മലമുകളിൽനിന്ന് സമതലങ്ങളിലേക്ക് പരക്കുന്ന വെയിൽ

HIGHLIGHTS
  • ഓരോ സ്ഥലത്തെയും വെയിൽ ഓരോ പുതിയ മുഖം പോലെയാണ് എന്നു ഞാൻ വിചാരിച്ചു
  • ഒരാൾ റീഡറായി ജീവിക്കുമ്പോൾ അയാളുടെ അപരൻ ഓഥറായി മറ്റൊരിടത്തു ജീവിക്കുന്നുണ്ടാകും
ezhuthumesha-cokumn-by-ajay-p-mangattu-norwegian-author-jon-fosse
നോർവീജിയൻ നോവലിസ്റ്റ് യോൻ ഫോസെ. ചിത്രം : Shutterstock.com
SHARE

ഒരിക്കൽ ഞാൻ സുഹൃത്തിനൊപ്പം അദ്ദേഹത്തിന്റെ സഹോദരിയായ നർത്തകിയുടെ വീട്ടിൽ പോയി. വനാതിർത്തിയിൽ ഒരു മൈതാനത്തോടു ചേർന്നാണ് ആ വീട്. വേനൽക്കാലം. പകൽ ഈ മുറിയിൽ ഇരിക്കാം, ചൂട് അറിയില്ല, വൈകിട്ടു മുകളിലെ മുറിയിലേക്കു മാറാം, നർത്തകി പറഞ്ഞു. സുഹൃത്ത് എന്റെ ബാഗുകൾ എടുത്തു മുകളിലെ മുറിയിൽ കൊണ്ടുപോയി വച്ചു. മൈതാനം കാണാവുന്ന വാതിൽപടിയിൽ ഞാൻ നിന്നു. ഉച്ചയാകാൻ പോകുന്നേയുള്ളു. പുൽപരപ്പിലേക്കു തിളങ്ങുന്ന വെയിൽ നിവർന്നു കിടക്കുന്നതു കണ്ടു. ഓരോ സ്ഥലത്തെയും വെയിൽ ഓരോ പുതിയ മുഖം പോലെയാണ് എന്നു ഞാൻ വിചാരിച്ചു. സന്ധ്യക്ക് ബാൽക്കണിയിൽ നിന്ന് ആകാശം നോക്കിയാൽ വീർപ്പുമുട്ടും പോലെയാണ്, നർത്തകി പെട്ടെന്നു പറഞ്ഞു. സൂര്യപ്രകാശത്തിന്റെ വടിവുകൾ ഓരോ ഋതുവിലും വ്യത്യസ്തമാകുന്നതുപോലെ ഓരോ പ്രദേശത്തിനും അതിന്റേതായ വെളിച്ചങ്ങൾ ഉണ്ട് എന്ന് എനിക്കറിയാമായിരുന്നു. ഓരോ പ്രദേശത്തെയും വെളിച്ചങ്ങൾ വെവ്വേറെയായി ഞാൻ എടുത്തുവച്ചിട്ടുണ്ട്.

എന്തുകൊണ്ടെന്നാൽ, ചില പ്രദേശങ്ങളോട് എങ്ങനെയാണ് നിഗൂഢമായ അനുഭൂതി കലർന്ന ആത്മബന്ധം വരുന്നതെന്ന് വിശദീകരിക്കാൻ ഞാൻ ശ്രമിക്കുകയായിരുന്നു. ബോഡിനായ്ക്കനൂരിൽനിന്നുള്ള ഒരു സംഘം എന്റെ നാട്ടിൽ കച്ചവടം നടത്തിയിരുന്നു. എന്റെ വീടിന്റെ മുറ്റത്തുനിന്നാൽ കാണാവുന്ന ഒരു വാടകക്കെട്ടിടത്തിലാണ് അവർ താമസിച്ചിരുന്നത്. ഒരു വലിയ ഒറ്റമുറിയും അടുക്കളയും. മുറിക്കു നടുവിൽ ചമ്രം പടിഞ്ഞിരുന്ന് അവർ ഭക്ഷണം കഴിക്കും. രാത്രി കട പൂട്ടി വന്നാൽ അതേയിടത്തിൽ നാലഞ്ചുപേർ ഒരുമിച്ചു കിടന്നുറങ്ങും. രാവിലെ ഞാൻ മുറ്റത്തുനിന്നു നോക്കുമ്പോൾ അവരുടെ അടുക്കളമുറിയുടെ വാതിൽ തുറന്നു കിടക്കുന്നതു കാണാം. കിണറ്റിന്റെ കരയിൽ അവരെല്ലാം ഒരുമിച്ചുനിന്നു കുളിക്കും. വലിയ കൽച്ചട്ടിയിൽനിന്ന് ഓരോരുത്തരും വെള്ളം കോരി തലവഴി ഒഴിക്കുന്നു. സോപ്പു തേയ്ക്കുന്നു. വീണ്ടും വെള്ളം ചിതറുന്നു. വേനലിൽ സൂര്യൻ വേഗം വരും. കിണറിനു കുറുകെ വീഴുന്ന പുലരിവെട്ടം അവരുടെ ഉടലുകളിലൂടെ ഒഴുകും. കട്ടത്തൈരിൽ പഞ്ചസാര കലർത്തി ചോറിനൊപ്പം കഴിക്കുന്ന രീതി ഞാനാദ്യം കണ്ടത് അവരുടെ കൂടെയിരിക്കുമ്പോഴാണ്. ഞാൻ ഹൈസ്കൂളിൽ പഠിക്കുമ്പോൾ ഒരു വേനലവധിക്ക് അവരുടെ നാടായ ബോഡിനായ്ക്കനൂരു പോയി. മലമ്പാതയിലൂടെ ബസ് കുന്നിറങ്ങുമ്പോൾ സമതലത്തിന്റെ അതിരുകളിൽ മൂടൽമഞ്ഞുപോലെ എന്തോ ഒന്നു കണ്ടു. ഒപ്പം ഒരേതാളത്തിലുള്ള കാറ്റ് വന്നു. അപരാഹ്നത്തിലെ വെയിൽ എപ്പിഫനി പോലെയാണ് ഞാൻ കൊണ്ടത്. പർവതങ്ങളുടെ മറവുകളിൽനിന്നും സമതലത്തിന്റെ വിസ്തൃതിയിലേക്ക് ആദ്യമായി പ്രവേശിക്കുകയായിരുന്നു ഞാൻ. അതേപ്പറ്റി, ബോഡിനായ്ക്കനൂരിലേക്ക് ഇറങ്ങുന്ന താഴ്‌വരയിലെ വെയിലിനെയും കാറ്റിനെയും പറ്റി പറയാൻ ശ്രമിച്ചു പരാജയപ്പെടുന്ന ഓരോ സന്ദർഭവും പുതിയ എന്തോ ഒന്നു സംഭവിച്ചതുപോലെ തോന്നാറുണ്ട്. 

നർത്തകി കുറേക്കാലം കോളജ് അധ്യാപികയായിരുന്നു. ബോഡിനായ്ക്കനൂരിലേക്ക് എന്റെ സുഹൃത്തിനെ കാണാൻ ഞാൻ ആദ്യം പോയത് ഓർമയുണ്ട്. അവന്റെ സഹോദരി അവിടെ സ്വകാര്യ കോളജിൽ ജോലി ചെയ്യുന്നുണ്ട്. അവിടെ പോയി കാത്തിരിക്കുക, അവൻ വരാൻ കുറച്ചുവൈകും എന്നു ഞാൻ ബസിറങ്ങിയതിനു പിന്നാലെ വിളിച്ചു പറഞ്ഞു. ഞാൻ ആ കോളജിൽ പോയി, അവിടെ വച്ചാണു ഞാൻ നർത്തകിയെ ആദ്യം കണ്ടത്. അവൾ ഒരു കസേര കാട്ടിയിട്ട് അവിടെ ഇരിക്കൂ, ഇപ്പോൾ ചായ കൊണ്ടുവരും, അതു കുടിക്കണം എന്ന് എന്നോടു പറഞ്ഞു. അവൾ ക്ലാസെടുക്കാൻ പോയപ്പോൾ എനിക്കു ചായ വന്നു. തൊട്ടടുത്ത ക്ലാസ് മുറിയിൽ മറ്റാരോ പഠിപ്പിക്കുന്നത് എനിക്കു കേൾക്കാം. ഞാൻ ചായ കുടിച്ചുകൊണ്ടിരിക്കെ അതു കേൾക്കുന്നു. എലിസബത്ത് ബിഷപ്പിന്റെ ഒരു കവിത പറഞ്ഞുകൊടുക്കുന്നു. ഇംഗ്ലിഷ് വരികൾ മുറിച്ചുമുറിച്ചു വായിക്കുന്നു. വാക്കുകളുടെ അർഥങ്ങൾ പറയുന്നു. തമിഴിലും ഇംഗ്ലിഷിലുമായി ആ വരികളെ എടുത്തു നിവർത്തി നോക്കുന്നു, ഇഴകളിലൂടെ വെളിച്ചം പ്രസരിക്കുന്നു. ആ കവിതയിലെ ഒരു രംഗം വിവരിക്കുകയാണ്- ഒരു രാത്രിയാത്രയിൽ വനത്തിനു നടുവിലൂടെയുള്ള യാത്ര. ഏറ്റവും നിശബ്ദമായ ബസിനകം. മയക്കം. ബസിനു മുന്നിലേക്ക് പൊടുന്നനെ ഒരു കാട്ടുമൃഗം വന്നു വഴി മുടക്കുന്നു. അതിന്റെ കണ്ണുകളിൽനിന്നു വേറൊരു രാത്രി ഇറങ്ങിവരുന്നു. ബസ് അവിടെ കിടക്കുകയാണ്. വന്യതയുടെ കണ്ണുകളിലേക്ക് പ്രകാശത്തെ അയച്ചുകൊണ്ട്. അതു വഴിമാറിപ്പോകുന്നതും കാത്ത്. 

ചെറുപ്പത്തിൽ ബോഡിനായ്ക്കനൂരു വന്ന കാര്യം ഞാൻ നർത്തകിയോടു പറഞ്ഞു. എന്റെ ഓർമകൾ മങ്ങിപ്പോയിരിക്കുന്നു. അന്നു ഞാൻ പോയ വീടും ഒപ്പം നടന്ന മനുഷ്യരും ഇപ്പോൾ എവിടെയായിരിക്കും. എന്റെ സുഹൃത്ത് ഞാൻ പറഞ്ഞ കഥകൾ അവളോടും പറഞ്ഞിട്ടുണ്ട്. സ്റ്റാഫ് റൂമിലിരിക്കെ ഞാൻ എലിസബത്ത് ബിഷപ്പിനെ കേട്ടതിനെപ്പറ്റി അവനോടും അവളോടും പിന്നീടു പറഞ്ഞു. എനിക്കത് നല്ല ഇഷ്ടമായി. ചായ കുടിച്ചുകൊണ്ടിരിക്കെ, മങ്ങിയും തെളിഞ്ഞുമുള്ള സ്വരത്തിൽ ആ വരികൾ കേട്ടത്. അന്ന അഹ്മത്തോവയുടെ ലേഖനങ്ങളുടെ സമാഹാരം എനിക്കുവേണ്ടി വാങ്ങിയത് അവൻ എടുത്തുകൊണ്ടു വന്നു. അഹ്മത്തോവയുടെ ആദ്യകാല കവിതകൾ അപാര റൊമാന്റിക് ആണ്, സില്ലിയാണ് എന്ന് അവൻ പറഞ്ഞു. പക്ഷേ, അതുകൊണ്ടു മനോഹരമാണ് എന്നും; ഉദാഹരണത്തിന്-

‘I am content. But more precious than anything to me

Is the forest path, sloping gently,

The dilapidated bridge, which says a bit, 

And that there are only a few days left to wait.'

എന്ന വരികൾ. ഒക്ടോബർ വിപ്ലവത്തിനു തൊട്ടുമുൻപ്, കവിയുടെ ടീനേജു കാലത്ത് എഴുതിയതാണ്. അതിൽ dilapidated bridge, which says a bit, എന്ന വരി എനിക്കു വിശേഷിച്ചും ഇഷ്ടമായി. എന്റെ അമ്മവീട്ടിലേക്ക് ഒരു ജലാശയം കടന്നുവേണം പോകാൻ. പണ്ട് അവിടെ മരപ്പലകകൾ ഇളകിയാടുന്ന ഒരു പാലം ഉണ്ട് ജലാശയത്തിനു കുറുകെ. കുട്ടിയായിരിക്കെ ആരെങ്കിലും കൈ പിടിക്കാതെ അതു കടക്കാനാവില്ല. ഒരുസമയം ഒരാൾക്കു നടന്നുപോകാനുളള വീതിയേ ഉള്ളു. ഞാൻ മുന്നിൽ നടക്കുന്നു. കൈ പിടിക്കാൻ ഒരു വടം കെട്ടിയിട്ടുണ്ട്. അതിൽ പിടിക്കുന്നു. ഇളകുന്ന പലകകൾക്കു താഴെ വെള്ളം ഓളം വെട്ടുന്നതു കണ്ടു കാലുകൾ വിറയ്ക്കുന്നു. രക്ഷിതാവ് പിന്നാലെ തൊട്ടു നടക്കുന്നു. പേടിക്കേണ്ട, മെല്ലെ നടന്നോളൂ എന്ന് ഇടയ്ക്കിടെ പറയുന്നു. 

നർത്തകിയുടെ പ്രോഗ്രാം കഴിഞ്ഞുള്ള രാത്രി ഞങ്ങൾ ബാൽക്കണിയിലിരുന്നു സംസാരിക്കുകയായിരുന്നു. ഒരേസമയം എഴുത്തുകാരനും വായനക്കാരനുമായിരിക്കുന്നത് ഗംഭീരമാണ്, സുഹൃത്ത് പറഞ്ഞു. അത്തരത്തിൽ ഗാംഭീര്യം ഉള്ള ചിലരെപ്പറ്റി വിശദീകരിച്ചു. വായനക്കാരെയാണോ പുസ്തകങ്ങളെയാണോ എഴുത്തുകാരനു കൂടുതൽ ഇഷ്ടം, നർത്തകി ചോദിച്ചു. കൗശലം നിറഞ്ഞ ചോദ്യം. നർത്തകിയെയാണോ നൃത്തത്തെയാണോ കൂടുതൽ ഇഷ്ടം, ഞാൻ ചോദിച്ചു. ബുദ്ധിമാൻ എന്നു പറഞ്ഞ് സുഹൃത്ത് ഉറക്കെ ചിരിച്ചു. എനിക്കു പുസ്തകങ്ങളാണ് ആദ്യം വന്നത്. പിന്നീട് എഴുത്തു വന്നു. എഴുത്തിനും ശേഷമാണ് എന്റെ വായനക്കാർ ഉണ്ടായത്. പക്ഷേ ഒരു രീതിയിൽ നോക്കിയാൽ ഒരാൾ റീഡറായി ജീവിക്കുമ്പോൾ അയാളുടെ അപരൻ ഓഥറായി മറ്റൊരിടത്തു ജീവിക്കുന്നുണ്ടാകും. doppelganger എന്നാണ് ഇതിനെ പറയുക. പരാജിതനായ എഴുത്തുകാരൻ തന്റെ വിജയിച്ച ജീവിതം മനസ്സിൽ കാണുന്നതുപോലെ വിജയിച്ച എഴുത്തുകാരൻ പരാജിതനെയും സങ്കൽപിക്കുന്നു. 

ഏഴു പുസ്തകങ്ങളായി നോർവീജിയൻ നോവലിസ്റ്റ് യോൻ ഫോസെ (Jon Fosse) എഴുതിയ സെപ്റ്റോളജിയുടെ (Septology) പ്രമേയം ഇതാണ്. ദൈവവിശ്വാസവും മദ്യപാനവും കലാപ്രവർത്തനവും മരണവും വിരഹവും നിറയുന്ന സെപ്റ്റോളജിയിൽ, ഒരു ചിത്രകാരൻ അയാളുടെ അവസാനത്തേതെന്നു പറയാവുന്ന വളരെ മിസ്റ്റീരിയസ് ആയ ഒരു ചിത്രം വരച്ചുകൊണ്ടിരിക്കുന്നു. ഇരുട്ട് എങ്ങനെയാണു പ്രകാശിക്കുന്നത് എന്നു വിവരിക്കുന്നു. നോർവേയിലെ ഒരു തീരപട്ടണത്തിലാണു കഥ നടക്കുന്നത്. മഞ്ഞുകാലം നേരത്തേ എത്തിയിരിക്കുന്നു. തന്റെ അതേ പേരുള്ള ഒരു ചിത്രകാരൻ അന്നേദിവസം മരണാസന്നനായി മഞ്ഞുപാതയിൽ കുഴഞ്ഞുവീഴുന്നു. രണ്ടുപേരും വ്യത്യസ്തരാണ്, സമാനരുമാണ്. ഒരാൾ മദ്യപാനം നിർത്തി, ദൈവപാതയിലേക്കു വന്ന മനുഷ്യനാണ്. മറ്റേയാൾ അമിത മദ്യപാനം മൂലം മരണക്കിടക്കയിലായ ആളാണ്. ഒരാൾ മരിച്ചുപോയ ഭാര്യയുടെ സ്മരണകളിലും പ്രാർഥനകളിലും ജീവിക്കുമ്പോൾ മറ്റേയാൾ ദൈവരഹിതനും നിസ്വനുമാണ്. പക്ഷേ രണ്ടുപേരും ഒരാളാണ്. ഒരാളിൽ എത്ര മനുഷ്യരുണ്ടെന്നാണ് ചോദ്യം. ഫുൾ സ്റ്റോപ്പില്ലാതെ, പാരഗ്രാഫില്ലാതെ, കോമകൾ കൊണ്ടു മാത്രം ആഖ്യാനം നടത്തുന്ന ഈ ശൈലിയിൽ ആവർത്തനം എന്നതു വിരസതമല്ല മാന്ത്രികതയാണു പകരുന്നത്. അതായത് ഇതുവരെയിറങ്ങിയ 5 പുസ്തകങ്ങളുടെയും തുടക്കം ഒരേ കാര്യമാണ്- ബ്രൗൺ, പർപ്പിൾ നിറങ്ങളിലുള്ള രണ്ടു വരകളാണു ക്യാൻവാസിൽ. കനമാർന്ന ഈ രണ്ടു വരകൾ പരസ്പരം ഒരു കുരിശ് എന്ന പോലെ പരസ്പരം സംഗമിക്കുകയും ചെയ്യുന്നു. ഇതു വരയ്ക്കുന്നതിന്റെ വിവരണത്തോടെയാണ് ഓരോ പുസ്തകവും ആരംഭിക്കുന്നത്. അതേപോലെ ഓരോ പുസ്തകവും ‘സ്വർഗസ്ഥനായ പിതാവേ’, ‘നന്മനിറഞ്ഞ മറിയമേ’ എന്നീ പ്രാർഥനകളിലാണ് അവസാനിക്കുന്നത്. കൊന്തയുമായി നടക്കുന്ന ഒരു ചിത്രകാരനാണിത്. ഒരേ രംഗങ്ങൾ, ഒരേ സംഭവങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നു. പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. വായനക്കാരന്റെ ഉയിരും ഉടലും തപിക്കുന്ന ആഭിചാരക്രിയ പോലെയാണു ഫോസെയിലെ ഈ ആവർത്തനം. 

ezhuthumesha-cokumn-by-ajay-p-mangattu-indian-poet-akkitham-achuthan-namboothiri
അക്കിത്തം. ചിത്രം : മനോരമ

ബോഡിനായ്ക്കനൂരിലേക്ക്, കുട്ടിയായിരിക്കെ പോയപ്പോൾ അന്നു ഞാൻ താമസിച്ച വീട്ടിൽ എന്റെ സുഹൃത്തും അയാളുടെ സഹോദരിയും ഉണ്ടായിരുന്നു എന്നു ഞാൻ അവരോടു പറഞ്ഞു. ഫോസെയുടെ സെപ്റ്റോളജി വായിക്കുന്നതിനും മുൻപേയാണിത്. കോവിഡിനു തൊട്ടുമുൻപേ. നിങ്ങളുടെ വീട്ടിലാണു അന്നു ഞാൻ താമസിച്ചത്. അന്ന് നമ്മൾ ഒരുമിച്ചു കോവിലിൽ പോയെന്നും ഞാൻ പറഞ്ഞു. നിങ്ങൾക്കത് ഓർക്കാനാകുന്നുണ്ടോ, നമ്മൾ സൈക്കിളിൽ പോയപ്പോൾ മലയിൽനിന്ന് മൈതാനത്തേക്കു സന്ധ്യാപ്രകാശം പരക്കുന്നതു കണ്ടുനിന്നത്, ഞാൻ ചോദിച്ചു. നർത്തകിയും സുഹൃത്തും പരസ്പരം നോക്കി. ഞാൻ വളരെ സീരിയസ് ആയ ഒരു ചോദ്യമാണ് ഉന്നയിച്ചതെന്ന ബോധ്യത്തിൽ സുഹൃത്ത് പറഞ്ഞു, നല്ല സങ്കൽപം. പക്ഷേ ഞങ്ങളുടെ കുടുംബത്തിലെ ആരും കേരളത്തിൽ കച്ചവടം ചെയ്യാൻ പോയിട്ടില്ല. പോയിരുന്നുവെവെങ്കിൽ ഞാൻ നീ പറഞ്ഞതു വിശ്വസിച്ചുപോയേനെ, സുഹൃത്ത് നെടുവീർപ്പിട്ടു. ഞാൻ ഉറക്കത്തിൽ സംസാരിക്കാറുണ്ട് എന്നു നീ പറഞ്ഞത് ഓർമയുണ്ടോ, ഞാൻ നർത്തകിയോടു ചോദിച്ചു. ഇനീം ഈ കഥ തുടർന്നാൽ നിന്നെ ബാൽക്കണിയിൽ നിന്നു തള്ളി താഴെയിടും, അവൾ എഴുന്നേറ്റ് വന്ന് എന്റെ തോളത്ത് പിടിച്ചു പറഞ്ഞു. അരുത്, പകരം ഞാൻ ഈ രാത്രിക്കു ചേരുന്ന ഒരു കവിത വായിക്കാം, ഞാൻ പറഞ്ഞു. ആരുടെ കവിതയാണ്, സുഹൃത്ത് ചോദിച്ചു. ഞാൻ എഴുന്നേറ്റുപോയി പുസ്തകം എടുത്തുകൊണ്ടുവന്നു. അക്കിത്തം, ഞാൻ പറഞ്ഞു, കവിതയുടെ പേര് സഹ്യനിൽ ഒരു രാത്രി. മഞ്ഞ കലർന്ന പുറംചട്ടയുള്ള ആ പുസ്തകം ഞാൻ നിവർത്തി. അടയാളം വച്ച താളുകൾ മറിഞ്ഞു. ഇത് റെക്കോർഡ് ചെയ്യാമെന്നു പറഞ്ഞ് നർത്തകി ക്യാമറയുമായി മുന്നിൽ വന്നുനിന്നു. ഇരുട്ടിന്റെ മണമുള്ള ഒരു കാറ്റ് വന്ന് അവളുടെ മുടിത്തുമ്പുകൾ തൊട്ടുപോയി. 

“അത്ര വിചിത്രമാമൊരനുഭൂതിയിലെ-

ന്നാത്മാവൊഴുകിയ നിശ പോകെ,

മന്ദമെണീറ്റവലോകം ചെയ്തേൻ

സുന്ദരമാമാ മലയോരം.

അരുണിമപുരളുമൊരിളവെയിലാലെ-

ന്നന്തർമ്മണ്ഡലമൊളിയേൽക്കേ

ജീവനിലഭിനവകലിക വിടർന്നൂ

ഭാവന വീശി സൗരഭ്യം”

Content Summary : Ezhuthumesha Column by Ajay P. Mangattu - A rustic life in Bodinayakanur

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA
;