ഇടക്കുളങ്ങരയിൽനിന്ന് ഇടവേളയില്ലാത്ത എഴുത്തുകൾ

HIGHLIGHTS
  • രവിവർമ തമ്പുരാൻ എഴുതുന്ന പംക്തി – പുസ്തകക്കാഴ്ച
  • എഴുത്തും എഴുത്താളും സന്ധിക്കുന്ന ഇടം.
Idakulangara Gopan
ഇടക്കുളങ്ങര ഗോപൻ
SHARE

കഥയും നോവലും കൂടുതലായും കവിത കുറച്ചുമാത്രവും വായിക്കുന്ന എനിക്ക് ഇഷ്ടപ്പെട്ട ചില കവിതകളെഴുതിയയാളാണ് ഇടക്കുളങ്ങര ഗോപൻ. വ്യക്തിപരമായ അടുപ്പം കൊണ്ടാവുമോ ഈ കാവ്യസ്‌നേഹം? അറിയില്ല. പക്ഷേ, ഒരു കാര്യം അറിയാം. അവ ആസ്വാദ്യകരമാണ്. ഒരിക്കൽ ഞങ്ങളൊന്നിച്ചുള്ള ഒരു യാത്രയിൽ കാറിലിരുന്നാണ് കൊല്ലിസൈക്കിൾ എന്ന കവിത ഈണം കൊടുത്ത് ഞാൻ ഉറക്കെച്ചൊല്ലിയത്. വീട്ടിലെത്തിയശേഷം ആ സമാഹാരത്തിലെ എല്ലാ കവിതകളും വായിച്ചു. ശാന്തികവാടം എന്ന കവിതയിൽ ഗോപൻ ഇങ്ങനെ എഴുതുന്നു.

ബന്ധുക്കളും പുത്രകളത്രവും 

മുറ്റും പണത്തിൽക്കിടപ്പവരെങ്കിൽ 

ചന്ദനപ്പാളികൾ, രാമച്ചഗന്ധങ്ങൾ

എത്ര വിലപിടിപ്പാർന്ന സുഗന്ധങ്ങൾ

ബന്ധുക്കളാരുമേയില്ലാത്ത ദേഹങ്ങൾ 

ചാണകഗന്ധം തഴച്ച പുകച്ചുരുൾ

തിങ്ങിപ്പരക്കും പരിസരമാകെയും 

കാത്തിരിപ്പാണ് നിതാന്തം 

വരുന്നതാരാകിലെന്ത്?

തീപടരും വരെ ആളനക്കങ്ങളിൽ 

ബീഡിപ്പുകയും നിലയ്ക്കാത്ത ചാരായശീലുമായ്

ചാഞ്ഞും ചരിഞ്ഞും തിളയ്ക്കും മനുഷ്യന്റെ 

തീരാത്ത ദാഹങ്ങൾ

idakkulangara-gopan-book

എട്ടുവർഷം മുമ്പു പ്രസിദ്ധീകരിച്ച സമാഹാരത്തിലെ ഈ കവിതയിൽ ഗോപന്റെ ജീവിതദർശനം കടന്നുവരുന്നുണ്ട്. വരുന്ന പുള്ളികളുടെയെല്ലാം വിചാരം അവർ വലിയ ആളുകളാണെന്നാണ്. പക്ഷേ, സ്വീകരിക്കാനിരിക്കുന്നവന് എല്ലാം ഒരുപോലെ. ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര  ശോഭിച്ചിരുന്നൊരു രാജ്ഞി കണക്കയേ നീ എന്നു വീണപൂവിനെ നോക്കി കുമാരനാശാൻ പറഞ്ഞുപോയതിന്റെ വർത്തമാനകാല വ്യാഖ്യാനം. ചില സത്യങ്ങൾ എല്ലാക്കാലത്തും ഒരുപോലെയാണ്. കുമാരനാശാൻ എഴുതുമ്പോഴും ഇടക്കുളങ്ങര ഗോപൻ എഴുതുമ്പോഴും അതിനു മാറ്റം വരുന്നില്ല. 

പരാജയങ്ങളുടെ തുറുപ്പുചീട്ടിൽ

ജീവിതം തലകുത്തിനിൽക്കുകയാണ്

ഇടത്തും വലത്തുമായി റാണിയും രാജാവും ....

