ADVERTISEMENT

സാഹിത്യത്തിനു നൊബേല്‍ സമ്മാനം നേടിയ അമേരിക്കന്‍ എഴുത്തുകാരന്‍ ഏണസ്റ്റ് ഹെമിങ് വേ ഒളിംപിക് മെഡല്‍ ജേതാവ് കൂടി ആയിരുന്നെങ്കിലോ. ഹെമിങ് വേയെപ്പോലെ പ്രിയപ്പെട്ട മറ്റ് എഴുത്തുകാരെപ്പറ്റിയും ഒളിംപിക് ജേതാക്കള്‍ എന്നു ചിന്തിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ അങ്ങനെയൊരു സാധ്യത വിദൂരമല്ലാത്ത ഒരു കാലമുണ്ടായിരുന്നു. ഒളിംപിക് മത്സരയിനങ്ങളില്‍ കലയും സഹിത്യവും ഉള്‍പ്പെടുത്തിയ കാലം. എഴുത്തുകാര്‍ മത്സരിക്കുകയും മെഡല്‍ നേടുകയും ചെയ്തിരുന്നു. അതവരെ അവരവരുടെ രാജ്യങ്ങളിലെ പ്രശസ്ത എഴുത്തുകാരുമാക്കിയിരുന്നു. എന്നാല്‍, ഒരു ഇടവേളയ്ക്കു ശേഷം കലാ മത്സരങ്ങള്‍ ഒളിംപിക്സില്‍ നിന്ന് ഒഴിവാക്കപ്പെടുകയായിരുന്നു. 

 

സാഹിത്യവും ഒളിംപിക്സും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് 1912 ല്‍. അതിനു മുമ്പും കലാമത്സരങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടന്നിരുന്നു; വിജയിച്ചില്ല എന്നു മാത്രം. രാജ്യാന്തര ഒളിംപിക് കമ്മിറ്റി സ്ഥാപകനും ചരിത്രകാരനും കവിയും കൂടിയായിരുന്ന പിയര്‍ ഡി കുബര്‍ട്ടിന്‍ കലാ മത്സരങ്ങള്‍ ഒളിംപിക്സിന്റെ ഭാഗമാകണം എന്നാഗ്രഹിച്ച വ്യക്തിയാണ്. അദ്ദേഹം നിരന്തരമായി ശ്രമിച്ചതിന്റെ ഫലമായാണ് സ്റ്റോക്ഹോമില്‍ 1912 ല്‍ നടന്ന ഒളിംപിക്സില്‍ സ്വപ്നം സഫലമായത്. 

 

അഞ്ച് വിഭാഗങ്ങളില്‍ ആ വര്‍ഷം സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ സമ്മാനിച്ചു. ആര്‍ക്കിടെക്ചര്‍, സാഹിത്യ രചന, സംഗീതം, ചിത്രരചന, ശില്‍പകല എന്നിവയിലായിരുന്നു മത്സരങ്ങള്‍. 

 

സാഹിത്യ വിഭാഗത്തില്‍ മൗലിക രചനകളായിരുന്നു ഒളിംപിക് കമ്മിറ്റിക്ക് അയയ്ക്കേണ്ടിയിരുന്നത്. വിഷയം കായികവുമായി ബന്ധപ്പെട്ടതായിരിക്കണം. കലാകാരന്‍മാര്‍ നവാഗതരുമായിരിക്കണം. 

 

കലാ മത്സരങ്ങള്‍ ഒളിംപിക്സിന്റെ ഭാഗമാക്കിയ 1912-ല്‍ കുറച്ചു രചനകള്‍ മാത്രമേ വിധി നിര്‍ണയിക്കാന്‍ അയച്ചുകിട്ടിയുള്ളൂ. സാഹിത്യ രചനയ്ക്കുള്ള ആദ്യത്തെ സ്വര്‍ണമെഡല്‍ ലഭിച്ചത് കവിതയ്ക്ക്. ഓഡ് ടു സ്പോര്‍ട്സ് എന്നായിരുന്നു പേര്. കായിക മത്സരങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള കവിത. പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചെങ്കിലും അതാരാണെന്ന് പെട്ടെന്നു കണ്ടുപിടിക്കാനായില്ല. തൂലികാ നാമത്തിലായിരുന്നു രചന അയച്ചത്. അവസാനം ആളെ കണ്ടുപിടിച്ചു. പിയര്‍ ഡി കുബര്‍ട്ടിന്‍ തന്നെയായിരുന്നു അജ്ഞാത കവി ! 

 

മുപ്പതുകളിലും നാല്‍പതുകളിലും ഒളിംപിക്സിലെ ജനപ്രിയ ഇനമായി രചനാ മത്സരങ്ങള്‍ തുടര്‍ന്നു. എന്നാല്‍ 1948 ല്‍ ലണ്ടനില്‍ നടന്ന ഒളിംപിക്സില്‍ കലാമത്സരങ്ങളെ പടിക്കു പുറത്താക്കാന്‍ ഒളിംപിക് കമ്മിറ്റി തീരുമാനിച്ചു. പ്രഫഷനലായി മത്സരങ്ങള്‍ നടത്താന്‍ കഴിയുന്നില്ല എന്നാണു കാരണം പറഞ്ഞത്. പരിമിതികള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട്. ഒളിംപിക് മെഡല്‍ സ്വപ്നം കണ്ട ഒട്ടേറെ കലാകാരന്‍മാരെ നിരാശപ്പെടുത്തുന്നതായിരുന്നു ആ തീരുമാനം. എന്നാല്‍ പിന്നീട് ഇതുവരെ ആ തീരുമാനത്തില്‍ മാറ്റമുണ്ടായിട്ടുമില്ല. വിഷാദവും നിരാശയും മാനസിക പ്രശ്നങ്ങളും സമ്മര്‍ദവും ചൂണ്ടിക്കാട്ടി ഒന്നാം നിര താരങ്ങള്‍ പോലും മത്സരങ്ങളില്‍ നിന്നു പിന്‍മാറുമ്പോഴെങ്കിലും പുതുക്കിയ വ്യവസ്ഥകളോടെ കലാമത്സരങ്ങള്‍ ഒളിംപിക്സിന്റെ ഭാഗമാക്കാന്‍ ആലോചിക്കാവുന്നതാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. 

 

1924 ല്‍ പാരിസില്‍ നടന്ന ഒളിംപിക്സില്‍ മിക്സഡ് ലിറ്ററേച്ചര്‍ വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയ ഐറിഷ് എഴുത്തുകാരനാണ് ഒലിവര്‍ സെന്റ് ജോണ്‍ ഗോഗാര്‍ട്ടി. യൂളീസസ് എന്ന വിശ്വപ്രസിദ്ധ നോവലില്‍ ഇദ്ദേഹത്തെ ജെയിംസ് ജോയ്സ് ഒരു കഥാപാത്രമാക്കിയിട്ടുമുണ്ട്. 

 

1928 ലെ ആസ്റ്റര്‍ഡാം ഒളിംപിക്സില്‍ നാടക രചനയ്ക്ക് വെള്ളിമെഡല്‍ നേടിയത് ഇറ്റാലിയന്‍ കവിയും രാഷ്ട്രീയക്കാരനമായിരുന്ന ലോറോ ഡി ബോസിസ് ആയിരുന്നു. ഫാസിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന അദ്ദേഹത്തെ ഒരു വിമാനയാത്രയില്‍ കാണാതാവുകയായിരുന്നു. 

 

ഏണസ്റ്റ് വെയ്സ് എന്ന ഓസ്ട്രിയന്‍ ഡോക്ടര്‍ക്ക് എപിക് വിഭാഗത്തില്‍ വെള്ളി മെഡല്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടാം ലോക യുദ്ധകാലത്ത് നാസികള്‍ പാരിസ് ആക്രമിച്ചപ്പോള്‍ ഡോക്ടര്‍ ജീവനൊടുക്കി; ഹിറ്റ്ലര്‍ ലോകത്തെ കീഴടക്കുന്നതു കാണാന്‍ കരുത്തില്ലാതെ. 

 

കോവിഡ് നിഴലില്‍ ജപ്പാനിലെ ടോക്കിയോയില്‍ ഒളിംപിക് മത്സരങ്ങള്‍ കാണികളില്ലാതെ പുരോഗമിക്കുമ്പോള്‍ ചരിത്രമറിയുന്ന കുറച്ച് എഴുത്തുകാരെങ്കിലും ആഗ്രഹിക്കുന്നുണ്ടായിരിക്കും; നഷ്ടപ്പെട്ട അവസരങ്ങളെക്കുറിച്ച്, ഭാവനയുടെ കരുത്തില്‍ ലോക വേദിയില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ കഴിയാതെ പോയതിനെക്കുറിച്ച് ചിന്തിച്ച്.

 

Content Summary: Arts competitions at the Olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com