ഭാവനയുടെ അവസാന ദിവസങ്ങൾ

Gabriel Garcia Marquez
ഗബ്രിയേൽ ഗാർസിയ മാർക്വേസ്. Photo Credit : REUTERS/Edgard Garrido
SHARE

വായിച്ച കഥയെ എഴുതുമ്പോൾ, ആ കഥയെ ഒരു തോണിയായി കരുതി അതിൽ യാത്ര ചെയ്യുന്ന എന്നെ മാത്രം ഓർക്കുന്നു. അതിനാൽ, എനിക്ക് ഒഴുകിപ്പോകാൻ കഴിയുന്ന പുസ്തകങ്ങളെപ്പറ്റി ഞാൻ വിചാരിക്കുന്നു. ഒരു തരത്തിൽ, ലജ്ജാകരമാണു വായനയിലെ സ്വേച്ഛാധികാരങ്ങൾ. എന്നാൽ നിർവ്യക്തികതയിലേക്കു തിരോഭവിക്കുന്ന വ്യക്തിനിഷ്ഠത കലയിലും സാഹിത്യത്തിലും സംഭവിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. സ്വന്തം കൃതികളിലെ സിംബോളിസം ഏറ്റവും ശക്തമായി നിഷേധിക്കുമ്പോഴും താൻ എഴുതുന്ന ഓരോ സംഭവവും മറ്റൊന്നിനുവേണ്ടി നിലകൊള്ളുന്നു എന്നു മാർക്കേസിനു ബോധ്യമുണ്ടായിരുന്നു. അദ്ദേഹം സ്വന്തം കുടുംബചരിത്രം എഴുതി. എന്നാൽ അതിൽനിന്നു ലോകത്തിലെ ഹതാശമായ ഗ്രാമങ്ങളും അസാധാരണ മനുഷ്യരും പിറന്നു. സ്വന്തം മാതാപിതാക്കളുടെ ജീവിതകഥയിൽനിന്നു ലോകത്തെവിടെയും അനുഭവിക്കാനാവുന്ന പ്രണയപരവശതയുടെ ഒരു രൂപകം സൃഷ്ടിച്ചു. അദ്ദേഹം എഴുത്തുമേശമേൽ മഞ്ഞപ്പൂക്കൾ വച്ചു. മഞ്ഞ തനിക്കു ഭാഗ്യം കൊണ്ടുവരുമെന്നു വിശ്വസിച്ചു. എല്ലാ ദിവസവും രാവിലെ മുതൽ ഉച്ചകഴിഞ്ഞു 2 മണി വരെ തുടർച്ചയായി എഴുതി. രണ്ടുമണിക്കുശേഷം ഭാര്യക്കൊപ്പം ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ പറയുന്നു, നാളെ കൂടി ശ്രമിച്ചിട്ടു നടന്നില്ലെങ്കിൽ ഈ നോവൽ ഉപേക്ഷിക്കേണ്ടിവരും. ശകുനങ്ങളുടെ, അടയാളങ്ങളുടെ, ആകസ്മികതകളുടെ വിചിത്രമായ താരയിൽ ഒടുവിലായി എത്തുന്നു, വിടവാങ്ങാനുള്ള സമയം കാത്ത് ഒന്നാം നിലയിലെ മുറിയിൽ കിടക്കുമ്പോൾ താഴെ നിലയിൽ അദ്ദേഹം പതിവായി  ഇരിക്കാറുള്ള സോഫയിൽ ഒരു കിളിയുടെ ജഡം. തുറന്ന ഏതോ ജാലകത്തിലൂടെ അകത്തു കടന്ന പാവം പുറത്തേക്കു വഴിയാണെന്നു കരുതി ചില്ലുജാലകത്തിൽ ചെന്നിടിച്ചു ജീവനറ്റുവീണതാണ്. തന്റെ തന്നെ നോവലിലെ ഒരു രംഗം അവിടെ യാഥാർഥ്യമായി എന്ന് മാർക്കേസ് അറിഞ്ഞില്ല. കിളിയുടെ ജഡം, വീട്ടിലെ ചിലർ നല്ല ശകുനമാണെന്നു പറഞ്ഞു. മറ്റു ചിലർ ദുശ്ശകുനമാണെന്നും. പക്ഷിയുടെ ജഡം ചവറ്റുകുട്ടയിൽ എറിഞ്ഞശേഷവും തർക്കം തുടർന്നു. ഒടുവിൽ അതിനെ എടുത്ത് ഉദ്യാനത്തിന്റെ ഒരു കോണിൽ സംസ്കരിച്ചു.

മാർക്കേസ് മരിച്ചത് പെസഹ വ്യാഴാഴ്ചയാണ്. ഏകാന്തതയുടെ നൂറുവർഷങ്ങളിലെ ഉർസുലയുടെ അന്ത്യവും പെസഹ വ്യാഴം പുലർച്ചെയായിരുന്നു. ഒരു ബാസ്കറ്റിൽ വയ്ക്കാവുന്ന വലുപ്പമേ ഉർസുലയ്ക്ക് അപ്പോൾ ഉണ്ടായിരുന്നുള്ളു. അടക്കത്തിനു കുറച്ചുപേർ മാത്രം എത്തി. കാരണം അവരെ ഓർമിക്കുന്ന അധികമാരും അവിടെ ബാക്കിയുണ്ടായില്ല. മറ്റൊരു കാരണം അതു കനത്ത ചൂടുള്ള ദിവസമായിരുന്നു. ഉച്ചയ്ക്ക് പരവേശം കൊണ്ടു ദിക്കുതെറ്റി പറന്ന പക്ഷികൾ വീടുകളുടെ ചുമരുകളിൽ ചെന്നിടിച്ചു കിളിവാതിലൂടെ കിടപ്പുമുറികളിലേക്കു ചത്തുവീണു. മാർക്കേസിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് നോവലിലെ ഈ രംഗം ഓർമിപ്പിച്ച് മാർക്കേസിന്റെ സെക്രട്ടറിക്ക് ഇ മെയിൽ സന്ദേശം അയയ്ക്കുകയുണ്ടായി.  

സമീപകാലത്തു ഞാൻ വായിച്ച ഏറ്റവും സ്നേഹഭരിതമായ പുസ്തകം ഒരു മകൻ ലോകപ്രശസ്തരായ തന്റെ മാതാപിതാക്കളെക്കുറിച്ച് എഴുതിയതാണ്. മകന്റെ പേര് റോദ്രീഗോ ഗാർസിയ. മാതാപിതാക്കൾ ഗബ്രിയേൽ ഗാർസിയ മാർക്കേസും മെർസീഡിസ് ബാർകയും. എഴുത്തുകാരന്റെയും ഭാര്യയുടെയും ഭൂമിയിലെ അവസാന ദിവസങ്ങളാണ് “ A Farewell to Gabo and Mercedes: A son’s Memoir’’ എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. പവിത്രമായ വൈകാരികത തിങ്ങുന്ന സ്വകാര്യനിമിഷങ്ങളാണവ. സ്വകാര്യത ഏറ്റവും ശക്തമായി കാത്തുസൂക്ഷിച്ചിരുന്നു മെർസീഡിസ്. കുടുംബത്തിലെ ഒരുകാര്യവും എഴുതുന്നത് അവർ ഇഷ്ടപ്പെട്ടില്ല. അമ്മ ജീവിച്ചിരിക്കേ ഈ പുസ്തകം അച്ചടിക്കില്ലെന്നു താൻ തീരുമാനിച്ചിരുന്നുവെന്നു റോദ്രീഗോ പറയുന്നു. മാർക്കേസാകട്ടെ എഴുത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അങ്ങേയറ്റം രഹസ്യാത്മകത പാലിച്ചിരുന്നു. എഴുതിപൂർത്തിയാക്കാത്ത രചനകൾ അദ്ദേഹം ആരെയും കാണിച്ചില്ല. എഴുതി പരാജയപ്പെട്ട കടലാസ്സുകൾ ഉടൻ നശിപ്പിച്ചുകളഞ്ഞു. അപൂർണമോ പരാജിതമോ ആയ രചനകളുടെ കടലാസ്സുകൾ, സഹോദരനും താനും കൂടി പിതാവിന്റെ മുറിയിൽ നിലത്തിരുന്ന്, അദ്ദേഹത്തിന്റെ നിർദേശപ്രകാരം കീറിക്കളയാറുണ്ടായിരുന്നുവെന്ന് റോദ്രീഗോ എഴുതുന്നു. 

mercedes-barcha-son-konzalo
Mercedes Barcha (R), wife of late Colombian Nobel laureate Gabriel Garcia Marquez, her son Gonzalo Garcia Barcha (L) and her grandson stand next to an urn containing Garcia Marquez' ashes for public viewing in the Palace of Fine Arts in Mexico City. Photo: REUTERS/Edgard Garrido

സ്മൃതിക്ഷയത്തിലൂടെ നടന്ന് നിത്യതയിലേക്കു  മാർക്കേസ് അപ്രത്യക്ഷമാകുന്ന, വൈദ്യുതി ശ്മശാനത്തിലെ തീച്ചൂളയുടെ കവാടമടയുംവരെയുള്ള നിമിഷങ്ങൾ വികാരവായ്പോടെ മാത്രമേ വായിക്കാനാവൂ. മാർക്കേസ് മരിച്ചുകഴിയുമ്പോൾ ആ ശരീരം എങ്ങനെ ഒരുക്കണം എന്നു മെർസീഡിനോടു ചോദിക്കുന്നുണ്ട്. അവർ തുന്നൽപണികൾ ചെയ്ത വെള്ള കിടക്കവിരിയാണ് എടുത്തുകൊടുക്കുന്നത്. ഒരാൾ ആ മൃതദേഹപേടകത്തിൽ മഞ്ഞപ്പൂക്കളുകൾ വയ്ക്കുന്നു. 

ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ ഏറ്റവും ജിജ്ഞാസകരമായ സൗന്ദര്യം പ്രസരിക്കുന്ന നോവൽ ‘ജനറൽ ഇൻ ഹിസ് ലാബിറിന്ത്’ ആണെന്ന് എനിക്കു തോന്നുന്നു. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ വിമോചനസമരങ്ങളുടെ നേതാവായ ‘ദ് ഗ്രേറ്റ് ലിബറേറ്റർ’ എന്നു വിളിക്കപ്പെട്ട സിമോൺ ബൊളിവറുടെ അന്ത്യദിനങ്ങളാണ് ഈ നോവലിൽ നാം വായിക്കുന്നത്. ലാറ്റിനമേരിക്കയുടെ സമൂഹമനസ്സിൽ ബൊളിവർ ഒരു ഇതിഹാസമാണ്. വീരപരിവേഷമുള്ള ബോളിവറിലെ കലിയും കാമവും ദുരയും  ആവിഷ്കരിക്കുന്ന ജനറൽ ഇൻ ഹിസ് ലാബിറന്ത്, ബൊളിവറുടെ പേരിട്ട രാജ്യമായ ബൊളീവിയയിലും ജന്മരാജ്യമായ വെനസ്വേലയിലും വലിയ ചർച്ചകൾക്കു കാരണമായി. ബൊളീവിയയുടെ രാഷ്ട്രപിതാവാണു സിമോൺ ബൊളീവറെങ്കിൽ വെനസ്വേലയുടെ കറൻസിയിൽ അദ്ദേഹത്തിന്റെ ചിത്രമാണുള്ളത്. മാർക്കേസ് ഞങ്ങളുടെ വീരന്മാരിലൊരാളെ ഇല്ലായ്മ ചെയ്തുവെന്നാണ് ഒരു നിരൂപകൻ പ്രതികരിച്ചത്. എന്നാൽ ബൊളിവർ എന്ന സ്വേച്ഛാധികാരി  എങ്ങനെയാണ്  തന്റെ അസ്മയത്തിന്റെ ഏകാന്തതയിലേക്ക്, മരണത്തിലേക്കു തനിയെ നടന്നുപോയതെന്നു ചിത്രീകരിക്കാനാണ് മാർക്കേസ് ഈ നോവലിൽ ശ്രമിച്ചത്. തന്റെ ഓരോ കഥാപാത്രവും സ്വന്തം ഭാവനകളുടെ അന്ത്യത്തെ  അഭിമുഖീകരിക്കുന്ന നിമിഷങ്ങൾ ഏറ്റവും സൂക്ഷ്മമായ വിശദാംശങ്ങളോടെയാണ് മാർക്കേസ് ആവിഷ്കരിച്ചത്. ‘ലവ് ഇൻ ദ് ടൈം ഓഫ് കോളറ’യിലെ ഡോക്ടർ ഉർബിനോ, തത്തയെ പിടിക്കാനായി കോണിയിൽ വലിഞ്ഞുകയറുന്നു. തത്തയെ പിടിച്ചെങ്കിലും അടുത്തക്ഷണം അദ്ദേഹം കാൽതെറ്റി താഴേക്കു വീഴുന്നു. മരണത്തിലേക്കു നിപതിക്കുന്നതിനു മുൻപുള്ള ഇത്തിരി നിമിഷങ്ങളിൽ ജീവിതം മുഴുവൻ അയാൾക്കു മുന്നിലേക്ക് ഇരമ്പിയെത്തുന്നു. ഭാര്യയോടു തന്റെ മഹാപ്രേമം പ്രഖ്യാപിക്കാൻ ഒരു അവസരം തനിക്കു ലഭിച്ചില്ലല്ലോ എന്ന നൈരാശ്യത്തോടെയാണ് ആ മനുഷ്യൻ യാത്രയാകുന്നത്.

മരിച്ച മനുഷ്യൻ എങ്ങോട്ടു പോകുന്നുവെന്ന ഇയ്യോബിന്റെ ചോദ്യം അതിനുംമുൻപേ പുറപ്പെട്ടുവന്നതാണ്. എന്നാൽ ആ ചോദ്യത്തെക്കാൾ, ഒരു മനുഷ്യൻ എങ്ങനെയാണു തന്റെ മരണത്തിലേക്കു പോകുന്നതെന്ന അന്വേഷണം മാർക്കേസിന് പ്രിയപ്പെട്ടതായിരുന്നു. തന്റെ കഥാപാത്രങ്ങളുടെ അന്ത്യനിമിഷങ്ങളെ അദ്ദേഹം ഏറ്റവും ജാഗ്രതയോടെ, വിസ്മയത്തോടെ ചിത്രീകരിച്ചു. തന്റെ മരണം എങ്ങനെയായിരുന്നുവെന്ന് തനിക്ക് എഴുതാനാവില്ലല്ലോ എന്ന ഖേദം മാർക്കേസ് ഒരിക്കൽ മകനോടു പങ്കുവയ്ക്കുന്നുണ്ട്. എൺപതു പിന്നിട്ടപ്പോൾ അർബുദത്തിനൊപ്പം സ്മൃതിക്ഷയം കൂടി എഴുത്തുകാരനെ പിടികൂടിയ സമയമായിരുന്നു അത്. പിതാവിന്റെ ഈ ഖേദത്തിനുള്ള മകന്റെ മറുപടിയായി റോദ്രീഗോയുടെ രചന വായിക്കാം. 

gabriel-garcia-marquez-yellow-flowers
An accordionist looks at a box with messages to the late Colombian Nobel Literature laureate Gabriel Garcia Marquez during a symbolic funeral ceremony in front of the house were he was born in Aracataca- Photo: Ricardo Mazalan/AP

മരണം ദിവസങ്ങൾ മാത്രം അകലെ നിൽക്കേ ആശുപത്രിവാസം അവസാനിപ്പിച്ച് മാർക്കേസ് സ്വന്തം വീട്ടിലേക്ക് ഒരു ചക്രക്കസേരയിൽ എത്തുമ്പോൾ യുഎസിൽ താമസിക്കുന്ന രണ്ടു മക്കളെയും കണ്ടാൽ തിരിച്ചറിയാത്തവിധം എഴുത്തുകാരനു സ്മൃതിക്ഷയം സംഭവിച്ചിരുന്നു. മെർസീഡസ് കഴിഞ്ഞാൽ വർഷങ്ങളായി നിഴൽ പോലെ കൂടെയുള്ള സെക്രട്ടറി, പാചകക്കാരൻ എന്നിവരെ മാത്രമേ എപ്പോഴും തിരിച്ചറിയാൻ കഴിയുമായിരുന്നുള്ളു. ആ അവസ്ഥയിലും തന്റെ നർമബോധം ഇടയ്ക്കെല്ലാം അദ്ദേഹത്തിനു തിരിച്ചുകിട്ടിയിരുന്നു. മാർക്കേസ് നല്ല സംസാരപ്രിയനായിരുന്നു. സംസാരം അദ്ദേഹത്തിന് എഴുത്തു പോലെ പ്രധാനമായിരുന്നു. എല്ലാത്തരം പുസ്തകങ്ങളും വായിക്കാൻ ഇഷ്ടപ്പെട്ടിരുന്ന മാർക്കേസ്, ലവ് ഇൻ ദ് ടൈം ഓഫ് കോളറ എഴുതുമ്പോൾ, ജനപ്രിയ വിഷാദ ഗാനങ്ങൾ സ്ഥിരമായി കേട്ടു. പടിപടിയായി ഓർമ നഷ്ടമാകുന്നത്, വാക്കുകൾ അകലെയാകുന്നത് അദ്ദേഹം ദുഃഖത്തോടെ കണ്ടു. ചലച്ചിത്രകാരനായ മകനൊപ്പം ചേർന്ന് ഒരു തിരക്കഥ എഴുതാൻ മാർക്കേസ് ആഗ്രഹിച്ചിരുന്നു. ദീർഘകാലമായി അദ്ദേഹത്തിന്റെ മനസ്സിലുള്ള ഒരു കഥയാണ്- മധ്യവയസ്സിലെത്തിയ, പ്രശസ്തയായ ഒരു സ്ത്രീ തന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടോയെന്ന് സംശയിക്കുന്നു. താമസിയാതെ തന്റെ സംശയം സത്യമാണെന്ന് അവർ കണ്ടെത്തുന്നു. എന്നാൽ സ്ത്രീ തന്റെ അതേ ഛായയിൽ, താൻ ജീവിക്കുന്ന അതേ പോലെ, സമാനമായ ഒരു അപാർട്ട്മെന്റിലാണു താമസിക്കുന്നതെന്നും അവർ മനസ്സിലാക്കുന്നു. സിനിമയിൽ ഈ രണ്ടു സ്ത്രീകഥാപാത്രങ്ങളും ഒരു നടി തന്നെ ചെയ്യണമെന്നാണ് മാർക്കേസ് വിചാരിച്ചത്. എന്നാൽ മകനൊപ്പം കഥാചർച്ചയ്ക്കിരുന്നപ്പോഴാണു വാക്കുകൾ തനിക്കു നഷ്ടമായിക്കഴിഞ്ഞുവെന്ന് എഴുത്തുകാരൻ തിരിച്ചറിഞ്ഞത്. ഒരു നല്ല സംഭാഷണം പോലും എഴുതാനാവാതെ അദ്ദേഹം വലഞ്ഞു. ഓർക്കുമ്പോൾ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ഒന്നായിരുന്നു പാതിവഴിയിൽ നിലച്ച ആ തിരക്കഥാസ്വപ്നം എന്ന് റോദ്രീഗോ എഴുതുന്നു. 

ഈ വായന കഴിയുമ്പോൾ എന്റെ മേശപ്പുറത്തു സുഹൃത്തും കവിയുമായ എം.പി. പ്രതീഷിന്റെ ‘നീലനിറം’ എന്ന കവിതാസമാഹാരം കൂടി എത്തിയിരുന്നു. റോദ്രീഗോയുടെ വാക്കുകൾ പകർന്ന വീർപ്പുമുട്ടലിൽ നിന്ന് ഇറങ്ങാനാവാതെയാണു ഞാൻ നീലനിറം തുറന്നത്. ‘‘മരംകൊത്തിയുടെ ചുണ്ടിൽനിന്ന് വേർപെട്ടു മണ്ണിൽ വീഴുന്നു തീർന്നിട്ടില്ലാത്ത രാത്രിയുടെ തരികൾ, ചീവിടിൻ ചിറകുകൾ..’’ ഈ കവിതകൾ, ഉള്ളിലെ വീർപ്പുമുട്ടുകളെയും കൊണ്ടു പുറത്തേക്ക് സഞ്ചരിക്കുന്നു. അകത്തുള്ള എല്ലാറ്റിനെയും വസ്തുക്കളുടെയും പ്രാണീലോകത്തിന്റെയും ഉള്ളിലേക്കു കൊണ്ടുപോകുന്നു. അവിടെ അമ്പരന്നുനിൽക്കാൻ അനുവദിക്കുന്നു. ഞാൻ സങ്കൽപിക്കുന്ന എന്റെ തിരോധാനത്തിലേക്കു വരാനിടയുള്ള ഒച്ചകളും മൗനങ്ങളും വെളിച്ചങ്ങളും ഇരുട്ടുകളും ഈ കവിതകളിൽ ഞാൻ കാണുന്നു. ഒരു ദിവസം രാവിലെ ഈ കിടപ്പുമുറിയിൽ ഞാൻ ഉണ്ടാവില്ല. എന്നാൽ ആ മുറിയുടെ ജാലകം തുറക്കുമ്പോൾ, ഉച്ചയിലേക്കു നീളുന്ന സൂര്യവെളിച്ചം കാണും. ഒരു മരച്ചില്ലയിൽ കാറ്റ് വിട്ടേച്ചുപോയ ഇളക്കം കാണും. പ്രതീഷ് എഴുതുന്നു – “ പൊള്ളുന്ന പകലിലെല്ലാം അടിക്കാടുകൾക്കുള്ളിൽ മാളങ്ങൾ കാത്തുനിൽക്കുന്നു. ഇരുട്ടാവുന്നില്ല. കാത്തുനിൽക്കുന്നു...”

അവസാന വർഷങ്ങളിൽ, സ്മൃതിക്ഷയത്തിന്റെ ആരംഭത്തിൽ, താനെഴുതിയ നോവലുകളിൽ പലതും മാർക്കേസ് തുടക്കം മുതൽ അവസാനം വരെ വായിച്ചുനോക്കി. ആ കഥകൾ നല്ലതായി തോന്നി. അദ്ദേഹം മകനോടു ചോദിച്ചു- “എവിടെനിന്നാണ് ഇതെല്ലാം വന്നത് ?’’

Content Summary : Ezhuthumesha Column by Ajay P. Mangattu on Gabriel Garcia Marquez

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA