ADVERTISEMENT

ജ്യേഷ്ഠൻ കളിമണ്ണുകൊണ്ടു ശിൽപങ്ങളുണ്ടാക്കുന്ന ആളാണ്; അനുജൻ പാത്രങ്ങളും. മനോഹരശിൽപങ്ങൾ നിർമിച്ചതിനാൽ ജ്യേഷ്ഠൻ വളരെപ്പെട്ടെന്നു പ്രശസ്തനായി. ഇത് അനുജനിൽ സംശയവും അസൂയയും ജനിപ്പിച്ചു. മണ്ണിൽ എന്തോ കൃത്രിമം കാണിച്ചാണു സഹോദരൻ ശിൽപങ്ങൾ നിർമിക്കുന്നതെന്ന് അയാൾ പറഞ്ഞുപരത്താൻ തുടങ്ങി. വിവരമറിഞ്ഞ ജ്യേഷ്ഠൻ അനുജനെയും കൂട്ടി താൻ മണ്ണെടുക്കുന്ന സ്ഥലത്തെത്തി അതേമണ്ണ് അവനും നൽകി. എങ്കിലും ശിൽപമുണ്ടാക്കാൻ അയാൾക്കായില്ല. ജ്യേഷ്ഠൻ പറഞ്ഞു: മണ്ണിന്റെ മഹിമയല്ല, പണിയുന്നവന്റെ മിടുക്കാണു പ്രധാനം.

നിർമാതാവിന്റെ മികവാണു നിർമിതിയുടെ മേന്മ. സ്രഷ്ടാവിന്റെ ചിന്തകൾക്കോ സ്വപ്നങ്ങൾക്കോ അപ്പുറത്തേക്കു സൃഷ്ടി വളരുക എത്ര എളുപ്പമല്ല. നിരന്തരസാന്നിധ്യംകൊണ്ടും നിർദേശങ്ങൾകൊണ്ടും പരിപാലകർ തങ്ങളുടെ ചട്ടക്കൂടിനകത്തേക്ക് ഓരോ ജീവിതവും ക്രമീകരിച്ചിരിക്കും. ഉയർന്നു ചിന്തിക്കാൻ ശേഷിയുള്ളവരുടെകൂടെ വളരുന്നവർ ഉയരങ്ങൾ താണ്ടും. അപകർഷതയിലും അസ്വസ്ഥതയിലും വളർന്നുവരുന്നവരുടെ കൂടെ ജീവിച്ചാൽ സ്വയംശാക്തീകരണശേഷിപോലും നഷ്ടപ്പെടും. 

 

കുശവന്റെ ഭാവനയ്ക്കപ്പുറത്തേക്കു കളിമണ്ണ് രൂപപ്പെടില്ല. മണ്ണിന്റെ രീതികൾക്കനുസരിച്ചു ശിൽപിയുടെ കരവിരുതും മാറണം. എല്ലാം തികഞ്ഞവയിൽനിന്നു മികവുറ്റവ നിർമിക്കാൻ ആർക്കും കഴിയും. തനിക്കു ലഭിച്ചവയ്ക്ക് അവയർഹിക്കുന്ന രൂപം നൽകാൻ കഴിവുള്ളവരാണ് യഥാർഥസ്രഷ്ടാക്കൾ. എല്ലാ വസ്തുക്കൾക്കും ആയിരിക്കുന്ന അവസ്ഥയും എത്തിച്ചേരാൻ കഴിയുന്ന അവസ്ഥയുമുണ്ട്; ഓരോന്നിന്റെയും തനിമയറിഞ്ഞു പണിതാൽ എല്ലാം അവരുടെ ഏറ്റവും മികച്ച അവസ്ഥയിലെത്തും. പണി അറിയില്ലെങ്കിൽ പണിയായുധത്തെയോ പണിവസ്തുവിനെയോ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. വൈദഗ്ധ്യം കുറവെങ്കിൽ പരിശീലിച്ചു മികവു നേടണം. ഇത്രയും പ്രമാണങ്ങൾ പരിപാലകർ പാലിച്ചാൽ ഒരു വസ്തുവും പാഴ്‌വസ്തുവാകില്ല. 

 

ഏതാണു മികച്ചത് എന്നു തീരുമാനിക്കേണ്ടത് എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതുകൂടി പരിഗണിച്ചാകണം. ലോക്കറിൽ സൂക്ഷിച്ചിരിക്കുന്നവയും ദൈനംദിന ഉപയോഗത്തിലുള്ളവയും തമ്മിലുള്ള താരതമ്യം അപ്രസക്തമാണ്. വിപണിവില എല്ലാറ്റിന്റെയും അടിസ്ഥാനവിലയല്ല. ചിലതൊക്കെ മോഹവില കിട്ടിയാലും മറ്റാർക്കും കൊടുക്കാത്തതു വിലയ്ക്കപ്പുറത്തേക്കുള്ള മൂല്യം അവയ്ക്കുള്ളതുകൊണ്ടോ വിലമതിക്കാനാകാത്ത ഉപയോഗക്ഷമത അവ നിലനിർത്തുന്നതുകൊണ്ടോ ആണ്. 

 

Content Summary: Subhadinam, Thoughts for the day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com