മറന്നുവോ നിങ്ങളീ ധിക്കാരിയെ? അധികാര ശക്തികളെ മുറിപ്പെടുത്തിക്കൊണ്ടിരുന്ന ശബ്ദിക്കുന്ന കലപ്പയെ?

HIGHLIGHTS
  • വായനാവസന്തം – വായന തന്നെ ജീവിതം
  • അബ്ബാസ് ടി.പി. എഴുതുന്ന പംക്തി
Ponkunnam Varkey
പൊൻകുന്നം വർക്കി
SHARE

പ്രിയപ്പെട്ട വായനക്കാരേ...

പാകമല്ലാത്ത കുപ്പായം തുന്നിക്കൊടുത്ത്, നിന്റെ പാകം തീരുമാനിക്കുന്നത് ഞാനാണ് എന്നു പറഞ്ഞ സി.പി. ഫ്രാൻസിസ് എന്ന തുന്നൽക്കാരൻ കഥാപാത്രത്തെ ഓർമയുണ്ടോ...? ഒടുക്കം തുന്നൽ കടയിൽ കയറി നാട്ടുകാരുടെ കയ്യടികളോടെ തനിക്ക് പാകമായ കുപ്പായം തെരഞ്ഞെടുക്കുന്ന പാപ്പനെ ഓർമ്മയുണ്ടോ ...?

സർ സിപിയുടെ അമേരിക്കൻ മോഡൽ ഭരണത്തെ ‘മോഡൽ’ എന്ന കഥയിലൂടെ പൊങ്കാലയിട്ട എഴുത്തുകാരനെ ഓർമയില്ലേ...? 

പുരോഹിതന്റെ ളോഹ എടുത്തണിഞ്ഞ് വ്യാജചികിത്സ നടത്തി പരവശനായി, തന്റെ മകളുടെ മുറിയിൽനിന്ന് പുറത്തിറങ്ങിയ അന്തോണിയോട് ‘അന്തോണീ.. നീയും അച്ചനായോടാ ...?’ എന്നു ചോദിക്കുന്ന ആ അമ്മയെ മറന്നുപോയോ...? 

മലയോര കർഷകന്റെ വികാരവിചാരങ്ങൾക്ക് വാക്കുകൾ നൽകിയ, അവരുടെ ദുരിതങ്ങളോടൊപ്പം നടന്ന, അവരെ ചൂഷണം ചെയ്യുന്ന എല്ലാ അധികാര ശക്തികൾക്കും നേരേ വാക്കുകളുടെ വെടിയുണ്ടയുതിർത്ത എഴുത്തുകാരനെ ഓർമയില്ലേ...? 

എഴുത്തിന്റെ പേരിൽ ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്ന ആദ്യത്തെ മലയാള എഴുത്തുകാരനെ ഇത്ര പെട്ടെന്നു മറന്നു പോയോ...? മറന്നുവോ നിങ്ങളീ ധിക്കാരിയെ ...?

പൗരോഹിത്യത്തിനും അധികാരവർഗത്തിനും എതിരെ മരണം വരെ ശബ്ദിച്ച ഈ കലപ്പയെ ...? തെമ്മാടിക്കുഴി പോലും വേണ്ടെന്നുവച്ച് വീട്ടുവളപ്പിൽ അന്ത്യവിശ്രമത്തിന് ആറടിമണ്ണ് തിരഞ്ഞെടുത്ത പൊൻകുന്നം വർക്കിയെ ...?

ആ എഴുത്തുകാരനെ മറന്നാലും അദ്ദേഹത്തിന്റെ ‘ശബ്ദിക്കുന്ന കലപ്പ’ എന്ന കഥ മറവിയുടെ തമോഗർത്തത്തിൽ ഇല്ലാതാവില്ല. ഓർക്കുന്നില്ലേ, ഔസേപ്പിനെയും  കണ്ണൻ എന്ന കാളയേയും?. അവരുടെ ആത്മബന്ധത്തെ? മണ്ണും മനുഷ്യനും തമ്മിലും മനുഷ്യനും ജന്തുക്കളും തമ്മിലുമുള്ള പാരസ്പര്യത്തെ...? ഇടത്തരം കൃഷിക്കാരുടെ ജീവിതദുരിതങ്ങളെ ആവാഹിച്ച അക്ഷരങ്ങളെ? സ്വന്തമായുള്ള മണ്ണ് വിറ്റിട്ടും മകളുടെ വിവാഹം നടത്താൻ വേണ്ട പണം തികയാഞ്ഞിട്ട് തന്റെ ആത്മാവിന്റെ നേർപകുതിയായ കണ്ണനെ വിൽക്കേണ്ടി വരുന്ന ആ കർഷകന്റെ നിസ്സഹായതയെ ... മറന്നുപോയോ ...?

കണ്ണനെ കൈമാറുന്നത് കണ്ട് നിൽക്കാനാവാതെ മുഖം തിരിച്ച ആ വിതുമ്പലിനെ? കാലിച്ചന്തയിൽ അറുക്കാൻ നിർത്തിയ കണ്ണനെ, വന്ന കാര്യം മറന്ന് കയ്യിലെ പണം കൊടുത്ത് മടക്കി വാങ്ങുന്ന വിലാപസ്വരത്തെ ...?

എനിക്ക് നിന്നെപ്പോലെ തന്നെയാണ് ഇവനും എന്ന് മകളോടു പറയുന്ന സ്നേഹത്തിന്റെ മുഖത്തെ മറന്നുവോ ...? 

കണ്ണന്റെ കാലിലെ വ്രണത്തിന് മരുന്നുമായി ചെല്ലുമ്പോൾ മരിച്ചുകിടക്കുന്ന അവനെ കണ്ട് നെഞ്ചകം തകർന്ന ഔസേപ്പെന്ന യഥാർഥ മനുഷ്യനെ ഓർമയില്ലേ ...? ചളി മറന്ന കലപ്പയുടെ മേലിരുന്ന് എന്തൊക്കെയോ ചിലച്ച ആ പല്ലിയേയും മറന്നുവോ ...? കാലം എത്ര കഴിഞ്ഞു ...

ആ പല്ലി ഇപ്പോഴും ചിലയ്ക്കുന്ന സ്വരം കേൾക്കുന്നില്ലേ? ആ ചിലയ്ക്കലിൽ എഴുത്തുകാരൻ ഒളിപ്പിച്ചുവച്ച ജീവിതം എന്ന മഹാദ്ഭുതം നമ്മെ പലതും അറിയിക്കുകയും അനുഭവിപ്പിക്കുകയും ചെയ്യുന്നില്ലേ ...?

ആ ഗൗളിപ്പേച്ചിലാണ് ഇന്നും നിശ്ശബ്ദമായി ആ കലപ്പ ശബ്ദിക്കുന്നത്. ആ കലപ്പയെ സൃഷ്ടിച്ച കൈകൾ മണ്ണിൽ ഇപ്പോഴും അലിയാതെ കിടക്കുന്നുണ്ടാവില്ലേ ...? ഉണ്ടാവണം. ഇപ്പോൾ ശബ്ദിക്കുന്ന കലപ്പ എന്ന കഥ അഞ്ചാമത്തെ തവണയും വായിച്ച് തീരുമ്പോൾ ആ ധിക്കാരി മാസ്ക് ധരിക്കാതെ ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഈ പാതകളിലൂടെ  ടന്നു പോകുന്നത് ഞാൻ കാണുകയാണ്.

പൊൻകുന്നം വർക്കി എന്ന എഴുത്തുകാരൻ എല്ലാ അർഥത്തിലും ഒരു കലാപകാരിയായിരുന്നു. കലാപത്തിന്റെ കനൽ ഉള്ളിൽ സൂക്ഷിക്കുന്ന ഓരോ മനുഷ്യനും നേരിടേണ്ടിവരുന്നതൊക്കെയും അനുഭവിച്ചു തീർത്ത് അദ്ദേഹം ഈ ഭൂമിയിൽനിന്ന് പോയി.

അദ്ദേഹത്തിന്റെ കഥകളിലൂടെയും നാടകങ്ങളിലൂടെയും നമുക്ക് വെളിപ്പെടുന്ന ജീവിതങ്ങൾ ആ കാലത്തിന്റെ നേർപകർപ്പുകൾ ആണ്. വർക്കിയുടെ കഥാപാത്രങ്ങൾ പട്ടിണി കിടന്നു, ദുഃഖിച്ചു, വിശപ്പറിഞ്ഞു, പ്രണയിച്ചു, കാമിച്ചു. കഥാപാത്രങ്ങളുടെ ജീവിതങ്ങളെ കനൽവാക്കുകളിൽ പകർത്തുക മാത്രമല്ല ആ എഴുത്തുകാരൻ ചെയ്തത്. അവരുടെ കൂടെ ജീവിച്ചു. അവർ നേരിടുന്ന അനീതികൾക്കെതിരെ കലഹിച്ചു. ആ കലഹസ്വരം അത്ര നേർത്തതായിരുന്നില്ല. അത് അധികാരക്കസേരകളുടെ ആസനങ്ങളെ പൊളിച്ചു.

ക്രിസ്മസ് ആഘോഷത്തിന് അലങ്കരിച്ചു കിടത്തിയ ഉണ്ണിയേശു ആണാണോ പെണ്ണാണോ എന്നറിയാനുള്ള കൗതുകത്തിൽ ആ ഉടുവസ്ത്രം പൊക്കി നോക്കിയ വർക്കി എന്ന കുട്ടി വളർന്ന് എഴുത്തുകാരനായപ്പോൾ പുരോഹിത വർഗ്ഗത്തിന്റെ ധവള വസ്ത്രങ്ങളിലെ മാലിന്യങ്ങളെ തന്റെ എഴുത്തിലൂടെ സമൂഹത്തിന് കാണിച്ചുകൊടുത്തു.

ശബ്ദിക്കുന്ന കലപ്പയും ചാത്തന്റെ മകളും റിക്ഷാക്കാരനും ഹൃദയനാദവും അണിയറയും അന്തിത്തിരിയും ഡമോക്രസിയും ആരവവുമടക്കം ഇരുപത്തിമൂന്ന് ചെറു കഥാസമാഹാരങ്ങളും പത്തൊമ്പത് നാടകങ്ങളും ഒരു നോവലും രണ്ട് ഗദ്യ കവിതാസമാഹാരങ്ങളും ആത്മകഥയും അടക്കം നാൽപത്തിയേഴ് പുസ്തകങ്ങൾ പൊൻകുന്നം വർക്കിയുടേതായി നമ്മുടെ മുമ്പിലുണ്ട്.

ഇവയിൽ പലതും ഇന്നും പ്രസക്തമാണ്. അവ വായിക്കപ്പെടുന്നുമുണ്ട്. അദ്ദേഹത്തിന്റെ ‘വിശറിക്കു കാറ്റു വേണ്ട’, ‘സ്വർഗ്ഗം നാണിക്കുന്നു’, ‘വഴിതുറന്നു’ തുടങ്ങിയ നാടകങ്ങൾ കേരളത്തിന്റെ ഏതാണ്ട് എല്ലാ വേദികളിലും നിറഞ്ഞ കൈയടിയോടെ മലയാളി നെഞ്ചേറ്റിയതാണ്.

പൊൻകുന്നം വർക്കി എന്ന എഴുത്തുകാരനെ മലയാള ഭാഷ ഉള്ളിടത്തോളംകാലം ഓർക്കാൻ ശബ്ദിക്കുന്ന കലപ്പ എന്ന ഒറ്റ ചെറുകഥ മാത്രം മതി. ആ ചെറുകഥയ്ക്കും കനലിൽ ചവിട്ടി ആ മനുഷ്യൻ നടന്ന എഴുത്തുവഴികൾക്കും മുമ്പിൽ വിനയാദരങ്ങളോടെ... 

Content Summary: Vayanavasantham, Column written by Abbas TP on Ponkunnam Varkey

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA
;