സോനാഗച്ചി പോലെ, ചുവന്നതെരുവു പോലെ, കേരളത്തിലും ഉണ്ടായിരുന്നു ശരീരവിൽപന കേന്ദ്രങ്ങൾ !

HIGHLIGHTS
  • ശരീരവിൽപന കേന്ദ്രത്തിനരികെ താമസിക്കേണ്ടി വന്ന അനുഭവം സാഹിത്യകാരൻ സി.വി. ബാലകൃഷ്ണൻ പങ്കുവയ്ക്കുന്നു
depressed-woman-sitting-small-room
Representative Image. Photo Credit : UM-UMM / Shutterstock.com
SHARE

വിശ്വസിക്കാൻ പ്രയാസമായിരിക്കും. കൊൽക്കത്തയിലെ സോനാഗച്ചി പോലെ... മുംബൈയിലെ ചുവന്ന തെരുവു പോലെ.. കേരളത്തിലും വേശ്യാത്തെരുവുണ്ടായിരുന്നു എന്നു കേട്ടാൽ. ഒന്നല്ല ഒത്തിരി ശരീരവിൽപന കേന്ദ്രങ്ങൾ... ഇങ്ങനെയൊരു കേന്ദ്രത്തിനരികെ താമസിക്കേണ്ടി വന്ന അനുഭവം പ്രശസ്ത സാഹിത്യകാരൻ സി.വി. ബാലകൃഷ്ണൻ പറയുമ്പോൾ അതിൽ കൂട്ടിച്ചേർക്കലൊന്നുമില്ല. പച്ചയായ അനുഭവങ്ങൾ മാത്രം. 

1969ൽ ആണ് സി.വി. ബാലകൃഷ്ണൻ പയ്യന്നൂരിൽ നിന്നു കണ്ണൂർ നഗരത്തിൽ അധ്യാപക പരിശീലനത്തിനെത്തുന്നത്. അന്നു വയസ്സ് 16. അതിനു മുൻപു കണ്ണൂർ വന്നത് സ്കൂളിലെ പഠനയാത്രയുടെ ഭാഗമായിട്ടായിരുന്നു. കണ്ണൂർകോട്ട, ജയിൽ, പയ്യാമ്പലം എന്നിവിടമൊക്കെ കണുന്നത് അപ്പോഴാണ്.

രണ്ടുവർഷമാണ് കണ്ണൂർ നഗരത്തിൽ താമസിച്ചത്. പ്ലാസ ജംക്ഷനു തൊട്ടപ്പുറത്തെ ലോഡ്ജിലായിരുന്നു താമസം. ജീവിതത്തിലെ പലതലത്തിലുള്ളവർ താമസിക്കുന്ന സ്ഥലമായിരുന്നു അവിടെ. തമിഴൻമാർ... ചിട്ടിക്കമ്പനിക്കാർ... ബീഡിത്തൊഴിലാളികൾ... എന്നിങ്ങനെ പലതരം ആളുകൾ. വരികയും പോകുകയും ചെയ്യുന്ന വേറെ കുറെ ആളുകൾ. ഇവരൊക്കെയായിരുന്നു സഹവാസികൾ. 

താമസിക്കുന്നതിന് അപ്പുറത്ത് വേശ്യാലയമാണ്. കണ്ണൂരിൽ അന്ന് ധാരാളം സ്ഥലത്ത് വേശ്യാലയമുണ്ട്. ബാങ്ക് റോഡിലെ ചാരായക്കടയ്ക്കടുത്തുള്ള വേശ്യാലയങ്ങൾ, ഗോപാൽ സ്ട്രീറ്റിലെ വേശ്യാലയങ്ങൾ, മരയ്ക്കാർക്കണ്ടിയിലെ വേശ്യാലയങ്ങൾ.. സിവിയുടെ കൂടെ താമസിച്ചിരുന്നത് ഒരു ചിട്ടിപിരിവുകാരനായിരുന്നു. പയ്യന്നൂർ മാതമംഗലം സ്വദേശി. അയാളുടെ കൂടെ സൈക്കളിൽ സിവി ഈ സ്ഥലങ്ങളൊക്കെ കാണാൻ കറങ്ങും. കാണുക മാത്രമായിരുന്നു യാത്രാലക്ഷ്യം. അങ്ങനെയാണ് കണ്ണൂരിലെ വേശ്യാലയങ്ങളെക്കുറിച്ചു കൃത്യമായി മനസ്സിലാക്കിയത്. 

ഒരു ദിവസം മരയ്ക്കാർ കണ്ടിയിലെ വേശ്യാലയം കാണാൻ കൂടെ പോയപ്പോൾ പൊലീസ് റെയ്ഡിനെത്തി. വേഗം ഓടിക്കോ എന്നു പറഞ്ഞ് അയാൾ സൈക്കിളവിടെയിട്ട് രക്ഷപ്പെട്ടു. വേറെയൊരു വഴിയെ സിവിയും. രാത്രിയിലെപ്പോഴോ ആണ് മുറിയിൽ തിരിച്ചെത്തുന്നത്. 

C V Balakrishnan
സി.വി. ബാലകൃഷ്ണൻ

വർഷങ്ങൾക്കു ശേഷം കൽക്കത്തയിലെ സോനാഗച്ചി കാണാൻ പോയപ്പോൾ സി.വി. ബാലകൃഷ്ണന് ആദ്യം ഓർമവന്നത് കണ്ണൂരിലെ വേശ്യാത്തെരുവുകളെയായിരുന്നു. ലോഡ്ജിനു തൊട്ടപ്പുറത്തെ വേശ്യാലയത്തിൽ താമസിച്ചവരുടെ മുഖം ഇപ്പോഴും ഓർമയുണ്ട്. ഖയറുന്നീസ, പൊന്നമ്മ എന്നിങ്ങനെ കുറേ സ്ത്രീകൾ. അവരുടെ കൂട്ടിക്കൊടുപ്പുകാരൻ ഒരു ശങ്കരനുണ്ട്. ഈ പൊന്നമ്മയ്‌ക്കൊരു കുഞ്ഞുണ്ട്. ഏതെങ്കിലും കസ്റ്റമർ വന്നാൽ മതിലിനു മൂകളിലൂടെ പൊന്നമ്മ കുഞ്ഞിനെ സിവിയുടെ കയ്യിലേ‍ൽപിക്കും. കുഞ്ഞിനെയുമെടുത്ത് സിവി നടക്കും. അവിടെ വരുന്നവരെയും പോകുന്നവരെയെല്ലാം സിവിക്കു മുറിയിൽ നിന്നാൽ കാണാൻ കഴിയും. അവിടുത്തെ കാഴ്ചകളാണ് പിന്നീട് ‘ഏതോ രാജാവിന്റെ പ്രജകൾ’ എന്ന നോവലെറ്റിൽ എഴുതിയത്. വയസ്സായ ഒരാൾ അവിടേക്കു സ്ഥിരമായി വരും.

ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവം ഉണ്ടായത് ഇനിയാണ്. ഒരു ദിവസം  അവിടുത്തെ ഒരു സ്ത്രീ പെട്ടെന്നോടി വന്ന് സിവിയുടെ  മുറിയിൽ കയറി കതകടച്ചു. എന്താണു സംഭവിക്കുന്നതെന്നറിയാതെ ആ പതിനാറുകാരൻ ഞെട്ടിപ്പോയി. പുസ്തകം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. മിണ്ടരുതെന്ന് അവൾ ആംഗ്യം കാട്ടി. വേശ്യാലയത്തിൽ പൊലീസ് റെയ്ഡായിരുന്നു. രക്ഷപ്പെട്ടോടി വന്നതാണവൾ. പേടിച്ചു പാറിവന്ന ഒരു പ്രാവിന്റെ മുഖമായിരുന്നു അവൾക്ക്. കുറേ കഴിഞ്ഞ് ബഹളമെല്ലാം അടങ്ങിയപ്പോൾ അവൾ പോകാനൊരുങ്ങി. പൊലീസിനു പിടികൊടുക്കാതെ രക്ഷപ്പെടുത്തിയതിന്റെ നന്ദി ആ മുഖത്തുണ്ടായിരുന്നു. 

‘‘എന്നെ എന്തുവേണമെങ്കിലും ചെയ്തോളൂ’’.. ദയനീയമായ വാക്കുകളോടെ അവൾ പറഞ്ഞു. അത്രയും അയാൾ പ്രതീക്ഷിച്ചിരുന്നില്ല. 

‘‘വേഗം പുറത്തുപോകൂ’’– സിവി പറഞ്ഞു. പോകാൻ നേരം സ്‌നേഹവായ്‌പോടെ അയാളുടെ നെറ്റിയിൽ ചുംബിച്ചു. സിവിയെ ആദ്യമായി ചുംബിച്ച സ്ത്രീ അവളായിരുന്നു. അവളെ ആദ്യമായി കാണുകയായിരുന്നു സിവി. വേശ്യാലയത്തിലെ മറ്റു സ്ത്രീകളെയൊക്കെ സ്ഥിരമായി കാണുന്നതായിരുന്നു. പക്ഷേ, ഇവൾ പുതുമുഖമായിരുന്നു. പുറമെ നിന്നു വന്നതായിരിക്കും. പിന്നീടൊരിക്കലും അവളെ കണ്ടില്ല. തിരക്കിയതുമില്ല. 

Content Summary: Writer CV Balakrishnan takes a trip down memory lane, recalls experience of being a neighbour to a brothel

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA
;