മധുരമേ... മധുരമേ.... മറഞ്ഞ കാലമേ, മകൾക്കൊപ്പം മടങ്ങി വരൂ...

HIGHLIGHTS
  • ഓണവാക്ക് – എഴുത്തുകാർ ഓണം ഓർമകൾ പങ്കുവയ്ക്കുന്നു
onavakku-manoj-vengola
വര: വിഷ്‌ണു വിജയൻ
SHARE

തമിഴ് സാഹിത്യകാരന്‍ ബവ ചെല്ലദുരൈയുടെ ഒരു പുസ്തകത്തിന്‍റെ പേരാണ് ‘എല്ലാ നാളും കാര്‍ത്തികൈ’. എന്തൊരിഷ്ടമാണെന്നോ എനിക്കാ പേരിനോട്. എന്നും പൊന്നോണം എന്നു പറയും പോലൊരു നിറവ്. സമൃദ്ധി. ഒരു നൂറുനൂറു കാര്‍ത്തിക വിളക്കുകളുടെ വെളിച്ചമുണ്ട് ആ പേരില്‍. പേരില്‍ മാത്രമല്ല ബവയുടെ എഴുത്തിലുമുണ്ട് വെളിച്ചം. വിഷാദഭരിതമെങ്കിലും ഊർജദായകമായ വെളിച്ചം. കരിമ്പില്‍ നീരുപോലെ എരിയുന്ന മധുരം. കാരമുള്ളു കരളില്‍ കൊണ്ടപോലെ കടച്ചില്‍. അത്തരം വെളിച്ചവും മധുരവും കടച്ചിലും മനസില്‍ നിറച്ച, ബവയുടെ ഒരേകദേശ രൂപസാദൃശ്യമുള്ള ഒരാളെക്കുറിച്ചാണ് എന്‍റെയീ കുറിപ്പ്. അദ്ദേഹത്തെ ഓര്‍ക്കുമ്പോഴെല്ലാം ഞാന്‍ ബവയുടെ പുസ്തകങ്ങള്‍ കയ്യിലെടുക്കുന്നു. അല്ലെങ്കില്‍, ബവയുടെ പുസ്തകങ്ങള്‍ കയ്യിലെടുക്കുമ്പോഴെല്ലാം ഞാന്‍ അദ്ദേഹത്തെ ഓര്‍ക്കുന്നു. അതുമല്ലെങ്കില്‍ അദ്ദേഹത്തെ ഓര്‍ക്കാനായി മാത്രം ബവയെ വായിക്കുന്നു.

തങ്കവേലു എന്നാണ് അദ്ദേഹത്തിന്‍റെ പേര്. ബവയുടെ നാട്ടുകാരന്‍. എഴുത്തുകാരനോ മറ്റേതെങ്കിലും മേഖലയില്‍ പ്രശസ്തനോ ഒന്നുമല്ല. വെറുമൊരു തുണിക്കച്ചവടക്കാരന്‍. തുണിത്തരങ്ങള്‍ തലച്ചുമടാക്കി കൊണ്ടുനടന്നു വില്‍ക്കുന്ന സാധു. അന്ന് നാല്‍പ്പതിനുമേല്‍ പ്രായം. കപ്പടാമീശ. കണ്ടാല്‍ പേടിയാകും. പക്ഷേ പാവം. എണ്‍പതുകളില്‍ മാസത്തില്‍ രണ്ടു തവണ അയാള്‍ ഞങ്ങളുടെ നാട്ടില്‍ വരുമായിരുന്നു. ഇന്ന് രൊക്കം, നാളെ കടം എന്നെല്ലാം പറയുമെങ്കിലും മൊത്തം കടമായി തന്നെ ആയിരുന്നു വില്‍പ്പന. പണം കുറേശ്ശെയായി തന്നു തീര്‍ത്താല്‍ മതിയെന്ന് തന്‍റെ ഇടപാടുകാര്‍ക്ക് അയാള്‍ ഇളവുകള്‍ നല്‍കി. സ്ത്രീപുരുഷഭേദമന്യേ എല്ലാവരോടും അയാള്‍ വളരെ ആദരവോടെയും മാന്യമായും പെരുമാറി. പലപ്പോഴും പറ്റിക്കപ്പെട്ടു. അതൊന്നും കാര്യമാക്കാതെ വീണ്ടും വന്നു. കടം കൊടുത്തു. അതായിരുന്നു അയാളുടെ സ്വീകാര്യത.

എന്‍റെ വീടിരിക്കുന്ന മേപ്രത്തുപടിയുടെ കിഴക്ക്, തേക്കമലയില്‍ അക്കാലത്ത് ധാരാളം പാറമടകള്‍ പ്രവര്‍ത്തിച്ചിരുന്നു. സ്ത്രീകളടങ്ങുന്ന നൂറുകണക്കിന് തൊഴിലാളികളാണ് അവിടെ പണിയെടുത്തിരുന്നത്. വന്നുപോകുന്ന വണ്ടിപ്പണിക്കാരുമുണ്ട് കുറെ. ഇവരെ ലക്ഷ്യമാക്കിയായിരുന്നു തങ്കവേലുവിന്‍റെ ആഗമനം. നല്ല വില്‍പ്പന. അവരെ തേടിയുള്ള പോക്കിനിടയില്‍ മുക്കോട്ടുപാടത്തിന്‍റെ കരയിലുള്ള വീടുകളും അയാള്‍ സന്ദര്‍ശിച്ചു. ഞങ്ങളുടെ വീടിനു മുന്നില്‍, കാവങ്ങാലിക്കാരുടെ അതിരിനോട് ചേര്‍ന്ന കുടംപുളി മരത്തിന്‍റെ ചുവട്ടിലെ കയ്യാലയില്‍ തുണിത്തരങ്ങളുടെ ചുമടിറക്കി ഇത്തിരിനേരം അയാള്‍ വിശ്രമിക്കും. അച്ഛനോടും അമ്മയോടും വീട്ടുവിശേഷങ്ങളും നാട്ടുകാര്യങ്ങളും പറയും. എന്നെ കാണുമ്പോഴെല്ലാം അയാള്‍ ചോദിച്ചു:

‘‘രാശാ...കണ്ണേ... നല്ലാ പടിക്കറതാ...’’

മറുപടി പറയാതെ, ബട്ടന്‍ പൊട്ടിയ നിക്കര്‍ ഊര്‍ന്നുപോകുമോ എന്ന പേടിയോടെ ഞാന്‍ കോഞ്ഞികെട്ടി നിന്നു വെറുതേ ചിരിക്കും. എന്നും ഒരേ കള്ളിമുണ്ടും നീല ഷര്‍ട്ടും മാത്രമായിരുന്നു അയാളുടെ വേഷം. തലയില്‍ കെട്ടാന്‍ ഒരു ചുവന്ന തോര്‍ത്തും. ഇത്രയേറെ തുണിത്തരങ്ങള്‍ കയ്യിലുള്ള തങ്കവേലുവിന് എത്രയെത്ര കുപ്പായങ്ങള്‍ തയ്പ്പിച്ചിടാം. പക്ഷേ, അയാളതിനൊന്നും മുതിരാത്തതെന്താണ് എന്നതായിരുന്നു എന്‍റെ സന്ദേഹം. അയാളുടെ നീലഷര്‍ട്ടിന്‍റെ പോക്കറ്റില്‍ എപ്പോഴും ജീരക മിഠായി കാണും. മൈദയില്‍ മുക്കിയ പല നിറത്തിലുള്ള ആ മിഠായിമണികള്‍ക്ക് തേനിന്‍റെ മധുരമായിരുന്നു.

അടുത്ത് ചെന്നാല്‍ അവയൊരു പിടി വാരി തന്നിട്ട് പറയും:

‘‘ശാപ്പിട്‌ തമ്പി. ശാപ്പിട്. നല്ല മധുരം താനേ..?’’

തേന്‍നിലാവ് വായില്‍ അലിയുന്ന കനിവില്‍ നമ്മള്‍ പറയും:

‘എന്തൊര് മതരം..’

Manoj Vengola
മനോജ് വെങ്ങോല

അച്ഛന് മുണ്ടും തോര്‍ത്തും. അമ്മയ്ക്ക് ലുങ്കിയും ബ്ലൗസും. ഞങ്ങള്‍ കുട്ടികള്‍ക്ക് നിക്കറും ഷര്‍ട്ടും. പുതപ്പുകള്‍. അടിയുടുപ്പുകള്‍. ഇവയെല്ലാം തങ്കവേലു വഴിയാണ് ഞങ്ങളുടെ വീട്ടില്‍ എത്തിയിരുന്നത്. അച്ഛനോടുള്ള പ്രത്യേക ഇഷ്ടം മുന്‍നിര്‍ത്തി, ഇടയ്ക്ക് നാട്ടില്‍ പോയി വരുമ്പോള്‍ അയാള്‍ തേയില, പനംചക്കര, മാതളം എന്നിവയെല്ലാം കൊണ്ടത്തന്നു. പകരം അച്ഛന്‍റെ ലൊടുക്ക് വൈദ്യം ചോദിച്ചുമനസിലാക്കി. ഒരിക്കല്‍ അയാള്‍ വന്നത് അവിസ്മരണീയമായ വിസ്മയവും കൊണ്ടാണ്. ഏതോ കാട്ടുമരത്തിന്‍റെ ഇലയില്‍ പൊതിഞ്ഞ ആ പൊതി തുറന്നപാടെ ഞങ്ങള്‍ക്ക് ചുറ്റും സുഗന്ധപൂരിതമായി. ആ സൗവര്‍ണ്ണഗന്ധവുമായി കാറ്റ് ഞങ്ങളുടെ വീടിനു വട്ടംചുറ്റി.

‘എന്താത്? എന്താത്... കാണട്ടെ...’

അടക്കാനാകാത്ത ആകാംക്ഷയോടെ ഒരു നിമിഷം ഞങ്ങളും വീടാകെയും മുന്നോട്ടാഞ്ഞു.

പക്ഷേ, അയാളത് കാണിച്ചില്ല. പൊതി പെട്ടെന്ന് മറച്ചുകളഞ്ഞു. എന്നിട്ട് പറഞ്ഞു.

‘കസ്തൂരിയാക്കും. കസ്തൂരിമാനോടെ കസ്തൂരി...’

ഒന്നു തുറന്നുകാണിക്കാനും ഒന്ന് തൊടാനും ഒരു നുള്ളു തരാനും ഞങ്ങള്‍ മാറിമാറി കെഞ്ചി എങ്കിലും അയാള്‍ കനിഞ്ഞില്ല.

‘‘ശെയ്യക്കൂടാത്. ശൊന്നത് മട്ടും തപ്പ്. ഇതുക്ക് ഒരു സത്യമിര്പ്പത്. മന്നിച്ചിടുങ്കോ...’’

അയാള്‍ പറഞ്ഞു.

കൂട്ടുകാര്‍ക്കൊപ്പം നടത്തിയ വനയാത്രക്കിടയില്‍ ഏതോ വ്യാപാരിയില്‍ നിന്നും അന്യായവിലകൊടുത്ത് അയാള്‍ സ്വന്തമാക്കിയതാണത്. ജീവന്‍റെ ജീവനായ മകള്‍ക്ക് സമ്മാനിക്കാന്‍. അതെങ്ങനെ ഞങ്ങള്‍ക്ക് തരും?

‘‘അത് കസ്തൂരിയൊന്നുമല്ല. അയാളെ ആരോ പറ്റിച്ചതാ...’’

കസ്തൂരി കാണാന്‍ പോലും കിട്ടാത്ത നിരാശയില്‍ ഞങ്ങള്‍ ഒരു തീര്‍പ്പിലെത്തി. സത്യത്തില്‍, അത് ശരിക്കും കസ്തൂരി തന്നെയായിരുന്നോ? ആര്‍ക്കറിയാം. ഇന്നെനിക്കറിയാം. മകള്‍ക്കായി ഒരച്ഛന്‍ സൂക്ഷിക്കുന്ന കരിങ്കല്‍ കഷണം പോലും, അവള്‍ക്കത് കൈമാറുന്നതോടെ ചിലപ്പോള്‍ കസ്തൂരിയായി മാറും. ഉറപ്പ്.

അക്കാലത്ത്, ഞങ്ങള്‍ ഓണക്കോടി വാങ്ങിയിരുന്നതും തങ്കവേലുവില്‍ നിന്നായിരുന്നു. ഇന്നത്തെ ടെക്സ്റ്റൈയില്‍സുകാരുടെ പരസ്യം പോലെ, ‘ഞങ്ങളുടെ തിരുവോണ വസ്ത്രസങ്കല്‍പ്പങ്ങള്‍ക്ക് ചാരുത പകര്‍ന്നത്’ തങ്കവേലു ആയിരുന്നു. ഓണത്തിന് ഒരു മാസം മുന്‍പേ, ഞങ്ങളുടെ ഇഷ്ടമെല്ലാം ചോദിച്ചുമനസിലാക്കി, അതേ മട്ടിലുള്ള തുണിത്തരങ്ങളും തലയിലേറ്റി അയാള്‍ വന്നു. അയാള്‍ വരുമെന്ന് ഉറപ്പുള്ള ദിവസം, മംഗലത്തുകാരുടെ കുളക്കരയിലെ പേരയുടെ മുകളില്‍ വഴിക്കൺ നോക്കിനോക്കിയിരുന്ന എന്നെ എനിക്കിന്നലെ എന്നോണം കാണാം. ഒരിക്കലും അയാള്‍ ഞങ്ങളെ നിരാശരാക്കിയില്ല. ചിങ്ങമാസമായാലും, കര്‍ക്കിടകത്തിന്‍റെ മഴ നനവ് തോര്‍ത്തിക്കളയാത്ത കൂരേലിയിലെയും പിരിയന്‍കുളങ്ങരയിലെയും കള്ളിയേലിയിലെയും പാടവരമ്പുകളില്‍ ചിറ്റാടപ്പൂ തുറ്റിടുമെന്നും, വേലികളില്‍ ചെമ്പരത്തിയും കൊങ്ങിണിയും കോളാമ്പിയും നിറയുമെന്നും പറമ്പില്‍ മത്തയും അരിപ്പൂവും തലനീട്ടുമെന്നും പൂക്കണ്ണിമനക്കാരുടെ താഴെ കനാലിന്‍റെ ഓരങ്ങളില്‍ തുമ്പക്കുടങ്ങള്‍ വളര്‍ന്നിട്ടുണ്ടാകുമെന്നും ഉറപ്പുള്ളതുപോലെ, എല്ലാ ഓണക്കാലത്തും ഞങ്ങള്‍ക്കുള്ള ഓണക്കോടിയുമായി തങ്കവേലു വരുമെന്നും ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. അങ്ങനെ തീര്‍ത്തും പറയാനാകുമോ? ഒരിക്കലുമില്ല. അനന്തമായ കാലത്തിന്‍റെ ഭാവിധ്രുവം ആരുകണ്ടു?

അതെ. ഒരോണക്കാലത്ത് തങ്കവേലു വന്നില്ല.

വീടാകെ പരിഭവത്തിലായി.

‘വാക്കിന് വ്യവസ്ഥയില്ലാത്ത തമിഴനെയൊക്കെ വിശ്വസിച്ചതാണ് പറ്റിയത്’

‘നല്ലോരോണമായിട്ട് ഇനി കുട്ടികള് എന്തുടുക്കും’

‘അയാളിനി വരട്ടെ... പറഞ്ഞുകൊടുക്കണ്ട് നന്നായിട്ട്’

ഈവിധം, തിരുവോണനാളിനോട് അടുക്കും തോറും വീടാകെ അയാള്‍ക്കുള്ള ശകാരങ്ങള്‍ പെരുകി.

‘എന്തായാലും ഓണം കഴിയട്ടെ. പെരുമ്പാവൂര്‍ക്ക് പോകാം. കൊയ്ത നെല്ല് കുറച്ചു വില്‍ക്കാം. കുരുമുളകും ഇഞ്ചിയും മഞ്ഞളും ഉണക്കിയതും വില്‍ക്കാനുണ്ടല്ലോ. ആ കാശുകൊണ്ട് ശങ്കരയ്യര്‍ ടെക്സ്റ്റയില്‍സിലോ ഗോപാലപ്പണിക്കര്‍ &സണ്‍സിലോ കയറാം. പോരേ..’

അച്ഛന്‍ ആശ്വസിപ്പിച്ചു. എന്നാല്‍ അതുവേണ്ടിവന്നില്ല. തിരുവോണത്തിന്‍റെ അന്ന് ഉച്ചയോടെ വിയർത്തൊലിച്ച്, ആകെ പരീക്ഷീണിതനായി തങ്കവേലു വന്നു. പഴയ പ്രസരിപ്പോ ചിരിയോ ഇല്ല. മെലിഞ്ഞു കോലം കെട്ടിരിക്കുന്നു. മുഖമാകെ കരുവാളിച്ചപോലെ.

‘എന്തുപറ്റി. നാട്ടില്‍ പോയിരുന്നോ... സുഖമില്ലേ?’

അച്ഛന്‍ ചോദിച്ചു.

അയാള്‍ ഒന്നും പറയാതെ വിഷാദത്തോടെ ചിരിച്ചു. കെട്ടഴിച്ച്, ഞങ്ങള്‍ക്കുള്ള തുണിത്തരങ്ങള്‍ നിരത്തി. ഞാന്‍ എന്നത്തേയുംപോലെ ജീരകമിഠായിക്കായി കൈനീട്ടി. അയാളപ്പോള്‍ പോക്കറ്റില്‍ ഒന്നുമില്ലെന്ന് ആംഗ്യം കാണിച്ചു. എന്നെ വാത്സല്യതോടെ ചേര്‍ത്തുനിര്‍ത്തി നെറുക മുകര്‍ന്നു. അയാള്‍ക്ക് കര്‍പ്പൂരത്തിന്‍റെ മണമായിരുന്നു.

തുണി വേണ്ടതെല്ലാം എടുത്തിട്ട്, കുറച്ചു പണം നല്‍കി ബാക്കി ഇനി വരുമ്പോള്‍ തരാം എന്ന് അച്ഛന്‍ പറഞ്ഞു. മതിയെന്ന് അയാളും സമ്മതിച്ചു. ഓണമല്ലേ, ഊണ് കഴിക്കാം എന്ന് അയാളെ ക്ഷണിച്ചു. വേണ്ടെന്ന് അയാള്‍ നിരസിച്ചു. അമ്മയുടനെ, അകത്തേക്ക് ഓടി, ‘എന്നാലിത്തിരി മധുരമെങ്കിലും കഴിക്കണം’ എന്ന് അയാള്‍ക്കുള്ള പായസവുമായി വന്നു. പായസഗ്ലാസ് കയ്യില്‍ വാങ്ങി അയാള്‍ ഒരു നിമിഷം വിമൂകനായി. പൊടുന്നനെ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് ഒറ്റക്കരച്ചിലായിരുന്നു തങ്കവേലു. അത്രയും മുതിര്‍ന്ന ഒരു മനുഷ്യന്‍ കരയുന്നത് ഞാന്‍ ആദ്യം കാണുകയായിരുന്നു. തുടർന്ന്, കണ്ണീരില്‍, തമിഴും മലയാളവും കലര്‍ത്തി അയാള്‍ പറഞ്ഞതുകേട്ട് ഞങ്ങള്‍ ഇടിമിന്നലേറ്റവരായി.

കാര്യമിതാണ്:

അയാള്‍ ജീവിതത്തില്‍ നിന്ന് എന്നെന്നേക്കുമായി മധുരം ഉപേക്ഷിച്ചിരിക്കുന്നു. കാരണം അയാളുടെ ഏഴുവയസുള്ള മകള്‍ മരിച്ചുപോയി. വെറുതെ മരിച്ചതല്ല. ഭാര്യയുടെ ആത്മഹത്യാശ്രമത്തിനിടയില്‍ പൊള്ളലേറ്റ് മരിച്ചതാണ്. ഭാര്യയും തങ്കവേലുവിന്‍റെ അമ്മയും തമ്മില്‍ എന്നും വഴക്കായിരുന്നു. വഴക്ക് മൂത്ത ഒരു ദിവസം ഭാര്യ മകളെയുംകൊണ്ട് മുറിയില്‍ കയറി വാതിലടച്ച്‌ തലവഴി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. അയല്‍ക്കാര്‍ ഓടിക്കൂടി ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മകള്‍ മരിച്ചു. ഭാര്യ രക്ഷപ്പെട്ടു. വിവരം അറിഞ്ഞ് തങ്കവേലു നാട്ടില്‍ പോയിരിക്കുകയായിരുന്നു. അതാണ്‌ കുറേ മാസങ്ങളായി അയാളെ കാണാതിരുന്നത്. മകള്‍ക്ക് വേണ്ടിയാണ് അയാള്‍ ജീവിച്ചത്. മകള്‍ പോയി. മകള്‍ക്കൊപ്പം ജീവിതത്തിന്‍റെ മധുരവും പോയി. ഇനിയൊരിക്കലും മധുരമുള്ള ഒന്നും കഴിക്കുകയില്ല എന്നാണ് ആ മനുഷ്യന്‍റെ തീരുമാനം.

പായസം, മുറ്റത്തെ ചാമ്പമരത്തിന്‍റെ ചുവട്ടില്‍ ഒഴിച്ചുകളഞ്ഞ്, ഒതുക്കുകളിറങ്ങി മരിച്ചവന്‍റെ നിഴല്‍പോലെ തങ്കവേലു നടന്നുമറയുന്നത് ഞങ്ങള്‍ നോക്കി നിന്നു. അയാള്‍ പിന്നെ ഒരിക്കലും വന്നില്ല. അയാള്‍ക്ക് തുണിയുടെ വിലയായി നല്‍കേണ്ട മുപ്പത്തിയാറുരൂപ ഏറെക്കാലം, ഒരു തൂവാലയില്‍ കെട്ടി മറ്റൊന്നിനും വേണ്ടി ചെലവഴിക്കാതെ പായക്കെട്ടിനുള്ളില്‍ അമ്മ സൂക്ഷിച്ചിരുന്നു. കാലാന്തരേ അവയൊക്കെ നഷ്ടപ്പെട്ടു. ബാക്കിയായത് ഈ ഓർമകളുടെ കടമാണ്. എങ്ങനെ വീട്ടും?

ബവ ചെല്ലദുരൈ അദ്ദേഹത്തിന്‍റെ ഒരു കുറിപ്പില്‍, സുകുമാരകവിയുടെ ഒരു കവിത എഴുതിക്കണ്ടു.

‘മുക്കുത്തി പൊട്ടുക്കു ജികിനാ പേപ്പറെ

ഒട്ട വച്ച് പാക്കും ശിന്നപുള്ളെ

തൊങ്കട്ടാനുക്ക് വെണ്ടക്കായ് കാമ്പേ

എച്ചിതൊട്ടു വയ്ക്കും ശെല്ലപുള്ളെ

ചോളത്ത കയ്യിലെ ഒരു കണ്ണാടി

ഇന്നും എത്തുമോ വരും മുന്നാടി’

(ഈ വരികളുടെ മലയാളം, കവി എം.ആര്‍.രേണുകുമാര്‍ എനിക്ക് പറഞ്ഞുതന്നത് ഇങ്ങനെയാണ്: മൂക്കൂത്തിക്ക് പകരം മിന്നും കലാസുതുണ്ട് ഒട്ടിച്ചുനോക്കുന്ന കൊച്ചുപെണ്ണേ, കാതിലെ കമ്മലുപോലെ വെണ്ടയ്ക്കയുടെ ഞെട്ട് എച്ചിലുതൊട്ട് ഒട്ടിച്ചുവെക്കും ഓമനപ്പെണ്ണേ, ചോളത്തണ്ടിലെ കണ്ണട ധരിച്ചെന്നും എത്തുമോ എന്‍റെ മുന്നില്‍..)

ബവ ചെല്ലദുരൈ തങ്കവേലുവിനെ ഓര്‍മ്മിപ്പിക്കുന്നു. ഈ വരികള്‍ ഞാനൊരിക്കലും കാണാത്ത അദ്ദേഹത്തിന്‍റെ തീയിലെരിഞ്ഞുപോയ മകളെ ഓർമിപ്പിക്കുന്നു. എല്ലാ ഓണക്കാലത്തും, എന്നെന്നും അവളെ ഞാനെന്‍റെ മകളുടെ പേരുചൊല്ലി വിളിക്കുന്നു: ‘താമര’.

അവളുള്ളപ്പോള്‍ എനിക്കെന്നും ഓണമാണ്.

Content Summay: Onavakku- Writer Manoj Vengola shares his memories on Onam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA