ADVERTISEMENT

ജർമൻ പട്ടാളം ജൂതന്മാരെ ആക്രമിച്ചതിന്റെ ഭീകരത ലോകം അറിഞ്ഞത് ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ വായിച്ചാണ്. ഹിരോഷിമ നഗരത്തിലും തുടർന്നു നാഗസാക്കിയിലും അമേരിക്ക ആറ്റം ബോംബിട്ടതിന്റെ ഭീകരത ലോകത്തോടു വിളിച്ചു പറഞ്ഞത് ഹിരോഷിമ ഡയറിക്കുറിപ്പുകളിലൂടെ ഡോ. മിച്ചിഹിക്കോ ഹാച്ചിയയാണ്. ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബിട്ടതിന്റെ വാർഷികം കടന്നുപോകുമ്പോൾ ഹിരോഷിമ ഡയറിക്കുറിപ്പുകളിലൂടെ നമ്മുടെ കണ്ണുകൾ ഒന്നുകൂടി സഞ്ചരിച്ചുപോകും. അതിലൂടെ ആ ദിവസങ്ങളിലെ ഭീകരത നാം വീണ്ടും അറിയും.

സുന്ദരമായി പിറന്നുവീണ ഒരു ദിവസത്തെ അടയാളപ്പെടുത്തിയാണ് ഡോ. മിച്ചിഹിക്കോ ഹാച്ചിയ തന്റെ ഡയറിക്കുറിപ്പുകൾ തുടങ്ങുന്നത്. പക്ഷേ, ഒരിക്കലും പ്രതീക്ഷിക്കാത്തവിധം ഭീകരമായ അനുഭവത്തിലേക്കായിരുന്നു അടുത്ത നിമിഷങ്ങൾ നടന്നു കയറിയത്. ലോക മനസ്സാക്ഷി ഇന്നും കുറ്റബോധത്തോടെയല്ലാതെ ഓർക്കാൻ ആഗ്രഹിക്കാത്ത ആ ദിവസം, 1945 ആഗസ്റ്റ് 6. അന്നു മുതൽ സെപ്തംബർ 30 വരെയുള്ള 56 ദിവസങ്ങളിലെ അനുഭവം അദ്ദേഹം ഹൃദയരക്തം കൊണ്ട് എഴുതി വച്ചപ്പോൾ ലോകം അതിനെ ഹിരോഷിമ ഡയറി എന്ന പേരിൽ വായിച്ചു കരഞ്ഞു. 

 

മനുഷ്യ ചരിത്രത്തിലെ ആ മഹാദുരന്തത്തെക്കുറിച്ചുള്ള ഹാച്ചിയയുടെ അനുഭവ സാക്ഷ്യം ആരംഭിക്കുന്നത് ഇങ്ങനെയാണ്: അപ്രതീക്ഷിതമായി മിന്നലടിച്ചതുപോലെ കടന്നുവന്ന പ്രകാശം എന്നെ ഞെട്ടിച്ചു. തുടർന്ന് മറ്റൊന്ന്. മഗ്നീഷ്യത്തിന്റെ ജ്വാലയോ കടന്നുപോയ ഏതോ കരിവണ്ടിയിൽ നിന്നുള്ള തീപ്പൊരിയോ ആയിരിക്കും എന്നു ഞാൻ കരുതി. എന്നാൽ ഉദ്യാനത്തിലെ ശിലാദീപം കത്തിയമരുന്നു. ഉദ്യാന നിഴലുകൾ മായുന്നു. ഒരു നിമിഷം മുൻപുവരെ  വെളിച്ചം തിങ്ങിനിന്നിടത്ത് ഇരുൾ ഉരുണ്ടുകൂടുന്നു. ശക്തമായ ഒരു ചുഴലിക്കാറ്റ് വീശിയടിച്ചു. പൊടിപടലങ്ങൾ ഉയരുന്നു. അന്തരീക്ഷം ഭീകരമായി മാറുന്നു. ഭൂമികുലുങ്ങി വീഴാൻ പോയ ഞാൻ പേടിയോടെ എന്തിലോ പിടിച്ചു. വീടിന്റെ ഒരു ഭാഗം താങ്ങി നിർത്തിയിരിക്കുന്ന തൂണാണത്. എന്നാൽ ഭയം എന്നെ കാർന്നു തുടങ്ങി. ഞാൻ പിടിച്ചിരിക്കുന്ന തൂൺ ആടുന്നു. മേൽക്കൂര താഴേക്കു പതിക്കുന്നു.

 

രക്ഷപ്പെടാൻ ഒരു ശ്രമം നടത്തി നോക്കി. പക്ഷേ, താഴേക്കു പതിച്ച മേൽക്കൂരയുടെ വസ്തുക്കൾ എന്റെ വഴി തടഞ്ഞു. സർവ ജീവനും വഹിച്ച് ഒരു വിധത്തിൽ ഞാൻ അവിടെ നിന്ന് എന്റെ പൂന്തോട്ടത്തിലേക്ക് എത്തി. ഒരു തളർച്ച എന്നെ ബാധിച്ചു തുടങ്ങി. ആരോഗ്യം വീണ്ടെടുക്കാൻ കഴിയാതെ ഞാൻ താഴേക്കു വീണു. തീക്കാറ്റ് വിഴുങ്ങിയതുപോലെ  അന്തരീക്ഷം ചുട്ടുപൊള്ളുന്നു. അപ്പോഴാണ് ശ്രദ്ധിക്കുന്നത് ഞാൻ പൂർണ നഗ്നനാണ്. പക്ഷേ, എനിക്കു ലജ്ജ തോന്നിയില്ല. ഞാൻ‍ ധരിച്ചിരുന്ന അടിവസ്ത്രം പോലും നഷ്ടമായത് എങ്ങനെയെന്ന് എനിക്കു മനസ്സിലായില്ല. ചുറ്റും തീയും തീക്കാറ്റും പടരുന്നത് ഞാൻ അറിയുന്നുണ്ട്. ഒരു വിധത്തിൽ ഭാര്യയെ കണ്ടെത്തി. അപ്പോഴേക്കും വീട് പൂർണമായും ഇല്ലാതായിക്കഴിഞ്ഞു. 

 

എന്റെ ശരീരത്തിൽ വലതുഭാഗം മുഴുവൻ മുറിവുകളാണ്. അവയിൽ നിന്നു രക്തം വാർന്നൊഴുകുന്നുണ്ട്. ചൂടുള്ള ഒരു ദ്രാവകം വായിൽ നിന്ന് ഊറിവരുന്നു. എനിക്കാ സമയം എങ്ങനെയെങ്കിലും ആശുപത്രിയിൽ എത്തണം എന്ന  ചിന്തയായിരുന്നു. സഹപ്രവർത്തകർക്ക് ഒപ്പമായിരിക്കുക എന്റെ കടമയാണെന്ന് തോന്നി. കുറച്ചുദൂരം കൂടി നടന്നപ്പോഴേക്കും ഒരടി പോലും മുന്നോട്ടു പോകാനാകാതെ കാലുകൾ തളർന്നു. ഞാൻ നിലത്തേക്കുവീണു. ചുറ്റും നോക്കി. നാലുപാടും തീനാമ്പുകളാണ്. അവ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് അള്ളിപ്പിടിച്ച് കയറുന്നു. ഉഗ്രമായ കാറ്റ് തീജ്വാലകളെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അപ്പോഴേക്കും മുറിവേറ്റവരും പാതി ചത്തവരുമായി ഒട്ടറെ ആളുകൾ തെരുവുകളിൽ അലയാൻ തുടങ്ങിയിരുന്നു. ഞാൻ ശ്രദ്ധിച്ചു. ആരും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല, സർവം നിശബ്ദം.

പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ സാക്ഷ്യം വായനക്കാരനെ ഒരു കരിവണ്ടിപോലെ കാർന്നു തിന്നും. നിശബ്ദത ഭീതിയായി വരിഞ്ഞുമുറുക്കും. അക്ഷരങ്ങൾ ശ്വാസം മുട്ടിക്കും. മനുഷ്യൻ സ്വയം വരുത്തിവച്ച വിനാശത്തിന്റെ കുറ്റബോധത്താൽ ഒരുനിമിഷത്തേക്കെങ്കിലും നമ്മുടെ ശിരസ്സു കുനിയും. 

 

ഡോ. മിച്ചിഹിക്കോ ഹാച്ചിയയുടെ  120–ാം ജന്മദിനമായിരുന്നു ജൂലൈ 7. ജപ്പാൻകാർ ദേശീയ വീരപുരുഷനായി ആദരിക്കുന്ന അദ്ദേഹത്തിന്റെ ജന്മദിനാഘോഷം ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെയാണ് കൊണ്ടാടുന്നത്. ഹിരോഷിമ നഗരത്തിൽ ആറ്റം ബോംബിട്ടപ്പോൾ, ഡോ. ഹാച്ചിയ ഹിരോഷിമ കമ്മ്യൂണിക്കേഷൻസ് ഹോസ്പിറ്റലിൽ ഡയറക്ടറായിരുന്നു. ബോംബ് വീണ സ്ഥലത്തു നിന്ന് ഏതാനും ഫർലോങ് മാത്രം ദൂരത്തായിരുന്നു താമസം. ആശുപത്രിയും അടുത്തു തന്നെ. മാരകമായി പരുക്കേറ്റ ഡോ. ഹാച്ചിയ അസാമാന്യ മനോബലം കൊണ്ട് അതിനെ അതിജീവിച്ചു. സ്വന്തം ആരോഗ്യം വകവയ്ക്കാതെ, മൃതാവസ്ഥയിലായ ആളുകളെ പരിചരിച്ചു. 

 

ടെഷിൻ ഇഗാകു എന്ന ജാപ്പനീസ് മെഡിക്കൽ ജേണലിലായിരുന്നു ഡയറിക്കുറിപ്പുകളുടെ ആദ്യരൂപം പ്രസിദ്ധീകരിച്ചത്. അറ്റോമിക് ബോംബ് കാഷ്വാലിറ്റി കമ്മിഷനിൽ സർജിക്കൽ കൺസൽട്ടന്റായി 1950 ൽ ജപ്പാനിൽ എത്തിയ അമേരിക്കക്കാരനായ ഡോ. വാർണർ വെൽസിന്റെ ശ്രദ്ധയിൽ ഡയറിക്കുറിപ്പുകൾ പെട്ടതോടെയാണ് കാര്യങ്ങൾ മാറിയത്. 1951ൽ ഡയറിക്കുറിപ്പുകൾ ഇംഗ്ലിഷിലേക്കു മൊഴിമാറ്റം ചെയ്യാൻ ഡോ. വാർണർ അനുമതി തേടി. യാതൊരു വിധ സാഹിത്യ പരിചയവും ഇല്ലാതിരുന്ന ഡോ.വാർണർ, മൊഴിമാറ്റം നടത്താനായി മാത്രം ജാപ്പനീസ് ഭാഷ പഠിക്കുകയും ഒരു തപസ്സു പോലെ വിവർത്തനം നിർവഹിക്കുകയും ചെയ്തു. അങ്ങനെ1955ൽ ഹിരോഷിമ ഡയറി പ്രസിദ്ധീകരിച്ചു. 

ആഗസ്റ്റ് 6 മുതൽ സെപ്തംബർ 30 വരെയുള്ള 56 ദിവസങ്ങൾ ഡയറിക്കുറിപ്പുകളായി. ഡോ. ഹാച്ചിയ എഴുതിയിരിക്കുന്നത് മഷികൊണ്ടല്ല ഹൃദയം കൊണ്ടായിരുന്നു. അതുകൊണ്ടാണ് ലോകം കണ്ണീരോടെ ആ കുറിപ്പുകൾ വായിച്ചത്. ആണവ സ്ഫോടനത്തിന്റെ ഭയാനകമായ നേർക്കാഴ്ചയും മനുഷ്യന്റെ നിസ്സഹായതയും പിടച്ചിലും കണ്ണാടിയിലെന്നപോലെ ഹിരോഷിമ ഡയറിയിലൂടെ നമുക്കു കാണാനാകും. 

 

ഹിരോഷിമയിൽ ബോംബു വീണ് മൂന്നു ദിവസത്തിനു ശേഷം നാഗസാക്കിയിലും ആറ്റംബോബ് പതിച്ചു. രണ്ടിടങ്ങളിലുമായി 226000ത്തോളം ആളുകൾ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ലക്ഷക്കണക്കിന് ആളുകൾക്ക് ഗുരുതരമായി പരുക്കേറ്റു. ആണവ ബാധയെ തുടർന്നുള്ള ജനിതക വൈകല്യം തലമുറകൾ കടന്ന് ഇപ്പോഴും തുടരുന്നു. 

Content Summary: Hiroshima diary Book by Michihiko Hachiya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com