ഓർമകൾക്ക് തിലോദകം

o-n-vasudevan-namboothiri-and-family
കുടുംബചിത്രം – ഒ.എൻ. വാസുദേവൻ നമ്പൂതിരി, സാവിത്രി തമ്പാട്ടി, സ്വപ്ന, ഹേമന്ദ്, തേജസ്വിനി
SHARE

കോട്ടയം ∙ വാത്സല്യത്തിന്റെ ഓളങ്ങളുമായാണു പൂർണാനദി സ്വപ്‌ന നൽകിയ ആ കണ്ണീർക്കുടം ഏറ്റുവാങ്ങിയത്. അനുഗ്രഹത്തിന്റെ നിറകുടം പുഴമനസ്സുകൊണ്ടു തിരിച്ചും നൽകി. അച്ഛന്റെ മരണാനന്തര കർമങ്ങൾ ചെയ്ത്, ചിതയ്ക്കു തീ പകർന്ന മകളെ നോക്കി ആചാരങ്ങളുടെ പഴമനസ്സാകട്ടെ പുഴയോരത്തു നിന്നു. പാലാ ഉരുളികുന്നം പൈക ഓണിയപ്പുലത്ത് ഇല്ലത്ത് ഒ.എൻ. വാസുദേവൻ  നമ്പൂതിരിയുടെ ഓർമകൾക്കായി കർക്കിടക വാവുബലിയുടെ ഇന്ന് പൈക ചാമുണ്ടേശ്വരി ക്ഷേത്രത്തിൽ കൂട്ടനമസ്കാരം നടത്താനാണ് മകൾ സ്വപ്‌ന വി. നമ്പൂതിരിയും കുടുംബവും തീരുമാനിച്ചിരിക്കുന്നത്. ഒന്നാമാണ്ടിൽ അടുത്ത ചടങ്ങ്. 

ഗ്രന്ഥശാലാ പ്രവർത്തകനും റിട്ട. അധ്യാപകനും മലയാള ബ്രാഹ്മണസമാജം മുൻ പ്രസിഡന്റുമായ വാസുദേവൻ നമ്പൂതിരിയുടെ 80ാം പിറന്നാൾ (അശീതി) ആഘോഷമാക്കണമെന്നു ഗ്രാമം ആഗ്രഹിച്ചിരുന്നതാണ്. കൊല്ലവർഷം 1195 മീനമാസത്തിലെ ഉത്രാടം നക്ഷത്രത്തിൽ നടക്കേണ്ടിയിരുന്ന അശീതി ആഘോഷം പക്ഷേ കോവിഡും ലോക്ഡൗണും മൂലം നടന്നില്ല. ഇതിനിടെ അർബുദം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ജൂൺ 10ന് വീഴ്ചയുണ്ടായി. മൂന്നു ദിവസം കഴിഞ്ഞ്, 13ന് 81-ാം വയസ്സിൽ വിയോഗവും. 

o-n-vasudevan-namboothiri-and-savithri-thambatti
ഒ.എൻ. വാസുദേവൻ നമ്പൂതിരിയും സാവിത്രി തമ്പാട്ടിയും

ആണായിട്ടും പെണ്ണായിട്ടും നീ മതിയെന്നും നിന്നെ എല്ലാത്തിലും വിശ്വാസമാണെന്നും അച്ഛൻ പറയുമായിരുന്നു – സ്വപ്ന ഓർമകൾ പങ്കുവയ്ക്കുന്നു. ഇത്ര സുന്ദരനും സ്‌നേഹധനനുമായ ഒരച്ഛൻ മറ്റാർക്കുണ്ടെന്നോർത്ത് വലിയ അഭിമാനമായിരുന്നു. അച്ഛനു വേണ്ടി, അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ചു മരണാനന്തര കർമങ്ങൾ ചെയ്തതിന്‌റെ സംതൃപ്തിയുണ്ട്. നാട്ടുനടപ്പു തെറ്റിച്ചതിൽ മറ്റുള്ളവർക്ക് അമർഷമുണ്ടായിരിക്കാം, അതൃപ്തിയുണ്ടായിരിക്കാം, എനിക്കു പക്ഷേ ആശ്വാസമാണ് - ജൂലൈ ആദ്യവാരം പെരുമ്പാവൂർ ചേലാമറ്റത്ത് ചിതാഭസ്മ നിമജ്ജനത്തിനു ശേഷം സ്വപ്‌ന പറഞ്ഞിരുന്നു. 

അച്ഛന്റെ പുരോഗമനചിന്ത പണ്ടേയുള്ളതാണെന്നും മകൾ ഓർക്കുന്നു. വിദ്യാഭ്യാസമുള്ള വധുവിനെത്തേടിയപ്പോഴാണ് അധ്യാപികയായ സാവിത്രിയുമായി ആലോചന വന്നത്. സാവിത്രി തമ്പാട്ടി ക്ഷത്രിയയാണ്. എഴുത്തുകാരനും ശാസ്ത്ര ഗവേഷകനുമായ എതിരൻ കതിരവന്റെ ബന്ധു. എൽഐസി കോട്ടയം ബ്രാഞ്ച് ഒന്നിലെ ജീവനക്കാരിയാണു സ്വപ്ന വി. നമ്പൂതിരി. ഭർത്താവ് തിരുനക്കര ശിവകൃപയിൽ പി. ഹേമന്ദ് പഞ്ചാബ് നാഷനൽ ബാങ്ക് ഈരാറ്റുപേട്ട ശാഖാ മാനേജരാണ്. മകൾ ആറു വയസ്സുകാരി തേജസ്വിനി.  

സ്ത്രീകൾ ശ്മശാനക്രിയ ചെയ്താൽ മോക്ഷം കിട്ടില്ലെന്നു പറഞ്ഞു പലരും സ്വപ്നയെ നിരുത്സാഹപ്പെടുത്തിയിരുന്നു. പക്ഷേ, അച്ഛന്റെ മനസ്സിന് എന്താണിഷ്ടമാകുകയെന്ന് അറിയാമായിരുന്നതിനാൽ കർമം ചെയ്യുകയെന്ന തീരുമാനത്തിൽ അവർ ഉറച്ചുനിന്നു. ഉരുളികുന്നത്തെ തറവാട്ടുചിട്ടയിൽനിന്നു മാറി, അച്ഛൻ വച്ച പെക വീട്ടിലെ തെക്കേപ്പറമ്പിൽത്തന്നെ ദഹിപ്പിക്കാമെന്ന തീരുമാനമെടുത്തതും മകൾ തന്നെ. ‘അച്ഛന് ഒരു നീരസവും ഉണ്ടാവില്ല’ – പ്രതിസന്ധികളിൽ തളരാത്ത മകൾ ഹൃദയം തൊട്ടു പറയുന്നു. 

o-n-vasudevan-namboothiri-and-daughter-swapna
അച്ഛനും മകളും : ഒ.എൻ. വാസുദേവൻ നമ്പൂതിരിയും സ്വപ്നയും ഉത്തരേന്ത്യൻ യാത്രയ്ക്കിടെ.

വാസുദേവൻ നമ്പൂതിരിയുടെ മരണവിവരമറിഞ്ഞ് ഉറ്റസുഹൃത്തായ സാഹിത്യകാരൻ സക്കറിയ വീട്ടിലെത്തിയപ്പോൾ സ്വപ്നയുടെ ധീരമനസ്സിനെ അനുമോദിച്ചിരുന്നു.  ഉരുളികുന്നത്തിന്റെ സന്തതികളായി ചെലവിട്ട ബാല്യവും കളിച്ച കളികളും പങ്കിട്ട ഗാഢസൗഹൃദവും എഴുത്തുകാരൻ ഗൃഹാതുരതയോടെ വിവരിക്കുമ്പോഴൊക്കെയും മൂന്നോ നാലോ ദിവസം മുൻപു വരെ ഉണ്ണി വായിച്ചു കൊണ്ടിരുന്ന പുസ്തകം മേശപ്പുറത്തുണ്ടായിരുന്നു – സക്കറിയയുടെ കഥകൾ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA