കഥയുടെ നിശാശലഭങ്ങൾ വന്നുചേരുന്ന വിളക്കുകൾ

v rajakrishnan
വി. രാജകൃഷ്ണൻ
SHARE

മൂവാറ്റുപുഴ നിർമല കോളജിനു സമീപം കുന്നിനുമുകളിലെ ആശ്രമത്തിൽ വിദ്യാർഥികൾക്ക് ഒറ്റ മുറികൾ വാടകയ്ക്കു കൊടുത്തിരുന്നു. മലയാളസാഹിത്യ വിദ്യാർഥികളായ സുഹൃത്തുക്കൾ അവിടെ താമസിച്ചിരുന്നു. അക്കാലത്തു പല വാരാന്ത്യങ്ങളിലും കോതമംഗലത്തുനിന്നു ബസ് കയറി ഞാൻ ആശ്രമത്തിലെത്തി. ആശ്രമത്തിന്റെ വിശാലമായ ഉമ്മറത്തിരുന്നു സംസാരിക്കാം, വായിക്കാം, തിണ്ണയിൽ ഉച്ചമയക്കം നടത്താം, മഞ്ഞച്ചേരയും അരണയും ഓന്തും ഇഴയുന്ന പറമ്പിൽ, കിളികളും ശലഭങ്ങളും നിറയെ. ഉന്മാദകരമായ സാഹിത്യചർച്ചകളായിരുന്നു ആ ദിവസങ്ങളുടെ പ്രത്യേകത. വി. രാജകൃഷ്ണന്റെയും കെ.പി. അപ്പന്റെയും ലേഖനങ്ങൾ വലിയ ആവേശത്തോടെ അന്ന് അവിടെ ചർച്ച ചെയ്തിട്ടുണ്ട്.

maruthira-kathuninnapol

കഴിഞ്ഞ ദിവസം രാജകൃഷ്ണന്റെ ‘മറുതിര കാത്തുനിന്നപ്പോൾ’ എന്ന പുസ്തകം എടുത്തപ്പോൾ പൊടുന്നനെയാണ് അന്നത്തെ ആശ്രമചർച്ചകൾ മനസ്സിലേക്കു വന്നത്. രാത്രികളിൽ ആശ്രമപൂമുഖത്ത് അരണ്ട പ്രകാശം പൊഴിക്കുന്ന ഒരു വിളക്കിലേക്കു നിശാശലഭങ്ങൾ കൂട്ടത്തോടെ എത്തുമായിരുന്നു. അതുവരെ എവിടെയാണവ മറഞ്ഞിരുന്നത് ? പല വലുപ്പത്തിലുള്ള അവ ഒരു പാട പോലെ വിളക്കിനു ചുറ്റും പടരും. കുറച്ചുകഴിയുമ്പോൾ നിലത്തെല്ലാം ഒരു പരവതാനി പോലെ പടർന്നുവീഴും... ആ ദിവസങ്ങളുടെ അടയാളങ്ങളായി ഒന്നും ഇപ്പോഴില്ല. അന്നെഴുതിയ കത്തുകൾ പോലും ആരും സൂക്ഷിച്ചുവച്ചിട്ടുണ്ടാവില്ല. പക്ഷേ, മാനസികചിത്രങ്ങൾ മലഞ്ചെരിവിലൂടെ ഒഴുകുന്ന അരുവി പോലെയാണ്. അതു താഴ്‌വാരത്തേക്കു തന്നെ എത്തുന്നു. തകഴി എന്ന എഴുത്തുകാരന്റെ കരുത്തും ദൗർബല്യവും വിലയിരുത്തുന്ന ‘നാളത്തെ തകഴി’ എന്ന ലേഖനത്തിൽ ‘ചെമ്മീൻ’ എന്ന നോവലിനെപ്പറ്റി രാജകൃഷ്ണൻ എഴുതുന്നു – ‘പശ്ചാത്തല നിർമിതിയുടെയും പാത്രസൃഷ്ടിയുടെയും ഭാഗമായി സമുദ്രത്തെ ഉപയോഗപ്പെടുത്തുന്ന ലോകസാഹിത്യത്തിലെ ചില നോവലുകളിലും നാടകങ്ങളിലും കാണുന്ന പോലെ വിധിവിശ്വാസത്തിലധിഷ്ഠിതമായ ഒരുതരം ദുരന്തബോധം ഈ നോവലിനകത്തു കുടികൊള്ളുന്നുണ്ട്. ഒരു അന്ധവിശ്വാസത്തെ കരുവാക്കിക്കൊണ്ട് യുക്തിക്ക് അതീതമായ ഈ ഭാവതലം സാക്ഷാത്കരിക്കാൻ നോവലിസ്റ്റ് നടത്തിയ ശ്രമത്തിനു ലഭിച്ച വിജയം, ചെമ്മീനു രാജ്യാന്തര പ്രശസ്തി നേടിക്കൊടുത്തു’. 

‘കയർ’ എന്ന ബൃഹദ് നോവലിൽ അനന്തതയുടെ മാനം ഇല്ലാതെപോയതാണു പ്രധാന ന്യൂനത എന്നു നിരീക്ഷിച്ചുകൊണ്ടു രാജകൃഷ്ണന്റെ ലേഖനം അവസാനിക്കുന്നത് ഈ വാക്യങ്ങളോടെയാണ്- ‘നോവലിനെ അടിസ്ഥാനപരമായി ഒരു ‘സോഷ്യൽ ക്രോണിക്ക്ൾ’ എന്ന നിലയിൽ കൈകാര്യം ചെയ്ത എഴുത്തുകാരനായിരുന്നു തകഴി. ഇതൊരു പരിമിതിയാണെങ്കിൽ തന്റെ പരിമിതിയുടെ ശക്തിയോടെ തകഴി മലയാളസാഹിത്യത്തിൽ തുടർന്നും ജീവിക്കും.’

Thakazhi Sivasankara Pillai
തകഴി ശിവശങ്കര പിള്ള

കാലത്തിൽ അടക്കം ചെയ്തുപോയ ആശ്രമചിത്രങ്ങൾ, പൊഴിഞ്ഞുവീഴുന്ന നിശാശലഭ ദൃശ്യങ്ങളായി, ആധുനികതയുടെ വെപ്രാളങ്ങൾ നിറഞ്ഞ ഓർമയായി എനിക്ക് ഇപ്പോൾ തോന്നുന്നു. തൊട്ടാൽ പിടയുന്ന ഞരമ്പുകളുടെ താപം പോലെ, സാഹിത്യം ഞങ്ങളുടെ ആന്തരിക പ്രകൃതിയെ മാറ്റിമറിച്ചതിന്റെ ഒരേടു കൂടിയാണത്. 

ഭൂതകാലത്തിലേക്കുള്ള ചില വാതിലുകൾക്കു മുൻപിൽ ചിലപ്പോൾ നാം അപ്രതീക്ഷിതമായി ചെന്നുപെടും. നടക്കുന്ന മനുഷ്യർ കുറയുന്നതോടെ ചില ഇടവഴികൾ നാട്ടിൽ ഇല്ലാതായിത്തീരുമെങ്കിലും ഒരു മനുഷ്യനുള്ളിലെ വഴികൾ, അയാൾ കേട്ട സ്വന്തം കാലൊച്ചകൾ ഒരിക്കലും ഇല്ലാതാകുന്നില്ല. ഈ ഭൂതകാലപ്രദേശങ്ങളാണ് ഓരോ ദിവസത്തിന്റെയും മടുപ്പുകളിൽനിന്നും പ്രയാസങ്ങളിൽനിന്നും നമ്മെ രക്ഷിക്കുന്നത്. ചിലപ്പോൾ ചില ഭൂതങ്ങളെ നാം അപ്പാടെ തുടച്ചുനീക്കാറുണ്ട്; അതേപ്പറ്റി ആരുമോർക്കരുത്, സംസാരിക്കരുത് എന്ന നിശ്ചയത്തോടെ. വംശഹത്യകളുടെയും അനീതികളുടെയും പീഡനങ്ങളുടെയും സ്മരണകൾ നാം മെല്ലെ പൊതുസ്മരണയിൽനിന്ന് തുടച്ചുനീക്കുന്നത് അങ്ങനെയാകുന്നു. കലയും സാഹിത്യവും ആകട്ടെ ഇങ്ങനെ മറവുചെയ്യുന്നതിനെ വീണ്ടും പുറത്തെടുക്കാനായി പുറപ്പെടുന്നു. എൺപതുകൾ ആകുമ്പോഴേക്കും യൂറോപ്പിൽ ഇത്തരം കുഴിമാടങ്ങൾ തോണ്ടൽ ഫിക്‌ഷന്റെ സ്വഭാവം തന്നെയും മാറ്റിമറിച്ചു. ഇരുപതാം നൂറ്റാണ്ടിലെ യൂറോപ്പ് അഭിമുഖീകരിച്ച മാനുഷികവും പാരിസ്ഥിതികവുമായ വലിയ ദുരന്തങ്ങളുടെ സ്മരണകളെ അവയുടെ അവശിഷ്ടങ്ങളിൽ കണ്ടെടുക്കുകയാണു ജർമൻ നോവലിസ്റ്റായ ഡബ്ല്യൂ.ജി. സെബാൾഡ് ചെയ്തത്. രണ്ടാം ലോക യുദ്ധാനന്തര വർഷങ്ങളിൽ, നാത്‌സി കൊലയറകളെ അതിജീവിച്ചവരുടെ ജീവിതകഥകൾ മാത്രമല്ല സെബാൾഡിന്റെ ആഖ്യാനത്തിൽ വന്നത്, യുദ്ധത്തിനൊടുവിൽ സഖ്യസേനയുടെ വ്യോമാക്രമണത്തിൽ കത്തിയെരിഞ്ഞുപോയ നൂറുകണക്കിനു ജർമൻ പട്ടണങ്ങളുടെ വിവരണാതീതമായ ദുരന്തത്തെക്കൂടി അദ്ദേഹം രേഖപ്പെടുത്തി. യുദ്ധാന്തനന്തരം ജർമനി നേരിട്ട മാനുഷിക ദുരന്തം ചർച്ച ചെയ്യുന്നത് രാഷ്ട്രീയമായി ശരിയാവില്ലെന്നു കരുതി ദശകങ്ങൾ യൂറോപ്പ് മൗനം പാലിച്ചപ്പോൾ ആ ദുരന്തത്തിന്റെ യഥാർഥ ചിത്രം On The Natural History of Destruction (1999) എന്ന കൃതിയിൽ സെബാൾഡ് തുറന്നെഴുതി. സത്യം ഭാഷയുടെ അകക്കാമ്പാണ്. സത്യത്തെ സ്വതന്ത്രമാക്കുന്നതോടെ ഭാഷ അസാധാരണമായ ജൈവസ്വഭാവങ്ങൾ സ്വീകരിക്കുമെന്ന് തുടർന്നുള്ള വർഷം അദ്ദേഹമെഴുതിയ ഓസ്റ്റർലിറ്റ്സ് (Austerlitz) എന്ന നോവൽ തെളിയിച്ചു. ഈ രണ്ടു കൃതികളെ ചേർത്തുവച്ചു വായിക്കുന്നതിലൂടെ സാഹിത്യമെഴുത്ത് എപ്രകാരമാണ് പുതിയ ദിശകൾ സ്വീകരിക്കുന്നതെന്നു തിരിച്ചറിയാനാവും.

austerlitz-

പഴയ ഫൊട്ടോഗ്രഫുകൾ, പഴയ വസ്തുക്കൾ, വിജനമായ തെരുവുകൾ, ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങൾ, പാലങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, റെയിൽപാളങ്ങൾ എന്നിവയാണ് സെബാൾഡിൽ ഫിക്‌ഷൻ നിർമിക്കുന്നത്. അതായത്, ഭൂതകാലത്തിന്റെ അവശിഷ്ടങ്ങളിൽനിന്നും ചരിത്രവിസ്മൃതികളിൽനിന്നും ഭാവനയുടെ പുതിയ പ്രദേശം ഉടലെടുക്കുന്നു - കോൺസൻട്രേഷൻ ക്യാംപുകളിലേക്കുള്ള തടവുകാരെ കൊണ്ടുപോകാൻ മാത്രമായി നിർമിക്കപ്പെട്ട റെയിൽപാളങ്ങളും ആ തീവണ്ടികളും സ്റ്റേഷനുകളും യുദ്ധാനന്തരം ജർമനിയിലും പോളണ്ടിലുമെല്ലാം പലയിടത്തും അങ്ങനെ തന്നെ ശേഷിച്ചു. എഴുപതുകളിൽ സെബാൾഡ് ചരിത്രത്തിന്റെ വിഷക്കറ മായാത്ത ആ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു. പഴയ ഫൊട്ടോഗ്രഫുകൾ ശേഖരിച്ചു. വംശഹത്യയെ അതിജീവിച്ച ഒട്ടേറെ മനുഷ്യരെ കണ്ടു. ഓസ്റ്റർലിറ്റ്സ് എന്ന നോവലിലെ കഥാനായകൻ അൻപതാം വയസ്സിലാണ് താൻ ദത്തെടുക്കപ്പെട്ട ഒരു ജൂതനാണെന്ന് അറിയുന്നത്. താൻ എവിടെനിന്നു വന്നു, ആരാണു തന്റെ യഥാർഥ മാതാപിതാക്കൾ എന്ന് അയാൾ അന്വേഷിച്ചു തുടങ്ങുന്നിടത്താണു യുദ്ധങ്ങളുടെയും വംശഹത്യകളുടെയും വ്യക്തിചരിത്രങ്ങൾ വാതിൽ തുറന്നു വരുന്നത്. ഓരോ മനുഷ്യനും തന്റേതായ ഭയങ്കര യാതനയുടെ ഒരു അസാധാരണ പുസ്തകമാണ്. അതാകട്ടെ മറ്റു ചരിത്രാഖ്യാനങ്ങളിൽ ഉണ്ടാവില്ല. തന്റെ ഒരു പഴയ ഫോട്ടോ, രണ്ടോ മൂന്നോ വയസ്സുള്ളപ്പോൾ എടുത്തത്, ഓസ്റ്റർലിറ്റ്സ് കണ്ടെത്തുന്നു. 1939 ൽ പ്രാഗ് വിടുന്നതിന് ആറു മാസം മുൻപ് എടുത്തത്. ആ ഫോട്ടോയിലേക്കു നോക്കി ആ ഫോട്ടോയുടെ സൂക്ഷിപ്പുകാരി ഓസ്റ്റർലിറ്റ്സിനോടു പറയുന്നു, ഈ ചിത്രം ഉള്ളിൽ എന്തെല്ലാമോ അലകൾ ഉയർത്തുന്നു, ..as if the picture had a memory of their own, and remembered us, remembered the roles that we, the survivors, and those no longer among us had played in our former lives; ’’ പടങ്ങൾ, അവയ്ക്ക് അവയുടേതായ ഒരു സ്മരണ ഉള്ള പോലെ തോന്നുന്നു. അവ നമ്മെ ഓർക്കുന്നതുപോലെയും. നാം അതിജീവിച്ചവരാണ്. ഇപ്പോൾ നമ്മുടെ ഒപ്പം ഇല്ലാത്തവർക്കൊപ്പം നാം അന്നു ജീവിച്ച നമ്മുടെ പഴയ ജീവിതത്തിലെ വേഷങ്ങളും ഈ പടങ്ങൾ ഓർത്തുവച്ചതുപോലെ.’

ഒരു വിളക്കിലേക്കു നിശാശലഭങ്ങൾ ആകർഷിക്കപ്പെടുന്നതു പോലെ കാലം മറന്ന സംഭവങ്ങളും വ്യക്തികളും പല ദിശകളിൽനിന്നായി എത്തി പ്രകാശത്തിനു ചുറ്റും ഒരു പാട തീർക്കുന്നതാണു നാം സെബാൾഡിൽ കാണുന്നത്. കഥയെന്നത് സ്വന്തം കഥയല്ല, മറ്റുള്ളവർ തന്നോടു പറഞ്ഞ കഥകളാണ് എന്ന് സെബാൾഡിൽ നാം അറിയുന്നു. ഓസ്റ്റർലിറ്റ്സ് ഈ ശൈലിയുടെ ഏറ്റവും ഉജ്ജ്വലമായ സന്ദർഭമാണ്. 

Content Summary : Ezhuthumesha Column by Ajay P. Mangattu-  How the past influences the writing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA
;