ലൂസിയാന പറഞ്ഞ കൊലപാതകങ്ങളുടെ കഥ; അദ്ഭുതങ്ങൾ നിറഞ്ഞ പുസ്തകം

HIGHLIGHTS
  • വായനാവസന്തം – വായന തന്നെ ജീവിതം
  • ദ് ബുക്ക് ഓഫ് മർഡർ, ഗിയേർമോ മർട്ടീനെസ്, വായനാവസന്തം
vayanavasantham-column-written-by-abbas-tp-on-guillermo-marinez
ദ് ബുക്ക് ഓഫ് മർഡർ
SHARE

നിങ്ങൾ ഒരു നോവലിസ്റ്റാണെന്നു സങ്കൽപിക്കുക. നിങ്ങളുടെ കയ്യക്ഷരം മോശമായതിനാൽ പ്രസാധകർ നിങ്ങൾക്കൊരു പകർപ്പെഴുത്തുകാരിയെ തരുന്നുവെന്നും സങ്കൽപിക്കുക. ആ പകർപ്പെഴുത്തുകാരിയെ നമുക്ക് ലൂസിയാന എന്നു വിളിക്കാം...

നാല് മണിക്കൂറാണ് സുന്ദരിയായ ആ യുവതി നിങ്ങൾക്കു വേണ്ടി ജോലി എടുക്കുന്നത്. നിങ്ങൾ എഴുത്തു മുറിയിൽ അലസം നടന്നു കൊണ്ട് കയ്യെഴുത്തു പ്രതി വായിക്കുന്നു. ഒറ്റ അക്ഷരത്തെറ്റും വരുത്താതെ ലൂസിയാന അത് കംപ്യൂട്ടറിലേക്കു പകർത്തുന്നു. രണ്ടു മണിക്കൂർ ജോലി എടുത്താൽ നിങ്ങൾ ഒരുമിച്ചിരുന്നു കാപ്പി കുടിക്കുന്നു. വീണ്ടും രണ്ടു മണിക്കൂർ ജോലി. ദിവസം നാല് മണിക്കൂർ വീതമുള്ള ഈ ജോലിക്ക് നിങ്ങൾ അന്നന്നു തന്നെ അവൾക്കു കൂലി കൊടുക്കുകയും ചെയ്യുന്നു.

ഒരു മാസത്തോളം നീളുന്ന ഈ ജോലിക്കിടയിൽ നിങ്ങൾ പ്രശസ്തനായ നോവലിസ്റ്റ് ക്ലോസ്റ്ററെക്കുറിച്ചും അയാളുടെ എഴുത്തു ശൈലിയെ കുറിച്ചുമൊക്കെ അവളോട് ചോദിച്ചറിയുന്നു. കാരണം ക്ലോസ്റ്ററുടെ പകർപ്പെഴുത്തുകാരിയാണ് അവൾ. അയാൾ ഒരു മാസത്തെ വിദേശയാത്രയ്ക്കു പോയതു കൊണ്ടാണ് ലൂസിയാനയെ നിങ്ങൾക്ക് ജോലിക്കു കിട്ടിയത്. അവളുടെ മനോഹരമായ ഉടൽവടിവുകൾ നിങ്ങളിൽ ചലനങ്ങളുണ്ടാക്കുന്നു. ടൈപ്പ് ചെയ്യുമ്പോൾ കഴുത്ത് വേദനിക്കുന്ന അവൾക്ക് നിങ്ങളാ മൃദുലമായ കഴുത്തിൽ മസാജ് ചെയ്തു കൊടുക്കുന്നു. മസാജിനിടയിൽ നിങ്ങൾ അവളുടെ മാറിടത്തിൽ തൊടുന്നു. അറിയാതെ സംഭവിച്ചതാണെന്ന പോലെ ...

