‘കേണൽ ഒറേലിയാനോ ബുവേൻഡിയ മരിച്ചു, എനിക്കദ്ദേഹത്തെ കൊല്ലേണ്ടി വന്നു’ എന്നു പൊട്ടിക്കരഞ്ഞ മാർക്വേസ്

HIGHLIGHTS
  • വായനാവസന്തം – വായന തന്നെ ജീവിതം
  • അബ്ബാസ് ടിപി വായനാനുഭവങ്ങൾ പങ്കുവയ്ക്കുന്നു
Gabriel Garcia Marquez
ഗബ്രിയേൽ ഗാർസിയ മാർക്വേസ്. Photo Credit : REUTERS / Tomas Bravo
SHARE

വിരുന്നിനു ശേഷം ബാക്കിയായ ഭക്ഷണം തെരുവിലെ എച്ചിൽ പാത്രത്തിൽ കൊണ്ടിടാൻ വീട്ടുടമ പറഞ്ഞപ്പോൾ വിശപ്പ് സഹിക്കാനാവാതെ ഒരു യുവാവ് ആ എച്ചിലിൽ നിന്നും നല്ലത് തിരഞ്ഞെടുത്ത് തെരുവിൽ നിന്നു കൊണ്ട് തന്നെ അത് തിന്നുന്നത് സങ്കൽപ്പിച്ചു നോക്കൂ ...

ഇരുപത്തിയൊന്നാം ജന്മദിനത്തിൽ അമ്മ അയച്ചു തന്ന പിറന്നാൾ സമ്മാനം കൈയ്യിൽ കിട്ടിയ ഉടനെ പണയം വെക്കേണ്ട ഗതികേടിലായ, കയറിക്കിടക്കാൻ ഒരിടമില്ലാതെ നിശാ നിയമത്തിന്റെ കാലത്ത് തെരുവിൽ കിടന്നുറങ്ങിയ കുറ്റത്തിനു രണ്ട് ദിവസം പൊലീസ് സെല്ലിൽ കഴിയേണ്ടിവന്ന ഒരു യുവാവിനെ സങ്കൽപ്പിച്ചു നോക്കൂ ...

വിർജീനിയ വുൾഫിനെയും, സ്റ്റീൻ ബെക്കിനേയും, ഹുവാൻ റൂൾഫോയേയും, ഫോക്നറേയുമൊക്കെ വായിച്ച് അതിശയിച്ച്, സ്വന്തം എഴുത്തിനോടുള്ള മതിപ്പ് നഷ്ടമായി എഴുതി തുടങ്ങിയ നോവൽ നിർത്തിവെച്ച ഒരു വായനക്കാരനെ കൂടി സങ്കൽപ്പിച്ചു നോക്കൂ... ചുരുങ്ങിയ വേതനത്തിനു പല ദേശങ്ങളിലെ പല പല പത്രങ്ങളിൽ ജോലി നോക്കുമ്പോഴും മഹത്തായ സ്വപ്നങ്ങൾ നെഞ്ചേറ്റി നടന്നിരുന്ന ഒരു യുവാവിന്റെ ആന്തരിക വ്യഥകളെ സങ്കൽപ്പിച്ചു നോക്കൂ ... ദാരിദ്ര്യത്തിലും, അപമാനങ്ങളിലും, തിരസ്‌കാരങ്ങളിലും, പരിഹാസങ്ങളിലും അന്തമില്ലാത്ത അലച്ചിലുകളിലും, ഉള്ളിലെ തീപ്പൊരി കെടാതെ സൂക്ഷിച്ച് അതിനെ ഊതി കത്തിച്ച് കാട്ടു തീയാക്കി മാറ്റിയ ആ യുവാവിനെ നമുക്ക് ഗബ്രിയേൽ ഗാർസിയ മാർക്വേസ് എന്നു വിളിക്കാം.

അലച്ചിലുകളുടേയും ദാരിദ്ര്യത്തിന്റെയും ഉച്ചവെയിലുകൾ നീങ്ങി ഒരൽപം കുളിരിടം കിട്ടിയ കാലത്ത്, കുടുംബത്തോടൊപ്പം ഒരു വൈറ്റ് ഓപ്പൽ കാറിൽ ഉല്ലാസയാത്ര ചെയ്യുന്നതിനിടെ പിറകിലേക്ക് ഓടി മറയുന്ന വഴിയോര കാഴ്ച്ചകളിൽ എവിടെയോ കുരുങ്ങിയ മാർക്വേസിന്റെ ഉള്ളിൽ ആ വാക്യം തെളിഞ്ഞു വന്നു. ‘Many Years later, as he faced the firing Squad ...’ അതൊരു വെളിപാടായിരുന്നു. ലോകമാകെയുള്ള വായനക്കാർ നെഞ്ചേറ്റിയ ‘‘ഏകാന്തതയുടെ നൂറു വർഷങ്ങൾ’’ എന്ന നോവലിന്റെ ആദ്യ വാക്യമായിരുന്നു അത്. തിരികെ വീട്ടിലെത്തിയ മാർക്വേസിനു ടൈപ്പ് റൈറ്ററിന്റെ മുമ്പിൽ ഇരിക്കുകയല്ലാതെ മറ്റു വഴികളുണ്ടായിരുന്നില്ല. ഒന്നോ രണ്ടോ ദിവസത്തിന്റെ ഇരുത്തമല്ല. നീണ്ട പതിനെട്ടു മാസത്തിന്റെ ഇരുത്തം !

കണ്ണാടിച്ചുമരുകളുടെ മായാ നഗരമായ മക്കൊണ്ട പിറവി കൊള്ളുകയായിരുന്നു. ആർകേദിയോ ബുവേൻ ഡിയയും കേണൽ ഒറേലിയാനോ ബുവേൻ ഡിയയും ഉർസുലയും അമരാന്തയും മെൽക്കിയാദസും റെമഡിയോസ് സുന്ദരിയുമൊക്കെ ഭ്രൂണാവസ്ഥയും ഗർഭകാലവും പിന്നിട്ട് ഭൂമിയിലേക്കു വരികയായിരുന്നു.

gabriel-garcia-marquez-and-mercedes
ഗബ്രിയേൽ ഗാർസിയ മാർക്വേസ്, ഭാര്യ മെഴ്സിഡസ്. Photo Credit : AP

ഭാര്യ മെഴ്സിഡസാണ് അക്കാലത്ത് വീട്ടുകാര്യങ്ങൾ നോക്കിയത്. ജീവിതം മുമ്പോട്ട് കൊണ്ടു പോവാൻ അവർ ആദ്യം വിറ്റത് ആ ഓപ്പൽ കാറായിരുന്നു. പിന്നെ ടെലിവിഷൻ, ഫ്രിഡ്ജ്, ആ ഭരണങ്ങൾ, റേഡിയോ ... ഒരോന്നായി വിറ്റുകൊണ്ടിരുന്നു. അവശേഷിച്ചത് മെഴ്സിഡസിന്റെ ഹെയർ ഡ്രെയറും കുട്ടികൾക്ക് ആഹാരം തയാറാക്കാനുള്ള ലിക്വിഡൈസറും ഇലക്ട്രിക് ഹീറ്ററും മാത്രമായിരുന്നു.

എഴുത്തിനിടയിൽ ഒരിക്കൽ കിടപ്പുമുറിയിലേക്ക് വന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് മാർക്വിസ് പറഞ്ഞു. 

‘‘കേണൽ ഒറേലിയാനോ ബുവേൻഡിയ മരിച്ചു. എനിക്കദ്ദേഹത്തെ കൊല്ലേണ്ടി വന്നു’’

ആ കണ്ണീരത്രയും ഏറ്റ് വാങ്ങിക്കൊണ്ട് മുടിയിൽ തലോടി മെഴ്സിഡസ് മാർക്വേസിനെ ആശ്വസിപ്പിച്ചു. പതിനെട്ടു മാസവും രണ്ട് ദിവസവും കഴിഞ്ഞുള്ള രാത്രിയിൽ ഉറങ്ങിക്കിടക്കുന്ന മെഴ്സിഡസിന്റെ അരികിൽ വന്നിരുന്ന് മാർക്വിസ് നിശബ്ദമായി കരഞ്ഞു. മക്കൊണ്ടയുടെ ഇതിഹാസം അദ്ദേഹം എഴുതി പൂർത്തിയാക്കിയിരുന്നു.

പ്രസിദ്ധീകരണത്തിനു മുമ്പ്, നോവലിന്റെ ആദ്യ ഭാഗങ്ങൾ വായിച്ച കാർലോസ് ഫ്യൂവന്തസാണ് മക്കൊണ്ട കൊണ്ടു വരാൻ പോകുന്ന കൊടുങ്കാറ്റിനെ ആദ്യമറിഞ്ഞത്. അതൊരു കൊടുങ്കാറ്റു തന്നെയായിരുന്നു. ലാറ്റിനമേരിക്കൻ സാഹിത്യത്തിൽ മാത്രമല്ല, ലോക സാഹിത്യത്തിൽ തന്നെ പലതും കടപുഴക്കിയെറിഞ്ഞ കൊടുങ്കാറ്റ്.

ആ കൊടുങ്കാറ്റ് എന്നെ തേടിയെത്തുമ്പോൾ ഞാൻ കർണ്ണാടകയിലെ ഒരു സ്റ്റീൽ പ്ലാന്റിന്റെ സൈറ്റിൽ ജോലി നോക്കുകയായിരുന്നു. പണ്ട് ... അവിടം ഒരു ഗ്രാമമായിരുന്നു. കടലപ്പാടങ്ങളും വീടുകളും കാലികളും മനുഷ്യരുമെല്ലാം ഉണ്ടായിരുന്ന ഹരപ്പനഹള്ളി എന്ന ഗ്രാമം. പ്ലാന്റിനായി കുടി ഒഴിപ്പിക്കപ്പെട്ടവർ കമ്പനി ഗെയിറ്റിനു മുമ്പിൽ നീതിക്കായി സമരം ചെയ്യുന്നുണ്ടായിരുന്നു.

നാലഞ്ചു മണിക്കൂർ തുടർച്ചയായി ഇരുമ്പു ബീമുകളിലും കൂറ്റൻ ത്രികോണങ്ങളിലും മഞ്ഞ പെയിന്റ് സ്പ്രേ ചെയ്തു കൊണ്ടിരുന്നാൽ ചുറ്റുമുള്ള ലോകം മഞ്ഞയായി മാറും. മഞ്ഞ ആകാശം, മഞ്ഞ മനുഷ്യർ, മഞ്ഞ വെയിൽ... ഗൺ താഴെയിട്ട് ലേബർ ക്യാമ്പിൽ നിന്നും ഏകാന്തതയുമെടുത്ത്, മുൾവേലി നൂണ് കടന്ന് ഞാൻ നടക്കും. കടലപ്പാടങ്ങളും തരിശുനിലങ്ങളും പിന്നിട്ടാൽ പടർന്നു പന്തലിച്ചു നിൽക്കുന്ന വലിയൊരു മഹാഗണി മരമുണ്ട്. അതിന്റെ ചുവട്ടിലിരുന്നാണ് ഞാൻ മക്കൊണ്ടയെ അറിഞ്ഞത്. 

one-hundred-years-of-solitude

വലിയൊരു അയസ്കാന്തം കെട്ടി വലിച്ചുകൊണ്ട് മാർക്വിസ് എന്റെ ബോധത്തിലൂടെ കടന്നുപോയപ്പോൾ ഉള്ളിലെ പല സാഹിത്യ വിഗ്രഹങ്ങളും ഇളകി വീണു. യാഥാർഥ്യത്തിനേക്കാൾ കൂടുതൽ യഥാർത്ഥമായ ഒരു ലോകമായിരുന്നു മക്കൊണ്ടയുടേത്. അസാധാരണവും അവിശ്വസനീയവുമായ സംഭവപരമ്പരകൾ എന്റെ ബോധത്തിൽ വൈദ്യുത തരംഗങ്ങളുടെ സുഖകമ്പനമായി മാറി. മക്കൊണ്ട പട്ടണത്തിന്റെ നൂറു വർഷങ്ങളുടെ ഏകാന്തത, എന്റെ നോവൽ സങ്കൽപ്പങ്ങളെയൊക്കെ തകിടം മറിച്ചിട്ടു. ആർക്കേദിയോ ബുവേൻഡിയ കണ്ട കണ്ണാടിച്ചുമരുകളുളള പട്ടണം എന്റെയും സ്വപ്നമായി. ശേഷം വന്ന നാല് തലമുറകളുടെ നൂറു വർഷത്തെ ഏകാന്തത എന്റേത് കൂടിയായി മാറി.

മക്കൊണ്ടയിലെത്തിയ ജിപ്സി എനിക്കു അജ്ഞാതമായ ഒരു ഭാഷയിൽ എഴുതപ്പെട്ട കൈയെഴുത്ത് പ്രതിയാണ് വായിക്കാൻ തന്നത്. ബുവേണ്ടിയാ കുടുംബത്തിലെ നാലാം തലമുറയിൽ പെട്ട ഒറീലിനിയോടൊപ്പം ഞാനും അത് വായിച്ചു. മുൻ തലമുറകളുടെ കഥയും അയാളുടെ കഥയും അതിലുണ്ടായിരുന്നു. അതിന്റെ ഒടുക്കമറിയാൻ അയാൾ തിടുക്കത്തിൽ പേജുകൾ മറിച്ചപ്പോൾ എന്റെ ഹൃദയമിടിപ്പിന്റെ വേഗം ഞാനറിയാതെ കൂടി. അപ്പോഴാണ് കൊടുങ്കാറ്റടിച്ചത്. അതിൽ പെട്ട് മക്കൊണ്ട പട്ടണം തകർന്നു വീഴും. ഒറീലിനിയോ ആ മുറി വിട്ടു പുറത്ത് പോവില്ല. ഞാൻ വായിച്ചു കൊണ്ടിരിക്കുന്ന മാർക്വേസിന്റെ നോവൽ, ജിപ്സി തന്ന കൈയെഴുത്തു പ്രതിയായിരുന്നു. അതറിഞ്ഞപ്പോൾ ഞാനും ആ കൊടുങ്കാറ്റിൽ പെട്ടു പോയി. കണ്ണാടികൾ കൊണ്ടു നിർമ്മിച്ച മക്കൊണ്ട പട്ടണം എനിക്കു മുമ്പിൽ തകർന്നു വീഴുന്ന ശബ്ദം ഞാൻ കേട്ടു. മുമ്പിലെ കടലപാടങ്ങളും വായിക്കാനിരുന്ന മരച്ചുവടും ആകാശവും ഞാൻ തന്നെയും കുറേ നേരത്തേക്ക് ഇല്ലാതെയായി. ശൂന്യത ... ശൂന്യത മാത്രം ... മനുഷ്യന്റെ അഹന്തയേയും അസ്തിത്വത്തേയും ഇല്ലാതാക്കുന്ന മഹാ ശൂന്യത.

