ദിവ്യമായ അവ്യക്തതയുടെ അദൃശ്യപാദങ്ങൾ

PK Balakrishnan
പി.കെ. ബാലകൃഷ്ണൻ. ചിത്രത്തിന് കടപ്പാട് – വിക്കിപീഡിയ
SHARE

1962 ൽ പി.കെ. ബാലകൃഷ്ണൻ എഴുതിയ ‘നല്ല  നോവലും മഹത്തായ നോവലും’ എന്ന ലേഖനം നോവലുകളെ സംബന്ധിച്ച് നമ്മുടെ ഉള്ളിലുള്ള പല തരം സന്ദേഹങ്ങളെ അഭിമുഖീകരിക്കുന്നു. നല്ല നോവലും ചീത്ത നോവലും എന്ന തലക്കെട്ടിൽ ഒരു ലേഖനം എന്റെ മനസ്സിൽ വന്ന സമയത്താണു ഞാൻ പികെയുടെ നോവൽ പഠനങ്ങൾ വായിച്ചത്. അതു സാമ്പ്രദായികമായ നിരൂപണശൈലിയിൽ എഴുതിയവയല്ല. വായനയുടെ ഹരം മൂത്ത് ഒരാൾ എഴുതിപ്പോയവയാണ്. നോവലിന്റെ രൂപം, ഉള്ളടക്കം തുടങ്ങിയവയ്ക്കൊന്നിനും സാർവത്രിക പ്രാബല്യമുള്ള നിയമങ്ങൾ ഇല്ല എന്നു കൃത്യമായി പറഞ്ഞു തുടങ്ങുന്ന ആ ലേഖനത്തിൽ, നല്ല നോവലിൽനിന്ന് മഹത്തായ നോവലിലേക്കുള്ള കൃതിയുടെ പരിവർത്തനം എങ്ങനെയാണു സംഭവിക്കുന്നതെന്ന് അന്വേഷിക്കാൻ ശ്രമിക്കുന്നു. മഹത്തായ കല അവ്യക്തതയുടെ കല കൂടിയാണെന്നു ചൂണ്ടിക്കാട്ടുന്നു. ഫ്ലോബേർ, ജെയിൻ ഓസ്റ്റിൻ, ടോൾസ്റ്റോയി, ഡെസ്റ്റോയെവ്സ്കി തുടങ്ങിയവരുടെ രചനകളുടെ സ്വഭാവങ്ങളെയും വിലയിരുത്തുന്നു. ഒരു കൃതിയിൽ വ്യാഖ്യാനസാധ്യതകൾ ഇല്ലാതാകുന്നതോടെ അത് മഹത്വത്തിൽനിന്നു താഴേക്കു പതിക്കുന്നുവെന്നു നിരീക്ഷിച്ചാണ് ആ ലേഖനം അവസാനിക്കുന്നത്. “മഹത്തായ കല ഒരർഥത്തിൽ അവ്യക്തതയുടെ കലയാണ്. നല്ല നോവലും മഹത്വപദവിയിലേക്ക് ഉയരുന്നത് ദിവ്യമായ അവ്യക്തതയുടെ അദൃശ്യപാദങ്ങൾ ചവിട്ടിയാണ്.............”. “.... മഹത്തായ നോവൽ, നോവലിസ്റ്റിന്റെ ബോധമണ്ഡലത്തെക്കൂടാതെ അതിനപ്പുറം എന്തൊക്കെയോ അവതരിപ്പിക്കുന്നു, ധ്വനിപ്പിക്കുന്നു. ആ ധ്വനി അവ്യക്തമാണ്.”