എത്ര പെട്ടെന്നാണ് ആ ഒരു മാസം കടന്നു പോയതെന്ന് നിങ്ങൾ അദ്ഭുതപ്പെടുന്നു. അതൊക്കെ കഴിഞ്ഞിട്ട് ഇപ്പോൾ പത്തു വർഷങ്ങളായി. മറവിയുടെ മഹാമൗനത്തിൽനിന്ന് അവളുടെ ശബ്ദം ഫോണിലൂടെ നിങ്ങളെ വന്നു തൊടുമ്പോൾ നിങ്ങൾക്കു വിശ്വസിക്കാൻ കഴിയുന്നില്ല അത് ലൂസിയാന തന്നെയാണെന്ന്... അവളുടെ ആവശ്യപ്രകാരം നിങ്ങളവളെ കാണുന്നു. അവളുടെ ഉടൽവടിവുകളിൽ കാലം വരുത്തിയ മാറ്റങ്ങൾ ഉൾക്കൊള്ളാനാവാതെ നിങ്ങൾ അമ്പരക്കുന്നു. ആ മുടിയിഴകളിലേക്ക് വെളുപ്പ് പടർന്നിരിക്കുന്നു. ആ മൃദുലമോഹനമായ കഴുത്തിൽ ചുളിവുകൾ വീണിരിക്കുന്നു. ആ കണ്ണുകളിലെ പ്രകാശം നഷ്ടമായി അവിടെ ഭയത്തിന്റെ കറുപ്പ് കനത്തു നിൽക്കുന്നു. അവൾ ആരെയോ വല്ലാതെ ഭയപ്പെടുന്നു. 

അതെ.

ഇനി ആ ഭയത്തിന്റെ കഥയാണ് നിങ്ങൾ അവളിൽനിന്നു കേൾക്കാൻ പോവുന്നത്. വിചിത്രവും മായികവുമായ കഥകൾ... വെറും കഥകളല്ല, ജീവിതം ലൂസിയാനയ്ക്കു നൽകിയ മുറിവുകളുടെ കൂടി കഥകൾ... അവൾ പറയുന്നതിനെ അവിശ്വസിക്കാൻ നിങ്ങൾക്കു കഴിയില്ല  അത്രമാത്രം യുക്തിയുണ്ട് അവളുടെ  സംസാരത്തിനും അവൾ പറയുന്ന കാര്യങ്ങൾക്കും.

ക്ലോസ്റ്റർ അവൾക്ക് പിതാവിനെപ്പോലെ ആയിരുന്നു  അയാളുടെ എല്ലാ നോവലുകളും പകർത്തി എഴുതിയത് അവളാണ്. പഠനത്തിനിടയിൽ അത്യാവശ്യം വേണ്ട പണത്തിനായിട്ടാണ് അവൾ ക്ലോസ്റ്ററുടെ  കൂടെ ജോലി നോക്കിയത് പക്ഷേ ഭാര്യയും മുതിർന്ന ഒരു മകളും ഉള്ള ക്ലോസ്റ്റർ അവളെ ബലമായി ചുംബിക്കാൻ ശ്രമിക്കുന്നു. അതൊരു കലഹത്തിലും വേർപിരിയലിലും എത്തുന്നു. വലിയൊരു തുക നഷ്ടപരിഹാരമായി ആവശ്യപ്പെട്ടുകൊണ്ട് അവൾ അയാൾക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നു.

ഓർക്കുക...

ഇതെല്ലാം ലൂസിയാന നിങ്ങളോടു പറയുന്ന കാര്യങ്ങളാണ്. അതിൽ കഥയെത്ര കാര്യമെത്ര എന്ന് തിരിച്ചറിയാൻ നിങ്ങൾക്കു മുമ്പിൽ വഴികളില്ല. കോടതി കയറാതെ തന്നെ ക്ലോസ്റ്റർ അവൾ ആവശ്യപ്പെട്ട തുക നൽകുന്നു. പക്ഷേ അറ്റോർണി വഴി ലൂസിയാന അയച്ച നോട്ടിസ് വായിച്ച ക്ലോസ്റ്ററിന്റെ ഭാര്യ മെഴ്സിഡസ് അയാളിൽനിന്ന് വിവാഹമോചനം നേടി പിരിഞ്ഞുപോവുന്നു. ക്ലോസ്റ്റർ വല്ലാതെ സ്നേഹിച്ചിരുന്ന ഏക മകൾ അപകടത്തിൽ മരിക്കുകയും ചെയ്യുന്നു.

എല്ലാം നഷ്ടമായ ക്ലോസ്റ്റർ ചുമ്മാതിരിക്കുവോ...?

ഇനി നിങ്ങൾ ഈ നോവലിനെ പരിചയപ്പെടുക. ദി ഓക്സ്ഫഡ് മർഡേഴ്സ് എന്ന പ്രശസ്തമായ നോവൽ എഴുതിയ ഗിയേർമോ മർട്ടീനെസ് എന്ന അർജന്റീനിയൻ എഴുത്തുകാരന്റെ ദ് ബുക്ക് ഓഫ് മർഡർ എന്ന നോവലാണ് ഇത്. സൈക്കളോജിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുത്താവുന്ന ഈ അദ്ഭുത നോവൽ വെറുമൊരു സൈക്കളോജിക്കൽ ത്രില്ലർ മാത്രമല്ല. മനുഷ്യ മനസ്സിന്റെ നിഗൂഢമായ വഴിത്താരകളും ആ വഴികളിലെ കാഴ്ചകളും അനുഭവങ്ങളും പെരുമഴയായി നമുക്കു ചുറ്റും പെയ്യുകയാണ് ഈ നോവൽ വായനയിൽ. ആ മഴ നമുക്ക് നനയാതെ വയ്യ. പലപ്പോഴും ആ മഴ നമ്മളെ പൊള്ളിക്കുന്നു. നാം നനഞ്ഞ പല തരം മഴകളെ ഓർമിപ്പിക്കുന്നു. മർട്ടീനെസിന്റെ എഴുത്തിനു മുമ്പിൽ അമ്പരക്കാതെ വയ്യ. വിനയത്തോടെ കൈ കൂപ്പാതെ വയ്യ.

ക്ലോസ്റ്റർ തന്നോടു ചെയ്ത പ്രതികാരങ്ങൾ ലൂസിയാന നോവലിസ്റ്റിനോടു ഓരോന്നായി പറയുകയാണ്. തന്റെ കാമുകനായ റമീറോയെ നീന്തൽ വിദഗ്ധൻ കൂടിയായ ക്ലോസ്റ്റർ കാപ്പിയിൽ വിഷം കൊടുത്തു കൊന്നതും അച്ഛനമ്മമാരെ വിഷക്കൂണുകൾ നൽകി കൊന്നതും സഹോദരനായ ബ്രൂണോ കൊല്ലപ്പെടാൻ ഇടയായതിന്റെ കാരണവും തന്റെ മുത്തശ്ശിയെ കൊല്ലാനായി വൃദ്ധസദനത്തിലെ പതിനാലു പേരെയും കൊന്നതുമൊക്കെ വളരെ വളരെ വിശ്വസനീയമായിട്ടാണ് ലൂസിയാന നോവലിസ്റ്റിനോടു പറയുന്നത്. വായനക്കാരായ നമ്മളും അമ്പരപ്പിലാണ്.

ഇനി ക്ലോസ്റ്റർ കൊല്ലാൻ പോവുന്നത് തന്റെ അനിയത്തിയെ ആണെന്നും അവളെയെങ്കിലും രക്ഷപ്പെടുത്താൻ നോവലിസ്റ്റ് ഇടപെടണമെന്നും അതിനാണ് നീണ്ട പത്തു വർഷങ്ങൾക്കു ശേഷം ഞാൻ നിങ്ങളെ ബന്ധപ്പെട്ടതെന്നും ലൂസിയാന നോവലിസ്റ്റിനോട് പറയുമ്പോൾ നമ്മുടെ അമ്പരപ്പു കൂടുന്നു.

vayanavasantham-column-guillermo-marinez
ഗിയേർമോ മർട്ടീനെസ്

ആഖ്യാനത്തിന്റെ പുതുവഴികളിലൂടെ മർട്ടീനെസ് നമ്മളോടു പറയുന്നത് തീർച്ചയായും ഒരു കുറ്റാന്വേഷണ കഥയല്ല. അത്തരം കഥകളും നോവലുകളും സിനിമകളും ഒരിക്കൽ വായിക്കുകയോ കാണുകയോ ചെയ്തു കഴിഞ്ഞാൽ നമുക്കറിയാം എന്താണ് ഇനി സംഭവിക്കാൻ പോവുന്നതെന്ന്. ഇവിടെ സംഭവിക്കാൻ പോവുന്നതിനെ കുറിച്ചുള്ള ആകാംക്ഷയും അറിവുമല്ല പ്രധാനം. സംഭവിച്ചു കഴിഞ്ഞതിനെ അവതരിപ്പിക്കുന്ന മാസ്മരികമായ ആ ശൈലിയാണ്.

ഓരോ വായനയിലും പുതിയ പുതിയ തലങ്ങൾ ഈ നോവലിൽ നമ്മൾ കണ്ടെത്തുന്നു. ക്ലോസ്റ്ററുടെ ഭാഗത്തുനിന്ന് നമ്മളും നോവലിസ്റ്റും അറിയുന്നത് ലൂസിയാനയ്ക്ക് മനോദൗർബല്യമാണ് എന്നാണ്.

ആണോ ...? അതുവരെ അവളെ വിശ്വസിച്ച നമ്മൾ സ്വയം ചോദിച്ചു പോവുന്നു. ലൂസിയാന ഒരു മനോരോഗിയാണോ? വഴിയിടറിയ ഒരു മനസിന്റെ സങ്കൽപമാണോ ഇതൊക്കെ? ക്ലോസ്റ്റർ ലൂസിയാനയെ കാണാമെന്ന് നോവലിസ്റ്റിനോടു സമ്മതിക്കുന്നിടത്ത് നമ്മൾ മനുഷ്യമനസ്സിന്റെ സഞ്ചാരവഴികളെ ഓർത്ത് അദ്ഭുതം കൊള്ളുന്നു.

ക്ലോസ്റ്ററാണോ ലൂസിയാനയാണോ കൊലപാതകങ്ങൾ ചെയ്യുന്നത്? അതോ അവർ രണ്ടാൾക്കും വഴിയിടറിയ മനസ്സാണോ ഉള്ളത് ?

ഏതായാലും നോവലിസ്റ്റ് വിളിക്കുമ്പോൾ ക്ലോസ്റ്റർ ലൂസിയാനയെ കാണാൻ അവളുടെ വീട്ടിലെത്തുന്നു. ലൂസിയാന അകത്ത് ഉറങ്ങുകയാണെന്ന് അവളുടെ അനിയത്തി വന്നു പറയുന്നു. നിങ്ങൾ വന്നാൽ അറിയിക്കണമെന്ന് ലൂസിയാന പറഞ്ഞിട്ടുണ്ടെന്നും അനിയത്തി പറയുന്നു.

ഇവിടുന്നങ്ങോട്ട് നോവലിന്റെ ഗതി നിർണയിക്കുന്നിൽ ഗിയേർമോ മർട്ടീനെസ് എന്ന എഴുത്തുകാരൻ പ്രകടിപ്പിക്കുന്ന കയ്യടക്കം വായിച്ചു തന്നെ അറിയേണ്ടതാണ്.

വാക്കുകൾക്ക്

വെറും വാക്കുകൾക്ക്‌ ഇത്രമാത്രം ശക്തിയുണ്ടെന്നും ഇത്രമാത്രം വിചിത്രവും സങ്കീർണവുമായ ഒരു ലോകവും ജീവിതങ്ങളും സൃഷ്ടിക്കാനും അത് വായനക്കാരെ അനുഭവിപ്പിക്കാനും കഴിയുമെന്ന് തെളിയിക്കുന്ന ഈ രചന ഒറ്റ വായനയ്ക്കോ അലസ വായനയ്ക്കോ വഴങ്ങുന്നതല്ല.

മലയാള സിനിമയിലും മലയാള നോവലിലും ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന സൈക്കോത്രില്ലറുകൾ കണ്ടും വായിച്ചും മടുക്കുമ്പോൾ ഒരിക്കലും മടുക്കാത്ത ഈ രചന കയ്യിലെടുക്കാം. ഇതിന്റെ പേജുകളിൽ നിങ്ങളെ കാത്തിരിക്കുന്ന പല അദ്ഭുതങ്ങളുമുണ്ട്. നിങ്ങൾക്ക് സങ്കൽപിക്കാൻ പോലും കഴിയാത്ത അദ്ഭുതങ്ങൾ.

ആ അദ്ഭുതങ്ങൾക്കു മുമ്പിൽ ഏറ്റവും വിനയത്തോടെ....

Content Summary: Vayanavasantham, Column written by Abbas TP on Guillermo Marinez

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA
;