മരണത്തെ തൊട്ടകഥകൾ, മനസ്സിനെ തൊട്ട കഥാകാരൻമാർ...

HIGHLIGHTS
  • ചർച്ചകൾക്കായി മനോരമ ഓൺലൈൻ ഒരുക്കുന്ന ഇടം – വർത്താനം
  • 'വർത്താനം' പറയാനെത്തുന്നു, പി.എഫ്. മാത്യൂസും വിവേക് ചന്ദ്രനും
PF Mathews, Vivek Chandran
പി.എഫ്. മാത്യൂസ്, വിവേക് ചന്ദ്രൻ
SHARE

വർത്തമാനങ്ങളിൽ നമ്മൾ വളരുന്നു. പുതിയതു പലതും അറിയുന്നു, അറിഞ്ഞതു പലതും തിരുത്തുന്നു. ചിലതിനോട് പൂർണമായും വിയോജിക്കുന്നു, ചിലതിനെ ഒപ്പം കൂട്ടുന്നു. 

ഇത് ചർച്ചകൾക്കായി മനോരമ ഓൺലൈൻ ഒരുക്കുന്ന ഇടം – ‘വർത്താനം’  

ഇന്ന് ‘വർത്താനം’ പറയാനെത്തുന്നത് വായനക്കാർക്കുള്ളിലെ ആകാംഷകളെ, ഭയത്തെ കഥകൾ കൊണ്ട് ഉണർത്തിയ രണ്ട് എഴുത്തുകാർ... പി.എഫ്. മാത്യൂസും വിവേക് ചന്ദ്രനും സംസാരിക്കുന്നു.  

എഴുത്തിലെ ജീവിതവും യഥാർഥ ജീവിതവും തമ്മിൽ...

പി.എഫ്. മാത്യൂസ്: വെറും ആറു കഥകളുടെ സമാഹാരം ആണ് വിവേകിന്റെ ‘വന്യം’. ഈയിടെ ‘തടാകം’ എന്നൊരു കഥ അച്ചടിക്കുകയുണ്ടായി. ഇതിനു പുറമെ മറ്റേതെങ്കിലും കഥകൾ എഴുതിയിട്ടുണ്ടോ? എഴുത്ത് ശ്രദ്ധിക്കപ്പെട്ടിട്ടും അങ്ങനെ അധികമൊന്നും എഴുതാതെ ഇരിക്കുക. സിദ്ധി ഉണ്ടായിട്ടും ഇങ്ങനെ എഴുതാതിരിക്കുന്ന അവസ്ഥയെ എൻറിക് വില മതാസ് (Enrique Vila-Matas) എന്ന എഴുത്തുകാരൻ ‘ബാർട്ടൽബൈ സിൻഡ്രോം’ (Bartleby Syndrome) എന്നാണ് വിശേഷിപ്പിച്ചത്. എന്തുകൊണ്ട് എഴുതി എന്നതിലുപരി, എന്തുകൊണ്ടാണ് എഴുതാതിരിക്കുന്നത് എന്നു ചോദിക്കാനാണ് എനിക്കു തോന്നുന്നത്. 

പലരും പഴയ മട്ടിൽ നാടകീയമായ ജീവിത മുഹൂർത്തങ്ങളും സാമൂഹ്യ, രാഷ്ട്രീയ പ്രശ്‌നങ്ങളും ചെറുകഥയിൽ ഉൾക്കൊള്ളിച്ചപ്പോൾ വിവേക് വേറൊരു വഴിയിലൂടെയാണ് പോയത്. ഉദാഹരണത്തിന് ‘പ്രഭാതത്തിന്റെ മണം’ എന്ന കഥയിലെ ജാലവിദ്യക്കാരൻ. കൺകെട്ടു വിദ്യകളിലൂടെ കാഴ്ചകളെയും സ്ഥലകാലങ്ങളെയും അട്ടിമറിക്കുന്ന മന്ത്രവാദിയാണയാൾ. ആ കഥാപാത്രത്തിന് ജീവിതവുമായി അധികം ബന്ധമൊന്നുമില്ല. എന്താണ് അത്തരം കഥാപാത്രത്തെ സൃഷ്ടിക്കുവാനുള്ള പ്രേരണ? കഥയും കഥാപാത്രങ്ങളും സ്വാഭാവികമായും നൈസർഗികമായും വന്നു ചേരുന്നതാണെന്ന് ഞാൻ വിചാരിക്കുന്നില്ല. അതിനു പിന്നിൽ ശക്തമായ ബൗദ്ധികവും സർഗാത്മകവുമായ പ്രവർത്തനങ്ങൾ ഉണ്ടെന്നാണ് എന്റെ വിചാരം, വിവേകിനെന്താണ് തോന്നുന്നത്?

വിവേക് ചന്ദ്രൻ: തടാകം തന്നെയാണ് പ്രസിദ്ധീകരണത്തിന് അവസാനം അയച്ച കഥ. അതിന്റെ അന്തിമരൂപം (final draft) ഏകദേശം ഒരു വർഷം മുമ്പാണ് പൂർത്തിയായത്. വലിയ ഇടവേള ഉണ്ടായിട്ടുണ്ട്. അതിന്റെ കാരണം പൂർണമായിട്ടും ‘ബാർട്ടൽബൈ സിൻഡ്രോം’ തന്നെയാണോ എന്ന് ഉറപ്പിച്ചു പറയാനും വയ്യ. ഒരെഴുത്തുകാരന്, പൂർണതയോടുള്ള അടങ്ങാത്ത ആഗ്രഹമാണ് ബാർട്ടൽബൈ സിൻഡ്രോമിന്റെ അടിസ്ഥാനം. പൂർണതയെ വളരെ നിർബന്ധ ബുദ്ധിയോടെ പിൻതുടരാൻ തുടങ്ങിയാൽ പിന്നെ ഒരു കഥ പോലും വിജയകരമായി പൂർത്തിയാക്കാൻ കഴിയില്ല എന്നാണ് എനിക്കു തോന്നുന്നത്. വേണമെങ്കിൽ നമ്മൾ കഥ വായിച്ചു തീർക്കുന്ന ആ നിമിഷത്തെ പൂർണതയിൽ ശ്രദ്ധകൊടുക്കാം. അപ്പോഴത്തെ പൂർണതയിൽ സംതൃപ്തിപ്പെടാമെന്നല്ലാതെ, എല്ലാക്കാലവും നിലനിൽക്കുന്ന ഒരു പൂർണതയെപ്പറ്റി നമ്മൾ ചിന്തിക്കാതിരിക്കുകയാണ് നല്ലതെന്ന് തോന്നുന്നു. 

vanyam

എന്നെ ബാധിക്കുന്ന വിഷയം പലപ്പോഴും കഥയ്ക്കു വേണ്ടി രൂപപ്പെടുത്തുന്ന ഭാവനാലോകത്തിൽ ഞാൻ കുടുങ്ങിപ്പോകുന്നു എന്നതാണ്. നമുക്ക് അറിയുന്ന കഥാപാത്രങ്ങളെ വച്ച്, കഥ നടക്കുന്ന ഒരു പരിസരം നമ്മുടെ മനസ്സിൽ രൂപപ്പെടുന്നു. പലപ്പോഴും അത് നമുക്ക് വളരെ പരിചിതമായിട്ടുള്ള ഒരു ലോകം ആയിരിക്കും. ആ ലോകവുമായി സംവദിച്ചു തുടങ്ങുമ്പോൾ സ്വാഭാവികമായും അതിനകത്ത് കുടുങ്ങി പോകുന്ന ഒരു അവസ്ഥയുണ്ടാകും. ഉദാഹരണമായി തടാകം എന്ന കഥ ഞാൻ എഴുതി തുടങ്ങുന്നത് ലോക് ഡൗൺ തുടങ്ങുന്ന സമയത്താണ്. ക്വാർട്ടേഴ്സിന്റെ മുകളിലത്തെ നിലയിലാണ് ഞാനും ഭാര്യ അശ്വതിയും മകൾ ഇമക്കുട്ടിയും താമസിക്കുന്നത്. ദിവസങ്ങളോളം പുറത്തിറങ്ങാൻ കഴിയുന്നില്ല. അതിനിടയ്ക്ക് മഴ വരുന്നുണ്ട്. ശരിക്കും ഒരു കപ്പലിനുള്ളിൽ ഒറ്റപ്പെട്ട ആളുകളെ പോലെ സ്വയം തോന്നിത്തുടങ്ങുന്ന ഒരു സമയത്താണ് ഈ കഥയെപ്പറ്റി ആലോചിക്കുന്നത്. കഥയിൽ ഞങ്ങളുടെ ജീവിതത്തിനു സമാന്തരമായിട്ട് ക്ലിന്റ് ഉണ്ട്. ക്ലിന്റിന്റെ ഭാര്യ മരിയാന ഉണ്ട്, അവരുടെ കുഞ്ഞ് സാവിയോ ഉണ്ട്. ഒരു പോയിന്റ് എത്തുമ്പോൾ ഞാൻ എന്റെ കുടുംബത്തെ തന്നെയാണ് ഇവരിൽ കാണുന്നത്. എന്റെ ജീവിതത്തിന് സമാന്തരമായിട്ട് അവരും ജീവിക്കുകയാണ്. പിന്നെ ഞാൻ ഈ കുഞ്ഞ് സാവിയോയുടെ ആരോഗ്യത്തെപ്പറ്റി വല്ലാതെ ആകുലപ്പെടുകയാണ്. സാവിയോയുടെ അസുഖം എന്നെ അലട്ടിക്കൊണ്ടിരിക്കുകയാണ്. സാവിയോയ്ക്ക് എന്ത് സംഭവിക്കും എന്ന് പല സമയത്തും ആലോചിച്ചിട്ടുണ്ട്. സാവിയോയുടെ മരണത്തിനു ശേഷം ഇവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കും എന്നുള്ളത് എന്റെ വലിയ ആശങ്ക ആയിരുന്നു. ഉറക്കമില്ലാതെ പോലും ഇതിനെപ്പറ്റി ആലോചിച്ചിട്ടുണ്ട്. കഥയുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ ഡ്രാഫ്റ്റ് എടുത്തു സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തു. എന്നിട്ടും എനിക്ക് ഇതിൽ നിന്ന് പുറത്തു കടക്കാൻ പറ്റിയിട്ടില്ല. സ്വതന്ത്രമായി ഒരു കഥ വായിക്കാനോ, സിനിമ കാണാനോ പോലും പറ്റാത്ത ഒരവസ്ഥയിൽ കുറേ സമയം കുടുങ്ങിപ്പോയിട്ടുണ്ട്. ഇങ്ങനെ ഒരവസ്ഥയിലേക്ക് കേറുകയും അതിൽ നിന്ന് തിരിച്ചിറങ്ങുകയും ചെയ്യുന്ന സമയം ആണ് എന്റെ കഥകൾക്കിടയിലുള്ള വലിയ ദൂരം സൃഷ്ടിക്കുന്നത്. 

മാത്യൂസ് ചേട്ടന്റെ രചനകൾ നോക്കുകയാണെങ്കിൽ, ‘ചാവുനിലം’ മാത്യൂസ് ചേട്ടൻ ജീവിച്ച് അതെഴുതിയിരുന്ന കാലത്തിനും ഒരു രണ്ടു തലമുറ മുമ്പ് നടക്കുന്ന കഥയാണ്. പൂർണമായും ഭാവനാ ലോകത്ത് രൂപപ്പെട്ട ഒരു ചുറ്റിപാടിലാണ് ചാവുനിലത്തിന്റെ കഥ വികസിക്കുന്നത്. പിന്നീട് ഇരുട്ടിൽ ഒരു പുണ്യാളൻ വരുന്നു. അച്ചമ്പിയും കുഞ്ഞു മക്കോതയും എന്ന കഥ വരുന്നു. അടിയാള പ്രേതം വരുന്നു. അടിയാളപ്രേതം നോവൽ ആകുന്നു. അത് പൂർണമായിട്ട് ഒരു യൂണിവേഴ്‌സ് ആയി മാറുകയാണ്. അതും പലതരത്തിലും നമ്മെ ഭ്രമിപ്പിക്കുന്ന കുറെ കാര്യങ്ങൾ ഉള്ള യൂണിവേഴ്‌സ്. എന്റെ സംശയം ഇതാണ് മാത്യൂസ് ചേട്ടൻ എപ്പോഴെങ്കിലും ഈ ലോകത്തിനകത്ത് പെട്ടു പോയിട്ടുണ്ടോ? അതിലെ കഥാപാത്രങ്ങളുടെ ഭീതിയോ, ആശങ്കയോ ഒക്കെ സ്വന്തം ആശങ്കയായിട്ട് തോന്നിയിട്ടുണ്ടോ?

നമ്മൾ ശരിക്കും കഥകളിൽ നിന്ന് ജീവിതത്തെ മാറ്റി നിർത്തുകയല്ലല്ലോ ചെയ്യുന്നത്. നമ്മൾ ജീവിതത്തെ റിയൽ ടൈം ആയി റിപ്പോർട്ട് ചെയ്യുന്ന പ്രവണതയിൽ നിന്ന്, നമ്മുടെ രാഷ്ട്രീയ നിലപാടിനെ ഒരു മുദ്രാവാക്യമായി കഥയിൽ അവതരിപ്പിക്കുന്ന രീതിയിൽ നിന്ന്, സ്വയം മാറിനിൽക്കുകയാണ്. നമ്മൾ കടന്നു പോയിട്ടുള്ള ഒരു അനുഭവം യഥാതഥം അവതരിപ്പിക്കാൻ നമുക്ക് ഒരു കഥയുടെ ആവശ്യം ഉണ്ടോ? അതൊരു ഫെയ്സ് ബുക്ക് പോസ്റ്റ് വഴി വളരെ എളുപ്പത്തിൽ ചെയ്തുകൂടെ? നമ്മുടെ രാഷ്ട്രീയ നിലപാട് നമുക്ക് ചുറ്റുമുള്ള കുറച്ചു പേരെ അറിയിക്കാൻ എന്തിനാണ് ഒരു കഥ ചെലവഴിക്കുന്നത്, സമൂഹമാധ്യമം പോരെ?  കഥയിൽ വളരെ രസകരമായിട്ട് രാഷ്ട്രീയം ഉൾചേർക്കുന്നതിനെക്കുറിച്ചല്ല ഞാൻ പറയുന്നത്. ഒരു മുദ്രാവാക്യം പോലെ കഥയുടെ മുൻപിൽ രാഷ്ട്രീയം ഉയർന്നു നിൽക്കുന്ന തരത്തിലുള്ള കഥകൾ, അനുഭവം അതു പോലെ എഴുതുന്ന കഥകൾ, ആ കഥകളോടൊന്നും തുടക്കം മുതലേ എനിക്ക് പ്രതിപത്തിയൊന്നും തോന്നിയിട്ടില്ല. മാത്യൂസ് ചേട്ടനും ഇതേ അഭിപ്രായം തന്നെയാണോ? ഞാൻ ചോദിക്കാൻ കാരണം ‘ചാവുനിലം’ എഴുതുന്നത് മാത്യൂസ് ചേട്ടന്റെ കരിയറിന്റെ ആദ്യ കാലത്താണ്. ആ സമയത്ത് മാത്യൂസ് ചേട്ടൻ അനുഭവിച്ചിട്ടുള്ള പ്രതിസന്ധിയും അരക്ഷിതാവസ്ഥയും ഒക്കെ അതുപോലെ നോവലിൽ പ്രത്യക്ഷപ്പെടുന്നില്ലല്ലോ. അതുപോലെ ‘മിഖായേലിന്റെ സന്തതികൾ’ എന്ന തിരക്കഥയുടെ ചുറ്റുപാടുകൾ തീർച്ചയായും മാത്യൂസ് ചേട്ടൻ കണ്ടറിഞ്ഞ ഒരു ലോകം തന്നെയായിരിക്കും, പക്ഷേ അതിൽ വരുന്ന സന്ദർഭങ്ങൾ ജീവിതസന്ദർഭങ്ങളുടെ അതേ പ്രതിഫലനം അല്ലല്ലോ. ഇവിടെയൊക്കെ ഒരു ലെവൽ ഓഫ് പ്രോസസിംഗ് നടന്നിട്ടില്ലേ? എന്താണ് അഭിപ്രായം? ചാവുനിലം, മിഖായേലിന്റെ സന്തതികൾ പോലെ ആദ്യ കാലത്ത് എഴുതിയ ഏതെങ്കിലും ഒരു രചന വച്ച് ഒന്നു വിശദീകരിക്കാമോ ?

പി.എഫ്. മാത്യൂസ്: എഴുതുമ്പോൾ നമ്മൾ സൃഷ്ടിച്ച കഥാപാത്രങ്ങളുടെ ഭീതിയും ആശങ്കകളുമെല്ലാം നമ്മുടേതായിരിക്കും, സംശയമില്ല. അതിനേക്കാൾ ഉപരി ഈ നോവലിലെ ജീവിതവും നമ്മൾ ജീവിക്കുന്ന ജീവിതവും ഒന്നല്ല എന്ന് നമുക്കറിയാം. എങ്കിലും നോവൽ എഴുതി ഉണ്ടാക്കുമ്പോൾ സൃഷ്ടിക്കപ്പെട്ടു വരുന്ന ഒരു ജീവിതം ഉണ്ടല്ലോ, ആ ജീവിതത്തിൽ നമ്മൾ പെട്ടു പോകുന്നു. അത് യഥാർഥം എന്നതുപോലെ തന്നെ നമ്മുക്ക് അനുഭവപ്പെടുന്നു. ചിലപ്പോൾ നമ്മൾ ജീവിക്കുന്ന ജീവിതവും എഴുത്തിലെ ലോകവും തമ്മിൽ കലർന്നു പോകുന്നതു പോലെ എനിക്കു തോന്നിയിട്ടുണ്ട്. 

1989 ലാണ് ചാവുനിലം എഴുതി തുടങ്ങുന്നത്. സാമാന്യം വലിയൊരു കഥ പറയാം എന്നുള്ള മട്ടിൽ എഴുതിത്തുടങ്ങിയതാണ്. അത് രണ്ടാമത്തെ എഴുത്തിൽ വളർന്നു വലുതാവാൻ തുടങ്ങി. അതിന് ഖണ്ഡങ്ങൾ ഉണ്ടാകാൻ തുടങ്ങി. ആ സമയത്ത് എന്റെ ജീവിതം കുറച്ചു കഷ്ടമാണ്. ഞാനും ശോഭയും മൂത്ത മകൻ ഉണ്ണിയുമുണ്ട്. രണ്ടു പേരും നിലനിൽക്കാനായി ബുദ്ധിമുട്ടുന്ന സമയം. ഉണ്ണിയുടെ കാര്യങ്ങൾ വേണ്ടപോലെ നോക്കാനൊന്നും ഞങ്ങൾക്കു കഴിയുന്നില്ല. ജോലി കഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ ഏതാണ്ട് എട്ടുമണി ഒക്കെ ആകും. മിക്കവാറും എന്റെ എഴുത്തും വായനയും ഒക്കെ രാത്രി കാലങ്ങളിൽ ആണ് അന്ന്. ചാവുനിലം വാടക വീട്ടിൽ ഒരു കുടുസ്സു മുറിയിൽ ഇരുന്നാണ് ഞാൻ എഴുതുന്നത്. രാത്രി മുഴുവൻ ഇങ്ങനെ എഴുതിക്കൊണ്ടേയിരിക്കും. പതുക്കെ പതുക്കെ നേരം വെളുത്തുവരുന്നത്, പ്രഭാതത്തിന്റെ സ്വരങ്ങൾ വന്നു തുടങ്ങുന്നത് ഒക്കെ ഞാൻ അറിയുന്നുണ്ട്. മേശപ്പുറത്ത് ഒരു കപ്പ് ചായ വച്ചിട്ട് ശോഭ പറയും ‘രാത്രി തീരെ ഉറങ്ങിയില്ലല്ലോ ഇന്ന് ജോലിക്ക് പോകാനുള്ളതല്ലേ ഇത്തിരി കിടക്ക്’ എന്ന്. ചിലപ്പോൾ കിടക്കും. 

കിടന്നാലും ഈ ചാവു നിലത്തിന്റെ ഒരു ലോകമുണ്ടല്ലോ, അതൊരു ചാർക്കോൾ ചിത്രത്തിന്റെ ചാര നിറത്തോടെ മനസ്സിന്റെ ഉള്ളിൽ എന്നു പറയാൻ പറ്റില്ല, മേൽപരപ്പിൽ തന്നെ ഉണ്ട്. കാര്യമായിട്ട് ഒന്നും ഉറങ്ങില്ല. മിക്കവാറും ചുവന്നു കലങ്ങിയ കണ്ണൊക്കെയായിട്ട് രാവിലെ ജോലിക്ക് പോകും. അങ്ങനെ ഒരു ഘട്ടത്തിൽ ആണ് എന്റെ അപ്പച്ചൻ ബ്ലഡ് പ്രഷർ വല്ലാതെ കൂടി, ഹെമറേജ് വന്ന് ആശുപത്രിയിൽ ആയത്. മരണത്തിനും ജീവിതത്തിനുമിടയിലായി കുറച്ചു കാലം ആശുപത്രിയിൽ കഴിയേണ്ടി വന്നു. നോവൽ എഴുത്ത് നിലച്ചു. ആശുപത്രിയിൽ നിന്ന് തിരിച്ചുവരുമ്പോൾ അപ്പച്ചന് സംസാരിക്കാൻ ഉള്ള കഴിവ് ഏറെക്കുറെ നഷ്ടപ്പെട്ടിരുന്നു. ഒരു വശം തളർന്നു. 

chavu-nilam

വീട്ടിൽ വന്ന ശേഷം ഞാൻ വീണ്ടും നോവലിലേക്ക് തിരിഞ്ഞു. അവസാനം എഴുതി വച്ചത് വായിച്ചു നോക്കിയപ്പോൾ ഞാൻ വല്ലാതെ പരിഭ്രമിച്ചു പോയി. ആ നോവലിൽ പ്രധാന കഥാപാത്രമായ യോനാസ് അച്ഛൻ നാട്ടു വഴിയിൽ വീണു കിടക്കുന്നു. ആ വഴിയിൽ പോയ ആരൊക്കെയോ ചേർന്ന് അദ്ദേഹത്തെ പൊക്കിയെടുത്ത് മേടയിൽ എത്തിച്ചു. പരിശോധിച്ച ശേഷം ഡോക്ടർ പറയുന്നു– ബ്ലഡ് പ്രഷർ വല്ലാതെ കൂടിയിരിക്കുകയാണ് അദ്ദേഹം വീണു പോകാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. അതായത് എന്റെ അപ്പച്ചന് വന്ന ഏറെക്കുറെ അതേ ഒരു അവസ്ഥയിലാണ് ഈ കഥാപാത്രം വന്നു പെട്ടിരിക്കുന്നത്. ഇങ്ങനെ ഒരു സംഭവം എനിക്ക് കൗതുകമായി തോന്നി.

നമ്മൾ എഴുതി കഴിഞ്ഞ് ഏതാണ്ട് അതേ മുഹൂർത്തത്തിലൂടെ നമ്മൾ ജീവിക്കുന്ന ജീവിതം കടന്നു പോകുന്നു, ഇനി യോനാസ് അച്ഛൻ ആശുപത്രിയിൽ പോകണോ, വേണ്ടയോ? അല്ലെങ്കിൽ അദ്ദേഹത്തിന് സംസാരശേഷി നഷ്ടപ്പെടേണ്ടതുണ്ടോ എന്നൊക്കെയുള്ള തീരുമാനം എഴുത്തുകാരന്റേതാണ്. അത് നമ്മുടെ ലോകം ആണ്. എഴുത്തിലെ ജീവിതവും നമ്മൾ ജീവിക്കുന്ന ജീവിതവും പരസ്‌പരം ബന്ധപ്പെട്ടു പോകുക എന്നുള്ളത് വല്ലാത്ത ഒരു അവസ്ഥയാണത്. 

എഴുത്തിലെ ജീവിതവും യഥാർഥ ജീവിതവും അങ്ങനെ കൊണ്ടും കൊടുത്തും തന്നെയാണ് മുന്നോട്ട് പോകുന്നത്. എന്നാൽ പോലും നമ്മളീ പറയുന്ന ജീവിതഗന്ധം സാഹിത്യകൃതിയിൽ വാരി വിതറുന്ന ഒരേർപ്പാട് വളരെ പരിഹാസ്യമാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ‘കടലിന്റെ മണം’ എന്ന നോവലിന്റെ അവസാന മിനുക്കുപണികൾ നടക്കുന്നത് ലോക് ഡൗൺ തുടങ്ങുന്ന സമയത്താണ്. ലോക് ഡൗണും കോവിഡും അതിന്റെ  ദുരിതവശങ്ങളും ആ നോവലിലേക്ക് കയറി വരരുതെന്ന് ഒരു നിഷ്ഠ എനിക്കുണ്ടായിരുന്നു. അങ്ങനെ സംഭവിക്കാതിരിക്കാൻ ഞാൻ വളരെ ജാഗ്രതയോടെയാണ് എഴുതാനിരിക്കുന്നത്. ‘കടലിന്റെ മണം’ എന്ന് അവസാനമാണ് നോവലിന് പേരിട്ടത്. ആദ്യം ഈ പേര് ഉണ്ടായിരുന്നില്ല. ഈ നോവലിൽ ഒരിടത്തും കടൽ ഇല്ല. പരിസരങ്ങളിൽ ഒരിടത്തും കടൽ ഇല്ലാത്ത ഒരു നഗരത്തിൽ രണ്ടു കഥാപാത്രങ്ങൾ കടലിന്റെ മണം അനുഭവിക്കുന്നുമുണ്ട്. അതവരുടെ ജീവിതത്തെ പാടേ മാറ്റി മറിക്കുന്നുണ്ട്. മറ്റേതോ ലോകത്തിൽ നിന്നുള്ള വിളി പോലെ, അല്ലെങ്കിൽ മറ്റൊരു ജീവിതസാധ്യത പോലെ ഒക്കെയാണ് ഈ കടലിന്റെ മണം വരുന്നത്. ഈ മണം വരുന്നത് നോവലിന്റെ അവസാനവട്ട തിരുത്തലുകൾ നടക്കുമ്പോഴാണ്. ഇതിന്റെ വർക്കിങ് ടൈറ്റിൽ മറ്റൊന്നായിരുന്നു. പൊതുവെ എന്റെ കൃതികളിൽ ദൃശ്യ സാധ്യത അല്ലെങ്കിൽ, സിനിമാറ്റിക് ആയ അനുഭവം കൂടുതൽ ആണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. മണം എന്ന സംഭവം സിനിമയിൽ കൊണ്ടുവരാൻ വലിയ പാടാണ്. എന്നാൽ സാഹിത്യത്തിൽ അതിന് സാധ്യതകൾ ഉണ്ട്. സിനിമാറ്റിക് സാധ്യത എന്നു പറയുമ്പോൾ, അങ്ങനെ മറ്റെന്തെങ്കിലും കലാരൂപത്തിലേക്കുള്ള സാധ്യത ആയിട്ട് ഒരു നോവൽ മാറരുത് എന്ന ഒരു നിർബന്ധം എനിക്ക് എപ്പോഴും ഉണ്ടായിരുന്നു. ഒരു നോവൽ നോവലിലൂടെ മാത്രം പകരുന്ന അനുഭൂതികൾ ആണ് നോവൽ കൊടുക്കേണ്ടതെന്ന് വളരെ മുൻപേ മിലൻ കുന്ദേര പറഞ്ഞിട്ടുണ്ട്. ആ ഒരു സംഭവം എപ്പോഴും ഓർമയിൽ ഇങ്ങനെ ഉറച്ചു കിടക്കുന്നുണ്ട്. അത് എഴുതുമ്പോൾ ഒരു നിഷ്ഠ പോലെ എനിക്കൊപ്പം വന്നു കൂടാറുണ്ട്.

kadalinte-manam

മരണത്തിന്റെ നിഴൽ വീണ കഥകൾ, ഭയം കലർന്ന ആകാംഷകൾ...

പി.എഫ്. മാത്യൂസ്: വിവേകിന്റെ കഥകളിൽ ചാവുനിലത്തിലെ പോലെ ഇത്തിരി ഇരുണ്ട ഒരു ലോകമുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന് വന്യം തന്നെ എടുക്കുക. കുമ്പസരിക്കാൻ വരുന്നവരുടെ പാപങ്ങൾ നോട്ട് കുറിച്ചെടുക്കുന്ന പാതിരി ഇതിൽ ഒരു മുഖ്യ കഥാപാത്രമാണ്. കുമ്പസാരിക്കാനായിട്ട് വരുന്ന ആദം എന്ന കഥാപാത്രം വളരെ നീണ്ട ജീവിത ചരിത്രം തന്നെ പാതിരിയോട് പറയുന്നുണ്ട്. ഇത് പറയുന്നതിനിടയിൽ പുരോഹിതൻ കാലങ്ങൾക്കു മുൻപ് ആദമിന്റെ ഭാര്യ സ്റ്റെഫി പറഞ്ഞ കുമ്പസാരത്തിലെ കഥയും കൂടി കലർത്തി എഡിറ്റ് ചെയ്‌ത്‌ ഒരു കഥയാക്കി മാറ്റുന്നു. ഏതാണ്ട് ആ മട്ടിൽ ആണ് കഥയുടെ രൂപകൽപന. ചെന്നായകൾ, പൂമ്പാറ്റകൾ, മലയിലെ കോട ഇതെല്ലാം കൂടി കലർന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് ഭീതി ഉണർത്തുന്ന ഒരു സിനിമയാണെന്ന മട്ടിൽ ആണ് നരേഷൻ. ചാപിള്ളയെ രൂപക്കൂട് പൊളിച്ച് അടക്കുന്നതും. അതിന്റെ ഭിത്തി മിടിക്കുന്നതും എല്ലാം കൂടിച്ചേർന്നിട്ട് ഭയം ഇങ്ങനെ കൂട്ടിക്കൊണ്ട് വരുന്നുണ്ട്. അതിങ്ങനെ പോകപ്പോകെ വോൾഫ് മിത്തുകളെ ഒക്കെ ഓർമപ്പെടുത്തുന്നു. ആദത്തിന്റെയും സ്റ്റെഫിയുടെയും മകൻ ക്രിസ്റ്റിയുടെ പച്ച ഇറച്ചിയോടുള്ള ഒരു താൽപര്യം , കുഴിമാടങ്ങളോടുള്ള ആസക്തി...

ഇതിന്റെ നറേറ്റിവ് ആണ് എനിക്ക് കൗതുകകരമായി തോന്നിയത് ഈ കഥ വിവരിക്കുന്നത് കഥാകാരൻ തന്നെ ആണെങ്കിലും വികാരിയച്ചന്റെ ഒരു വേർഷൻ ഉണ്ട്. അദ്ദേഹം എഡിറ്റ് ചെയ്‌ത്‌ ചേർക്കുന്ന ആദം, സ്റ്റെഫി എന്നിവരുടെ വിവരണങ്ങൾ ഉണ്ട്. കഥ അവസാനിക്കുന്നത് ലോന എന്ന കപ്യാരുടെ വിവരണത്തിൽ ആണ്. ഇതിനു പുറമെ കർത്താവ് യേശുക്രിസ്‌തു കൂടി സംഭവത്തിന് സാക്ഷ്യം പറയുന്നുണ്ട്. ഈ നറേറ്റീവുകളെ വലിയ കുഴപ്പമില്ലാതെ ഇണക്കിയിട്ടുമുണ്ട്. അതിന് കാരണം അതിന്റെ സങ്കീർണമായ കഥയാണ്. ഇത് വായിച്ചപ്പോൾ ലാർസ് വോൺ ട്രയർ (Lars von Trier)ന്റെ ആന്റിക്രൈസ്റ്റ് (Antichrist), വെർണർ ഹെർസോഗിന്റെ (Werner Herzog) നൊസ്ഫേർതു ദ വാംപയർ (Nosferatu the Vampyre) 

എന്നീ സിനിമകൾ ഒക്കെ മനസ്സിൽ തെളിഞ്ഞു. ഒപ്പം ഒരു വലിയ നോവലിന്റെ വിത്ത് ധൂർത്ത് അടിച്ചു കളഞ്ഞെന്നും, ഒന്നിലേറെ സിനിമകൾ ഇതിൽ നിന്ന് രൂപപ്പെടുത്തി എടുക്കാമല്ലോ എന്നൊക്കെ എനിക്കു തോന്നി. ഈ കഥകൾ വായിക്കുമ്പോൾ നമ്മൾ ഏറെക്കുറെ സമാനമായ അഭിരുചി പങ്കിടുന്നവരാണല്ലോ എന്നും എനിക്ക് തോന്നാറുണ്ട്. 

anti-christ

എഴുത്തിൽ ഈ സിനിമയുടെ ഭാഷ വിവേകിനെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്? അതുപോലെ തന്നെ ഒരു ചെറുകഥയ്ക്ക് ഇത്രയ്ക്ക് സങ്കീർണമായ ഒരു കഥയുടെ ആവശ്യം ഉണ്ടോ? നമ്മൾ അതിന്റെ ഫോമിലും രൂപത്തിലുമൊക്കെ അല്ലേ കൂടുതൽ പ്രവർത്തിക്കേണ്ടത്. എനിക്ക് വിവേകിന്റെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.

