‘അവന്റെ ഓർമകളുടെ വേദന ഒരു നീറ്റലായി മനസ്സിൽ നിറയുന്നു’

Thomas Joseph
തോമസ് ജോസഫ്
SHARE

കഥാകൃത്ത് ജോർജ് ജോസഫ് കെ., സുഹൃത്തായിരുന്ന തോമസ് ജോസഫിനെ സ്മരിക്കുന്നു.

കണ്ണുതിരുമ്മി വെളുപ്പിനുണർന്നാൽ ഞാനാദ്യം ദൈവത്തോടു പ്രാർഥിക്കുന്നത് എന്റെ എഴുത്തുകാരായ കൂട്ടുകാർക്കു വേണ്ടിയാണ്. തോമസ് ജോസഫ്, പി.എഫ്.മാത്യൂസ്, ജോസഫ് മരിയൻ, സോക്രട്ടീസ് വാലത്ത് ഈ നാൽവർ സംഘം ആത്മാർഥത നിറഞ്ഞ ഒരു കഥാ കൂട്ടായ്മയായിരുന്നു. എന്റെ 4 കൂട്ടുകാരും മരിക്കും വരെ നല്ല കഥകളെഴുതാൻ സഹായിക്കണേ എന്നായിരുന്നു എന്റെ പ്രാർഥന. പക്ഷേ, ഇന്നു ഞാൻ പ്രാർഥിച്ചത് തോമാച്ചന്റെ (തോമസ് ജോസഫ്) സങ്കടകരമായ അവസ്ഥയിൽനിന്ന് അവനെ വിടുവിക്കണേ എന്നായിരുന്നു. ഒരിക്കലും അങ്ങനെ പ്രാർഥിക്കരുതെന്ന് എനിക്കറിയാം. പക്ഷേ, അവൻ കഴിഞ്ഞ വർഷങ്ങളിൽ ഒരു മിറാക്കിളും സംഭവിക്കാതെ കോമ അവസ്ഥയിൽ കിടക്കുന്നതു കൊണ്ടു ഞാൻ ദൈവത്തോടു ശാഠ്യം പിടിച്ചു, അവനെ ഈ കിടപ്പിൽനിന്നു രക്ഷിക്കാൻ. അത്ര വേദനാജനകമായിരുന്നു ആ കിടപ്പ്. നിറമോ മണമോ രുചിയോ കാഴ്ചയോ അവനില്ല. അക്ഷരങ്ങൾ അവന് അന്യം. പിന്നെ ഈ ജീവിതത്തിന് എന്തർഥം?

ഇന്നു രാവിലെ എം. മുകുന്ദേട്ടൻ എന്നെ വിളിച്ചു. തോമസ് ജോസഫിനെ തിരക്കി. ഞാൻ വാക്കുകൾക്കു വീർപ്പുമുട്ടി. അദ്ദേഹം ടി.എൻ. പ്രകാശ് രക്ഷപ്പെട്ടതിനെക്കുറിച്ചു പറഞ്ഞു. സി.കെ. ഹസൻ കോയ വിളിക്കുമ്പോൾ എന്റെ ഫോൺ സ്വിച്ച് ഓഫ്. ചെവിവേദന കൊണ്ട് ഫോൺ ഓഫാക്കി വച്ചു. പിന്നെ ഓൺ ചെയ്തപ്പോൾ ‘പിഎഫിന്റെ വിളി. തോമാച്ചൻ പോയെടാ, വൈകിട്ട്’. ഞാൻ കരഞ്ഞില്ല. ദൈവത്തിനു നന്ദി പറഞ്ഞു. അവന്റെ കുടുംബത്തിന്റെ സങ്കടങ്ങളിൽ നിന്നു ദൈവം വിടുതൽ കൊടുത്തു. 1970ൽ മഞ്ഞുമ്മലിൽ നടന്ന സാഹിത്യശിൽപശാലയിൽ ഞങ്ങൾ 3 പേർ പരസ്പരം പരിചയപ്പെട്ടു, ബാലചന്ദ്രൻ ചുള്ളിക്കാട്, തോമസ് ജോസഫ്, ഞാൻ. ആ ക്യാംപ് മുഖ്യധാരയിലേക്കെത്തിച്ചതു ഞങ്ങൾ 3 പേരെയുമാണ്. അവൻ രക്ഷപ്പെട്ടെങ്കിലും അവന്റെ ഓർമകളുടെ വേദന ഒരു നീറ്റലായി ഇപ്പോൾ മനസ്സിൽ നിറയുന്നു. ഇല്ലെന്നു പറഞ്ഞാൽ അതു നുണ. അവനെ കെട്ടിപ്പിടിച്ച് അവന്റെ വീട്ടിലും എന്റെ വീട്ടിലും ഞങ്ങൾ ഉറങ്ങിയ രാത്രികൾ. അവൻ സ്വർഗത്തിലിരുന്ന് ഇനി സർവസൗഖ്യവും നേടി എന്നെ കഥ പറഞ്ഞു കേൾപ്പിക്കും. ഞാൻ എന്റെ കഥ പ്രാർഥനയായി അവനെയും ദൈവത്തെയും കേൾപ്പിക്കും.

Content Summary: George Joseph K remembering writer Thomas Joseph

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA
;