ADVERTISEMENT

പറയാൻ എന്തെങ്കിലുമൊക്കെ ഉണ്ടാവുക അത് പറയേണ്ട വിധത്തിൽ പറയുക. ഇത്രയുമായാൽ ഒരു കഥാകൃത്ത് വിജയിച്ചു എന്ന് പറയാം. പറയുന്നതിൽ മറ്റാരും പറയാത്ത എന്തെങ്കിലും ഉണ്ടാവുക, അത് മറ്റാരും പറയാത്ത വിധത്തിൽ പറയുക എന്നത് എല്ലാ എഴുത്തുകാരുടെയും സ്വപ്നമാണ്. അതിനാണ് അവർ ആശയങ്ങളെയും വാക്കുകളെയും ഉള്ളിലിട്ട് ഉരുക്കിയെടുക്കുന്നത്. 

 

ഓണപ്പതിപ്പുകളുടെ ഘോഷയാത്രകൾ കഴിഞ്ഞു. ഒരുപാട് നല്ല കഥകൾ വന്നു. പക്ഷേ ഇക്കണ്ട കഥകളിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തമാണ് അധികമൊന്നും അറിയപ്പെടാത്ത സായ്റ എന്ന കഥാകൃത്തിന്റെ തൈമൂർ എന്ന കഥ.

 

സായ്റയുടെ തൈമൂർ എന്ന കഥ ഞാൻ വായിക്കുകയായിരുന്നോ അതോ സായ്റയുടെ തൈമൂർ എന്നെ വായിക്കുകയായിരുന്നോ എന്നത് ഇപ്പോഴും പിടികിട്ടാത്ത കാര്യമാണ്. 

 

thaimur-story

രാത്രിയായിരുന്നു... കോർട്ടേഴ്സിലെ അപ്പുറത്തെ മുറിയിൽ നിന്ന് മദ്യ ബഹളങ്ങളും ഇപ്പുറത്തെ റോഡിലൂടെ വാഹനങ്ങളും ഉച്ചത്തിൽ അലറി വിളിച്ചു കൊണ്ടിരുന്നു. അതൊക്കെ എന്റെ ശ്രദ്ധയിൽ നിന്ന് പാടെ അപ്രത്യക്ഷമായി. സായ്‌റ കഥ തുടങ്ങുന്നത് ഇങ്ങനെയാണ്.

 

‘‘തൈമൂറിന് ഈയിടയായി തലയെടുപ്പ് കൂടിയിട്ടുണ്ടെന്നു ചിത്ര ശ്രദ്ധിച്ചു. കണ്ണുകൾക്ക് ചുറ്റുമുള്ള ചുവപ്പ് കടുത്തിരിക്കുന്നു. സാധാരണ അസീൽ കോഴികൾക്ക് ഉണ്ടാവാറുള്ള വലിപ്പത്തെക്കാൾ കൂടുതലുണ്ട് അവന്. കറുപ്പും തവിട്ടും കലർന്ന തൂവലുകൾ. സമൃദ്ധമായി തഴച്ചു വളർന്ന അങ്കവാല്. തല ഉയർത്തി ചിറകുംവിരിച്ച് ശൗര്യത്തോടെ അങ്ങനെ നിൽക്കുമ്പോൾ നാട്ടിൽ ഉത്സവങ്ങൾക്ക്  തിടമ്പെടുത്തു നിൽക്കുന്ന ആനകളെ ആണ് അവൾക്ക് ഓർമ വന്നത്.’’

 

തികച്ചും സാധാരണമായ ഈ തുടക്കത്തിൽ നിന്ന് കഥാകാരി നമ്മെ നയിക്കുന്നത് വർത്തമാനകാല ദാമ്പത്യങ്ങളും, ആണഹന്തകളും ചേർന്ന് മനുഷ്യജീവിതത്തെ കൊണ്ടെത്തിച്ചിരിക്കുന്ന കോഴിപ്പോരോളം അക്രമാസക്തമായ ക്രൂരതകളിലാണ്. നൊന്ത് പിടയുന്ന പെൺ മനസ്സുകളുടെ ഉൾത്തടങ്ങളിലേക്കാണ്. 

 

പ്രണയം അസ്ഥികൾക്കും തലച്ചോറിനും പിടിച്ചപ്പോഴാണ് പഠിത്തം മുഴുമിപ്പിക്കാതെ ചിത്ര ഗിരീഷിന് ഒപ്പം ജീവിക്കാൻ ഇറങ്ങുന്നത്. ഒരു പുഴയോളം ജലമുണ്ടായിരുന്ന അവന്റെ പ്രണയം കുറഞ്ഞ കാലം കൊണ്ട് വറ്റിവരണ്ട് പുഴയുടെ ഓർമ പോലും അവശേഷിപ്പിക്കാത്ത വിധം, ദിനചര്യയിലെ അവസാന ചടങ്ങിലേക്ക് ഒതുങ്ങി കിതപ്പാറ്റുമ്പോൾ ചിത്ര സ്വയം ചോദിക്കുന്നുണ്ട്. ‘ഇവനെയാണോ താൻ പ്രണയിച്ചത് എന്ന് ’ 

 

തൃശൂരിലെ സ്വന്തം വീടിനടുത്ത് കോഴിഫാം നടത്തി പൊളിഞ്ഞ ഗിരീഷ് തമിഴ്നാട്ടിലെ വേലന്താവളത്തിന് അടുത്തുള്ള ഒഴലപ്പതിയിൽ ചിത്രയോടൊപ്പം താമസിക്കുന്ന കാലത്താണ് പോരു കോഴികളെ വാങ്ങി, വളർത്തി, വിൽക്കാൻ തുടങ്ങിയത് .

 

 

മനുഷ്യന്റെ വെറും വിനോദത്തിനായി സ്വന്തം വർഗ്ഗത്തിനെ കൊത്തിപ്പറിച്ച് കൊലപ്പെടുത്തുന്ന പോരു കോഴികളുടെ വിജയപരാജയങ്ങളുടെ, ആ ക്രൂരമായ നിരർത്ഥകഥ ചിത്രയെ വല്ലാതെ പൊള്ളിക്കുന്നുണ്ട്. മനുഷ്യൻ തന്നെ പരസ്പരം പോരുകോഴികളായി പലതിനും വേണ്ടി പലതരം കത്തികൾ സ്വന്തം കാലുകളിൽ കെട്ടിവെച്ച് തമ്മിൽ പോരടിക്കുന്ന ഈ അസുര കാലത്തിൽ പോരുകോഴികളുടെ പശ്ചാത്തലവും പ്രതീകവും ഈ കഥയ്ക്ക് ആഴവും പരപ്പും നൽകുന്നുണ്ട് .

 

ദേഹ കോഴികളുടെ കണ്ണുകളിലെ മരവിപ്പ് സ്വന്തം കണ്ണുകളിൽ കാണുന്ന ചിത്ര നമ്മുടെ ദാമ്പത്യ കെട്ടുപാടുകളിലെ മരവിപ്പിനെ തന്നെയാണ് കാണിക്കുന്നത്. നമുക്കുവേണ്ടി കൂടിയാണ് ആ കണ്ണാടി കാഴ്ചകളെ ഇത്രമേൽ തെളിച്ചത്തിൽ കഥാകാരി വിവരിക്കുന്നത്. 

