ADVERTISEMENT

ഇത് എന്റെ ഉമ്മ. ഉമ്മന്റെ ഭാഷയിൽ പറഞ്ഞാൽ ‘പത്ത് മക്കളെ പെറ്റ പാപി...’’. ഇൗ ഉമ്മാന്റെ എട്ടാമത്തെ മോനാണ് ഞാൻ. എന്റെ അന്തം വിട്ട വായന കണ്ട് എനിക്ക് വായിച്ച് വട്ടാവുമെന്ന് ആദ്യം പ്രവചിച്ചത് ഉമ്മയാണ്. ഉമ്മാന്റെ ഭാഷയിൽ ‘ഓതി മറിയുക’. അങ്ങനെ ഓതി മറിഞ്ഞപ്പോൾ എനിക്കായി ഏറ്റവും കൂടുതൽ വേദനിച്ചതും എന്നെ  ചേർത്തു പിടിച്ചതും ഈ ഉമ്മ തന്നെയാണ്. മറ്റുള്ളവരുടെ അമ്മമാർക്ക് വന്നാൽ അത് ചന്നിയും സ്വന്തം അമ്മയ്ക്ക് വന്നാൽ ഓർമത്തെറ്റുമായി മാറുന്ന ഒരു ദുരവസ്ഥയിലാണ് ഉമ്മ ഇപ്പോൾ ജീവിക്കുന്നത് .എന്റെ ഉമ്മാക്ക് എഴുതാനും വായിക്കാനും അറിയില്ല. അറിഞ്ഞാൽ പോലും ഇപ്പൊ ഉമ്മാന്റെ മുമ്പിൽ നിവർത്തിവച്ച ഈ പുസ്തകം ആരുടേതാണെന്നോ അത് ഞാൻ എഴുതിയതാണെന്നോ  ഉമ്മാക്ക് മനസിലാക്കാൻ കഴിയില്ല.

ഒറ്റയടിക്കല്ല ഉമ്മ ഈ മറവിപ്പുറ്റിലേക്ക് നൂണ്ട് പോയത്. മെല്ലെ മെല്ലെ ഉമ്മാന്റെ ഓർമകളുടെ വാതിലുകൾ അടയുകയായിരുന്നു. ആ അടയലിന്റെ നിസ്സഹായതയിൽ ഉപ്പാന്റെ മരണം പോലും ഓർമയില്ലാതെ ഉപ്പാക്ക് ചോറ് കൊടുത്തോന്ന് ഇപ്പഴും ഈ ആറു വർഷങ്ങൾക്കു ശേഷവും ഉമ്മ ചോദിച്ചു കൊണ്ടേയിരിക്കുന്നു.

അഞ്ച് മിനിട്ടിനുള്ളിൽ ‘‘ഇജ് ആര്ടെ കുട്ടിയാ ...’’ എന്ന് ഉമ്മ എന്നോട് ആറു വട്ടം ചോദിക്കും. ഉമ്മാന്റെ എട്ടാമത്തെ സന്തതിയെന്ന് ഞാൻ മറുപടിയും പറയും. പിന്നെയും ഉമ്മ ചോദിക്കും. 

‘‘അല്ലാ ... ഇജ്ജ് ഈ കുടീത്തെ കുട്ടിയാ...?’’

‘‘അതെമ്മാ...ഞാൻ അബ്ബാസാണ്...’’

ഉമ്മ അത് അപ്പൊ തന്നെ മറക്കും അടഞ്ഞ് പോയ ഓർമ വാതിലുകളുടെ അപ്പുറത്തെ ഇരുളിൽ ഞാൻ ഉണ്ടാവുമോ എന്ന ചിന്തയിൽ എന്റെ നെഞ്ച് കനക്കും.

ഓർമയുടെ വാതിലുകൾ അടയുന്നതിനു മുമ്പായിരുന്നെങ്കിൽ എന്റെ ഈ പുസ്തകത്തിന്റെ ഉള്ളടക്കം മനസിലായില്ലെങ്കിലും ഇത് ഞാൻ എഴുതിയതാണെന്ന് ഉമ്മാക്ക് മനസിലാവുമായിരുന്നു. എന്നെ ചേർത്തു പിടിക്കുമായിരുന്നു.ഇക്കാലമത്രയും ചുട്ട് പൊള്ളിയ എന്റെ നിറുകയിൽ ഏറ്റവും സ്നേഹത്തോടെ ഉമ്മ ചുംബിക്കുമായിരുന്നു. നഷ്ടമായ ആ ചുംബനത്തിലും വലിയ നഷ്ടങ്ങളൊന്നും ഇതുവരെ എനിക്ക് ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാവാനില്ലെന്നും ഞാൻ തിരിച്ചറിഞ്ഞു കഴിഞ്ഞു. പക്ഷേ അതിന് ഇക്കണ്ട കാലം മുഴുവൻ എനിക്ക് തണലിടങ്ങളില്ലാത്ത പാതയിലൂടെ നടക്കേണ്ടി വന്നു.

malayalam-writer-abbas-t-p-and-mother
അബ്ബാസ് ടി.പിയും ഉമ്മയും

ഉമ്മാന്റെ ബന്ധു വീടുകളിലേക്ക് അരയിൽ തിരുകിയ സഞ്ചിയുമായി ഉമ്മാന്റെയൊപ്പം ഞാൻ ഭിക്ഷാടന വിരുന്ന് പോയത് ഇന്നലെയാണെന്ന് തോന്നിപ്പോവുന്നു. അവിടുന്ന് കിട്ടിയ രുചിയുള്ള ഭക്ഷണം ഓർക്കുന്നു. ആ വലിയ വീടുകളിലെ വില കൂടിയ വീട്ടുപകരണങ്ങളിൽ കൗതുകത്തോടെ തൊട്ട ഞാനെന്ന കുട്ടിയെ ഓർക്കുന്നു .അവർ സ്നേഹ ദാനമായി തന്ന അരിയും തേങ്ങയും ചുമന്ന് നടന്ന വഴികളെ ഓർക്കുന്നു. ആ വഴികളിൽ ഉടനീളം സമ്പന്നരായ ആ ബന്ധുക്കളെ തന്റെ ഉപ്പ പണ്ട് സഹായിച്ചതിന്റെഓർമകൾ ഉമ്മ പറയുമായിരുന്നു.മറക്കാൻ കഴിയുന്നതൊക്കെ മറന്ന് പോയ അവരോട് അതൊക്കെ ഓർമിപ്പിക്കേണ്ടി വരുന്ന എന്റെ ഉമ്മാന്റെ അവസ്ഥ മറ്റൊരു ഉമ്മാക്കും ഉണ്ടാവല്ലേന്ന് ഞാൻ അക്കാലത്ത് ദൈവത്തോട് പ്രാർത്ഥിക്കുമായിരുന്നു.

മക്കളുടെ പാത്രങ്ങളിലേക്ക് ചോറ് വിളമ്പി, കാലിയായ ചോറ്റു കലത്തിലേക്ക് വെള്ളമൊഴിച്ച്, മക്കൾ കാണാതിരിക്കാൻ മാറി നിന്ന് അത് കുടിച്ച ഈ ഉമ്മാനെ ഞാൻ എങ്ങനെയാണ് അടയാളപ്പെടുത്തുക ?

മക്കൾക്ക് ഭക്ഷണം തന്നെ തികച്ച് വിളമ്പാനില്ലാത്ത ഉമ്മ തന്റെ സ്നേഹം വിളമ്പിയപ്പൊ തനിക്ക് കിട്ടിയത് കുറഞ്ഞു പോയല്ലോ എന്ന് പരിഭവിച്ച ഞാനെന്ന ആ കുട്ടി ഇപ്പോൾ ഉള്ളിൽ നിശബ്ദമായി കരയുകയാണ്. 

അവന്റെയുള്ളിൽ ഉമ്മനടന്ന ആ കനൽപാതകളൊക്കെ തെളിയുകയാണ്. വാക്കുകളിലേക്ക് പകർത്താനാവാത്ത വേദനയായി ഉമ്മ എന്റെ മുമ്പിൽ കിടക്കുകയാണ്. 

ജീവിതം ഇങ്ങനെയൊക്കെയാണ്. ഒട്ടും കനിവില്ലാതെ അത് നമ്മളെ വേട്ടയാടും .

ഓർത്തെടുക്കേണ്ട കുറേ കാര്യങ്ങൾ മാത്രമാണ് ജീവിതമെന്നിരിക്കെ, ഓർമകളുടെ വാതിലുകൾ എല്ലാം അടഞ്ഞ തലച്ചോറുമായി എന്റെ ഉമ്മ...ഒരു വാക്ക് പോലും ഇനി മുമ്പോട്ട് എഴുതാനാവാതെ ഞാനെന്ന മകൻ.

Content Summary : Abbas T.P talks about his mother in his memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com