ADVERTISEMENT

സ്വാതന്ത്ര്യം സുരക്ഷിതമായ വീട് മാത്രമല്ല, ഏത് ആപത്തില്‍ നിന്നും എന്നും എപ്പോഴും മടങ്ങിയെത്താവുന്ന അഭയകേന്ദ്രം കൂടിയാണെന്നു പറയുന്ന പുസ്തകമാണ് ‘ആഫ്രിക്കന്‍ സ്ത്രീകളുടെ ലൈംഗിക ജീവിതം’. The sex lives of African women. ഘാനയില്‍ നിന്നുള്ള ഫെമിനിസ്റ്റ് പ്രവര്‍ത്തക നാന ഡര്‍കോവ സെകിമയുടെ അസാധാരണ കൃതി. പ്രശസ്ത ബ്ലോഗര്‍ കൂടിയായ സെകിമ ആറു വര്‍ഷത്തില്‍ കൂടുതലെടുത്തു പുസ്തകത്തിന്റെ ഉള്ളടക്കം തയാറാക്കാന്‍. 30 ല്‍ അധികം ആഫ്രിക്കന്‍ സ്ത്രീകള്‍ അവരുടെ  ജീവിതം തുറന്നുപറയുകയാണ്. നൂറു കണക്കിനു പേരോടു സംസാരിച്ചു. അനുഭവങ്ങള്‍ ക്രോഡീകരിച്ചു. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും ജീവിക്കുന്ന ആഫ്രിക്കക്കാരും പുസ്തകത്തിന്റെ പരിധിയില്‍ വരുന്നുണ്ട്. 

 

ഇതാദ്യമാണ് ആഫ്രിക്കന്‍ സ്ത്രീകള്‍ തങ്ങളുടെ ലൈംഗിക ജീവിതം തുറന്നുപറയുന്നത്. സ്ത്രീകള്‍ അവരെത്തന്നെ കണ്ടെത്തുന്നതാണ്  ആദ്യഭാഗം : സെല്‍ഫ് ഡിസ്കവറി. സ്വാതന്ത്ര്യം എന്നതാണു രണ്ടാം ഭാഗത്തിന്റെ പ്രമേയം. മൂന്നാം ഭാഗത്തില്‍ ജീവിതം എല്ലാ പാരുഷ്യത്തോടെയും അവതരിപ്പിക്കുന്നു. 

 

ലൈംഗികത എന്നത് എങ്ങനെ തങ്ങളുടെ ജീവിതത്തെ നിര്‍ണയിച്ചുവെന്നും സ്വാധീനിക്കുന്നുവെന്നും സെകിമ അവതരിപ്പിക്കുന്ന ഓരോ സ്ത്രീയും തുറന്നുപറയുന്നു; സത്യസന്ധതയോടെ. ആത്മാര്‍ഥതയോടെ. ഓരോ ദിനവും വീട്ടിലും പുറത്തും തങ്ങള്‍ അനുഭവിക്കുന്ന ദുരന്തങ്ങള്‍, പീഡനങ്ങള്‍, ക്രൂരത, ഹൃദയം പിളര്‍ക്കുന്ന പൈശാചികത. പല അനുഭവങ്ങളും പുറം ലോകത്തിനു ഞെട്ടലുണ്ടാക്കിയേക്കാം. വംശീയത ഇന്നും വേട്ടയാടുന്നവരുണ്ട്. പുരുഷാധിപത്യ കുടുംബ വ്യവസ്ഥയില്‍ അടിമകളാണു പലരും.

 

വിപ്ലവം സ്വാതന്ത്ര്യത്തിനു വേണ്ടി തെരുവില്‍ മാത്രമല്ല. വീട്ടിലെ കിടപ്പുമുറിയില്‍ കിടക്കവിരിയിലും സ്വാതന്ത്ര്യം കണ്ടെത്തേണ്ടതുണ്ട്. വ്യക്തിത്വം സ്ഥാപിക്കേണ്ടതുണ്ട്. രണ്ടു സമരങ്ങളും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ തന്നെയാണല്ലോ. 

 

ആഗ്രഹിച്ച സ്നേഹത്തിനുവേണ്ടി മാതൃരാജ്യം വിട്ട് ഓടിപ്പോയവരുണ്ട്. പീഡനങ്ങളില്‍ നിന്ന് മോചനം കൊതിച്ചു യാത്ര ചെയ്തവരുണ്ട്. ധീരരായിരിക്കുമ്പോള്‍ തന്നെ ദൗര്‍ബല്യത്തെ മറച്ചുപിടിച്ചവരുണ്ട്. ഒരു പങ്കാളി മാത്രമുള്ള പുരുഷന്റെ മകളായി ജീവിക്കാന്‍ കഴിയുന്നത് മഹാഭാഗ്യമായി കരുതുന്നവരുണ്ട്. ഒരു വീട്ടില്‍ പല ഭാര്യമാരുടെ കൂട്ടത്തില്‍ സപത്നീ ജീവിതം നയിക്കുന്നവരുണ്ട്. അവരില്‍ തന്നെ സ്വവര്‍ഗ്ഗ ലൈംഗികത ഇഷ്ടപ്പെടുന്നവരുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുണ്ട്. തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ എന്തെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്തവരും. 

 

നിശ്ശബ്ദതയുടെ ഇരുളാണ് ഇവിടെ മാറ്റപ്പെടുന്നത്. മൗനത്തിന്റെ മറയാണു ഭേദിക്കപ്പെടുന്നത്. എല്ലാ അസ്വാരസ്യങ്ങള്‍ക്കും കലഹങ്ങള്‍ക്കും ശേഷം, അവര്‍ സന്തോഷത്തോടെ ശിഷ്ടകാലം ജീവിച്ചു എന്ന പതിവു കഥാവാസാനമല്ല വായനക്കാരെ കാത്തിരിക്കുന്നത്. 

ഓരോ ദിനവും കഴിയുമ്പോള്‍ ഞാന്‍ എന്നോടുതന്നെ ചോദിക്കും: ഇന്നു നിങ്ങള്‍ സന്തോഷവതിയാണോ. അല്ലെന്നാണ് ഉത്തരമെങ്കില്‍  പിറ്റേ ദിനം ഞാന്‍ മാറ്റത്തിനു തയാറായിരിക്കും എന്നു പറയുന്നത് ആഫ്രിക്കന്‍ സ്ത്രീ തന്നെയാണ്. അവരുടെ കാലമാണു വരാനിരിക്കുന്നതെന്നു  സെകിമ മുന്നറിയിപ്പ് നല്‍കുന്നു. 

Content Summary: The Sex Lives of African Women book written by Nana Darkoa Sekyiamah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com