ADVERTISEMENT

അലക്സാണ്ടർ ചക്രവർത്തി ഗുരുവായ ഡയോജനീസിന്റെ അടുത്തെത്തി പറഞ്ഞു: അടുത്ത ജന്മത്തിൽ ആരാകണമെന്നു ദൈവം എന്നോടു ചോദിച്ചാൽ ഞാൻ പറയും എനിക്കു ഡയോജനീസ് ആകണമെന്ന്. ഗുരു പറഞ്ഞു: അതിന് അടുത്തജന്മം വരെ കാത്തിരിക്കേണ്ട. എല്ലാം വെട്ടിപ്പിടിക്കണമെന്ന വാശി ഉപേക്ഷിച്ചാൽ ഈ ജന്മത്തിൽത്തന്നെ അങ്ങനെയാകാം. ലോകം കീഴടക്കണമെന്ന അതിയായ ആഗ്രഹം എനിക്കുണ്ട്. അതിനൊരു ശമനമുണ്ടായാൽ ഞാൻ അങ്ങയുടെ അടുത്തെത്താം എന്നായിരുന്നു അലക്സാണ്ടറിന്റെ മറുപടി. 

ഡയോജനിസ് പറഞ്ഞു: ഒരു കാര്യം തെറ്റാണെന്നറിഞ്ഞിട്ടും വീണ്ടും അതു തുടരുന്നതാണ് ഏറ്റവും വലിയ തെറ്റ്. പിന്മാറാൻ സാധിക്കുക എന്നതു കഴിവാണ്; പ്രത്യേകിച്ചു പിഴവുകളിൽനിന്ന്. ഒരിക്കൽ ചെയ്ത തെറ്റിന്റെ പേരിലല്ല, ആവർത്തിക്കപ്പെട്ട തെറ്റുകളിലാണ് അധികംപേരും കടപുഴകി വീണിട്ടുള്ളത്. ആദ്യതെറ്റ് അബദ്ധവും ആവർത്തിക്കപ്പെടുന്ന തെറ്റ് തീരുമാനവുമാണ്. 

 

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഏറ്റവുമാവശ്യം തെറ്റുതിരുത്തലിലാണ്. ഒരു തവണകൂടി കുഴപ്പമില്ല, പിന്നീടാകാം, ശീലമായാലേ പ്രശ്നമുള്ളൂ, ഇത് അവസാനത്തേതാണ് തുടങ്ങിയ ന്യായീകരണങ്ങൾക്കപ്പുറത്തേക്കു സഞ്ചരിക്കാൻ ശേഷിയുള്ളവർക്കു മാത്രമേ അനാരോഗ്യകർമങ്ങൾക്കു പൂർണവിരാമമിടാൻ കഴിയൂ. മറ്റുള്ളവരെല്ലാം അർധവിരാമങ്ങളിലൂടെ ലഭിക്കുന്ന താൽക്കാലിക സംതൃപ്തിയിൽ വിശ്രമിക്കും. തുടങ്ങിയതിന്റെ പേരിൽ തുടരേണ്ടതല്ല ഒന്നും. തുടങ്ങിയതു പ്രത്യേക സാഹചര്യംകൊണ്ടോ വൈകാരിക ദൗർബല്യം കൊണ്ടോ പിടിച്ചുനിൽപിനു വേണ്ടിയോ ആകാം. തുടങ്ങാനുള്ള കാരണമല്ല തുടരാനുള്ള കാരണം. അവസാനിപ്പിക്കണം – തുടങ്ങിയതു തെറ്റാണെന്നു തോന്നിയാൽ, തുടർച്ച അപകടകരമെന്നു തിരിച്ചറിഞ്ഞാൽ, എന്തിനുവേണ്ടി തുടങ്ങിയോ ആ കാരണം അപ്രസക്തമായാൽ, പുതിയ തുടക്കങ്ങൾക്കു വിലങ്ങുതടിയായാൽ. യൂ ടേണുകൾക്കുള്ള സ്ഥലവും മനസ്സും ഉണ്ടാകണം ജീവിതത്തിൽ. തെറ്റിയെന്നു മനസ്സിലായാൽ അടുത്ത കവലയിൽ നിന്നെങ്കിലും തിരിയാനുള്ള സാധ്യത എല്ലാ വഴികളിലുമുണ്ട്. സഡൻബ്രേക്കിട്ട് നിർത്തി അപകടമുണ്ടാക്കണ്ട. വേഗം കുറച്ച് അനുയോജ്യമായ സ്ഥലത്തെത്തുമ്പോൾ തിരിച്ചു സഞ്ചരിച്ചാൽ മതി. അതിനുള്ള പക്വതയും തീരുമാനവുമാണ് പ്രധാനം.

Content Summary: Subhadinam, Thoughts for the day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com