അറസ്റ്റ് വരിച്ച ആദ്യത്തെ ഇന്ത്യൻ വനിതാ സത്യാഗ്രഹി സുഭദ്രകുമാരി ചൗഹാന് ഗൂഗിളിന്റെ ആദരം

Subhadra Kumari Chauhan
സുഭദ്രകുമാരി ചൗഹാൻ – ഗൂഗിൾ ഡൂഡിൽ
SHARE

സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ രാജ്യം ഒരിക്കലും മറക്കരുതാത്ത ഒരു വീരാംഗനെയെ ഓര്‍മിപ്പിക്കുകയാണ് ഗൂഗിള്‍, ഡൂഡിലിലൂടെ. അതൊരു കവിയാണ്. സ്വാതന്ത്ര്യ സമര സേനാനിയും. സുഭദ്ര കുമാരി ചൗഹാന്‍. ഹിന്ദിയില്‍ തലമുറകള്‍ ഏറ്റുപാടിയ ഝാന്‍സി കി റാണി എന്ന കവിതയിലൂടെ അനശ്വരയായ കവി. 

തലയിലൂടെ സാരിത്തലപ്പ് വലിച്ചിട്ട് പേപ്പറില്‍ പേന പിടിച്ച് കവിത എഴുതുന്ന രൂപത്തിലാണ് ഡൂഡിലില്‍ സുഭദ്ര കുമാരിയെ ചിത്രീകരിച്ചിരിക്കുന്നത്. പശ്ചാത്തലത്തില്‍ കുതിരപ്പുറത്ത് പായുന്ന റാണി ലക്ഷ്മി ബായിയുടെ ചിത്രവുമുണ്ട്. ഒപ്പം രാജ്യ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ സമര്‍പ്പിച്ച സമരഭടന്‍മാരുടെ ചിത്രവും. 

ഹിന്ദിയില്‍ ഒട്ടേറെ കവിതകള്‍ രചിച്ചിട്ടുണ്ട് സുഭദ്രകുമാരി ചൗഹാന്‍. അവയില്‍ ഏറ്റവും പ്രശസ്തം ഝാന്‍സി കി റാണി തന്നെയാണ്. റാണി ലക്ഷ്മി ബായിയുടെ ജീവിതമാണ് ആ കവിത പറയുന്നത്. ചരിത്രത്തിലെ ഏറ്റവും ആവേശകരമായ വീരചരിതങ്ങളിലൊന്ന്. 

സ്വാതന്ത്ര്യത്തിനു മുന്‍പും ശേഷവും ഇന്ത്യന്‍ സ്ത്രീകള്‍ കടന്നുപോയ ദുരിതങ്ങളാണ് സുഭദ്ര കുമാരിയുടെ കവിതകളെ വ്യത്യസ്തമാക്കിയത്. അക്കാലത്തുതന്നെ ജാതി മത വിവേചനത്തെക്കുറിച്ചും ലിംഗനീതിയെക്കുറിച്ചും അവര്‍ ചിന്തിച്ചിരുന്നു. ആ ആശയങ്ങള്‍ കവിതകളിലൂടെ ആവിഷ്കരിക്കുകയും ചെയ്തു. ദേശീയ ബോധവും അഭിമാനവുമായിരുന്നു അവരുടെ കവിതകളിലെ മറ്റൊരു പ്രമേയം. 

1904 ഓഗസ്റ്റ് ആറിനാണ് സുഭദ്ര കുമാരി ജനിച്ചത്. ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജ് ജില്ലയില്‍ നിഹാല്‍പൂര്‍ എന്ന ഗ്രാമത്തില്‍. പ്രയാഗ് രാജിലെ സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം താക്കൂര്‍ ലക്ഷ്മണ്‍ സിങ് ചൗഹാനെ വിവാഹം കഴിച്ചു. 16-ാം വയസ്സിലായിരുന്നു വിവാഹം. അവര്‍ക്ക് 5 കുട്ടികളും പിറന്നു. പിന്നീട് പ്രയാഗ് രാജില്‍ നിന്ന് സുഭദ്ര കുമാരിയുടെ പ്രവര്‍ത്തന മേഖല ജമല്‍പ്പൂരിലേക്കു മാറി. 

1921- ല്‍ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിച്ച നിസ്സഹകരണ പ്രസ്ഥാനത്തില്‍ സുഭദ്രകുമാരി ഭര്‍ത്താവിനൊപ്പം ചേര്‍ന്നു. അറസ്റ്റ് വരിച്ച ആദ്യത്തെ വനിതാ സത്യാഗ്രഹി ആയിരുന്നു അവര്‍. ബ്രിട്ടിഷ് ഭരണത്തിനെതിരെയുള്ള സമരങ്ങള്‍ക്കു നേതൃത്വം കൊടുത്തതിന്റെ പേരില്‍ രണ്ടു തവണ അറസ്റ്റ് ചെയ്യപ്പെട്ട അവര്‍ രണ്ടു തവണ ജയില്‍ വാസവും അനുഭവിച്ചു. ഒടുവില്‍ നിയമ നിര്‍മാണ സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 

നാഗ്പുരില്‍ നിന്ന് ജബല്‍പ്പുരിലേക്കുള്ള യാത്രയ്ക്കിടെ 1948 ല്‍ കാറപകടത്തില്‍ കൊല്ലപ്പെടുകയായിരുന്നു അവര്‍. നിയമ സഭാ സമ്മേളനത്തില്‍ പങ്കെുത്തു മടങ്ങുമ്പോഴായിരുന്നു അപകടം. 

സുഭദ്ര കുമാരിയുടെ ദേശാഭിമാനത്താല്‍ പ്രചോദിതമായ കവിതകള്‍ ഇന്നും കുട്ടികള്‍ പഠിക്കുന്നുണ്ട്. മുതിര്‍ന്നവര്‍ പാടിനടക്കുന്നുണ്ട്. മരണമില്ലാത്ത കവിതകളിലൂടെ കവി ഇന്നും ജീവിക്കുന്നു. ദേശാഭിമാനം നിലല്‍ക്കുവോളം. സ്വന്തം ജീവിതം രാജ്യത്തിനു സമര്‍പ്പിക്കുന്നവരുടെ വര്‍ഗ്ഗം അവസാനിക്കാത്തിടത്തോളം കാലവും. 

Content Summary: Google Doodle honours Indian Poet Subhadra Kumari through Doodle

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA