കണ്ണീർ നനവിൽ കിളിർത്ത കഥകൾ; ഓർമകളുടെ കൈപിടിച്ചെത്തുന്ന ജീവിതം

HIGHLIGHTS
  • പുതുവാക്ക് – മലയാള സാഹിത്യത്തിലെ പുതുതലമുറയെ പരിചയപ്പെടുത്തുന്ന പംക്തി
KS Ratheesh
കെ.എസ്. രതീഷ്
SHARE

കരഞ്ഞുപോകാതിരിക്കാൻ കഥയെഴുതിക്കൊണ്ടേയിരിക്കുന്നയാളാണ് കെ.എസ്. രതീഷ്. ജീവിതം ഉരുക്കിയൊഴിച്ച വാക്കുകളാണ് എഴുത്തിന്റെ കൂട്ട്. നോവിന്റെ അദൃശ്യമായ നൂല് ആ കഥകളെ കൂട്ടിയിണക്കുന്നു. ‘ഈ ലോകം നിന്നെ ഏറ്റവും പിന്നിലാണ് നിർത്തുന്നതെങ്കിലും തിരിഞ്ഞുനിന്നു നീയാണ് ഒന്നാമതെന്ന് എണ്ണുന്നതാണു വിജയം’ എന്നു സ്വയം പറഞ്ഞു പഠിപ്പിച്ചപ്പോൾ കഥയിലെ മുൻനിരക്കാരനായി മാറി. വായനയിൽ ഒറ്റപ്പെട്ടവരെ സനാഥരാക്കുന്നവരാണു രതീഷിന്റെ കഥാപാത്രങ്ങൾ. അവർ തിടുക്കത്തിൽ കയറിവന്നു നമ്മുടെ കൈ ചേർത്തു പിടിച്ചു സംസാരിച്ചു തുടങ്ങും. സന്തോഷവും സങ്കടവും ആഗ്രഹവും നിരാശയുമെല്ലാം പറഞ്ഞു നമ്മുടെയാരോ ആയി മാറും. മരണവും തണുപ്പും ഇരുട്ടും ഏകാന്തതയും ഒറ്റപ്പെടലുമെല്ലാം വലിയ അളവിൽ അനുഭവിക്കുന്നവരെപ്പറ്റിയാണു രതീഷ് കൂടുതലും എഴുതിയിട്ടുള്ളത്. എന്നാൽ അശുഭകാലത്തെ മറികടക്കുന്ന ഒരു ജീവിതാഭിമുഖ്യം അവരുടെ മറുപാതിയിൽ ചേർത്തുവച്ചിരിക്കും. രതീഷ് നടന്നുതീർത്ത വഴികളിൽ വീണ കണ്ണീർനനവിൽ മുളച്ച ചെടികളൊക്കെയും വൃക്ഷങ്ങളായിരിക്കുന്നു. അവയുടെ തണലിലൂടെ ഓർമകൾ കഥകളുടെ കൈപിടിച്ചു വരികയാണ്. തിരുവനന്തപുരം ജില്ലയിൽ നെയ്യാർ ഡാമിനടുത്ത് പന്ത ജിഎച്ച്എസ്എസിൽ മലയാളം അധ്യാപകനാണ് രതീഷ്. പാറ്റേൺ ലോക്ക്, ഞാവൽ ത്വലാക്ക്, ബർശല്, കബ്രാളും കാശി നട്ടും, കേരളോൽപത്തി, പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം എന്നീ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. 

‘കഥയാണ് ഏറ്റവും വലിയ സർഗാത്മക പ്രതികാരം’ എന്നു രതീഷ് എഴുതിയത് മനസ്സിനെ ഏറെയുലച്ച ഒന്നാണ്. ആ വാചകം ഒന്നു വിശദീകരിക്കാമോ?

എനിക്കെല്ലാം കഥയാണ്. കിട്ടാതിരുന്ന എല്ലാറ്റിനും പകരമെനിക്ക് കഥയാണ്. അനാഥമന്ദിരത്തിന്റെ ഉള്ളിൽ കിട്ടാതെപോയ ബാല്യം, നല്ല ചങ്ങാതികൾ, അമ്മയുടെ രുചിയുള്ള ഭക്ഷണം, നുണക്കുഴിയുള്ള കൂട്ടുകാരി, നിവിയയുടെ ഫുട്‌ബോൾ ബൂട്ട്, പൂക്കളുള്ള ഉടുപ്പ്, കോളജ് സ്പഷൽ നോട്ട് ബുക്ക്, ബൈക്ക്, കലാലയ സാഹിത്യമൽസരങ്ങൾ അങ്ങനെ നോക്കിയാൽ നിങ്ങൾക്ക് ചെറുതെന്നു തോന്നുന്ന ഒരുപാടു കാര്യങ്ങൾ എനിക്ക് കിട്ടിയിട്ടില്ല. അതൊക്കെ തിരിച്ചു പിടിക്കാൻ കഥയാണ് എന്റെ രസികൻ മാർഗം. അതെങ്ങനെ എന്ന ചോദ്യമായിരിക്കും ഇപ്പോൾ നിങ്ങളുടെ ഉള്ളിൽ. അമ്മയോടൊപ്പം ബാല്യം കഴിക്കുന്ന ഒരു കുട്ടിയെ (ഞാൻ തന്നെയാണ്) ഞാനങ്ങ് നിർമിക്കും. കോളജിൽ പ്രണയവുമായി വന്നിരിക്കുന്ന ഇരുകവിളിലും നുണക്കുഴിയുള്ള കൂട്ടുകാരിയെ എത്ര തവണയെങ്കിലും ഞാനങ്ങ് നിർമിക്കും. ഇവിടെ നടക്കുന്ന സകല കഥാ മത്സരങ്ങളിലും ഞാൻ കേറിയങ്ങ് പങ്കെടുക്കും. അതുമാത്രമല്ല കേട്ടോ, അന്നൊക്കെ പള്ളിയിലും സ്‌കൂളിലും മറ്റുള്ളവർ ഞങ്ങളെ കാണുന്ന സകല ഇടങ്ങളിലും ഒരു തരം സഹതാപം മാത്രമാണുള്ളത്. അവരെക്കൊണ്ട് ആദരവിന്റെ നോട്ടവും വേദിയും ഉണ്ടാക്കിയെടുക്കുമ്പോൾ കിട്ടുന്ന പ്രതികാര സുഖം തികച്ചും സർഗാത്മകമല്ലേ? ഇതിനപ്പുറം മറ്റൊരു തലം കൂടിയുണ്ട്, ഈ നാട്ടിലെ പലതും കാണുമ്പോൾ എനിക്കു കണ്ണുനിറയും. ചിലപ്പോൾ ഒരു തോക്ക് കിട്ടിയെങ്കിൽ എന്നൊക്കെ തോന്നും. അതൊന്നും ഇപ്പോൾ നടക്കുന്ന കാര്യമല്ലല്ലോ. അതുകൊണ്ട് അതിനെയെല്ലാം കഥയാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങൾ ഞാൻ നടത്തും. ഇതിപ്പോൾ പ്രതികാരമാണോ, എനിക്ക് ഭ്രാന്ത് മൂക്കാതിരിക്കാനുള്ള നടപടിയാണോ എന്നൊന്നും ചോദിക്കരുത്. കരഞ്ഞു പോകാതിരിക്കാനാണ് ഞാനിതെല്ലാം കഥയാക്കുന്നത്.

ks-ratheesh-puthuvakku

‘രതീഷിയൻ സ്റ്റോറീസ്’ എന്ന് എവിടെയോ എഴുതിക്കണ്ടു. ചുരുങ്ങിയ കാലത്തിനുള്ളിൽ കഥാലോകത്ത് തന്റേതായ ഒരു ഇടം നേടിയെടുക്കാൻ രതീഷിനായിട്ടുണ്ട് എന്നാണ് ഒരു തവണയാണെങ്കിൽ പോലും ആ പ്രയോഗം സൂചിപ്പിക്കുന്നത്. കഥയിലെ ആ ‘രതീഷിയൻ’ യുഎസ്പി എന്താണ്?

വായനക്കാർ ഇഷ്ടം കൊണ്ട് ഓരോന്നു ചാർത്തിത്തരുന്നതാണ്. പ്രണയം കൂടുമ്പോൾ മനുഷ്യർ ചിലപ്പോൾ കളവു പറയുമല്ലോ. ചില കഥകൾ അവരെ വല്ലാതെ സ്വാധീനിക്കുമ്പോൾ അവരിങ്ങനെ പറയും. ചുരുങ്ങിയ കാലത്തിൽ ഒരിടം കിട്ടിയെന്നതു സത്യമാണ്. പക്ഷേ, ഞാൻ കഥ പറയാൻ തുടങ്ങിയിട്ട് ഒരുപാടു കാലമായി എന്നത് എനിക്കു മാത്രം അറിയുന്ന രഹസ്യമാണ്. വായനക്കാരുടെ പിന്തുണ വല്ലാതെ കിട്ടുന്നത് കാണുമ്പോൾ എനിക്ക് ഭയമാണ്. നാളെ അവരുടെ മുന്നിൽ എന്റെ കഥയെ എങ്ങനെയാണ് വേറിട്ട രീതിയിൽ ഒരുക്കി നിർത്തേണ്ടത്? പുതിയ ഇതിവൃത്തം അവർ നിരസിച്ചുകളയുമോ? എറ്റവും വായിക്കുന്ന ഇടങ്ങളിൽ അത് അച്ചടിച്ചു വരുമോ? മികച്ച ചിത്രീകരണം അതിനു കിട്ടുമോ? അവരാഗ്രഹിക്കുന്ന ‘രതീഷിയൻ’ ടച്ച് അതിന് കിട്ടുമോ? എന്തായാലും ഞാൻ ഒരു കഥയിലേക്കു ചെല്ലുമ്പോൾ ഈ വിഷയം ആരെങ്കിലും പറഞ്ഞിരുന്നോ എന്നും മറ്റുള്ള പറച്ചിലിൽ നിന്ന് എനിക്ക് വേറിട്ടതായി എന്താണ് അവതരിപ്പിക്കാൻ ഉള്ളതെന്നും ഈ കഥ നാട്ടിൽ എന്തേലും ദോഷമുണ്ടാക്കുമോ എന്നും ആരെയെങ്കിലും വേദനിപ്പിക്കുമോ എന്നും ഒരാളെയെങ്കിലും ആശ്വസിപ്പിക്കുമോ എന്നൊക്കെയും ചിന്തിക്കാറുണ്ട്. അതായിരിക്കും എന്റെ കഥയുടെ രുചിക്കൂട്ട് അല്ലെങ്കിൽ ശൈലി.

ks-ratheesh-book-cover

‘നോവ്’ രതീഷിന്റെ കഥകളെ കോർത്തിണക്കുന്ന നേർത്ത ഒരു നൂലായി അനുഭവപ്പെട്ടിട്ടുണ്ട്. ആത്മാവിൽ നോവെരിയുന്ന കഥാപാത്രസൃഷ്ടിയുടെ പിന്നിലെ പ്രചോദനമെന്താണ്?

ഞാനെന്റെ കഥകൾക്ക് ഏറ്റവും കടപ്പെട്ടിരിക്കുന്നതു നോവുടുപ്പിട്ട ഈ സുന്ദരൻ ജീവിതത്തോടാണ്. എന്നെ സംബന്ധിച്ചു നോവാണു സത്യം. ബാക്കിയെല്ലാം അതിന്റെ വശങ്ങളിൽ വന്നു പോകുന്ന ചിലതു മാത്രം. പിന്നിട്ട നാളുകളിൽ ഞാൻ അനുഭവിച്ച കാര്യങ്ങൾ ഉള്ളിൽ കിടക്കുന്നുണ്ട്. അതു നാട്ടിലെ മറ്റാരെങ്കിലും അതേ തോതിലോ കുറച്ചോ അനുഭവിക്കുന്നതു കാണുമ്പോൾ എന്റെ ഉള്ളും പൊട്ടിയൊലിക്കും. എങ്കിൽ പിന്നെ ഈ രണ്ട് അനുഭവങ്ങളെയും ചേർത്ത് കെട്ടാനുള്ള നൂല് മറ്റെന്താണ്. നോവ് തന്നെ. അതു മാത്രമല്ല കഥയിലെ ലഹരി പിടിക്കുന്ന ആ വേദനകളുണ്ടല്ലോ, അവ അൽപനേരമെങ്കിലും നമ്മുടെ ഉള്ളിലെ നോവുകളെ മറക്കാൻ സഹായിക്കുന്നുണ്ട്. മറ്റുള്ളവന്റെ നോവ് വായിക്കുമ്പോൾ എന്റേത് എത്ര ചെറുത് എന്നൊക്കെ ആശ്വസിക്കുന്നതു പോലെ. നോവില്ലാത്തവർക്ക്, അത് കഥയിലെങ്കിലും രുചിക്കാത്തവർക്ക് ഈ കാലത്തോട് എങ്ങനെയാണു പോരാടിച്ചു നിൽക്കാൻ കഴിയുക. അങ്ങനെയെങ്കിൽ വേദനയും നിരാശകളും അവഗണനകളുമാണ് കരുത്തരായ മനുഷ്യരെ സൃഷ്ടിക്കുന്നത് എന്നാണ് എന്റെ ചിന്ത. എന്റെ ക്ലാസ് മുറിയിൽ ഞാൻ ഉദാഹരണത്തിന് എടുക്കുന്നത് എന്റെ ബാല്യവും കൗമാരവുമാണ്. അതിലേറെ മറ്റൊരു സംഗതി വേദനയുള്ള അനുഭവങ്ങളാണ് വിജയിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യരുടെ സുരക്ഷിത നിക്ഷേപം. അൽപം കൂടെ സാഹിത്യത്തിൽ പറഞ്ഞാൽ ശോകത്തിൽ നിന്നല്ലേ നല്ല ശ്ലോകമുണ്ടാവുക. വേദന വേദന ലഹരിപിടിക്കും വേദന, ഞാനതിൽ മുഴുകട്ടെ മുഴുകട്ടെ മമ ജീവനിൽ നിന്നൊരു.. എന്റെ നോവ് നിന്റെ നോവിൽ വന്നുമുട്ടി നമുക്കിടയിൽ ഒരു രസികൻ കഥയുണ്ടാവുന്നു.

കഥകളുടെ ‘ആദ്യ വായനക്കാരിക്ക്’ ഏറ്റവും ഇഷ്ടമായ രതീഷ് കഥയേതാണ്? എന്താണതിനു കാരണം?

എന്റെ മിക്ക കഥകളുടെയും ആദ്യ വായനക്കാരി എന്റെ കൂട്ടുകാരി തന്നെയാണ്. വായിക്കുക മാത്രമല്ല, പുസ്തകങ്ങൾ ആകുമ്പോൾ അതിന്റെ കവർച്ചിത്രം ബോട്ടിൽ ആർട്ടാക്കുന്ന പരിപാടിയും കക്ഷിക്കുണ്ട്. അത് എന്റെ വായനാമുറിയിൽ കൊണ്ടുവയ്ക്കുമ്പോൾ അവളുടെ കണ്ണിലെ ഒരു സന്തോഷം കാണണം. എന്നു കരുതി ആളൊരു ഗംഭീര വായനക്കാരി ആണെന്നു കരുതരുത്. മിക്കപ്പോഴും പാതിരാത്രി വിളിച്ചുണർത്തി കഥ വായിക്കാൻ പറയുമ്പോൾ അവളുടെ കൈ വാക്കിന് കനമുള്ള ഒന്നും ഇല്ലാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കും (തലയിണ കൊണ്ടു തല്ലിയാൽ മനുഷ്യർ മരിക്കില്ലല്ലോ). കൂട്ടുകാരനായാലും സഹിക്കുന്നതിന് ഒരു പരിധിയില്ലേ? അങ്ങനെയുള്ള വായനയിൽ അവൾക്ക് ഏറ്റവും ഇഷ്ടമായ കഥ ലിറ്റാർട്ടിന്റെ സമ്മാനം കിട്ടിയ ‘സൂക്ഷ്മ ജീവികളുടെ ഭൂപടം’, ‘പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം’ എന്നീ കഥകളാണ്. കാരണം സൂക്ഷ്മ ജീവികളിലെ കഥാപാത്രങ്ങൾ എന്നുമവൾ നേരിൽ കാണുന്നവരാണ്. പെണ്ണു ചത്തവനിലാകട്ടെ അവളും അവളുടെ ചുറ്റുമുള്ളവരും. അതിലും മുകളിൽ അവൾക്ക് ഇഷ്ടപ്പെടാനുള്ള വേറെ കാരണങ്ങൾ ഞാനാണ് എഴുതിയത് എന്നതും വേറെ നല്ല കഥകൾ അവൾ വായിക്കുന്നില്ല എന്നതുമാണ്. ഇതിങ്ങനെ ഇവിടെ പറയുന്നതിന്റെ പേരിൽ എനിക്ക് രണ്ട് കിട്ടിയേക്കാം, എന്നാലും നമ്മൾ സത്യം പറയണമല്ലോ!

book-cover-bottle-art
കെ.എസ്. രതീഷിന്റെ 3 കഥാസമാഹാരങ്ങളുടെ കവർച്ചിത്രം ഭാര്യ ബിബിഹ ബോട്ടിൽ ആർട്ടിലാക്കിയപ്പോൾ.

‘ഈ ഭൂമിയിലൊരാളുമറിയാതെ ആ നിമിഷങ്ങൾ നമുക്കൊന്നിച്ചു കട്ടെടുക്കണം’ എന്നതു പ്രണയത്തിന്റെ ഏറ്റവും ഹൃദയ ദ്രവീകരണ ശക്തിയുള്ളൊരു വാചകമായാണ് അനുഭവപ്പെട്ടത്. അതു വായിക്കുന്ന ഏതൊരാൾക്കും പ്രണയത്തിന്റെ മായാനദിയിലൊന്നു മുങ്ങിക്കുളിക്കുന്ന കുളിരനുഭവപ്പെടുമെന്നു തീർച്ച. രതീഷിന് ഏറ്റവും പ്രണയം തോന്നിയ കഥാപാത്രമാരാണ്?

ഒരുപക്ഷേ, എന്റെ ഉള്ളിൽ കുഴിച്ചിട്ട ആഗ്രഹങ്ങളാണു കഥാപാത്രങ്ങളിൽ ഞാൻ കെട്ടിവയ്ക്കുന്നത്. ‘വീടു മുതൽ വീടുവരെ’ എന്ന കഥയിൽ ആ ബാങ്ക് മാനേജർ പറയുന്നതു തികച്ചും ഉമ്മക്കൊതിയനായ എന്റെ തന്നെ വാക്കുകളാണ്. പ്രണയത്തിനും സൗഹൃദത്തിനും ഒട്ടും ചേർന്ന നാട്ടിലല്ല ഞാൻ ജനിച്ചതെന്നു പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്. പ്രണയിക്കുന്ന മനുഷ്യർക്ക് സദാചാരവിലക്കുകളിൽ നിന്ന് അപ്രത്യക്ഷരാകാനുള്ള സിദ്ധികൂടെ ഈ നാട്ടിൽ വേണം. അതൊക്കെ പോട്ടെ, കാലം മാറുമ്പോൾ ഇതൊക്കെ മാറും എന്നു നമുക്കു കരുതാം. എന്റെ സകല കഥാപാത്രങ്ങളോടും എനിക്ക് പ്രണയമുണ്ട്. എന്നാലും ഞാവൽ ത്വലാഖിലെ ഫിദയോടും ശലഭനിലെ മിസ്രിയയോടും ചെഗുവേരയുടെ കോഴിയിലെ മേനകയോടും പ്രണയക്കൂടുതലുണ്ട്. ഇവരെയൊക്കെ ജീവിതത്തിലും എന്നെ ഒരൽപ്പം കൂടുതൽ വേട്ടയാടിയവരാണെന്ന് പറയാതെ വയ്യ.

കെ.എസ്. രതീഷ് എങ്ങനെ ഒരു എഴുത്തുകാരനായി? ആദ്യ പുസ്തകം അച്ചടിച്ചു കയ്യിലെത്തിയപ്പോൾ മനസ്സിലെന്തായിരുന്നു? ഇതുവരെ നടന്ന വഴികൾ ഓർത്തെടുക്കാനാകുമോ?

ബഷീറും കാരൂരും പത്മരാജനും അഷിതയും മുന്നിൽ നിൽക്കുമ്പോൾ എഴുത്തുകാരൻ എന്നൊക്കെ പറയാമോ എന്നൊന്നും അറിയില്ല. എന്തായാലും ഞാനും എഴുതുകയാണ്. എനിക്ക് കഥയുണ്ടായതു കൊല്ലത്തെ ആ മന്ദിരത്തിനുള്ളിൽ വച്ചാണ്. ആ ഗ്രില്ലിന്റെ ഉള്ളിൽ ആയിക്കഴിഞ്ഞാൽ ലോകം മുഴുവൻ നമ്മുടെ ഉള്ളിൽ മാത്രമാകും. വലിയ മതിലിന്റെ അപ്പുറത്ത് വാഹനങ്ങൾ പോകുന്നതിന്റെ ഇരമ്പൽ കേട്ടിരുന്നു മടുക്കുമ്പോൾ നമ്മൾ പരസ്പരം കഥകൾ പറയും. എനിക്കാണെങ്കിൽ സ്വന്തമായി നെയ്യാർഡാമും നിറയെ ചീങ്കണ്ണികളും ഒക്കെയുണ്ട്. അതൊക്കെ ചേർത്ത് കിടിലൻ കഥകൾ പറയും. എന്തോ മുന്നിലിരിക്കുന്ന പല വയസിലുള്ള കുട്ടികൾ അതൊക്കെ കേട്ടു വാ പിളർന്ന് ഇരിക്കും. ആറ്റിൽ നിന്നു മുതലക്കുഞ്ഞിനെ വീട്ടിലെ കിണറ്റിൽ ഇട്ടു വളർത്തിയെന്നു പറഞ്ഞതു വരെ അവന്മാർ വിശ്വസിക്കുന്നു. ആ കാലം ഒക്കെ കഴിഞ്ഞപ്പോൾ സ്‌കൂളിൽ മാഷായപ്പോഴും ഞാൻ ഈ കഥയെല്ലാം അൽപം പരിഷ്‌കാരങ്ങൾ വരുത്തി ക്ലാസിലും സ്റ്റാഫ് റൂമിലും തട്ടിവിട്ടു. ദേ അവരും അതെല്ലാം വിശ്വസിക്കുന്നു. പിന്നെയതു പേപ്പറിൽ എഴുതി നോക്കിയപ്പോൾ എഡിറ്ററും വായനക്കാരും സമ്മതിക്കുന്നു. അതെല്ലാം ചേർത്ത് പുസ്തകം ആക്കിയപ്പോൾ നിങ്ങളും വായിക്കുന്നു. അങ്ങനെ ഞാനങ്ങ് എഴുത്തുകാരനായി. 

ks-ratheesh-books

ആദ്യ പുസ്തകം, അതൊരു വല്ലാത്ത ഒരു പ്രസവാട്ടോ. കഥകൾ അച്ചടിച്ചു വരുന്നു. കഥാമത്സരങ്ങളിൽ വിജയിക്കുന്നു. അപ്പോഴാണ്‌ എന്റെ ജീവിതം മാറ്റി എഴുതിയ കൂട്ടുകാരി എനിക്കുണ്ടായത്. ഇതൊക്കെ ചേർത്ത് നീ ഒരു പുസ്തകമാക്ക്. അവള് ചുമ്മാ പറഞ്ഞതു മാത്രമല്ല. അവളുടെ ഒരു വള പണയം വച്ച് അതിറക്കാനുള്ള പൈസയും തന്നു. അങ്ങിനെയാണ് പെരുമ്പാവൂർ യെസ്പ്രസ് ബുക്സിൽ നിന്നു ‘പാറ്റേൺ ലോക്ക്’ ഇറങ്ങുന്നത്. അത് അച്ചടിച്ചു കൈയിൽ കിട്ടിയപ്പോൾ എനിക്കെന്തോ കരച്ചിലാണു വന്നത്. കെ.എസ്. രതീഷ് എന്ന മനുഷ്യൻ ഈ ഭൂമിയിൽ ജീവിച്ചിരുന്നുവെന്ന് ആളുകൾ ഓർമിക്കുമല്ലോ എന്നാണു തോന്നിയത്. അതിനു പിന്നാലെയാണ് എന്നെ അടയാളപ്പെടുത്താൻ കാരണക്കാരനായ മനുഷ്യൻ ജീവിതത്തിലേക്കു വരുന്നത്. ജ്ഞാനേശ്വരി ബുക്സ് ഉടമ മണിശങ്കർ എന്റെ പത്ത് കഥകൾ എടുത്ത് എന്റെ തിടുക്കങ്ങളും അമിത ആവേശങ്ങളും ചീകിക്കളഞ്ഞ് ‘ഞാവൽ ത്വലാഖ്’ എന്ന രണ്ടാമത്തെ പുസ്തകം വരുന്നു. പിന്നെ രണ്ടു പുസ്‌തകങ്ങൾക്ക് ഡോ. കെ. വി. തോമസ്, മനോഹർ എന്നിവർ പൂർണയിലൂടെ പിന്തുണ തന്നു. ‘ബർശല്’, ‘കബ്രാളും കാശിനെട്ടും’ ഈ കഴിഞ്ഞ വർഷം ഡിസി ഇറക്കിയ ‘കേരളോ‍ൽപത്തി’ മൂന്നാം പതിപ്പിലേക്കും ഒടുവിൽ ചിന്ത ബുക്സ് ഇറക്കിയ ‘പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം’ സന്തോഷം തരുന്ന വലിയ വായനകളിലേക്കും നടക്കുന്നു. ഓരോ പുസ്തകങ്ങളും നമ്മളെ സനാഥരാക്കുകയാണ്. വലിയ എഴുത്തുകാരുടെ പുസ്തകങ്ങൾക്കിടയിൽ ഞാനെന്റെ പുസ്തകങ്ങൾ തിരുകി വയ്ക്കും, ഒന്നിനുമല്ല ഞാനുണ്ടായിരുന്നു എന്നതിന്റെ കൂവൽ മാത്രം.

വായനയിൽ രതീഷിനെ ഏറ്റവും ഭ്രമിപ്പിച്ച പുസ്തകം ഏതാണ്?

അത് ബഷീറാണ്. ആ മുറി ബീഡികാക്കയാണ് മനുഷ്യരെ അനുഭവങ്ങൾ കൊണ്ടു കുത്തി നോവിച്ചു ചിരിക്കാൻ പഠിപ്പിച്ചത്. നേരും നുണയും ഇങ്ങനെ കൂട്ടിയിണക്കി ആളുകളെ കബളിപ്പിക്കുന്ന ഒരു മനുഷ്യൻ ഉണ്ടായിരുന്നു എന്ന് ഒരുകാലത്ത് മനുഷ്യർ അത്ഭുതപ്പെടും. ഇത്രയും രസികൻ വാക്കുകൾ കണ്ടുപിടിച്ച ഭാഷാശാസ്ത്രജ്ഞനും അപൂർവമാണ്. ഇനി പ്രണയമാണെങ്കിലോ, ഒരു പഴുത്ത് പൊട്ടാറായ പുണ്ണ് പോലെ നമ്മളെ വലയ്ക്കും. മരുഭൂമിയിലെ ഒട്ടകത്തിന് വേണ്ടി പോലും മാങ്കോസ്റ്റിൻ മുറ്റത്തിരുന്ന് അതിയാൻ വാദിക്കും. ബഷീർ എന്നെ ഭ്രമിപ്പിച്ചു എന്നല്ല, നിർമിച്ചു എന്നതാണു സത്യം. കാരൂരും മാധവിക്കുട്ടിയും പത്മരാജനും അഷിതയും സക്കറിയയും സുഭാഷ് ചന്ദ്രനും ഇ.സന്തോഷ് കുമാറും ഇന്ദുഗോപനും അജിജേഷും കെ. രേഖയും കെ. എൻ. പ്രശാന്തും നിരന്തരം അസൂയപ്പെടുത്തുന്നത് കൊണ്ട് ഞാനിങ്ങനെ പ്രതികാരം മൂത്തിട്ട് എഴുതുന്നു അത്ര തന്നെ.

ഈയടുത്തു വായിച്ചവയിൽ ഏറ്റവും ഇഷ്ടമായ കഥയേതാണ്?

ആ ചോദ്യം കടുത്തു പോയിട്ടോ, ഇന്നാള് വായിച്ച ജേക്കബ് എബ്രഹാമിന്റെ ‘തോട്ടിൻകര രാജ്യം’ മുതൽ ഒട്ടുമിക്ക കഥകളും എനിക്ക് ഇഷ്ടമാണ്. ദേ ഇപ്പോൾ എന്റെ മുന്നിൽ ഇന്നു വായിച്ചു തീർന്ന ഇന്ദുഗോപന്റെ ‘കരിമ്പുലി’യുണ്ട്, കരുണാകരന്റെ ‘മടക്ക’മുണ്ട്, ഉണ്ണിക്കൃഷ്ണന്റെ ‘വാക്കാണിയുടെ ചുവടു’ണ്ട്, നകുൽ വി.ജിയുടെ ‘കുളത്തുവയൽ പ്രണയമുണ്ട്’, രാഹുൽ പഴയന്നൂരും ജിതേഷ് ആസാദും ഒക്കെയുണ്ട്. അയ്യോ, ഇനി ഞാൻ വായിക്കാതെ വിട്ടുപോയ എത്ര കഥയുണ്ടാകും. ഓരോ കഥയിലും എന്റെ ഇഷ്ടങ്ങൾ പലതാണ്. അതീന്നെല്ലാം വിദഗ്ധമായി എന്തെങ്കിലും മോഷ്ടിക്കാൻ കഴിയുമോ, അതെല്ലാം ചേർത്ത് ഒരു മികച്ച കഥയുണ്ടാക്കാൻ കഴിയുമോ എന്നതാണ് എന്റെ ലക്ഷ്യം. എനിക്കു കഥയുണ്ടാക്കുന്ന മനുഷ്യരോട് എന്നും പ്രണയമാണ്.

പെണ്ണ് ചത്തവന്റെ പതിനേഴാം ദിവസത്തിലെ മോഹനനിൽ എല്ലാവർക്കും താദാത്മ്യപ്പെടാൻ പറ്റുന്ന ചിലതുണ്ട്. ദേവിയും മോഹനനും അസാധാരണമാംവിധം നമ്മുടെ വർത്തമാനകാല ജീവിതത്തെ ഓർമപ്പെടുത്തുന്നു. ആ കഥയെഴുതിയ അനുഭവം പങ്കുവയ്ക്കാമോ?

ഈ കഥയുടെ നേരവകാശി എന്റെ കൂട്ടുകാരിയാണ്. ഒരു രാത്രിയിൽ ഉറക്കമില്ലാതെ കിടക്കുമ്പോൾ അവള് കവിളിൽ ഒരുമ്മയും തന്ന് ഒരു ചോദ്യം. ‘‘മാഷേ ഞാനങ്ങ് ചത്ത് പോയാൽ ങ്ങള് വേറെ കെട്ട്വോ..’’ എനിക്ക് ചിരി വന്നു. ‘‘കെട്ടുമെടീ, കെട്ടും. ഒരു സുന്ദരിപ്പെണ്ണിനെക്കെട്ടി ഇതേ കട്ടിലിൽ..’’ ഒരു ചിരിയോടെ അവള് നല്ല ഉറക്കത്തിലേക്ക് പോയി. അതോടെ എന്റെ ഉറക്കം പോയി എന്നതാണു സത്യം. ഏകദേശം ഒരുമണിയായപ്പോൾ ദേഹം അങ്ങ് വിയർക്കാൻ തുടങ്ങി. ദാഹിക്കുന്നു. ഞാൻ അതുവരെ ചിന്തിച്ചത് അവളെക്കുറിച്ചായിരുന്നു. തുറന്ന് പറയാല്ലോ ഇവള് ഇല്ലെങ്കിൽ ഞാൻ വെറും വട്ടപ്പൂജ്യം തന്നെയാണ്‌. അങ്ങനെ ചെന്നിരുന്ന് എഴുതിയ കഥയാണ് ‘‘പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം’’. പകൽ എട്ടുമണിക്ക് അവളെ വായിക്കാൻ ഏൽപിച്ചു. അന്നു തന്നെ ഭാഷപോഷിണിയിലേക്ക് അയച്ചു. മൂന്നാം ദിവസം മറുപടി കിട്ടി. വളരെ ചുരുങ്ങിയ സമയത്തിൽ എഴുതിയ കഥയാണ്. എന്തോ എന്റെ പ്രിയപ്പെട്ട കഥയാണത്. പുതിയ പുസ്തകത്തിന് അതിന്റെ പേരിട്ടു. അവൾക്കാണ് അതു സമർപ്പിച്ചത്. അതു മാത്രമല്ല, അവൾ തന്നെയാണ് ആ പുസ്തകം ഞങ്ങളുടെ അടുക്കളയിൽ വച്ചു പ്രകാശനം ചെയ്തത്. ഒന്നു നോക്കൂ, അവളെ കെട്ടിപ്പിടിച്ചു കിടക്കേണ്ട, മക്കളെ കുളിപ്പിക്കേണ്ട, കറിക്ക് അരിഞ്ഞുകൊടുക്കേണ്ട സമയങ്ങളിലാണ് ഞാനിങ്ങനെയിരുന്ന് കഥ എഴുതുന്നത്. അതു മാത്രമല്ല, എഴുതാനിരുന്നാൽ അവള് വീട്ടിൽ കാണിക്കുന്ന ജാഗ്രത അത്രയും സുന്ദരമാണ്. അപ്പോൾ ആ കഥയുടെ അവകാശി മറ്റാരാണ്.

ks-ratheesh-book-release
പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം എന്ന കഥാസമാഹാരം രതീഷിന്റെ ഭാര്യ ബിബിഹ അടുക്കളയിൽ പ്രകാശനം ചെയ്തപ്പോൾ. മക്കളായ ജോയലും ജോനാഥനും സമീപം.

ബർശല്, ഞാവൽ ത്വലാഖ്, ശലഭൻ, കബ്രാളും കാശി നട്ടും തുടങ്ങിയ പേരുകളൊക്കെ നല്ല സ്വാദുള്ള തീറ്റ നിറച്ച ചൂണ്ടക്കൊളുത്തുകളാണല്ലോ? ഈ പേരുകളിലേക്കെത്തുന്നത് എങ്ങനെയാണ്?

എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ പേരിടൽ ചടങ്ങ്. കഥയ്ക്ക്, കഥാപാത്രങ്ങൾക്ക് പേരു കൊടുക്കുമ്പോൾ വല്ലാതെ ജാഗ്രത കൊടുക്കും. ഒരു പേരിൽ എന്തിരിക്കുന്നു എന്നൊക്കെ ചോദിക്കുമെങ്കിലും കഥയുടെ വേര് ആ പേരിലാണെന്നാണ് എന്റെ ചിന്ത. അതൊരു ചൂണ്ട തന്നെയാണ്. വായനക്കാരെ ഉള്ളിലേക്ക് കൊളുത്തി വലിക്കാൻ അതിനു കഴിയും. ബർശല് ചോളനായ്ക്കന്മാരുടെ ഒരു ആഘോഷമാണ്. ഒരേസമയം കഥയിലേക്കും കഥാ സമാഹാരത്തിലേക്കും ആളുകൾ ആകാംക്ഷയോടെ വരും എന്നാണ് എന്റെ പ്രതീക്ഷ. ‘ശലഭൻ’ എന്ന പേരിടുമ്പോൾ എനിക്ക് ഭയമുണ്ടായിരുന്നു. പക്ഷേ, അതു പുതിയ വാക്കാണെന്ന് ഒരധ്യാപകൻ പറഞ്ഞു കേട്ടപ്പോൾ ബഷീറിന്റെ മാതൃകയിലല്ലേ ഞാനും ചെന്നുനിന്നതെന്നു തോന്നി. ‘ഞാവൽ ത്വലാഖ്’ ആ കഥയിൽ കടന്നു വരുന്ന രണ്ട് കാര്യങ്ങളെ ചേർത്തു വച്ചതാണ്. പക്ഷേ, ആ പേരിന്റെ പേരിൽ പുസ്തകം ചോദിച്ചു വന്നവരുണ്ടെന്നു പ്രസാധകർ പറഞ്ഞപ്പോൾ അതിന്റെ മാർക്കറ്റിങ് സാധ്യത ഞാനറിയുകയായിരുന്നു. കഥയ്ക്കും കഥാപാത്രങ്ങൾക്കും പേരിടുമ്പോൾ ഒരുപാട് ഇരട്ടപ്പേരുകൾ കൂട്ടുകാർക്ക് സമ്മാനിച്ച ആ ഞാൻ തന്നെയാണ് ഉണർന്നു വരുന്നത്.

ks-ratheesh-writer
കെ.എസ്. രതീഷ്

ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവർ ആരൊക്കെയാണ്?

ജീവിതത്തിൽ എന്റെ വഴിയിൽ വന്നു നിന്നവർ ഏറെയാണ്. കൊല്ലത്തെ ബാലഭവനിലേക്ക് എത്തിച്ച നാട്ടുകാർ, അവിടുത്തെ വാർഡൻ, ജർമനിയിൽ ഇരുന്ന് എന്നെ (KNH 0326 – പേരിനെക്കാൾ ഇതായിരുന്നു അടയാളം) സ്‌പോൺസർ ചെയ്ത ഒരു മനുഷ്യൻ. ബാലഭവനിൽ നിന്ന് പുറത്താക്കിയ നാളിൽ സഹായിക്കാൻ വന്ന ഗ്രേഷ്യസ് ജയിംസ് മാഷ്, ജോർജ് പോൾ മാഷ്. ബാറിൽ ജോലി തന്ന സത്യൻ മുതലാളി, തട്ടുകടയിൽ ഒപ്പം നിർത്തിയ അലവിക്കുട്ടികാക്ക, സെപ്റ്റിക് ടാങ്ക് ക്ലീൻ ചെയ്യാൻ ഒപ്പം കൂട്ടിയ മാരി (ഞാൻ നെറ്റിന് ഫീസ് കെട്ടിയ തുക മാരി തന്ന ശമ്പളത്തിൽ നിന്നായിരുന്നു), ക്വയിലോൺ അത്‌ലറ്റിക് ക്ലബ്ബിൽ ജോലി തന്ന സഖാവ് കെ. തങ്കപ്പൻ, ഇങ്ങനെ പറഞ്ഞു പോയാൽ ഒരു പത്രം നിറയെ പ്രിയപ്പെട്ട മനുഷ്യരുടെ പേര് എഴുതണം. 

കഥയുണ്ടായ നാളിൽ എന്നെ പിന്തുണച്ച ഒരുപാട് മനുഷ്യർ, നൂറ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, സുരേഷ് കീഴില്ലം, മണി ശങ്കർ, പ്രകാശ് മാരാഹി, ചിന്തയിലെ ശിവകുമാർ മാഷ്. ഇതൊന്നും അല്ല കേട്ടോ, കൊല്ലത്ത് ബസ്‌സ്റ്റാൻഡിൽ കിടന്നുറങ്ങിയ കാലത്ത് പൊതിച്ചോറ് പങ്കിട്ട ലൈംഗിക തൊഴിലാളിയും എന്നെ പിന്നീട് ഒരു ബ്യൂട്ടി പാർലറിൽ ജോലിക്ക് കൊണ്ടു ചെന്നാക്കിയ അവരുടെ ബ്രോക്കറും എനിക്ക് അത്രമേൽ പ്രിയപ്പെട്ടവരാണ്. കെ. എസ്. രതീഷിന്റെ തടി പലരിട്ട വെള്ളവും വളവും ചേർന്നതാണ്. അതിൽ ആരെയാണ് ഞാൻ പ്രിയപ്പെട്ടതെന്ന് മാത്രം പറഞ്ഞ് നിർത്തുക?

ks-ratheesh-family
അമ്മ സുമംഗല, ഭാര്യ ബിബിഹ, മക്കൾ ജോയൽ, ജോനാഥൻ എന്നിവർക്കൊപ്പം രതീഷ്.

‘പന്ത’യെപ്പറ്റി പറയാമോ?

ഈ ഭൂമിയിൽ ഏറ്റവും സുന്ദരിയായ ഇടം ഈ പന്തയാണ്. നെയ്യാർ ഡാമിന്റെ പണിക്കു വന്ന സായിപ്പും എൻജിനീയറും ചേർന്ന് പട്ടയം ഇല്ലാതാക്കിയ കുറേ മനുഷ്യർ. ഈ നാട്ടിലെ ഓരോ മനുഷ്യർക്കും കഥയുണ്ട്. ചുമ്മാ പറയുന്നതല്ല, നിങ്ങള് ഒരു ദിവസം പന്തയിൽ വന്നു നോക്ക്. കാട്ടാക്കടയും നെയ്യാറും കഴിഞ്ഞ് ഇങ്ങ് പോരണം. പശുവും, റബറും കപ്പയും ആറ്റുമീനുമൊക്കെയായി ഞങ്ങൾ ഈ നാട്ടിൽ കഴിയുന്നുണ്ട്. ഒരു വഴി ചോദിച്ചാൽ ഒരു കഥയും ചേർത്തു പറഞ്ഞുകൊടുക്കുന്ന മനുഷ്യരാണ്. കാട്ടാക്കടയിൽ വന്ന്, പന്ത വഴി പോകുന്ന കൂട്ടപ്പു ബസിൽ കയറിക്കോളൂ. പന്തയിലെ മനുഷ്യരെയാണ് ഞാനെന്റെ കഥയിൽ കൂട്ടിയതെന്ന് അവരിതുവരെ അറിഞ്ഞിട്ടില്ല. എന്റെ ഭാഗ്യം.

കരഞ്ഞു പോകാതിരിക്കാൻ രതീഷ് കഥയാക്കിക്കൊണ്ടിരിക്കുന്ന ജീവിതത്തിലെ ആ 16 വർഷമുണ്ടല്ലോ, ശരിക്കും ആ കാലം ഒന്ന് ഓർത്തെടുക്കാമോ? ചോദിക്കുന്നതു ശരിയാണോ എന്നറിയില്ല, പക്ഷേ, ചോദിച്ചു പോകുകയാണ്.

എനിക്ക് ഈ വിഷയം സംസാരിക്കാൻ ഒരു മടിയുമില്ല കേട്ടോ. എന്റെ മക്കളോടും സ്‌കൂളിലും ഞാനിത് പറയും. അവർക്ക് കിട്ടിയ ഈ സുഖങ്ങൾ ഒന്നും കിട്ടാത്ത ഒരുപാട് കുട്ടികൾ ഇന്നും ഉണ്ടെന്ന് അവരും അറിയണം. നാട്ടിലെ നെയ്യാർ കൂപ്പിൽ വന്ന ആളാണ് എന്റെ അപ്പൻ. ആ കാലത്ത് എന്റെ അമ്മയെ പുള്ളിക്കാരൻ തട്ടിക്കൊണ്ടുപോയി (ഇത് അമ്മയുടെ വേർഷൻ). പ്രണയിച്ച് പോയെന്ന് നാട്ടു സംസാരം. അമ്മയോട് ചോദിക്കുമ്പോൾ എല്ലാം ആകെ കലിപ്പ് മോഡിൽ. എന്തേലും ആകട്ടെ, മൂന്നു പിള്ളേർ ആയപ്പോൾ ആ പ്രണയം അങ്ങ് തീർന്നു. പിന്നെ അടി പിടി, കേസ്, വഴക്ക്. ഇതിനിടയിൽ മൂന്നു പിള്ളേരെയും കൊന്ന് ഡാമിൽ ചാടി ചാകാൻ പോയതാണ് അമ്മ. നാട്ടുകാരിൽ ആരോ സഹായിച്ച് പിള്ളേരെ മൂന്നിനെയും കൊല്ലത്തും ആറ്റിങ്ങലും അരുവിക്കരയിലും ഓരോ അനാഥാലയത്തിൽ ആക്കി. എന്റെ അനിയൻ അവിടുന്നു ചാടി. പിന്നെ അവൻ അമ്മയോട് ഒപ്പം പറ്റി നിന്നു. എനിക്ക് ഈ പറ്റി നിൽപിനെക്കാൾ വിശപ്പായിരുന്നു മുഖ്യം. അതോണ്ട് ഞാൻ കൊല്ലത്ത് അങ്ങു കൂടി. എന്റെ നമ്പർ KNH 0326 എന്നായിരുന്നു. 5:30ന് ഉണരുന്നത് മുതൽ 9:30ന് ഉറങ്ങുന്നതു വരെ അവിടെ ഓരോന്നിനും ഓരോ സമയമുണ്ട്. എനിക്ക് കൃത്യമായി ഓരോന്ന് ചെയ്യാൻ കഴിയുന്നതിന്റെ കാരണം ഈ ടൈമിങ് തന്നെയാണ്. പിന്നെ പത്തിൽ ഇത്തരം ഹോമുകളിൽ പരീക്ഷ എഴുതിയ കുട്ടികളിൽ ഏറ്റവും മാർക്ക് എനിക്കായിരുന്നു. ആ ചിത്രം ഞാനിന്നും സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഇന്നത്തെ ഏ പ്ലസ് കിട്ടിയവരോട് ഞാൻ അത് ഉയർത്തി കാണിക്കും. പതിനൊന്നാം ക്ലാസ് കഴിഞ്ഞ കാലത്ത് അവിടുത്തെ കുക്കിനെ തല്ലിയതിന് ഞാൻ പുറത്തായി. പിന്നെയെല്ലാം ഒരു കഥപോലെയാണ്. ബസിലും ബാറിലും ഹോട്ടലിലും തട്ടുകടയിലും പാർലറിലും. സത്യത്തിൽ അതൊക്കെ തന്നെയാണ് ഞാനിങ്ങനെ കഥയെന്ന പേരിൽ എഴുതി വിടുന്നത്.

Content Summary: Puthuvakku column written by Ajish Muraleedharan- Talk with writer K S Ratheesh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA