മുറിയും അവിടെ ഉണ്ടോ എന്ന് എനിക്കറിയില്ല. വിജയൻ ഡോക്ടർ ചികിത്സിച്ച രോഗവും സാഹിത്യവും ഇന്നും എനിക്ക് കൂട്ടുണ്ട്. കൊമാലയിൽ ഇപ്പോഴും കുതിരകളുടെ ശവങ്ങൾ കുഴിച്ച് മൂടുന്നുണ്ട്. കണ്ണാടി ചുമരുകളുള്ള മക്കൊണ്ടോ പട്ടണത്തിൽ പന്നി വാലുള്ള കുട്ടികൾ പിറന്ന് വീഴുന്നുണ്ട്. പെഡ്രോ പരാമോ തന്റെ സുസാനയെ കാത്തിരിക്കുന്നുണ്ട്. കാലദേശങ്ങൾ കടന്ന് ഒരു പാട് ജീവിതങ്ങൾ എന്റെ ചുറ്റും നിറയുന്നുണ്ട്.

English Summary : Abbas TP on reading Anand's novel Aalkkoottam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Hridayam Audio Cassette Launch | Mohanlal | Pranav Mohanlal | Vineeth Sreenivasan | Hesham Abdul

MORE VIDEOS
FROM ONMANORAMA
;