എന്ന് ചൂത് എന്ന കവിതയിലെഴുതുമ്പോൾ പല വായനക്കാരും അതു തങ്ങളുടെ കൂടി അനുഭവം പറച്ചിലായി ഐക്യപ്പെട്ടു വായിക്കുന്നു. ഒൻപതു  കവിതാസമാഹാരങ്ങളും വിവർത്തനവും പഠനവും ജീവചരിത്രവും ഒക്കെ എഴുതിയിട്ടുള്ള ഗോപന്റെ ഏറ്റവും പുതിയ രചന ദിഗംബരം എന്ന നോവലാണ്. ആ കാവ്യലോകം മലയാളികളുടെ  ശ്രദ്ധ  കൂടുതലായി അർഹിക്കുന്നുണ്ട്.

ഗോപനോട് ഒരു ചോദ്യമേ  ചോദിച്ചുള്ളൂ. ഇതുവരെ എഴുതാൻ കഴിയാതെപോയ കവിത, എഴുതിപ്പകുതിയാക്കിയ കവിത, എഴുതാൻ ആഗ്രഹിക്കുന്ന കവിത. ഇതിലേതെങ്കിലും ഒന്നിനെക്കുറിച്ചു പറയൂ. ഈ ചോദ്യം ഏത് എഴുത്തുകാരന്റെയും മുന്നിൽ തുറന്നിടുന്ന ഒരു പാട് പ്രശ്നങ്ങളുണ്ട്. ഏത് കൃതിയും അത് എഴുതിയ ആൾ കുറേക്കാലം കഴിഞ്ഞ് വായിക്കുമ്പോൾ രണ്ടുതരം തോന്നൽ ഉണ്ടാകാനാണ് സാധ്യത. ഓ, ഇത് ഞാൻ തന്നെ എഴുതിയതാണോ എന്ന അതിശയമാവും ചിലപ്പോൾ അയാളെ ഭരിക്കുക. അയ്യോ, ഒന്നുകൂടി ശ്രമിച്ചിരുന്നെങ്കിൽ ഇത് ഇതിലും മനോഹരമാക്കാമായിരുന്നല്ലോ. സ്വന്തം കൃതിയെ കാലങ്ങൾക്കു ശേഷം വായിക്കുമ്പോൾ ആദ്യത്തെ വിചാരം ഉണ്ടാകുന്ന എഴുത്തുകാരൻ ഉറച്ച ആത്മവിശ്വാസത്തിന്റെ പ്രതീകമായേക്കാം. രണ്ടാമത്തെ വികാരമുണ്ടാകുന്ന ആൾ എപ്പോഴും പൂർണതയ്ക്കുവേണ്ടി ആഗ്രഹിക്കുന്ന ആളാവും. പൂർണതയെ കൊതിക്കുന്ന ആൾ, അതിനുവേണ്ടി പരിശ്രമിക്കുന്ന ആൾ... അയാൾ എപ്പോഴും അസംതൃപ്തനായിരിക്കും. അസംതൃപ്തി എഴുത്തിനുള്ള ഇന്ധനങ്ങളിലൊന്നാണ്, ആത്മവിശ്വാസം എന്നതുപോലെ തന്നെ. ഈ രണ്ടു വിചാരവും സൃഷ്ട്യുന്മുഖതയുടെ അടയാളങ്ങളാണ്. ഗോപന്റെ ഉത്തരത്തിൽ ഇതിലേതാണ് വായിക്കാനാവുക എന്നു നിങ്ങൾക്കു തീരുമാനിക്കാം. 

ഉത്തരം ഇങ്ങനെ:  

സത്യത്തിൽ എന്റെ ജീവിതത്തെ കവിതയുമായി കൂട്ടിക്കെട്ടിയതെങ്ങനെയെന്നത് ചിലപ്പോഴൊക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട്. ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണെന്നു തോന്നുന്നു, കവിയും ഗാനരചയിതാവുമായ വയലാർ രാമവർമയുടെ മരണം. മലയാളം മുഴുവൻ ദുഃഖത്തിലായിട്ടും അദ്ദേഹത്തിന്റെ മരണാനന്തര വിലാപയാത്ര ഒരാഘോഷമെന്നതു പോലെയായിരുന്നു. കവിക്ക്  മരണശേഷം ലഭിക്കുന്ന ആദരം എഴുത്തുകാരനാകണമെന്ന മോഹം എന്നിൽ വർധിപ്പിക്കാൻ കാരണമായിത്തീർന്നു. മുറിക്കവിതയെഴുതി നോട്ടുബുക്കുകൾ നിറച്ചു. അതിൽ കൊള്ളാമെന്നു തോന്നിയതൊക്കെ ആഴ്ചപ്പതിപ്പുകൾക്കയച്ചു കൊടുത്തു. അക്കാലത്ത് ജനയുഗം വാരികയും മാതൃഭൂമി ആഴ്ചപ്പതിപ്പും വീട്ടിൽ വരുത്തിയിരുന്നു. എഴുതി പോസ്റ്റ് ചെയ്തവ അച്ചടിച്ചു കാണുവാനുള്ള അദമ്യമായ ആഗ്രഹം മൂലം വാരികകൾ വരുന്ന ദിവസം അതിരാവിലെ തന്നെ എഴുന്നേറ്റ്  പത്രവിതരണക്കാരനെത്തുന്നതും കാത്ത് വഴിയരികിൽ നിൽക്കുമായിരുന്നു. വാരിക കയ്യിൽ കിട്ടിയാൽ വേഗം താളുകൾ മറിച്ചു നോക്കും. അവസാന താളും തീരുമ്പോൾ നിരാശനാകും. ഇങ്ങനെയെത്രയോ കാലം. പ്രീഡിഗ്രി കാലത്താണ് ആദ്യമായി ഒരു കവിത അച്ചടിമഷി പുരളുന്നത്. അതും ഏറെ പ്രചാരമുള്ള വാരികയുടെ ബാലയുഗം പംക്തിയിൽ. അച്ചടിച്ചുവന്ന വാരികയിലെ പേര് നിരവധി തവണ മനസ്സിൽ വായിച്ചു. പിന്നീട് എത്ര കാലം കാത്തിരിക്കേണ്ടി വന്നു മറ്റൊരു കവിത അച്ചടിമഷി പുരളാൻ.

idakulangara-gopan-book-1

കവിത എനിക്ക് അസ്പൃശ്യമധുരമായ അനുഭൂതിയാണ്. രക്തധമനികളിൽ കുളിരു പടർത്തുന്ന അനുഭവമാണ്. ഒരു കവിതയും പുനർവായനയിൽ തൃപ്തി തരുന്നില്ല, തിരുത്തിയും മാറ്റിയെഴുതിയും എത്ര മനോഹരമാക്കാൻ ശ്രമിച്ചാലും പുനർവായനയിൽ നിറയുന്നത് അതൃപ്തിയാണ്. ഈ അതൃപ്തിയാവാം വീണ്ടും വീണ്ടും കവിതയെഴുതാൻ ബോധമണ്ഡലത്തെ പ്രേരിപ്പിക്കുന്നത്. എഴുത്തച്ഛനെ വായിക്കുമ്പോൾ പര്യായപദങ്ങളുടെ ബാഹുല്യം അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ഭക്തിയുടെ മാധുര്യവും ദാർശനികവ്യഥയുടെ നിഴലും വരികളിലൂടെ കാണ്ഡങ്ങളിലേക്ക് വ്യാപിക്കുന്നത് അനുഭവിച്ചിട്ടുണ്ട്. കുഞ്ചൻ നമ്പ്യാരുടെ ആക്ഷേപഹാസ്യത്തിന്റെ തിളക്കം നെഞ്ചിലേക്കേറ്റു വാങ്ങിയിട്ടുണ്ട്. പൂർവസൂരികളുടെ കാൽപാദങ്ങളുടെ നിഴലിൽ ചവിട്ടി മറ്റൊരു കവിയാകാനാണ് എന്റെ ശ്രമം.

മുന്നേ സഞ്ചരിച്ചവരുടെ ശബ്ദം പ്രതിധ്വനിക്കുന്നത് സ്വന്തം നെഞ്ചിലാവണേയെന്ന് പ്രാർഥിച്ചിട്ടുണ്ട്. അത്തരം പ്രാർഥനകളുടെ ഫലമാണ് ബുദ്ധകവിതകൾ. ഗൗതമന്റെ വഴി, അന്ധബുദ്ധൻ, ബുദ്ധന്റെ ആട്ടിൻകുട്ടി തുടങ്ങിയൊട്ടേറെ കവിതകൾ ഇത്തരത്തിലെഴുതി. നിസ്വരുടെ, നിരാലംബരുടെ മനസ്സിലൂടെയുള്ള സഞ്ചാരകവിതകൾ, സ്ത്രീപക്ഷ കവിതകൾ എന്നിവ ഒരു പരമ്പരയായി  എഴുതണമെന്നാഗ്രഹിച്ചിരുന്നുവെങ്കിലും സാധിച്ചില്ല. എന്തെഴുതിയാലും വിഷാദം നിഴലിച്ചു നിൽക്കുന്ന കാലത്തെയും പ്രണയത്തിന്റെ തീക്ഷ്ണ കാലത്തെയും മറികടക്കാനേ കഴിയുന്നില്ല. ഒരു കാൽപനികനായി ജീവിക്കുന്നിടത്തോളം അതിനു കഴിയുമെന്നു തോന്നുന്നില്ല.

പലപ്പോഴും ഉറക്കത്തിൽ കാണാറുള്ള ഒരു സ്വപ്നം ഏതോ ഉയർന്ന പ്രതലത്തിൽനിന്നു താഴേക്കു വന്നു കൊണ്ടേയിരിക്കുന്നതായാണ്. നിലത്തു വീഴും മുമ്പേ ഞെട്ടിയുണരും. അതിന്റെ ഭീതിയിൽ നെഞ്ച് ഉയർന്നു താഴും. കാലത്തെക്കുറിച്ചുള്ള ആകുലതയുടെ പ്രതിഫലനമാകാമിതെന്നു കരുതുന്നു. കനത്ത വെള്ളമേഘക്കൂനയുടെ മുകളിലേറി യാത്ര ചെയ്യാൻ കൊതിക്കാറുണ്ട്. കാറ്റിൽ നിരന്നു പറക്കുന്ന ആലിലകളുടെ തണലിൽ പകൽ സ്വപ്നം കണ്ടുറങ്ങാനും കൊതിച്ചിട്ടുണ്ട്. വികലമായ എന്റെ സ്വപ്നങ്ങളുടെ മണലെഴുത്താണ് എന്റെ കവിത. ആധുനികതയുടെ കയറ്റം കയറി, അത്യാധുനികതയുടെ ഹെയർപിൻ വളവുകളിലൂടെ സഞ്ചരിച്ച് മറ്റൊരു പുതിയ വഴിതേടുകയാണിപ്പോൾ ലോക കവിത. മഹാസാഗരത്തിനടിയിലെ മാണിക്യക്കല്ലുകൾ തേടുന്നവർക്കൊപ്പം ഞാനും തീരക്കടലിൽ മുങ്ങാംകുഴിയിടുകയാണ്.

മുറിവേറ്റവന്റെ വിലാപം പോലെ, തോറ്റു പോയവന്റെ നൈരാശ്യം പോലെ, വിപ്ലവത്തിനും വിഷാദത്തിനുമുള്ള മറുമരുന്നരയ്ക്കുകയാണെന്നും കവിത.

കാലത്തിന്റെ നാൽക്കവലയിൽനിന്ന് കണ്ണകിയെപ്പോലെ ചിലമ്പെറിഞ്ഞുടയ്ക്കാം. ക്രിസ്തുദേവനെപ്പോലെ ചെയ്യാത്ത കുറ്റത്തിന് കഴുതപ്പുറത്തിരുത്തി നഗര പ്രദക്ഷിണം വയ്പ്പിക്കാം. സിദ്ധാർഥനെപ്പോലെ സ്ഥാവര ജംഗമമുപേക്ഷിച്ചിറങ്ങാം. ബലിപീഠത്തിലെ തണുപ്പുറഞ്ഞ പരവതാനിയിൽ തെറിച്ചുവീണ ചോരത്തുള്ളികളിൽ തിളങ്ങുന്ന നക്ഷത്രക്കണ്ണുകളാണ് എനിക്കെന്റെ കവിത. അതെന്റെ  സ്വപ്നസാക്ഷാൽക്കാരമാണ്. കല്ലെറിയുന്നവരും കാറിത്തുപ്പുന്നവരും മറന്നു പോകരുത്, വാക്കുകൾ കൊത്തിപ്പറിക്കാനാവുന്ന കഴുകൻ ചുണ്ടുകളാണ്. കവിതയുടെ പടനിലത്തു വന്ന് കാത്തിരിപ്പാണവർ. ചാവേറുകളേപ്പോലെ അരക്ഷിതമായ കാലത്തിനു നേരേ ചാടി വീഴാൻ തക്കം പാർത്തിരിപ്പാണ്.

നികുതി കൊടുക്കാതെ എഴുതാൻ കഴിയുമെന്നതിനാൽ വാക്കുകളാൽ ചിലപ്പോഴൊക്കെ പകിട കളിക്കാറുണ്ട്. കവിതയുടെ നറുനിലാവുദിക്കുംവരെ ഓരോ യാമത്തിലും ആകാംക്ഷാഭരിതനായി, ആകാശത്തിലെ നീർച്ചോലകൾ എനിക്കായി ചുരത്തുന്നതും കാത്തിരുന്നിട്ടുണ്ട്. ഒരിക്കലും പിടി തരാത്ത ഒരു വാക്കിന്റെ മായപ്പൊൻമാനെ വലയെറിഞ്ഞിട്ടുണ്ട്. കണ്ണേറുകൊണ്ട് തളർന്നുവീണ എന്റെ കവിതയുടെ തിരുമുറ്റത്ത് ഒരു ചുണ്ണാമ്പു കുടുക്ക വയ്ക്കുന്നു. 

വായ്ത്താരികളുടെ യക്ഷിപ്പാലകൾ പൂത്തിട്ടുണ്ട്, ഇനിയെനിക്കൊരു പാവ നിർമിക്കണം, പെരുന്തച്ചന്റെ മകന്റെ പാവയുടെ പലകക്കാലിനരികിൽ വഴിയാത്രക്കാരെ അദ്ഭുതപ്പെടുത്തുന്ന കവിതയുടെ പെരുംപാവ. കാത്തിരുപ്പുകൾ നീളുകയാണ് എന്റെ സ്വപ്നത്തിലെ കവിതയ്ക്കായി. ഇതുവരെ എഴുതാനാവാതെ നീട്ടി നീട്ടിവച്ച ആ കവിത ഒരാശയമായോ ഒരു വാക്കായോ ഒരു വരിയായോ ഇനിയും വെളിച്ചപ്പെട്ടിട്ടില്ല. ഒരിക്കൽ ഒരദ്ഭുതമായി ബോധത്തിലേക്ക് അത് രൂപപ്പെട്ടേക്കാം, അതുവരെ ആകാംക്ഷയുടെ മുൾമുനയിൽ കഴൽ കുത്തി നിൽക്കയാണ്. ഏകാന്തതയിൽ, യാത്രയിൽ, രാത്രികളവസാനിക്കുന്ന നിശബ്ദയാമങ്ങളിൽ ഇനിയും ആശയരൂപം പ്രാപിക്കാത്ത കവിതയെ തേടുകയാണ്. മരിക്കും മുമ്പ് അതെന്റെ  മുന്നിൽ വന്ന് നൃത്തം ചെയ്യുമെന്ന് പ്രതീക്ഷിക്കയാണ്. ലോകത്തിലെ എല്ലാ കവികളെയും പോലെ, തികച്ചും വേറിട്ടു നിൽക്കുന്ന, ആരുമെഴുതിയിട്ടില്ലാത്ത ഒരു കവിതയുടെ പതാകയുയർത്തിപ്പിടിക്കാൻ ഞാനെന്റെ  ഭാഷയെ വശംവദയാക്കാൻ ഉപാസിക്കയാണെപ്പോഴും.

English Summary: Pusthakakkazhcha, Column by Ravivarma Thampuran on Idakulangara Gopan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA
;