ആരൊക്കെ മറന്നാലും മറഡോണയെ ഒരാൾ മറക്കില്ല, ഗോൾകീപ്പർ പീറ്റർ ഷിൽട്ടൺ

maradona-the-boy-the-rebel-the-god
SHARE

ആരൊക്കെ മറന്നാലും മറഡോണയെ മറക്കാനിടയില്ലാത്ത ഒരാളുണ്ട് : ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന്റെ മുൻ ഗോൾകീപ്പർ പീറ്റർ ഷിൽട്ടൺ. 1986 ൽ ഷിൽട്ടനെ കബളിപ്പിച്ചു നേടിയ ഗോളുകൾ മറഡോണയ്ക്കു നൽകിയത് കാൽപ്പന്തുകളിയിലെ താരസിംഹാസനം. ലോകകപ്പിലെ മികച്ച കളിക്കാരനുള്ള പുരസ്കാരം. ലോകകപ്പ് ട്രോഫിയും. 

ഗോളുകൾ തർക്കങ്ങൾക്കു കാരണമാകുമ്പോൾ സംശയ നിവൃത്തിക്ക് ഇപ്പോൾ വാർ എന്ന സാങ്കേതിക വിദ്യയുണ്ട്. എന്നാൽ 1986 –ൽ വാർ ഉണ്ടായിരുന്നെങ്കിൽ എന്നു ഷിൽട്ടൺ ഇപ്പോഴും വ്യർഥമായി ആഗ്രഹിക്കുന്നുണ്ട്. അന്നത്തെ മറഡോണയുടെ കുപ്രസിദ്ധമായ ഗോളിനെതിരെ തർക്കം ഉന്നയിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നും. എന്നാൽ, ആ ഗോളുകളുടെ ചിറകിലേറി മറഡോണ നടത്തിയ ജൈത്രയാത്രയ്ക്ക് സമാനതകളില്ല. ഷിൽട്ടനു ലഭിച്ചതാകട്ടെ തീർത്താൽ തീരാത്ത നാണക്കേടും. സ്കോട്ടിഷ് ബാലൻമാർ പാടുന്ന നാടോടിപ്പാട്ട് കേൾക്കുമ്പോൾ ഇന്നും ഷിൽട്ടൻ തല കുനിക്കാറുണ്ട്. ഇംഗ്ലിഷുകാരെ ലോകകപ്പിൽ നിന്ന് പുറത്താക്കിയ നീളം കുറഞ്ഞ അർജന്റീനക്കാരനെക്കുറിച്ചുള്ളതാണ് ആ പാട്ട്. മറഡോണ എന്ന വിസ്മയത്തെക്കുറിച്ചും. 

1986 ൽ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പീറ്റർ ഷിൽട്ടനെ മറികടന്നാണ് മറഡോണ ആദ്യഗോൾ നേടുന്നത്. നാലു മിനിറ്റിനു ശേഷം അദ്ദേഹം നേടിയ രണ്ടാം ഗോളിന്റെ കഥകൾ ഇന്നും ലോകം പറഞ്ഞുതീർന്നിട്ടുമില്ല. നൂറ്റാണ്ടിന്റെ ഗോൾ എന്ന വിശേഷണവുമുണ്ട് ആ ഗോളിന്. സ്വന്തം പകുതിയിൽ നിന്ന് കുതിച്ചെത്തി നാല് ഇംഗ്ലിഷ് കളിക്കാരെ വെട്ടിയൊഴിഞ്ഞായിരുന്നു ഗോൾ. മറഡോണയുടെ കേളിമികവിന്റെ ഉദാഹരണങ്ങളാണ് ഈ രണ്ടു ഗോളുകളും. ഇവയെക്കുറിച്ചും മറഡോണ എന്ന കളിക്കാരനെക്കുറിച്ചും ഒട്ടേറെ പുസ്തകങ്ങളും വന്നിട്ടുണ്ട്. എന്നാൽ, കളിക്കളത്തിലെയും പുറത്തെയും മറഡോണയെ സമഗ്രമായി അവതരിപ്പിക്കുകയാണ് അദ്ദേഹത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ പുസ്തകം. മറഡോണ. ദ് ബോയ്. ദ് റിബൽ. ദ് ഗോഡ്. സ്പാനിഷ് മാധ്യമപ്രവർത്തകൻ ഗില്ലേം ബലാഗ് എഴുതിയ പുതിയ ജീവചരിത്രം. 

1983 ൽ ബാർസലോന ക്ലബിനു വേണ്ടി മറഡോണ കളിക്കുന്നു. അക്കാലത്ത് റയൽ മാഡ്രി‍ഡിനെതിരായ ഒരു മത്സരത്തിൽ ഗോളിനു തൊട്ടടുത്തെത്തി മറഡോണ. മുന്നിൽ ഗോൾ കീപ്പർ മാത്രം. ഗോൾ എന്നു കാണികൾ ആർത്തുവിളിച്ചെങ്കിലും മറഡോണ പെട്ടെന്നു ഗോൾ അടിച്ചില്ല. ഗോളിക്കു മുന്നിൽ പന്തുമായി ഡ്രിബിൾ ചെയ്തു കളിച്ചു. അപ്പോഴേക്കും ഒരു പ്രതിരോധ നിരക്കാരൻ പാഞ്ഞെത്തി. മറഡോണ ഉഷാറായി. ആ കളിക്കാരനെയും ഗോളിയേയും കബളിപ്പിച്ച് അദ്ദേഹം ഗോൾ നേടി. തുറന്നുകിടന്ന അവസരത്തിൽപ്പോലും ഗോളിനേക്കാൾ കേളി മികവായിരുന്നു മറഡോണയുടെ ലക്ഷ്യം. ഫുട്ബോളിന്റെ ചരിത്രത്തിൽ അങ്ങനെയൊരു കളിക്കാരൻ മുൻപില്ല. ഇപ്പോഴുമില്ല. കളിക്കളത്തിനു പുറമേ, ജീവിതത്തിലും ഡ്രിബിൾ ചെയ്തതോടെ അദ്ദേഹം വിവാദ നായകനുമായി. ലഹരി. കാമുകിമാർ. സ്വയം ആസ്വദിച്ചും മറ്റുള്ളവരെ ആഹ്ലാദിപ്പിച്ചും തുടർന്ന സ്വപ്ന യാത്ര. 

1978 ലോകകപ്പിനുള്ള അർജന്റീന ടീമിൽ മറഡോണയ്ക്ക് ഇടം കിട്ടിയിരുന്നില്ല. അന്നദ്ദേഹത്തിന് 17 വയസ്സ് മാത്രം. ഫുട്ബോൾ ഉപേക്ഷിച്ചാലോ എന്നുപോലും മറഡോണ ചിന്തിച്ചു. എന്നാൽ കളി തുടർന്ന അദ്ദേഹം പിന്നീട് അർജന്റീനയുടെ പ്രതീകമായി. ലോക ഫുട്ബോളിന്റെ പ്രതീകമായി. ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ചു. 25–ാം വയസ്സിൽ സ്വന്തം രാജ്യത്തെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചു. 

60 വയസ്സു വരെയുള്ള ജീവിതത്തിൽ മറഡോണയുടെ നേട്ടങ്ങളെക്കുറിച്ച് മുൻപും പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. എന്നാൽ, സജീവ ഫുട്ബോൾ കാലത്തിനു ശേഷമുള്ള അദ്ദേഹത്തിന്റെ ജീവിതം അധികമാരും എഴുതിയിട്ടില്ല. പുതിയ പുസ്തകം ആ കുറവ് കൂടി തീർക്കുന്നു. അവഗണിക്കപ്പെട്ട കുട്ടിയിൽ നിന്നു വിമതനിലേക്കും ദൈവ പദവിയിലേക്കും സ‍ഞ്ചരിച്ച താരത്തിന്റെ ജീവിതം ആധികാരികമായി അവതരിപ്പിക്കുന്നു. ചികിത്സാപ്പിഴവ് മറഡോണയുടെ അപ്രതീക്ഷിത മരണത്തിനു കാരണമായിട്ടുണ്ടോ എന്ന ചർച്ചകൾ ഇപ്പോഴും സജീവമാണ്. എന്നാൽ മറഡോണയുടെ പ്രതിഭയെക്കുറിച്ചു മാത്രം തർക്കമില്ല. ആ വസ്തുതയ്ക്ക് അടിവരയിടുകയാണ് പുതിയ പുസ്തകം. 

English Summary: Maradona:The Boy. The Rebel. The God. Book by Guillem Balague

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
;