വാക്കുകൾകൊണ്ടു പ്രകോപനം സൃഷ്ടിക്കുന്നവരും പ്രചോദനം സൃഷ്ടിക്കുന്നവരുമുണ്ട്

dream
Representative Image. Photo Credit : ESB Professional / Shutterstock.com
SHARE

അധ്യാപക പരിശീലനത്തിനിടെ കുട്ടികൾക്കു ക്ലാസെടുക്കാൻപോയ അനുഭവം പങ്കുവയ്ക്കുകയാണു വിദ്യാർഥികൾ. പരിശീലകൻ അവരോടു ചോദിച്ചു: കുട്ടികൾക്ക് ഏറ്റവും ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതുമായ കാര്യങ്ങൾ ഏതൊക്കെയാണ്? ഇഷ്ടമില്ലാത്തവയുടെ പട്ടികയിൽ പരീക്ഷയും ഹോംവർക്കും ഇഷ്ടമുള്ളവയുടെ പട്ടികയിൽ കളിയും അവധിയുമെല്ലാം ഉൾപ്പെട്ടു. അവസാനത്തെയാളിന്റെ മറുപടി ഇങ്ങനെയായിരുന്നു: കുട്ടികൾക്ക് എറ്റവുമിഷ്ടം അധ്യാപകരുടെ അഭിനന്ദനവാക്കുകളും അനിഷ്ടം അവരുടെ ശകാരവാക്കുകളുമാണ്.

സംസാരിക്കാൻ എളുപ്പത്തിൽ പഠിക്കും. പക്ഷേ എന്ത്, എങ്ങനെ, എപ്പോൾ സംസാരിക്കണമെന്നു പഠിക്കാൻ ചിലപ്പോൾ ആയുസ്സ് മുഴുവൻ വേണ്ടിവരും. വാക്കുകൾകൊണ്ടു പ്രകോപനം സൃഷ്ടിക്കുന്നവരും പ്രചോദനം സൃഷ്ടിക്കുന്നവരുമുണ്ട്. അനുഗ്രഹമാകുന്ന വാക്കുകളും അപമാനമേകുന്ന വാക്കുകളുമുണ്ട്. സംസാരിക്കാനറിയാമോ എന്നതല്ല, ആർദ്രതയോടെയും ആനന്ദപൂർണമായും സംസാരിക്കാനറിയുമോ എന്നതാണു പ്രധാനം. അക്ഷരത്തെറ്റോ വ്യാകരണത്തെറ്റോ അല്ല. പറയുന്നവർക്കും കേൾക്കുന്നവർക്കും പ്രയോജനരഹിതമായ പാഴ്‌വാക്കുകളാണു പ്രശ്നം. തലച്ചോറുകൊണ്ട് സംസാരിക്കുന്നവരും ഹൃദയംകൊണ്ടു സംസാരിക്കുന്നവരുമുണ്ട്. തലച്ചോറിനു ന്യായവും യുക്തിയും ശരിയും തെറ്റും മതി സംഭാഷണത്തിന്. ഹൃദയത്തിനു ഭാവവും, ഉദ്ദേശ്യവും ഫലവും പ്രസക്തമാണ്. ഉപയോഗിക്കുന്ന വാക്കുകളിലൊന്നുപോലും ആരെയും ഉണർത്തുന്നില്ലെങ്കിൽ, പ്രയോഗിക്കുന്ന ശൈലികളൊന്നും ആർക്കും ഒരു പ്രേരണയും നൽകുന്നില്ലെങ്കിൽ പിന്നെ നിശ്ശബ്ദതയാണു നല്ലത്. വായ് തുറക്കുന്നതിനു മുൻപു ഹൃദയത്തോടു ചില ചോദ്യങ്ങൾ ചോദിക്കണം: ഈ വാക്കുകൾ മുറിപ്പെടുത്തുമോ മുറിവുണക്കുമോ, അടുപ്പം കൂട്ടുമോ അതോ അകലം കൂട്ടുമോ, അഹന്തയിൽ നിന്നോ വിവേകത്തിൽ നിന്നോ, ആവേശഭരിതമോ നിരാശാജനകമോ. 

നാവുകൊണ്ടു മാത്രമല്ല, കണ്ണുകൊണ്ടും കാതുകൊണ്ടും സംസാരിക്കുന്നുണ്ട്. ഓരോ ചലനവും പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്നതാകണം. ആനയിക്കുന്നവരുടെ വാക്കുകളും പ്രവ‍ൃത്തികളും അരോചകമായാൽ അനുഗമിക്കുന്നവർ മറുവഴികൾ തേടിപ്പോകും. എല്ലാ വാക്കുകളും അളന്നുകുറിച്ച് ആത്മശോധനയോടെ പറയാൻ ആർക്കുമാകില്ല. എങ്കിലും ആരെയും അപമാനിക്കാതെയും അപകീർത്തിപ്പെടുത്താതെയും സംസാരിക്കാൻ എല്ലാവർക്കും കഴിയും. അകത്തുള്ളതാണു വാക്കായും പ്രവൃത്തിയായും പുറത്തുവരുന്നത്. കാതിനും നാവിനും മുൻപിൽ ഒരു അരിപ്പ നിർമിക്കണം, വേണ്ടതുമാത്രം അകത്തേയ്ക്കെടുക്കാനും പ്രയോജനകരമായതു മാത്രം പുറത്തേക്കു വിടാനും.

Content Summary: Subhadinam, Thoughts for the day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA
;