സന്യാസത്തിന്റെ യതിചരിതം

HIGHLIGHTS
  • രമണമഹർഷിയുടെ ആശ്രമത്തിൽവച്ചാണ് നിത്യചൈതന്യ യതി എന്ന പേരിൽ സന്യാസം സ്വീകരിക്കുന്നത്
  • ജാതി, മത ചിന്തകൾക്കതീതമായ ദർശനങ്ങളായിരുന്നു ഗുരു നിത്യചൈതന്യ യതിയുടെ യശസ്സ്
literature-channel-athmakathayanam-podcast-series-nitya-chaithanya-yati
ഗുരു നിത്യചൈതന്യയതി
SHARE

കുഞ്ഞായിരിക്കുമ്പോഴേ ഹിമാലയൻ യതിയെപോലെ ആർക്കും പിടികൊടുക്കാതെ ഒരു അത്ഭുതജീവിയായി കഴിയണമെന്ന ആഗ്രഹം ഉണ്ടായിരുന്നു ഗുരു നിത്യചൈതന്യ യതിക്ക്. ഏഴു വയസ്സുള്ളപ്പോൾ മുതൽ നടരാജഗുരുവിന്റെ ചിത്രം സൂക്ഷിച്ചിരുന്ന യതി പതിനേഴാം വയസ്സിൽ ഊട്ടിയിലെ ഫേൺഹിൽ നാരായണഗുരുകുലത്തിൽ വച്ച് അദ്ദേഹത്തെ കണ്ടുമുട്ടുകയും ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. തിരുവണ്ണാമലയിൽ രമണമഹർഷിയുടെ ആശ്രമത്തിൽവച്ചാണ് നിത്യചൈതന്യ യതി എന്ന പേരിൽ സന്യാസം സ്വീകരിക്കുന്നത്. തന്റെ സന്ന്യാസ ജീവിതം അറിയുമ്പോൾ അമ്മയുടെ കണ്ഠമിടറും കണ്ണുനിറയും എന്നൊക്കെയായിരുന്നു അദ്ദേഹം കരുതിയത്. പക്ഷേ, ചിരിച്ചു കൊണ്ട് ആ അമ്മ പറഞ്ഞു. ‘ഞാൻ ഈ ദിവസത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. നീ ജനിക്കുന്നതിനു മുൻപുതന്നെ ഞാൻ ആഗ്രഹിച്ചിരുന്നതാണ് എന്റെ ആദ്യപുത്രൻ സന്യാസിയായിത്തീരണമെന്ന്. അവൻ ശ്രീനാരായണഗുരുവിനുവേണ്ടി ജീവിക്കണമെന്നും.’ 

ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ശ്രീനാരായണ വചനത്തെ ജീവിതത്തിന്റെ ആധാരശിലയായി കണ്ട യതി ജീവിച്ചിരുന്നത്രയും കാലം ആത്മീയാനുഭവങ്ങൾ തേടിയുള്ള യാത്രയിലായിരുന്നു. ആദ്യമൊക്കെ കാലത്തെയും ദേശത്തെയും സ്പർശിച്ചിരുന്ന യാത്രകൾ. പിന്നെപ്പിന്നെ കാലത്തെയും ദേശത്തെയും മറന്നുകൊണ്ട് അകമെയുള്ള യാത്രകൾ...‌ ഏറെ നാൾ മൗനവ്രതത്തിൽ കഴിഞ്ഞതും വിവാഹജീവിതത്തോടുള്ള ഭയവും വെറുപ്പും സന്യാസത്തിലേക്കു തിരിയാൻ ഇടയായി. 

ഞാൻ അക്ഷരമാണ്. ഏതെങ്കിലും അച്ചടിയന്ത്രത്തിൽ കയറി അതിൽകൂടി ഞെരുങ്ങിപ്പോകുന്ന കടലാസിൽ പറ്റിയിരുന്നു ഞാൻ നിങ്ങളുടെ വീട്ടിലെത്തും എന്നു പറഞ്ഞ അദ്ദേഹം ഇംഗ്ലിഷിലും മലയാളത്തിലുമുള്ള ഒട്ടേറെ കൃതികളിലൂടെ വായനക്കാരെ തേടിയെത്തി. ലൗവ് ആൻഡ് ബ്ലെസിങ് എന്ന പേരിലാണ് ഇംഗ്ലിഷിലുള്ള ആത്മകഥ. മലയാളത്തിൽ യതിചരിതം. നാടരാജഗുരുവും ഞാനും, ഗുരുവും ശിഷ്യനും,മറക്കാനാവാത്തവർ, യാത്ര, യതിചര്യ, ഇറങ്ങിപ്പോക്ക് എന്നീ പുസ്തകങ്ങളും ആത്മകഥാ സംബന്ധികളാണ്. 

literature-channel-athmakathayanam-podcast-series-nitya-chaithanya-yati-profile
ഗുരു നിത്യചൈതന്യയതി

ജാതി, മത ചിന്തകൾക്കതീതമായ ദർശനങ്ങളായിരുന്നു ഗുരു നിത്യചൈതന്യ യതിയുടെ യശസ്സ്. ആത്മീയതയെയും ശ്രീനാരായണ ദർശനങ്ങളെയും ഏകോപിച്ചുള്ള ഗുരുവിന്റെ തത്ത്വചിന്തകൾക്ക് വലിയ അംഗീകാരം ലഭിക്കുകയും ചെയ്തു. വിദ്യാഭ്യാസം, സാഹിത്യം, സംഗീതം ,ചിത്രകല, തുടങ്ങി വിവിധ മേഖലകളിലെ പ്രവർത്തനങ്ങളിലൂടെ ലോകമൊട്ടുക്കുള്ള പതിനായിരങ്ങളുടെ ഗുരുവായി മാറി അദ്ദേഹം. അദ്വൈത വേദാന്ത ദർശനങ്ങളിൽ ആചാര്യ സ്ഥാനവും നേടി. 

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നു തത്ത്വചിന്തയിൽ ബിഎ ഓണേഴ്സ് നേടിയ യതി അന്ധരുടെ മാനസികപ്രശ്നങ്ങൾ എന്ന വിഷയത്തിൽ മുംബൈ യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടത്തിയിട്ടുണ്ട്. ബെംഗളൂരുവിലെ റോയൽ എയർഫോഴ്സിലും പുണെയിലെ ഇന്ത്യൻ ആർമിയിലും സേവനമനുഷ്ഠിച്ചു. കൊല്ലം ശ്രീനാരായണ കോളജിലും മദ്രാസിലെ വിവേകാനന്ദ കോളജിലും അധ്യാപകനായിരുന്നു. ഓസ്ട്രേലിയ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പ്രഫസർ. ഗാന്ധിജിയുടെ കൂടെ ഹരിജൻ സേവാ സംഘത്തിൽ പ്രവർത്തിച്ചു. വർക്കലയിലെ ശ്രീനാരായണഗുരുവിന്റെ ശിവിഗിരി മഠത്തിലും ഡോ.ജി.എച്ച്.മീസിന്റെ(സ്വാമി ഏകരസ) കണ്വാശ്രമത്തിലും കഴിഞ്ഞിട്ടുണ്ട്. ഗുരുകുലം മാസികയുടെ പത്രാധിപത്യം വഹിച്ചു. 

ഗുരു നിത്യചൈതന്യയതി 

യഥാർഥ പേര്: കെ.ആർ.ജയചന്ദ്രൻകുട്ടി 

ജനനം: 1924 നവംബർ 2ന് പത്തനംതിട്ടയിൽ 

പിതാവ്: പന്തളം രാഘവപ്പണിക്കർ 

മാതാവ്: വാമാക്ഷിയമ്മ. 

മരണം: 1999 മേയ് 14 

dr-m-k-satnosh-kumar-literature-channel-athmakathayanam-podcast-series-nitya-chaithanya-yati
ഗുരു നിത്യചൈതന്യയതി

പ്രധാന കൃതികൾ: 

ഹിന്ദുമത പ്രവേശിക, ഇമ്പം ദാമ്പത്യത്തിൽ,ജാതി മതം ദൈവം, കലയുടെ മന:ശാസ്്ത്രം, നന്മയിലേക്കൊരു വഴി, അപൂർവ വൈദ്യന്മാർ, സമ്യക്കായ ലോകവീക്ഷണം ,സ്നേഹ സംവാദം, പ്രണവത്തിന്റെ മന്ത്രചൈതന്യം, സത്യത്തിന്റെ മുഖങ്ങൾ,ജീവനകലയുടെ ലാവണ്യം, സ്നേഹ സ്പർശം, മൈ ഇന്നർ പ്രൊഫൈൽ,ഗോഡ് റിയാലിറ്റി ഓർ ഇല്യൂഷൻ, ലൗ ആൻഡ് ഡിവോഷൻ. 

Content Summary : Athmakathayanam Column by Dr. M. K. Santhosh Kumar on Nitya Chaithanya Yati

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA
;