ബസവപ്പ എന്ന വൃദ്ധൻ അപ്പോൾ കമ്പനിയുടെ മുൾവേലി നൂണ് കടക്കുന്നുണ്ടായിരുന്നു. മൂവായിരം ഏക്കറിന്റെ ആ വിസ്തൃതിയിൽ എവിടെയോ അയാളുടെ വീടുണ്ടായിരുന്നു. ജീവനോപാധികൾ ഉണ്ടായിരുന്നു. ഓരോ തവണയും സെക്യൂരിറ്റിക്കാർ അയാളെ പിടിച്ചു പുറത്താക്കി. പിന്നെയും പിന്നെയും അയാൾ തന്റെ വീട് തേടി വന്നു. ഉൻമാദത്തിന്റെ ഒറ്റയടിപ്പാതയിൽ അയാൾ എന്തിനെന്നില്ലാതെ അലറി ചിരിച്ചു.

കേണൽ ഒറീലിനിയോ ബുവേണ്ടിയും, അമരാന്തയും, മെൽക്കിദിയാസും, പിയാട്രോ ക്രിസ്പിയും, ഉർസുലയുമൊക്കെ അവിടെ ജോലി ചെയ്ത കാലമത്രയും എനിക്കു ചുറ്റും നിന്ന് അവരുടെ ജീവിതങ്ങൾ പറഞ്ഞു. സ്വപ്നങ്ങളിൽ പോലും അവർ കൂട്ടത്തോടെ കടന്നു വന്നു. അഗമ്യഗമനത്തിന്റെ ഫലമായി പിറന്ന പന്നി വാലുള്ള കുട്ടികൾ കടലപ്പാടങ്ങളിലൂടെ ഇഴഞ്ഞു നടന്നു. വിപ്ളവവും രതിയും മൃതിയും ഉടയാടകൾ അഴിച്ചു വെച്ച് കോമാളി വേഷം കെട്ടിയാടി. മനുഷ്യാസ്തിത്വത്തിന്റെ നിരർത്ഥകതയ്ക്കു തെളിവായി വലിയൊരു അയസ്കാന്തം സകല ദർശനങ്ങളുടേയും വിജാഗിരികൾ ഇളക്കി മാറ്റി കൊണ്ട് എന്റെ മുമ്പിലൂടെ വലിച്ചിഴക്കപ്പെട്ടു.

ഏകാന്തതയെ മാറാപ്പിലിട്ട് എട്ടു മാസത്തെ ജോലി അവസാനിപ്പിച്ച് ഹരപ്പനഹള്ളിയിൽ നിന്നും ഞാൻ മടങ്ങുമ്പോഴും കമ്പനിപ്പടിക്കൽ ഒരിക്കലും കിട്ടാത്ത നീതിക്കുവേണ്ടി ഗ്രാമീണർ സമരം ചെയ്യുന്നുണ്ടായിരുന്നു. കമ്പനിയിലേക്ക് പോവുന്ന ആഡംബര കാറുകളിൽ ഇരുന്ന് ബഡാ സാബുമാർ സമരക്കാർക്കു പിച്ച കാശ് എറിഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു. ആ ക്രൂര ഫലിതം കണ്ട് കരയണോ ചിരിക്കണോ എന്നറിയാതെ ഞാൻ അന്തം വിട്ട് നിന്നു. എല്ലാ ക്രൂര ഫലിതങ്ങളെയും കണ്ണീരുപ്പു ചേർത്ത് എഴുതി ഇതിഹാസമാക്കി മാറ്റിയ മാർക്വേസ് എന്ന മൗലിക പ്രതിഭയുടെ സ്മരണയ്ക്കു മുമ്പിൽ വിനയാദരങ്ങളോടെ.

English Summary: Vayanavasantham, Column written by Abbas TP on Gabriel Garcia Marquez

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA
;