വിവേക് ചന്ദ്രൻ: ഒരു എഴുത്തുകാരൻ എന്ന രീതിൽ കഥയെ ക്രാഫ്റ്റ് ആയും കണ്ടന്റ് ആയും വേർതിരിച്ചു കാണാനുള്ള പക്വതയയൊന്നും എനിക്കിതുവരെ ആയിട്ടില്ല. ഒരു വായനക്കാരൻ എന്ന രീതിയിൽ എനിക്കത് എളുപ്പം സാധിക്കാറുണ്ട്. മാത്യൂസ് ചേട്ടന്റെ അവസാനം ഇറങ്ങിയ കഥ പരിഭാഷകനെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ നമ്മളതിനെപ്പറ്റി പറഞ്ഞിട്ടുണ്ടല്ലോ. എന്നെ സംബന്ധിച്ച് അനുഭൂതികളുടെ കൈമാറ്റം തന്നെയാണ് കഥ. അതിലപ്പുറം ഒന്നുമില്ല. വന്യം എന്ന കഥയുടെ ത്രെഡ് യഥാർഥത്തിൽ എനിക്ക് മകളുണ്ടാകാൻ തുടങ്ങുന്ന സമയത്ത് ഞങ്ങൾ താമസിച്ചിരുന്ന പ്രദേശത്തെ മിത്തുകളിൽ നിന്നുണ്ടായ ആശങ്കയിൽ നിന്ന് രൂപപ്പെടുന്നതാണ്. പക്ഷേ അതിന്റെ അടിത്തട്ടിലുള്ള ആ ഭീതി, അത് എല്ലാക്കാലവും എന്റെ ഉള്ളിൽ ഉണ്ടായിരുന്ന ഭീതിയാണ്. വളരെ ചെറുപ്പത്തിൽ വിക്ടോറിയ കോളജിന്റെ ക്വാർട്ടേഴ്‌സിൽ ആയിരുന്നു ഞങ്ങളുടെ ബാല്യം. ജനൽ തുറന്നാല്‍ കാണുന്നത് വലിയ ഒരു മൈതാനവും അതിന്റെ അതിരിലുള്ള ധോണി മലയും ആണ്. രാത്രികളിൽ മല ഇറങ്ങി കാറ്റ് വരും. അതിനെ പ്രതിരോധിക്കാൻ ജനലിന്‌ ജാലകവിരി ഇട്ടിട്ട് അതിനു മുകളിലും താഴെയും കെട്ടിടും. എന്നിട്ടും ഈ ജാലകവിരി വളരെ ഹുങ്കാരത്തോടെ മിടിച്ചു തുടങ്ങും. രാത്രി അറിയാതെ ഉറക്കം ഞെട്ടി എണീറ്റു കഴിഞ്ഞാൽ പിന്നെ വീണ്ടും ഉറക്കത്തിലേക്ക് പോകാൻ സാധിക്കില്ല. ഈ ഹുങ്കാരത്തോടെ ഉള്ള ശബ്‌ദവും ഇരുട്ടും ഒക്കെ കണ്ടു പേടിച്ച് ചുരുണ്ട് കിടക്കും. ഇത് ഒരു ഭീതി ഓർമയാണ്. ഈ ഭീതിയെ എങ്ങനെയാണ് വായനക്കാരിലേക്ക് എത്തിക്കുക എന്നാണ് ഞാൻ ആലോചിച്ചത്. 

ഒരു നോവൽ എഴുതണമെങ്കിൽ ഒരുപാട് കാലം ഞാൻ ഈ ഭവാനലോകത്തിനകത്ത് നിൽക്കണം. അത്രയും കാലം ഞാൻ വൈകാരികമായി അതിനുള്ളിൽ ജീവിക്കണം. ഇതൊക്കെ പരിഗണിക്കുമ്പോൾ എന്നെ സംബന്ധിച്ച് എളുപ്പമുള്ള കാര്യം ഈ ചിന്തകളെ, വികാരങ്ങളെ ഒരു കഥ ആയി അവതരിപ്പിക്കുക എന്നതാണ്. അപ്പോൾ കഥ സങ്കീർണമാകുന്നുണ്ടോ എന്നത് എനിക്ക് മനസ്സിലാകുന്ന ഒരു കാര്യമല്ല. ഒരു എഴുത്തുകാരൻ എന്ന രീതിയിൽ പൂർണമായിട്ട് കഥയിൽ നിന്ന് ഇറങ്ങി വന്ന് വായിക്കുമ്പോൾ മാത്രമേ കഥയുടെ മെറിറ്റോ ഡിമെറിറ്റോ എന്നെ ബാധിക്കുകയുള്ളൂ. അതുവരെ നമുക്ക് തീവ്രമായി അനുഭവപ്പെടുന്ന ഒരു കാര്യം അവതരിപ്പിക്കാനുള്ള ഒരു ശ്രമം മാത്രമാണ് നടക്കുന്നത്. സിനിമയും കാഴ്‌ചകളും വായനയും ജീവിതവും ഒക്കെ തരുന്ന അനുഭൂതികളെ പ്രകാശിപ്പിക്കാനുള്ള ഒരു ഇടമായിട്ടാണ് സത്യത്തിൽ ഞാൻ കഥയെ കാണുന്നത്. 

Vivek Chandran
വിവേക് ചന്ദ്രൻ

ഇതിനോട് ചേർത്തു പറയേണ്ട ഒരു കാര്യമാണ് നമ്മൾ രണ്ടു പേരും പങ്കുവയ്ക്കുന്ന സർഗാത്മക ഇടം (ക്രിയേറ്റീവ് സ്പേസ്) എന്നു പറയുന്നത്. ‘കഥ എഴുതുന്ന നേരമത്രയും അദൃശ്യനായിപ്പോകണം എന്നാഗ്രഹിച്ചിരുന്ന ഒരു കുട്ടിയായിരുന്നു’ എന്ന് മാത്യൂസ് ചേട്ടൻ ബാല്യത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അതായത് രാത്രിയിൽ ഒരു പാതകം ചെയ്യുന്ന അത്രയും ഏകാഗ്രതയോടെ കഥകൾ എഴുതിയിരുന്ന കുട്ടി. ആ കുട്ടി ഒളിക്കാൻ ആഗ്രഹിച്ച ഇരുട്ട് പിന്നീട് ആ കുട്ടി എഴുതിയ എല്ലാ കഥകളിലും നിഴലിക്കുന്നുണ്ട്. ആ ഇരുട്ടാണ് സത്യത്തിൽ ഒരു വായനക്കാരൻ എന്നുള്ള രീതിയിലും ഒരു എഴുത്തുകാരൻ എന്നുള്ള രീതിയിലും എന്നെ താങ്കളോട് ചേർത്തു നിർത്തുന്നത്. ഓർക്കാൻ കഴിയുന്നുണ്ടോ ചെറുപ്പകാലത്തെ ആ അനുഭവങ്ങളും ചിന്തകളും ഒക്കെ? എങ്ങനെയാണ് ഒരു എഴുത്തുകാരൻ എന്നുള്ള രീതിയിൽ ആ ഓർമകൾ സ്വാധീനിച്ചിട്ടുള്ളത് എന്ന്? 

കെട്ടിടത്തിൽ നിന്നു വീണ മനുഷ്യൻ മരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ തലയ്ക്കു പിന്നിൽ തളം കെട്ടിക്കൊണ്ടിരിക്കുന്ന രക്തം നമ്മളിൽ നിറയ്ക്കുന്ന ഒരു ഭീതി ഉണ്ട്. അതായത് മരിച്ചതിനു ശേഷവും തുടർന്നു കൊണ്ടിരിക്കുന്ന അപരിചിതമായിട്ടുള്ള പലതിനെയും കുറിച്ച് നമ്മളിലുണ്ടാകുന്ന ഭീതി. സത്യം പറഞ്ഞാൽ പി എഫ് മാത്യൂസിന്റെ രചനകൾ വായനക്കാരിൽ നിറയ്ക്കുന്നത് ഇത്തരത്തിലുള്ള ഒരു നടുക്കമാണ്. മരണം മാത്യൂസ് ചേട്ടന്റെ കഥകളിൽ ആദ്യം മുതലേ ഉണ്ടായിരുന്നു. തന്ത്രം എന്ന പി.എഫ്. മാത്യൂസ് കഥയെ അവലംബിച്ച് ഡെന്നിസ് ജോസഫ് തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്‌തു മമ്മൂട്ടി അഭിനയിച്ച ചിത്രത്തിലെ ഒരു മരണം ഉണ്ട്. എൻ എഫ് വർഗീസ് അഭിനയിച്ച ഡിറ്റക്ടീവ് ഹരിശ്ചന്ദ്ര എന്ന ദൂരദർശൻ പരമ്പര മനസ്സിലുണ്ട്. അതിൽ മരണവും അതിന്റെ അന്വേഷണവും വരുന്നുണ്ട്. അതിനു ശേഷം പിന്നീട് വന്ന കഥകളിൽ മരണാനന്തര ചടങ്ങുകളെക്കുറിച്ച് വിശദമായിട്ടുള്ള വിവരണങ്ങൾ ഉണ്ട്. ചാവുനിലത്തിൽ എത്തുമ്പോൾ മരണം ഒരു അർബൻ മിത്തിന്റെ രൂപം കൈക്കൊള്ളുന്നുണ്ട്. അതിനു ശേഷം അടിയാളപ്രേതം എത്തുമ്പോഴേക്കും മരണം ഒരുതരം പൊളിറ്റിക്കൽ അപ് റൈസിങ്ങിന്റെ കാരണം പോലും ആകുന്നുണ്ട്. മരണത്തെ ഏറ്റവും ആഴത്തിൽ തന്റെ സൃഷ്ടികളിൽ കൊണ്ടുവന്ന എഴുത്തുകാരിൽ ഒരാളായിരിക്കും മാത്യൂസ് ചേട്ടൻ. മാത്യൂസ് ചേട്ടന്റെ ബോഡി ഓഫ് വർക്ക് എടുത്തു കഴിഞ്ഞാൽ അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായിരിക്കും മരണം. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. എന്തുകൊണ്ടാണ് മരണം ഇങ്ങനെ മാത്യൂസ് ചേട്ടന്റെ സൃഷ്ടികളിൽ ആവർത്തിച്ചു കൊണ്ടിരിക്കുന്നത്, അതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?

പി.എഫ്. മാത്യൂസ് : എന്തുകൊണ്ട് മരണം എന്ന ചോദ്യം ഞാൻ പലപ്പോഴും നേരിട്ടിട്ടുള്ളതാണ്. ചിലർ ചുറ്റും കാണുന്ന കാര്യങ്ങൾ, സാമൂഹ്യ പ്രശ്‌നങ്ങൾ, അതിലെ നാടകീയത വിടാതെ ആവിഷ്‌കരിക്കുന്നു. ഞാൻ നേരെ തിരിച്ചാണ്. മനുഷ്യ മനസ്സിന്റെ ഉള്ളിലേക്ക് കൂടുതൽ ആഴത്തിലേക്ക്  പോകുന്ന, അല്ലെങ്കിൽ പോകാൻ ആഗ്രഹിക്കുന്ന ആളായാണ് ഞാൻ എന്നെ കാണുന്നത്. വിവേകിന്റെ കഥകൾ പരിശോധിച്ചാലും ഏറെക്കുറെ അങ്ങനെയാണ് കാണാൻ പറ്റുക. നിറത്തിന്റെ പല ഷേഡുകൾ ഉപയോഗിച്ച് ചിത്രകാരന്മാർ തീർത്തും വ്യത്യാസമുള്ള ഷേഡുകൾ രചിക്കുന്നത് കണ്ടിട്ടില്ലേ. അതുപോലെയായിരിക്കാം ഇത്. കലയ്ക്ക് സൗന്ദര്യം ഉണ്ടാകുന്നത് അതിൽ എല്ലാ കാര്യങ്ങളും വെളിപ്പെടുമ്പോൾ അല്ല, ചില കാര്യങ്ങളൊക്കെ മങ്ങിക്കിടക്കുമ്പോൾ ആണ്. സന്ദിഗ്ധത (ambiguity) എന്ന് നമ്മൾ പറയുന്ന സംഭവം. ambiguity ആണ് കലയ്ക്ക് ഒരു ആഴം ഉണ്ടാക്കുന്നത്. ജീവിതത്തിൽ ഈ ambiguity ഉണ്ടാക്കുന്നത് അല്ലെങ്കിൽ അപൂർണത / അവ്യക്തത / സന്ദിഗ്ധത ഉണ്ടാക്കുന്നത് മരണമാണ്. 

എഴുത്തിൽ മരണത്തിന്റെ വരവിനെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് ഓർമ വരുന്നത് അമ്പതിലേറെ വർഷങ്ങൾക്കു മുൻപുള്ള ഒരു കാര്യമാണ്. എന്റെ ഒരു അമ്മായി, അവർ ഒൻപതോ പത്തോ കുഞ്ഞുങ്ങളെ പ്രസവിച്ചതാണ്. മെലിഞ്ഞുണങ്ങി, മുടിയൊക്കെ പാറിപ്പറന്ന് ഉള്ളിലെ വിഷാദം മറച്ചു പിടിക്കാൻ വേണ്ടി ഒരു ചിരിയൊക്കെ ആയി ജീവിക്കുന്ന സ്ത്രീ. എനിക്ക് അവരെ മറക്കാൻ പറ്റില്ല. ഏറ്റവും കൂടുതൽ മരണത്തെ പ്രസവിച്ചത് ആ അമ്മായി ആണ്. രണ്ടു കുട്ടികൾ ഒഴികെ ശേഷമുണ്ടായവരെല്ലാം മരിച്ചു പോയി. 

കുട്ടിക്കാലത്ത് അവിടെ സന്ദർശിച്ചപ്പോൾ സമപ്രായത്തിൽ ഒരു ആൺകുട്ടി അവിടെ ഉണ്ടായിരുന്നു. അവൻ ഒരു കൂട്ടുകാരനെ കിട്ടിയ സന്തോഷത്തിൽ ഒരു മാജിക് കാട്ടിത്തരാം എന്നു പറഞ്ഞ് എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. എന്നിട്ട് എന്റെ കൈ പിടിച്ച് വാതിലിന്റെ വിജാഗിരിയുടെ അടുത്ത് കൊണ്ടു വച്ചു. ഞാൻ അനുസരിക്കുകയും ചെയ്‌തു. പെട്ടെന്ന് അവൻ ആ വാതിൽ വലിച്ചടച്ചു. എന്റെ വിരലും നഖവും ചതഞ്ഞു. ചോരയൊക്കെ വീണ് ആകെ നിലവിളിയും ബഹളവുമായി. അതിനു ശേഷം മാസങ്ങൾ മാത്രം ആയിരുന്നു ആ കുട്ടിയുടെ ജീവിതം. അവന്റെ മൂത്ത സഹോദരങ്ങളെ പോലെ തന്നെ അവനും മരണത്തിലേക്ക് മടങ്ങി. പക്ഷേ ആ കുട്ടി ചെയ്‌ത മാജിക്ക് ഇപ്പോഴും എന്റെ വലതു കയ്യിലെ വിരലിൽ ഉണ്ട്. അന്ന് ചതഞ്ഞ ആ നഖം മരണത്തെ തൊട്ടതുപോലെ ഇപ്പോഴും വികൃതമായി തന്നെ തുടരുകയാണ്. പണ്ടൊക്കെ ഞാൻ പറയുമായിരുന്നു, മരണത്തെ തൊട്ട ആ വിരലുകൂടി ഉപയോഗിച്ചാണ് ഞാൻ എഴുതുന്നത്. അതുകൊണ്ടാണ് എഴുത്ത് ഇങ്ങനെ ആകുന്നത്. മനുഷ്യന് പിടിതരാത്ത മരണത്തിനും അതിനപ്പുറമുള്ള കാഴ്‌ചകളിലും ഞാൻ കൗതകപ്പെട്ടിരിക്കുന്നത് മാനുഷികമായിട്ടുള്ള കാര്യമായിട്ടു തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. അജ്ഞാതമായ കാര്യങ്ങളിൽ മനുഷ്യർക്ക് പൊതുവെ ഉണ്ടാകുന്ന ഒരു ആകാംഷ ഉണ്ടല്ലോ അതു തന്നെയാണ് എന്നാണ് ഞാൻ വിചാരിക്കുന്നത്. 

PF Mathews
പി.എഫ്. മാത്യൂസ്

മരിച്ചു കൊണ്ടിരിക്കുന്ന മനുഷ്യരെക്കുറിച്ചെന്ന പേരിൽ ഒരു കഥ തന്നെ വിവേക് എഴുതിയിട്ടുണ്ടല്ലോ. അതിൽ ഒരു വാചകം ഓർക്കുന്നുണ്ട്. ‘അപ്പോഴൊക്കെ അമ്മയിൽ നിന്നും വല്ലാത്ത ഒരു മണം പ്രസരിച്ചിരുന്നു. മരിച്ചു തുടങ്ങുന്ന മനുഷ്യൻ അങ്ങനെയാണ്. ആകാവുന്നത്രയും തീക്ഷ്‌ണമായി സ്വയം പ്രകാശിക്കും.’ ക്രൈംസീൻ അനാലിസിസ് പഠിപ്പിക്കുന്ന രാധിക എന്ന കഥാപാത്രം മരണം നടന്ന വീടുകളിലെ പാവ രൂപം ഉണ്ടാക്കുന്നുണ്ട് ഈ കഥയിൽ. ഒരാൾ നമ്മുടെ ജീവിതത്തിൽ നിന്ന് അവസാനമായി ഇറങ്ങിപ്പോകുന്നതിനെയാണ് മരണം എന്നു വിളിക്കുന്നത് എന്നാണ് രാധിക പറയുന്നത്. എന്നിട്ട് രാധികയും അവളുടെ അച്ഛനെയും അമ്മയെയും പോലെ ജീവിതത്തിൽ നിന്ന് ഇറങ്ങി പോകുകയാണ്. മരിച്ചു കൊണ്ടിരിക്കുന്ന മനുഷ്യർക്കിടയിൽ ജീവിക്കുന്നതു കൊണ്ടു മാത്രമല്ല നമ്മൾ ഇങ്ങനയൊക്കെ എഴുതുന്നത്. മറ്റു ചില കാരണങ്ങൾ കൂടിയുണ്ടാകാം. അതിനെക്കുറിച്ച് വിവേക് ചിന്തിച്ചിട്ടുണ്ടോ? അതിനെക്കുറിച്ച് ഒന്ന് പറഞ്ഞാൽ കൊള്ളാം. 

വിവേക് ചന്ദ്രൻ: മരണത്തിന്റെ സാന്നിധ്യം ഒരു സാധാരണ മനുഷ്യജീവിതത്തിന് പൊടുന്നനെ നമ്മൾ പ്രതീക്ഷിക്കാത്തൊരു ആഴം കൊണ്ടു വരും. ഒരു പരിധി വരെ സാഹിത്യത്തിലും അതെ. എന്റെ ചെറുപ്പത്തിൽ എന്നെ ഏറ്റവും ഞെട്ടിച്ച, ബാധിച്ച ആദ്യത്തെ പുസ്‌തകം ഏണസ്റ്റ് ഹെമിങ് വേയുടെ ജീവചരിത്രമാണ്. മലയാളത്തിൽ എം.ടി. വാസുദേവൻ നായർ എഴുതിയ ‘ഹെമിങ് വേ ഒരു മുഖവുര’ എന്ന പുസ്‌തകം. ആ പുസ്‌തകത്തിന്റെ ഘടന ഭയങ്കര വിചിത്രമാണ്. അത് തുടങ്ങുന്നത് ഏണസ്റ്റ് ഹെമിങ് വേയുടെ അച്ഛന്റെ ആത്മഹത്യയിലൂടെയാണ്. അതിനു ശേഷം ഹെമിങ് വേ വരുന്നു. ഹെമിങ് വേയുടെ അമ്മ, അച്ഛൻ ആത്മഹത്യ ചെയ്‌ത ആ തോക്ക് ഹെമിങ് വേയ്ക്ക് സമ്മാനമായി കൊടുക്കുന്നു. അതിനു ശേഷം അദ്ദേഹം അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉടനീളം പല തരത്തിലുള്ള മരണങ്ങളെ മുഖാമുഖം കാണുന്നുണ്ട്. അതിൽ നിന്നൊക്കെ ധൈര്യപൂർവം രക്ഷപ്പെട്ടു വന്ന് അദ്ദേഹത്തിന്റെ സ്വന്തം വീട്ടിൽ ഇതേ തോക്ക് വച്ച് ആത്മഹത്യ ചെയ്‌ത്‌ അവസാനിക്കുകയാണ്. ആ സമയത്ത് ഇത് വായിക്കുമ്പോൾ മരണത്തേകുറിച്ച് ഒരു ഭയം കലർന്ന ആകാംഷ തോന്നിയിരുന്നു. സത്യത്തിൽ മറ്റെല്ലാ ജീവജാലങ്ങളെയും പോലെ കാലക്രമേണ നശിച്ചു പോകുന്ന അല്ലെങ്കിൽ അവസാനിച്ചു പോകുന്ന ഒന്നു മാത്രമാണ് മനുഷ്യജീവിതവും. പക്ഷേ അത്രയും ഉള്ളൂ എന്നുള്ള ചിന്ത ഒരു പക്ഷേ ഒരു സാധാരണ മനുഷ്യനെ വല്ലാതെ അങ്കലാപ്പിൽ ആക്കും. അതുകൊണ്ട് അനശ്വരനായി നിലനിൽക്കാൻ മനുഷ്യൻ ചെയ്യുന്ന പല പരിപാടികളിൽ ഒന്നു മാത്രമായിരിക്കാം ഒരു പക്ഷേ സാഹിത്യവും മറ്റു കലാപ്രവർത്തനവും ഒക്കെ. 

hemingway-oru-mukhavura-lkh

മരണത്തെക്കുറിച്ചുള്ള ചിന്ത ഒരു പരിധി വരെ മരണാനന്തര ജീവിതത്തിനെക്കുറിച്ചുള്ള ചിന്തകൾ കൂടിയാണ്. അതുകൊണ്ടായിരിക്കും ഐസക്ക് ബഷവിസ് സിംഗറിന്റെ (Isaac Bashevis Singer) കഥകൾ എനിക്ക് പ്രിയപ്പെട്ടതാകുന്നത്. നമ്മുടെ പോപ്പുലർ കൾച്ചറിലുള്ള മരണാനന്തര ജീവിതം അല്ലെങ്കിൽ ആത്മാവ് (സ്‌പിരിറ്റ്‌) എന്നൊക്കെ വിളിക്കുന്ന സങ്കൽപം ഭയങ്കര രസമാണ്. അതായത് ജീവിച്ചിരിക്കുന്ന മനുഷ്യനെ അടയാളപ്പെടുത്തുന്ന സംഗതിയാണ് സ്‌പേസും ടൈമും. അദ്ദേഹം ജീവിച്ചിരിക്കുന്ന സ്‌പേസ് നമ്മൾ xyz കോർഡിനേറ്റ്സ് വഴി അടയാളപ്പെടുത്തും. സ്‌പേഷ്യൽ കോർഡിനേറ്റ്സ് എന്നു പറയുന്നു. അതുപോലെ അയാൾ ഏത് കാലഘട്ടത്തിൽ ജീവിച്ചു എന്നുള്ള കാര്യം അടയാളപ്പെടുത്തുന്നു. ടൈം കോർഡിനേറ്റ്  (ടെംപറൽ കോർഡിനേറ്റ്). ഇദ്ദേഹം മരിച്ചു കഴിയുമ്പോൾ ഈ xyz കോർഡിനേറ്റിൽ ഉറച്ചു നില്ക്കാൻ ശ്രമിക്കുകയും ഇയാളുടെ ടൈം കോർഡിനേറ്റിൽ നിന്ന് സ്വയം വേർപെടാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട് എന്നുള്ളതാണ് നമ്മുടെ കോൺസെപ്റ്റ്. അതായത് നമ്മൾ മരിച്ചു കഴിയുമ്പോളും നമ്മൾ ജീവിച്ചിരുന്ന അതേ ഇടത്തിൽ ഉറച്ചു നിൽക്കാൻ ശ്രമിക്കുകയും എന്നാൽ നമ്മൾ കാലത്തിന് അതീതനായിട്ട് നിലനിൽക്കാൻ ശ്രമിക്കുകയും ചെയ്യുന്നു എന്നുള്ള സങ്കൽപം. സത്യത്തിൽ ഒരാളുടെ മരണത്തിനു ശേഷം നിലനിൽക്കുന്ന അദ്ദേഹത്തിന്റെ ഓർമകളെ വളരെ ലിറ്ററലി ആയിട്ട് അടയാളപ്പെടുത്തുന്ന ഒരു സങ്കൽപം ആണത്. മരണത്തിനു ശേഷം നമ്മുടെയെല്ലാം ജീവിതങ്ങൾ കൈവരിക്കാൻ പോകുന്ന അധിക ആഴം ഈ സങ്കൽപത്തിന്റെ പിൻബലത്തിലാണ്. നോക്കൂ എത്ര രസകരമായിട്ടാണ് ഒരു ലിറ്ററൽ കോൺസെപ്റ്റ് നമ്മുടെ മരണത്തിലും അതിനുശേഷമുള്ള ഓർമകളിലും ഒക്കെ ഇടപെടുന്നത് എന്ന്. 

കലയുടെ മൂല്യം അളക്കാനുള്ള അളവുകോലല്ല, പൊളിറ്റിക്കൽ കറക്റ്റ്നസ്

പി.എഫ്. മാത്യൂസ്: പുതിയ തലമുറയിലെ ഒരാൾ എന്ന നിലയിൽ ചോദിക്കുകയാണ് നിങ്ങൾ എഴുതുന്ന കഥകൾ വായിക്കുന്ന വായനക്കാരെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വായനക്കാരുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കി എഴുതുന്ന കച്ചവടക്കാരെ നമുക്ക് വെറുതെ വിടാം. അവരെ കണക്കിലെടുക്കേണ്ട. വളരെ ഗൗരവത്തോടെ കൃതികളെ സമീപിക്കുന്ന വായനക്കാർ നമുക്കുണ്ട്. എന്നാൽ മീശ വിവാദത്തോടെ അതിൽ ചില ശങ്കകൾ ഒക്കെ ഉണ്ടായി എന്നുള്ളത് സത്യമാണ്. കാരണം കഥയിലെ രണ്ടു കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ ചൊല്ലി വിവാദം ഉണ്ടാകുന്നു. ആ വിവാദത്തിന് കാരണം യഥാർഥ വായനക്കാർ അല്ല എന്നൊക്കെ നമുക്കറിയാം. എന്നാലും സമൂഹമാധ്യമത്തിൽ ഇപ്പോൾ സുലഭമായി കാണുന്ന പൊളിറ്റിക്കൽ കറക്ട്നസിനെക്കുറിച്ചുള്ള ചർച്ച. എനിക്ക് കഷ്ടം തോന്നാറുണ്ട് അത് കാണുമ്പോൾ. പൊളിറ്റിക്കലി കറക്ട് ആയിട്ട് ഒരു കൃതി ഒരാൾ എഴുതാൻ ശ്രമിക്കുമ്പോൾ അതിൽ നിന്ന് ആദ്യമേ ചോരുന്നത് കലയാണ് എന്നാണ് എന്റെ ഒരു തോന്നൽ. വിവേകിന് എന്താണ് അഭിപ്രായം. അതായത് പൊതുവെ വായനക്കാരെക്കുറിച്ചുള്ള വിവേകിന്റെ ചിന്തകൾ എന്തൊക്കെയാണ്? 

വിവേക് ചന്ദ്രൻ: ഞാൻ എഴുതുന്ന കഥകൾ വായിക്കുന്ന വായനക്കാരെകുറിച്ച് ഞാൻ ഒരിക്കലും സങ്കൽപിച്ചുനോക്കിയിട്ടില്ല. കാരണം അത് നമ്മുടെ ഉള്ളിൽ ഒരു അനാവശ്യ സമ്മർദ്ദം കൊണ്ടു വരും. അദ്ദേഹത്തിനും കൂടി രുചിക്കുന്ന കഥകൾ ആകണമല്ലോ പിന്നെ നമ്മൾ എഴുതുന്നത്. അങ്ങനെ വരുമ്പോൾ എഴുത്തിൽ നമ്മൾ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും. അതേസമയം എന്നെ സ്വയം വായനക്കാരനായി കണ്ടുകൊണ്ട് എഴുതാറുണ്ട്. ഒരു വായനക്കാരൻ എന്ന രീതിയിൽ എന്റെ സമയം നഷ്ടപ്പെടുത്താത്ത എനിക്ക് സംതൃപ്‌തി തരുന്ന ഒരു കാര്യം മാത്രമേ പ്രസിദ്ധീകരിക്കാൻ അയയ്ക്കാവൂ എന്ന് കുറച്ചു നിർബന്ധബുദ്ധിയോടെ ഞാൻ ശ്രദ്ധിക്കാറുണ്ട്. 

പൊളിറ്റിക്കൽ കറക്ട്നസിന്റെ കാര്യം പറയുമ്പോൾ അത് ശരിക്കും അക്കാദമിക് ആയിട്ടുള്ള ഒരു ടേം അല്ലേ. ഒരു പരിധിവരെ നമ്മുടെ വ്യക്തി ജീവിതത്തിൽ പാലിക്കേണ്ട ഒരു ഗൈഡ് ലൈൻ ആയിട്ട് കാണാം എന്നല്ലാതെ ഒരു സാഹിത്യ സൃഷ്ടിയെയോ, ഒരു കലാസൃഷ്ടിയെയോ അളക്കേണ്ട ഒരു സ്കെയിൽ ആയിട്ട് അതിനെ ഉപയോഗിക്കുന്നതിൽ എനിക്ക് അഭിപ്രായമില്ല. അത് വളരെ എളുപ്പമുള്ള ഒരു പരിപാടി അല്ലെ. പൊളിറ്റിക്കൽ കറക്ട്നസിന്റെ കൃത്യമായ ഗൈഡ്‌ലൈൻസ് ഉണ്ട്, അതിനനുസരിച്ച് ഒരു കഥ എഴുതാനോ അല്ലെങ്കിൽ ഒരു കഥ നിരൂപണം ചെയ്യാനോ എന്ത് ബുദ്ധിമുട്ടാണ് ഉള്ളത്. അതിനു പ്രത്യേകിച്ചൊരു ധൈര്യത്തിന്റെ ആവശ്യം ഇല്ല. കാരണം വായനക്കാർ നമ്മുടെ കൂടെ നിൽക്കും. 

പൊളിറ്റിക്കലി കറക്ട് ആയതുകൊണ്ടു മാത്രം ഒരു കഥയോ, സിനിമയോ വ്യാപകമായിട്ട് ശ്രദ്ധിക്കപ്പെടുന്നുണ്ടെങ്കിൽ അത് നമ്മുടെ ആസ്വാദനത്തിന്റെ ആഴമില്ലായ്‌മയാണ് കാണിക്കുന്നത്. നമ്മുടെ സാമൂഹിക വ്യവസ്ഥ, നമ്മുടെ നീതിന്യായ വ്യവസ്ഥ, നമ്മുടെ മൊറാലിറ്റി ഇങ്ങനെയുള്ള പല ഘടകങ്ങളും ചേർന്നാണ് ഈ പൊളിറ്റിക്കൽ കറക്റ്റ്നസിന്റെ ഫ്രയിം ഉണ്ടാകുന്നത്. പക്ഷേ ഇത് ശാശ്വതമല്ല. ഓരോ സ്ഥലത്തിനനുസരിച്ച് ഇത് മാറിക്കൊണ്ടിരിക്കും. നമ്മുടെ രാഷ്ട്രീയ ശരിതെറ്റുകൾ ആയിരിക്കില്ല മറ്റൊരു രാജ്യത്ത്. അതുപോലെ തന്നെ കാലത്തിനനുസരിച്ചും ഇത് മാറിക്കൊണ്ടിരിക്കും. വികസിതമായ രാജ്യമായ ജപ്പാന്റെ കാര്യമെടുത്താൽ അവരുടെ സങ്കൽപത്തിലുള്ള പൊളിറ്റിക്കൽ കറക്ട്നസോ അവരുടെ മൊറാലിറ്റിയോ ഒക്കെ കേട്ടാൽ നമുക്ക് അത്ഭുതം തോന്നും. അതേസമയം ഈ പൊളിറ്റിക്കൽ കറക്ട്നസിന്റെ ഫ്രെയിം വളരെ റിജിഡ് ആണ്. അത് നമ്മുടെ സാഹിത്യത്തിനുള്ള എല്ലാത്തരം ആശ്ചര്യങ്ങളെയും സന്ദിഗ്ധതകളെയും പൂർണമായിട്ടും കെടുത്തിക്കളയും. 

മീശ എന്ന നോവലിനോടനുബന്ധിച്ചിട്ടുണ്ടായ വിവാദങ്ങൾക്കു പിന്നിൽ തീവ്രനിലപാടുള്ള ഉള്ള ചില ആളുകളോ, ചില സംഘടനകളോ ഒക്കെ ആയിരിക്കും. പക്ഷേ ഒരു വിവാദമായിട്ട് അത് നമ്മുടെ സമൂഹത്തിൽ കത്തി നിൽക്കുന്നുണ്ടെങ്കിൽ സത്യത്തിൽ അത് ഫിക്ഷനും റിയാലിറ്റിയും വേർതിരിച്ചെടുക്കാൻ കഴിയാത്ത ഒരു വായനാസമൂഹത്തിന്റെ പരാജയം കൂടിയാണ്. എഴുതുന്നത് പൂർണമായും ഫിക്ഷനാണ് എന്ന് പറയുമ്പോഴും ഇനി അങ്ങോട്ട് നമ്മുടെ സാഹിത്യത്തിൽ വളരെ ഗ്രൗണ്ട് ബ്രേക്കിംഗ് ആയ പുതിയ ഒരു പ്ലോട്ട് ഒന്നും സംഭവിക്കാൻ ഇടയില്ല. അതിലുപരിയായി നമുക്ക് ശ്രദ്ധിക്കാൻ പറ്റുന്നത് കഥയുടെ ക്രാഫ്റ്റിൽ ആണ്, ഫോമിൽ ആണ്. അതായത് നമ്മൾ പറയാനുദ്ദേശിക്കുന്ന കഥയെ ചെറിയ ചെറിയ ഇൻഫർമേഷൻ ക്യാപ്സ്യൂൾ ആയിട്ട് കണക്കാക്കുക, ഇതിൽ ഏത് ഇൻഫർമേഷൻ ഏത് ഘട്ടത്തിൽ വായനക്കാരന്റെ മുൻപിൽ എത്തണം, കഥയിലെ പ്രധാന വഴിത്തിരിവ് ഏത് സമയത്ത് സംഭവിക്കണം ഇത്തരം കാര്യങ്ങൾ അല്ലെ ഒരു എഴുത്തുകാരൻ കൂടുതൽ ശ്രദ്ധിക്കേണ്ടത്. അതു പോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ് ഈ ആശയം വായനക്കാരനിലേക്ക് വിനിമയം ചെയ്യാൻ നമ്മൾ ഉപയോഗിക്കുന്ന ഭാഷ. ഭാഷയുമായിട്ടുള്ള നിരന്തര കൊടുക്കൽ വാങ്ങലുകൾ ആണ് ഒരു നല്ല സാഹിത്യത്തിന്റെ ലക്ഷണം. ഇതൊക്കെ പറയുമ്പോഴും എന്തിന് എഴുതുന്നു എന്ന ചോദ്യം ബാക്കിയാവുകയാണ്. മുൻപ് മാത്യൂസ് ചേട്ടൻ എഴുതിയ ഒരു ആശയം കൂടി ചേർത്തു വച്ച് പറഞ്ഞാൽ സമാന ചിന്താഗതിക്കാരായ നമ്മുടെ മനുഷ്യർ എന്ന് നമുക്ക് തോന്നുന്ന കുറച്ച് ആളുകളിലേക്ക് പ്രസരിക്കാനുള്ള അവർക്ക് മാത്രം മനസ്സിലാകുന്ന രഹസ്യ അടയാള വാക്യങ്ങളാണ് നമ്മൾ ഈ എഴുതുന്ന കഥകളും നോവലുകളുമൊക്കെ, അതിൽ കൂടുതൽ ഒന്നുമില്ല.

Content Summary: Varthanam- Column written by Rintuja John, A talk with writers P.F. Mathews and Vivek Chandran

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA