സാധാരണ സമവാക്യങ്ങൾകൊണ്ട് അസാധാരണ മനുഷ്യരെ അളക്കാൻ ശ്രമിക്കരുത്

achievements
Representative Image. Photo Credit : Dirima / Shutterstock.com
SHARE

ബർണാഡ് ഷായെ സ്വീകരിക്കാനുള്ള യോഗം. സദസ്സിൽ ആളുകൾ നിറഞ്ഞു. സമയമായിട്ടും ബർണാഡ് ഷാ എത്തിയില്ല. സംഘാടകർ അദ്ദേഹത്തെ അന്വേഷിച്ചിറങ്ങാൻ പ്രവേശനകവാടത്തിലെത്തി. അവർ അദ്ഭുതപ്പെട്ടു. ഷാ അവിടെ നിൽക്കുന്നു. എന്താണ് ഇവിടെ നിന്നതെന്നു ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു: കാവൽക്കാരൻ എന്നെ കടത്തിവിട്ടില്ല. അവർ കാവൽക്കാരനോടു കയർത്തു സംസാരിക്കാൻ തുടങ്ങിയപ്പോൾ അയാൾ പറഞ്ഞു: ഇത്രയും മോശം വസ്ത്രം ധരിച്ചുവന്നതുകൊണ്ട് ഇദ്ദേഹത്തെ മനസ്സിലായില്ല. 

സാധാരണ സമവാക്യങ്ങൾകൊണ്ട് അസാധാരണ മനുഷ്യരെ അളക്കാൻ ശ്രമിച്ചാൽ ഉത്തരം പൂജ്യം ആയിരിക്കും. ആരും മറ്റൊരാൾക്കും പൂർണമായും പിടികൊടുക്കില്ല, വസ്ത്രത്തിലായാലും സ്വഭാവത്തിലായാലും. സ്വന്തമായും സ്വതന്ത്രമായുമുള്ള പ്രത്യേകതകളിലൂടെയാണ് ഓരോരുത്തരും നടന്നുനീങ്ങുന്നത്. അതിനിടയിൽ സാമാന്യവൽക്കരിക്കപ്പെടുന്ന ചില സങ്കൽപങ്ങളുമുണ്ട്. വസ്ത്രം ഇങ്ങനെയാകണം, ജോലി അതാകണം, വിവാഹം ഈ രീതിയിൽ വേണം എന്നൊക്കെയുള്ള ചില നാട്ടുനടപ്പുകൾ. അത് അലിഖിത നിയമങ്ങളായി മാറുകയും അത്തരം നിയമങ്ങൾ അനുസരിക്കാത്തവരെ പുറത്തുനിർത്തുകയും ചെയ്യും. അകംകണ്ട് ആരാധിക്കാനും അനുഗമിക്കാനും നാം എന്നു പഠിക്കും. പുറമേ പ്രദർശിപ്പിക്കുന്ന വർണശബളിമയിലെ നിസ്സാരതയും പൊള്ളത്തരവും മനസ്സിലാക്കാനുള്ള കഴിവ് നാം എങ്ങനെ ആർജിക്കും. അനിതരസാധാരണമായ മികവു പുലർത്തുന്നവർക്ക് ആശ്ചര്യജനകമായ പല സവിശേഷതകളും കാണാം. അവരുടെ വൈശിഷ്ട്യത്തിലേക്കു കയറിച്ചെല്ലുന്നതിനു പകരം നമ്മുടെ സാമാന്യതയിലേക്ക് അവരെ വലിച്ചിടുന്നതാണ് ഏറ്റവും വലിയ തെറ്റ്. 

ആദർശരൂപങ്ങൾക്ക് അലങ്കാരഭംഗി വേണമെന്നു വാശിപിടിച്ചാൽ പിന്നെ അവർക്കു പുറത്തുനിൽക്കാനായിരിക്കും വിധി. ആരെങ്കിലുമൊക്കെ ആരാധിച്ചു തുടങ്ങിയാൽ ആരാധനാപാത്രങ്ങൾക്ക് ആരാധകരുടെ നിബന്ധനകൾക്കു കീഴ്പ്പെടേണ്ടി വരാം.  ആരാധകവൃന്ദങ്ങൾക്ക് ഒരുത്തരവാദിത്തം ഉണ്ട്; ആരാധനാമൂർത്തികളുടെ ആദർശവും അനന്യതയും കാത്തുസൂക്ഷിക്കുക എന്നത്. അവർപോലും ആഗ്രഹിക്കാത്ത ആഡംബരങ്ങളിലേക്ക് അവർ വലിച്ചിഴയ്ക്കപ്പെടരുത്. ഏതൊരാളെയും ബഹുമാനിക്കുന്നത് അവർക്കു ദിവ്യപരിവേഷം നൽകിയല്ല. അവരുടെ ചിന്തകൾക്കും പ്രവൃത്തികൾക്കും തുടർച്ച നൽകിയാണ്. അനുഗമിക്കാൻ ബുദ്ധിമുട്ടായതുകൊണ്ടു നമ്മൾ അണിയിച്ചൊരുക്കി ആദരിക്കും.

Content Summary: Subhadinam, Thoughts for the day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA
;