ADVERTISEMENT

കടൽത്തീരത്തുകൂടി മറ്റൊരു തീരത്തേക്കു നടക്കുന്നതിനിടെ രണ്ടുപേർ ശക്തമായ തിരമാലയിൽപെട്ടു. ഒന്നാമനു നന്നായി നീന്താനറിയാമായിരുന്നതുകൊണ്ടു തിരമാലകളെ എതിർത്തു നീന്താൻ തുടങ്ങി. എങ്കിലും കുറെ കഴിഞ്ഞപ്പോൾ കടലിനു കീഴടങ്ങി. രണ്ടാമനു നീന്താൻ അത്ര വശമില്ല. അതുകൊണ്ട് അയാൾ തിരമാലകൾക്കൊപ്പം ഉയർന്നുതാണു നിന്നു. മണിക്കൂറുകൾക്കുശേഷം തളർന്നവശനായെങ്കിലും താൻ ലക്ഷ്യമാക്കി നടന്ന അതേ തീരത്തുതന്നെ അയാൾ എത്തിച്ചേർന്നു.

എല്ലാം എതിർത്തു തോൽപിക്കേണ്ടവയല്ല. ചിലതിനോടെങ്കിലും അനുരൂപപ്പെട്ടാൽ അവ സ്വയം തോറ്റുതരും. കീഴടക്കൽ ഒരു ശാരീരികപ്രക്രിയ മാത്രമല്ല; അതിനു മത്സരബുദ്ധിക്കതീതമായ മാനസികനിലകൂടി വേണം. മറ്റുള്ളവർ പരാജയപ്പെടുമ്പോഴാണു താൻ ജയിക്കുന്നതെന്ന വികലചിന്ത സൂക്ഷിക്കുന്നവർ എന്നും അനാരോഗ്യകരമായ മത്സരങ്ങളുടെ ഭാഗമായിരിക്കും. വിജയം ഉറപ്പാക്കുന്നത് എന്തിനോടും ഏതിനോടും മത്സരിച്ചു മാത്രമല്ല, പ്രകോപനപരമായവയെയും പ്രയോജനരഹിതമായവയെയും ഒഴിവാക്കുന്നതിലൂടെയുമാണ്. ആരോടൊക്കെയാണു മത്സരിക്കേണ്ടത് – മത്സരക്ഷമത വർധിപ്പിക്കുന്നവരോട്, അഭിലഷണീയമായ തന്ത്രങ്ങളിലൂടെ മാത്രം മത്സരിക്കുന്നവരോട്, എതിരാളിയെ ബഹുമാനിക്കുന്നവരോട്, തോൽവി അംഗീകരിക്കുന്നവരോട്. 

 

ഓരോ മത്സരത്തിനിറങ്ങുമ്പോഴും സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. ഈ മത്സരം ഗുണകരമാകുമോ, ഇതിൽ നിന്നു പുതിയ അനുഭവമെന്തെങ്കിലും ലഭിക്കുമോ, മത്സരാർഥികളുടെ നിലവാരമെന്ത്, ജയിച്ചാലും തോറ്റാലും മത്സരശേഷം ഒരുപടി മുകളിലായിരിക്കുമോ താഴെയായിരിക്കുമോ ലാൻഡിങ്. മത്സരശേഷവും ചില ചോദ്യങ്ങൾ ഉയരണം. ജയിക്കാൻവേണ്ടി അമൂല്യമായി എന്തെങ്കിലും നഷ്ടപ്പെടുത്തിയോ, തോറ്റിട്ടും പഠിച്ച പാഠങ്ങൾ എന്തൊക്കെ, ചുവടുകൾ പിഴച്ചത് എവിടെയെല്ലാം, തിരുത്തേണ്ട മനോഭാവവും ശീലങ്ങളും ഏതെല്ലാം. മത്സരങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ ചില തെറ്റിദ്ധാരണകളുമുണ്ട്. ഒന്ന്, ജയിക്കാൻവേണ്ടിയാണു മത്സരിക്കുന്നത്. രണ്ട്, എതിരാളി എത്രകണ്ടു തകരുന്നുവോ അത്രയ്ക്കു വിജയത്തിന്റെ മാറ്റുകൂടും. 

 

അസാധാരണാനുഭവങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ആദ്യപാഠം അവയുമായി പൊരുത്തപ്പെടുക എന്നതാണ്. വീണും വഴങ്ങിയും നിലയുറപ്പിച്ചതിനുശേഷമാകണം നേരിട്ടുള്ള അടവുകൾ പ്രയോഗിക്കേണ്ടത്. തോൽവി അംഗീകരിക്കാൻ പറ്റാത്തതുമൂലമുള്ള ധാർഷ്ട്യവും അഹംബോധവും സ്വയംനാശത്തിലേ അവസാനിക്കൂ. ആരും തോൽക്കാതെ എല്ലാവർക്കും ജയിക്കാൻ കഴിയുന്ന ചില ഗെയിമുകൾ കൂടി കളിച്ചു പരിശീലിക്കണം. എതിരാളിയുടെ മനസ്സറിയുന്നതിനെക്കാൾ വലിയ മത്സരയോഗ്യതയില്ല. മല കീഴടക്കാനുതകുന്ന മാർഗങ്ങൾകൊണ്ട് മനസ്സ് കീഴടക്കാനാകില്ല. 

 

Content Summary: Subhadinam, Thoughts for the day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com