ഈ അവ്യക്തതയാണു നിഗൂഢതയുടെ സൗന്ദര്യം കലാസൃഷ്ടിക്കു കൊണ്ടുവരുന്നതെന്നു കരുതാം. അറിയാൻ ഇനിയും ബാക്കിയുള്ളതുകൊണ്ടാണല്ലോ പ്രപഞ്ചത്തിന്റെ സൗന്ദര്യം അമേയമായി തുടരുന്നത്. അറിയാത്തത് ഉണ്ടാക്കുന്ന ജിജ്ഞാസ ആവാം ഇതിനു കാരണം. അപൂർണമായ രചനകൾക്കും ഇത്തരത്തിൽ ഒരു പ്രത്യേക സൗന്ദര്യമുണ്ട്. റോബർട്ട് മുസിലിന്റെ വിഖ്യാതമായ നോവൽ The Man without Qualities അത്രയേറെ താളുകൾ പിന്നിട്ടിട്ടും അപൂർണമായി തുടരുന്നു. കാഫ്കയുടെ നോവലുകളും അപൂർണങ്ങളാണ്. ഇവിടെ കൃതിയുടെ അപൂർണതയ്ക്കു കാരണം എഴുത്താളുകൾക്ക് അവ പൂർത്തിയാക്കാൻ കഴിയാതെ പോയതാണ്. റോബർട്ടോ ബൊലാനോയുടെ കൃതികൾ പൂർണങ്ങളാണെങ്കിൽകൂടിയും അവ അവസാനിക്കുന്നതായി അനുഭവപ്പെടാറില്ല. കഥയുടെ ഒരു തെരുവിൽ, ഒരു സന്ധ്യയിൽ, ഒരു ജനാലയ്ക്കരികെ അത് പെട്ടെന്നു നിലച്ചുപോകുന്നു. കാണാതായ ഒരാളെ നിങ്ങൾ തിരഞ്ഞുപോകുമെങ്കിലും കണ്ടെത്തുകയില്ല. ചില നോവലുകളുടെ അന്ത്യം വായനക്കാരിൽ അതൃപ്തി ഉണ്ടാക്കുന്നു. ‘കാഫ്ക ഓൺ ദ് ഷോർ’ എന്ന മുറാകാമിയുടെ നോവലിലും പൂർണമാകാത്ത കുറേ സ്ഥലങ്ങൾ കാണാം. വായനക്കാർ ആ നോവൽ ആസ്വദിക്കുന്നുവെങ്കിലും കുറേ ദുരൂഹതകൾ ബാക്കിയാവുന്നു. അതേപ്പറ്റിയുള്ള സന്ദേഹങ്ങൾ സുഖകരമായ ഒരു അസ്വസ്ഥതയായി ബാക്കിനിൽക്കുന്നു.

1981 ലാണു സൂസൻ സൊന്റാഗ് A Barthes Reader എഡിറ്റ് ചെയ്തശേഷം അതിനു സുദീർഘമായ ആമുഖം എഴുതിയത്. wrting itself എന്ന ആ ലേഖനത്തിൽ ബാർത്തിന്റെ സമീപനങ്ങളെയും ചിന്തകളെയും സൊന്റാഗ് വിവരിക്കുന്നു. സാഹിത്യത്തെ സംബന്ധിച്ചു ബാർത്ത് പറഞ്ഞ ഒരു വാക്യം സൊന്റാഗ് എഴുതുന്നു, ‘സാഹിത്യം ഫോസ്ഫറസ് പോലെയാണ്. അത് അണയാൻ തുടങ്ങുമ്പോഴാണ് ഏറ്റവും ഉജ്ജ്വലമായി പ്രകാശിക്കുന്നത്.’ മരണവുമായി ബന്ധപ്പെടുത്തിയാണു ബാർത്ത് എപ്പോഴും നോവലിനെ വിവരിച്ചിരുന്നത്. സൊന്റാഗ് ബാർത്തിന്റെ എഴുത്തിനെ വിശദീകരിക്കുന്നതു രണ്ടു താരതമ്യങ്ങൾ കൂടി നടത്തിയാണ്. ആദ്യത്തേത് സാർത്രെയും ബാർത്തും തമ്മിലുള്ളത്, രണ്ടാമത്തേത് വാൾട്ടർ ബെന്യമിനുമായുള്ള താരതമ്യമാണ്. പ്രതിജ്ഞാബദ്ധത എന്ന ആശയത്തിലേക്ക് സാർത്രെ തന്റെ സാഹിത്യസങ്കൽപങ്ങളുമായി ചുരുങ്ങിയത് സിദ്ധാന്തത്തോടുള്ള അമിതമായ ആശ്രയം മൂലമായിരുന്നു. ബെന്യമിൻ പക്ഷേ ഈ സിദ്ധാന്തപരമായ കെട്ടുപാടുകളെ അഴിക്കാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. പടിഞ്ഞാറൻ യൂറോപ്പിന്റെ ആധുനികതയുടെ രണ്ടു ദീപസ്തംഭങ്ങളാണു സാർത്രെയും വാൾട്ടർ ബെന്യമിനും.

a-barthes-reader

ഈ രണ്ടുപേരിൽനിന്നു ബാർത്ത് മുന്നോട്ടു പോയത് ഭാഷ കൊണ്ടു മാത്രമാണ്, ഭാഷയ്ക്കുള്ളിൽ മാത്രമാണ് മനുഷ്യന്റെ മരണാനന്തര പ്രവൃത്തികൾ നടക്കുന്നതെന്ന ബോധ്യത്തിലൂടെയാണ്. കറുപ്പും വെളുപ്പും നന്മയും തിന്മയും എന്നിങ്ങനെ സ്ഥിര ദ്വന്ദ്വങ്ങളോടു നിരന്തരം കലഹിക്കുകയും ചെയ്തു. സാഹിത്യമെന്നത്, ഏതു യാഥാർഥ്യത്തെയും ഭാഷയിലൂടെ അവതരിപ്പിക്കാനുള്ള മനുഷ്യന്റെ അപാരമായ പ്രയത്നമാണെന്നു ബാർത്ത് മനസ്സിലാക്കി. 

ഒരാൾ എന്തിനാണെഴുതുന്നത്- ചിരകാലമായ ഈ ചോദ്യത്തിന് ഓരോ എഴുത്താളിനും അവരുടേതായ ഒരു ന്യായം പറയാനുണ്ടാകും. ഒരു കാര്യം എഴുതുമ്പോഴുള്ള സുഖമാണ് എഴുത്തിൽ തന്നെ പിടിച്ചുനിർത്തുന്നതെന്നു ബാർത്ത് പറയുന്നു -‘the great adventure of pleasure’

പുസ്തകങ്ങളുടെ ലോകത്തു രണ്ടുതരം മനുഷ്യരാണ് ഉളളത്- വായനക്കാരും വായനക്കാരാകാൻ ആഗ്രഹിക്കുന്നവരും. ഈ രണ്ടുതരം മനുഷ്യർ പുസ്തകങ്ങളെ നിലനിർത്തുന്നു, പുസ്തകങ്ങളുടെ മൂല്യം ഉയർത്തുന്നു. ബാർത്ത് പറഞ്ഞ ‘the great adventure of pleasure’ വായനക്കാരിലേക്കു പ്രസരിക്കുന്നത് ഇവരുടെ തളരാത്ത പുസ്തക അഭിലാഷങ്ങളിലൂടെയാണ്. വാസ്തവത്തിൽ ഇവർ രണ്ടു കൂട്ടരല്ല, ഒരാളുടെ തന്നെ രണ്ട് അവസ്ഥകൾ പോലുമാകാം. ചിലർ ജന്മവാസന കൊണ്ടെന്ന പോലെ പുസ്തകങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നു. മറ്റു ചിലർ ചില സാഹചര്യങ്ങളാലാകാം വായനയിലേക്കു വരുന്നത്. ചിലർ കുറച്ചുകാലം മാത്രം വായനയുമായി നടന്നശേഷം പിന്നീട് അതിൽനിന്ന് അകന്നുപോകുന്നു. അപ്പോഴും അവർ പുസ്തകങ്ങൾ വാങ്ങുകയും അവയെപ്പറ്റി സംസാരിക്കുകയും ചെയ്യുന്നു. മറ്റൊരു ദിവസം ഞാൻ വായനയിലേക്കു തിരിച്ചുവരും എന്നു വിചാരിച്ചു പുസ്തകങ്ങളെ നോക്കിക്കൊണ്ടു കാലം കഴിക്കുകയും ചെയ്യും. വായനക്കാരാകാൻ ആഗ്രഹിക്കുന്ന ഈ മനുഷ്യരാണ് പുസ്തകങ്ങളെ ഏറ്റവും സ്നേഹിക്കുന്നത് എന്നും എനിക്കു തോന്നുന്നു. ഒരിക്കൽ വായിക്കും എന്ന വിശ്വാസത്തിലാണ് അവർ പുസ്തകലോകത്തു തുടരുന്നത്. അവരുടെ വീടാണ് ഏറ്റവും വിശാലമായ ലൈബ്രറി. അവരുടെ പ്രതീക്ഷ ഏറെ ദീപ്തമാണ്, ജീവിതത്തിന്റെ യഥാർഥ അനിശ്ചിതത്വം പ്രകടിപ്പിക്കുന്നത് വലിയ വായനക്കാരാകാൻ വെമ്പുന്ന പുസ്തകസ്നേഹികളുടെ ജീവിതമാണ്. അവർ ചിലപ്പോൾ തങ്ങളുടെ സ്വപ്നം പൂർത്തിയാക്കാതെ മരിച്ചുപോയേക്കാം, അവരുടെ ലൈബ്രറി അനാഥമായി ശേഷിക്കുകയും ചെയ്യും. എന്റെ ചെറുപ്പകാലത്ത് എന്റെ പപ്പ പത്രങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും വിൽക്കുന്ന ഒരു ചെറിയ കട നടത്തിയിരുന്നു. തറവാട്ടിൽ ചെല്ലുമ്പോൾ എന്റെ അമ്മായി ഈ വാരികകളും മറ്റും എന്നെക്കൊണ്ട് ഉറക്കെ വായിപ്പിക്കുമായിരുന്നു. ഈ സാഹചര്യം അച്ചടിച്ച അക്ഷരങ്ങളോട് എനിക്ക് അടുപ്പമുണ്ടാക്കി. അന്നു കടയിൽ വരാറുണ്ടായിരുന്ന മുരുകൻ എന്ന, എന്നേക്കാൾ ആറേഴു വയസ്സു മുതിർന്ന ചെറുപ്പക്കാരനു ചിത്രകഥകളുടെ വൻശേഖരം സ്വന്തമായിരുന്നു. ഞങ്ങൾ കൂട്ടുകാരായപ്പോൾ സ്ഥിരമായി ഇത്തരം മാസികകൾ കൈമാറാൻ തുടങ്ങി. അമ്പിളി അമ്മാവൻ എന്ന പ്രസിദ്ധീകരണത്തിന്റെ ബൈൻഡ് ചെയ്ത പുസ്തകങ്ങൾ മുരുകനാണ് എനിക്കു തന്നത്. 

പികെ. ബാലകൃഷണന്റെ നല്ല നോവലും മഹത്തായ നോവലും എന്ന ലേഖനത്തെപ്പറ്റി പറഞ്ഞാണു നാം തുടങ്ങിയത്. നല്ല നോവൽ പോലെ ചീത്ത നോവലും ഉണ്ടാകണമല്ലോ, സാമാന്യമായി പറഞ്ഞാൽ, നല്ല മനുഷ്യരും ചീത്ത മനുഷ്യരും പോലെ.. എനിക്കു തോന്നുന്നത്, ചീത്ത മനുഷ്യനിൽ നല്ല ഗുണങ്ങളും ഉണ്ട് എന്ന പോലെ ചീത്ത പുസ്തകങ്ങളിലും ചില നല്ല ഘടകങ്ങൾ ഉണ്ടാകാനാണു സാധ്യത. ഒരു ചീത്ത സിനിമയിൽ പൊടുന്നനെ മനോഹരമായ ചില രംഗങ്ങൾ പ്രത്യക്ഷപ്പെടും പോലെ.  

ഞാൻ ഒരുപാടു ചീത്ത പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ചില സാഹചര്യങ്ങളിൽ ഒരു ചീത്ത പുസ്തകമാകാം മറ്റൊരു നല്ല പുസ്തകത്തിലേക്കു വഴി തുറക്കുന്നത്. ആനന്ദം, സാഹസികമായ സുഖം എവിടെയാണ് നമ്മെ കാത്തിരിക്കുന്നതെന്നു നമുക്കറിയില്ലല്ലോ. ഒരിക്കൽ ഒരു യാത്രയ്ക്കിടെ ഒരു ചെറിയ പട്ടണത്തിലെ തിയറ്ററിൽ സെക്കൻഡ് ഷോക്കു കയറി. മടക്കയാത്രയ്ക്കുള്ള ബസ് വരാൻ കുറേ സമയം ഉണ്ടായിരുന്നതു കൊണ്ടാണത്. ഭാരതിരാജയുടെ സിനിമയായിരുന്നു അത്. അതിൽ അന്ത നിലാവു താനാ... എന്ന ഇളയരാജയുടെ പാട്ടു പൂർത്തിയാകും മുൻപേ ഞങ്ങൾ തിയറ്ററിൽനിന്ന് ഇറങ്ങി ബസ് സ്റ്റേഷനിലേക്ക് ഓടി. തിയറ്ററിനു മുന്നിലെ അരണ്ട വെളിച്ചം മാത്രമുള്ള തെരുവിന്റെയോരത്ത് മൂന്നാലുപേർ ഒരു കുഴിയിൽ എന്തോ കത്തിക്കുന്നുണ്ടായിരുന്നു. കത്തുന്ന മണത്തിനും പുകയ്ക്കുമിടയിലൂടെ ഇളയരാജയുടെ ഈണം അകന്നു പോകുന്ന കാതുകളുമായി ഞങ്ങൾ ബസിൽ കയറി. സിനിമ പാതിയിൽ നഷ്ടമായതിന്റെ വിഷമത്തിൽ ഞങ്ങളിരുന്നു. പക്ഷേ ആ മടക്കയാത്രയിൽ, മലയോര പാതയിലേക്കു ബസ് പ്രവേശിച്ചതും, ജാലകത്തിലൂടെ തുറന്നുവന്ന ആകാശത്തു ജ്വലിക്കുന്ന പൂർണ ചന്ദ്രനെ ഞങ്ങൾ കണ്ടു. 

Content Summary : Ezhuthumesha Column by Ajay P. Mangattu - The beauty in incomplete writings

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA
;