 

ഗിരിയുടെ പതിവ് യാത്രകളിലൊന്നിലെ, പതിവില്ലാത്ത പെട്ടെന്നുള്ള മടക്കത്തിൽ ചിത്ര പ്രത്യേകിച്ചൊന്നും കാണുന്നില്ല. പക്ഷേ പിറ്റേന്ന് പുലർച്ചെ പൊലീസ് വന്ന് ഗിരിയെ അറസ്റ്റ് ചെയ്യുമ്പോൾ ഒഴലപ്പതിയിലെ വീട്ടുമുറ്റത്ത് ചിത്ര അന്തിച്ചു നിൽക്കുന്നു. തന്റെ ചെറിയ ലോകത്തിലേക്ക് വന്നു വീഴുന്ന ആ ഇരുട്ടിലാണ് അവൾ ഗിരി ചെയ്ത കുറ്റത്തിന്റെ പത്ര വാർത്ത വായിക്കുന്നത്. 

thirike

 

13 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു ബോധംകെടുത്തി മൃതപ്രായയാക്കി തൊട്ടടുത്ത കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച കുറ്റത്തിനാണ് ഗിരീഷ് അറസ്റ്റ് ചെയ്യപ്പെടുന്നത്. 

 

അത് അവനായിരിക്കില്ല എന്ന വെറും വാചകം ഉരുവിട്ട് സമാധാനിക്കാൻ അവൾക്കാവുന്നില്ല. കഥയുടെ തുടക്കത്തിൽ ഗിരിയെ കോടതി വെറുതെ വിട്ട വാർത്ത വന്നു പറയുന്ന അയൽവാസിയായ കമറുതാത്തയാണ് അവളുടെ ഏക കൂട്ട്. പരദൂഷണം പറയുന്ന അവരെ ചിത്ര ഒരേപോലെ ചേർത്തു നിർത്തുകയും അകറ്റി നിർത്തുകയും ചെയ്യുന്നു. 

 

ഭർത്താവ് കുറ്റവാളിയായാലും, നിരപരാധിയയാലും കേസ് നടത്താൻ പണം വേണമായിരുന്നു. വല്ലാതെ തനിച്ചായി പോയ അവൾക്ക് ജീവിക്കാനും പണം വേണമായിരുന്നു. കൂട്ടിലെ പോരു കോഴികളിലാണ് അവൾ അതിജീവനം കണ്ടെത്തുന്നത്. ഗിരി ചെയ്തപോലെ പോരുകോഴികളെ പരിപാലിച്ച് വിൽക്കുക മാത്രമല്ല ,അവയുമായി ആന്ധ്രയോളം അവൾ കോഴിപ്പോരിന് പോവുന്നുമുണ്ട്. പെൺനിൽപ്പിന്റെ ജീവിത തറയെ കഥാകാരിയുടെ വാക്കുകളിൽ തന്നെ വായിക്കണം .

 

‘‘പെണ്ണ് പോരിന് കൊണ്ടുവന്ന കോഴികളെ കാണാൻ സാധാരണയിലും കൂടുതൽ ആളെത്തി. ആർത്തുവിളിക്കുന്ന ജനക്കൂട്ടത്തിനിടയിൽ ചുരിദാറിന്റെ ഷാൾ അരയിൽ ഉറപ്പിച്ചു കെട്ടി, പൊടിപാറുന്ന മൈതാനത്തിൽ പരസ്പരം ചീറി കൊത്തുകയും മുറിവേൽപ്പിക്കുകയും ചെയ്യുന്ന കില്ലാടി കോഴികളെയും പോരടിപ്പിച്ച് ഒരു കൂസലുമില്ലാതെ നിൽക്കുമ്പോഴാണ് ഈ ഇരുപത്തിമൂന്നാം വയസ്സിൽ താൻ ജീവിതത്തിന്റെ പാതിയിലുമധികം പിന്നിട്ട് ഒന്നിലും സങ്കോചം തോന്നാത്ത വാർദ്ധക്യത്തിലെത്തി എന്ന വിചിത്രമായ തോന്നൽ അവൾക്കുണ്ടായത്. കഴിഞ്ഞ ഒരു വർഷം അതിന്റെ കാലടി വെപ്പിൽ അളന്നെടുത്തത് യൗവനത്തെ മുഴുവനുമായിരുന്നു.’’

 

ഇടയ്ക്ക് പത്ത് ദിവസത്തെ പരോളിൽ ഗിരി ഇറങ്ങിയെങ്കിലും അവളുടെ അടുത്തേക്ക് വന്നില്ല. ഇപ്പോൾ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ട ഗിരി മടങ്ങിവരികയാണ്. 

 

തന്റെ കയ്യിലേക്ക് മുട്ട വിരിഞ്ഞു വീണ് ഉണ്ടായ തൈമൂറിനെ പോരിനിറക്കാതെ അവൾ സൂക്ഷിച്ചത് മനുഷ്യന് ദാഹജലം പോലെ അത്യാവശ്യമായ സ്നേഹമെന്ന വാക്കിന്റെ പൊരുളിനു വേണ്ടിയാണ്. 

 

മടങ്ങിവരുന്ന ഗിരീഷിനെ  അവതരിപ്പിക്കുന്നിടത്ത് കഥാകാരി പ്രകടിപ്പിക്കുന്ന കൈയടക്കം ഏറ്റവും പ്രസംശനീയമാണ്. അതിഭാവുകത്വത്തിലേക്കോ ,ക്ലീഷേ സിനിമാ രംഗങ്ങളിലേക്കോ  പകർന്നേക്കാവുന്ന മനുഷ്യ ഭാവങ്ങളെ ഈ എഴുത്തുകാരി ആരെയും അതിശയിപ്പിക്കും വിധം ഏറ്റവും മനോഹരമായി എഴുതി ഫലിപ്പിച്ചിരിക്കുന്നു. 

 

 

അക്കാലമത്രയും അവൾ അവനോടു ചോദിക്കാൻ കരുതി വെച്ച ചോദ്യമായിരുന്നു.  

 

‘‘ നീയാണോ അത് ചെയ്തത് എന്ന് ’’

 

ആണഹന്തയുടെ ആ നീതിയാൽ നിർമ്മിതമായ അധികാര ഭാവത്തോടെ അവളുടെ ഉടലിനെ തൊടുന്ന ഗിരിയെ അവൾ തടയുന്നുണ്ടെങ്കിലും, കയ്യൂക്കിന്റെ അധികാരഘടന തന്നെ വിജയിക്കുന്നു .

 

‘‘അടങ്ങി കിടക്ക്. നീയേ പെണ്ണാ. വെറും പെണ്ണ് അതിതുവരെ മനസ്സിലായില്ലേ? ’’ 

 

എന്ന ഗിരിയുടെ ചോദ്യം ഞാനടക്കമുള്ള ആൺ വർഗ്ഗത്തിന്റെ എക്കാലത്തെയും ചോദ്യമാണ്. സമൂഹം ഓമനിക്കുന്ന ചോദ്യമാണ്. നമ്മുടെ കിടപ്പറകളിൽ പോലും മുഴങ്ങുന്ന ചോദ്യമാണ്. 

 

സായ്റ എഴുതുന്നു. 

 

‘‘വേദനയുടെ പാരമ്യതയിൽ അക്കണ്ട കാലമത്രയും കൊണ്ടുനടന്ന ചോദ്യത്തിന് അവൾക്ക് ഉത്തരം കിട്ടി. അപ്പോൾ ആദ്യമായി അവൾ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴക്കപ്പെട്ട ഒരു കിളുന്തു ശരീരത്തെ പറ്റി ഓർമ്മിച്ചു. ദുർബലമായ കാലുകൾക്കിടയിലൂടെ ഒഴുകിയ ചോരപ്പാടുകൾ സങ്കൽപ്പിച്ചു. ഇനിയുള്ള ജീവിതം മുഴുവൻ ദുസ്വപ്നങ്ങൾ കാണാൻ വിധിക്കപ്പെട്ട നിഷ്കളങ്കമായ ഒരു മനസ്സിന്റെ നിസ്സഹായതയോർമിച്ചു. ആരും കേട്ടതായി തെളിവുകൾ ഇല്ലാതെ പോയ നിർത്താത്ത ഒരു തേങ്ങൽ അവളുടെ ചെവിയിൽ വന്നലച്ചു.’’

 

 

ഇത്രയും വായിച്ചെത്തിയപ്പോൾ എനിക്ക് ചുറ്റും ഉയരുന്ന അലമുറകൾ ഞാൻ കേട്ടു .സായ്റ കൊളുത്തിയ തീപ്പെട്ടിക്കൊള്ളി കാട്ടുതീയായി എനിക്ക് ചുറ്റും പടർന്നു. ആ തീയിൽ ഒരു പുരുഷനായി പിറന്നതിൽ ഞാൻ സ്വയം ലജ്ജിച്ചു തലതാഴ്ത്തി. ആണധികാരത്തിന്റെ തീനാളങ്ങൾ എരിച്ചു കളഞ്ഞ അനേകം പെൺ ജന്മങ്ങൾ എന്റെ ചുറ്റും നിന്ന് അലറി കരയുന്നതായി എനിക്ക് തോന്നി.

 

വാക്കുകൾ കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന പ്രതിഭകൾ നമുക്ക് ചുറ്റുമുണ്ട്. ഒരുപക്ഷേ അവർ വേണ്ടപോലെ വായിക്കപ്പെടുന്നില്ലായിരിക്കാം... പക്ഷേ അവർ ഉണ്ട്. വാക്കുകളിൽ  ജീവവിയർപ്പ് പുരട്ടി അവർ എഴുതുന്നുണ്ട്. സമകാലിക മനുഷ്യാവസ്ഥകളെ ഉള്ള് പൊള്ളിക്കും വിധം സായ്റ ഈ കഥയിൽ ഒതുക്കി വെച്ചിരിക്കുന്നു. ഈ കഥ വായിക്കുന്നവർ സ്വന്തം പരിതസ്ഥിതികളെ കുറിച്ച് പലവട്ടം ചിന്തിക്കാൻ നിർബന്ധിതരാവുന്നു. 

 

 

കഥ മുഴുവൻ ഇവിടെ പകർത്തി എഴുതുന്നത് ഉചിതമല്ലാത്തതുകൊണ്ട് മാത്രം അത് ചെയ്യുന്നില്ല. കഥ ഒരു പഠന വിഷയമല്ലാത്തതുകൊണ്ട് അതും ചെയ്യുന്നില്ല. ഒരു ചുംബനം പോലെ ആസ്വദിക്കേണ്ട ഒന്നാണ് കഥ എന്ന ധാരണയാണ് ഈയുള്ളവന് ഉള്ളത്. ഈ ചുംബനമേറ്റ് പൊള്ളിയ എന്റെ തലച്ചോറിനെ കുറിച്ച് പറയാനേ എനിക്കറിയൂ ...

 

 

തന്നെ ആക്രമിച്ച് കീഴ്പ്പെടുത്തി ഒരു പോരുകോഴിയെ പോലെ കിടന്നുറങ്ങുന്ന ഗിരീഷിന്റെ ആ വിയർത്ത ദേഹത്തിനരികിൽ കിടന്ന്, മേൽക്കൂരയിലെ ചില്ല് ഓടിലൂടെ ഏറെക്കാലത്തിനുശേഷം ചിത്ര ആകാശം കാണുന്നു. ചന്ദ്രന്റെ ഒരു പൊട്ട് കാണുന്നു. മറ്റൊരു പുലരിയിലേക്ക് തൈമൂറിന്റെ കാതടപ്പിക്കുന്ന കൂവൽ കേട്ട് ദേഹം മുഴുവൻ വേദനിച്ചുകൊണ്ട് അവൾ എഴുന്നേൽക്കുന്നു. 

 

അടുക്കളയിൽ ചെന്ന് തൈമൂറിനുള്ള തീറ്റ തയാറാക്കി, കുറച്ച് മുളകുപൊടിയുമായി പേനാക്കത്തിയും ചരടും എടുത്ത് അവൾ പുറത്തേക്കിറങ്ങുന്നു. മുൻപേ തന്നെ നഖം വെട്ടി ഒരുക്കിയിരുന്ന തൈമൂറിന്റെ കാലുകളിൽ കത്തി വെച്ച് കെട്ടുന്നു. അവനെ കൂട്ടിൽ നിന്നിറക്കി ഓമനിച്ചു കൊണ്ട് പറയുന്നു. ‘എന്തൊരു ഭാരം ചെക്കന്’

 

ഇനി കഥാകാരിയുടെ വാക്കുകൾ ...

 

പിന്നെ അവന്റെ തീറ്റയുമെടുത്തു കിടപ്പുമുറിയിലേക്ക് ചെന്നു. തീറ്റ മുഴുവൻ ഗിരിയുടെ മേലേക്ക് വലിച്ചെറിഞ്ഞു. ഗിരി ഞെട്ടിപ്പിടഞ്ഞുണർന്ന് ഒന്നും മനസ്സിലാവാതെ, ഉറക്കം മാറാത്ത കണ്ണുകളോടെ അന്തംവിട്ടു നോക്കുമ്പോൾ തൈമൂറിന്റെ പിറകിലെ ചിറകുകൾ മാറ്റി അവിടെ മുളകുപൊടി തേച്ചു പിടിപ്പിച്ച്, അവനെ ഗിരിയുടെ നേരെ പറത്തി വിട്ട് അവൾ അലറി.

 

‘‘തൈമൂ...’’

 

കാലിലെ ആയുധവും വച്ച് തൈമൂർ തന്റെ ജീവിതത്തിലെ കന്നി അങ്കം മനുഷ്യനുമായി നടത്തുമ്പോൾ, മനുഷ്യന്റെ കഴുത്തിൽ നിന്ന് ചീറ്റിയ ചോരയിൽ തൈമൂറിന്റെ ചിറകും തൂവലുകളും കുതിരുമ്പോൾ ചിത്ര കമറുതാത്തയുടെ വീട്ടിലേക്ക് നടന്നു. വാതിലിൽ മുട്ടി വിളിച്ചു; 

 

 

‘‘ഇത്താത്ത നിങ്ങക്ക് പോരു കാണണ്ടേ ? തൈ മൂറിന്റെ പോര് ?’’

 

 

എന്നെഴുതി സായ്റ കഥ അവസാനിപ്പിക്കുമ്പോൾ ഒരു കഥയ്ക്ക് സാധിക്കാവുന്നതിന്റെ പരമാവധി, എഴുത്തുകാരി സാധിച്ചെടുത്തിരിക്കുന്നു. ചോരയുടെ ചുവപ്പ് നമ്മുടെ മുമ്പിൽ തെളിയുന്നു. ഗിരി തിരികെ വന്നാൽ അവനോടു തൈമൂറിനെ പോരിന് കൊണ്ടുപോവാൻ പറയുമെന്ന് പറഞ്ഞ, കമറുതാത്തയും ചിത്രയും, തൈമൂർ എന്ന പോരുകോഴിയും നമ്മുടെ ഉള്ളിൽ എക്കാലത്തേക്കുമായി അടയാളപ്പെടുന്നു. 

 

മനുഷ്യരെ ഭ്രാന്തെടുപ്പിച്ച് പരസ്പരം പോരടിക്കാനും, ചുറ്റും കൂടി നിന്ന് അത് കണ്ട് ആർത്തു വിളിക്കാനും നമ്മൾ മനുഷ്യർ തന്നെ ഒരുങ്ങി ഇറങ്ങിയ വർത്തമാനകാലത്തിൽ തൈമൂർ എന്ന ഈ കഥയ്ക്ക് പല അർഥ തലങ്ങളുമുണ്ട് .

 

ഇനിയുമേറെ നല്ല കഥകൾ എഴുതാൻ സായ്റക്ക് കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട്, ഈ എഴുത്തിനു മുമ്പിൽ ഏറ്റവും വിനയത്തോടെ, സ്നേഹാദരങ്ങളോടെ... 

 

Content Summary: Vayanavasantham, column written by Abbas TP on Saira

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com