പുലവൃത്തം: സുസ്മേഷ് ചന്ത്രോത്തിന്റെ ഏറ്റവും പുതിയ കഥ

literature-writer-susmesh-chandroth-onam-premium
സുസ്മേഷ് ചന്ത്രോത്ത്
SHARE

പിൽക്കാലത്ത് അച്ഛനെത്തേടി ആരെങ്കിലും വരുമെന്ന് കരുണാകരൻ ഒരുകാലത്തും വിചാരിച്ചിരുന്നില്ല. വരാതിരിക്കട്ടെ എന്നാണ് ആഗ്രഹിച്ചതും. അതിനാൽ അച്ഛന്റെ മരണശേഷം മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞപ്പോൾ പലരും അന്വേഷിച്ചെത്താൻ തുടങ്ങിയത് കരുണാകരനെ പ്രയാസപ്പെടുത്താതിരുന്നില്ല. 

അത്തവണ, താമസിക്കുന്ന കെട്ടിടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് ഒാഫീസിലായിരുന്ന അയാൾക്ക് ഫോൺ ചെയ്തത്. 

‘താങ്കളെ അന്വേഷിച്ച്, ക്ഷമിക്കണം താങ്കളുടെ അച്ഛനെ അന്വേഷിച്ച് ഒരാളിവിടെ വന്നിരിക്കുന്നു.’ 

അയാൾ അറിയാതെ നാലുചുറ്റും നോക്കിപ്പോയി. വാമൂടി ധരിച്ച് ജോലി ചെയ്യുന്നവരും അവർക്കിടയിലൂടെ വാമൂടി ധരിക്കാതെ നീങ്ങുന്ന യന്ത്രമനുഷ്യരുമുള്ള തൊഴിൽസ്ഥലത്തുതന്നെയാണ് അയാളുള്ളത്. തുലഞ്ഞുപോകാത്ത പ്രേതമാണ് അച്ഛനെന്ന് അയാൾക്ക് അരിശം വന്നു. 
 

‘സർ, കിഴക്കേപ്പാടത്ത് കൊച്ചുണ്ണിയല്ലേ താങ്കളുടെ അച്ഛൻ..?’ 

സുരക്ഷാ ഉദ്യോഗസ്ഥൻ നിജസ്ഥിതി അറിയാനായി തിരക്കുന്നു. അച്ഛന്റെ ഓർമ പറഞ്ഞ് ഓഫീസിലേക്ക് നേരിട്ടുവരുന്നവരും വീട്ടിലേക്ക് വരുന്നവരും ശല്യമായിത്തുടങ്ങിയിരുന്നു. എങ്കിലും രോഷം അടക്കി കരുണാകരൻ മറുപടി നൽകി. 

‘അതെ. അങ്ങേര് േരിച്ചുപോയല്ലോ. ഇനി കാണാൻ പറ്റില്ല.’

‘ഞാനിക്കാര്യമെല്ലാം വന്നയാളോട് പറഞ്ഞു. ഭാഗ്യവശാൽ അയാൾക്കും അതെല്ലാം അറിയാം. കൊച്ചുണ്ണിസ്സാറിനെക്കാണാൻ സാധിക്കാത്തതിനാൽ മകനെക്കണ്ടാൽ മതിയെന്നാണ് അയാൾ പറയുന്നത്. എന്തുവേണം സർ ?’

കരുണാകരൻ കുറേനേരം ആലോചിച്ചിരുന്നു. പെട്ടെന്നൊരു തീരുമാനമെടുക്കണം. അതും മരിച്ചുപോയ ഒരാളുടെ കാര്യത്തിൽ. അയാൾ പറഞ്ഞു. 

‘എന്റെ ഒാഫീസിലേക്ക് വരാൻ അയാളോട് പറയാമോ...’

‘ഉറപ്പായും സർ.’ 

ഉച്ച കഴിഞ്ഞാണ് അതിഥി വന്നത്. 

‘എന്റെ പേര് അലക്സ്. നമ്മൾ തമ്മിൽ നേരിട്ട് പരിചയമില്ല. പക്ഷേ സാറിന്റെ അച്ഛനെ എന്റെ പപ്പയ്ക്ക് അറിയാം. അവർ തമ്മിൽ സുഹൃത്തുക്കളൊന്നുമായിരുന്നില്ല. എന്നാലും നല്ല പരിചയക്കാരായിരുന്നു.’ 

കരുണാകരൻ തെല്ല് വിസ്മയത്തോടെ ഇരുന്നു. കഥ കേൾക്കാനിരിക്കുന്ന കുട്ടിയെപ്പോലെ. അലക്സ് പറഞ്ഞു. 

‘ഭാഗ്യവാനായ മകനാണ് താങ്കളെന്ന കാര്യത്തിൽ കൊച്ചുണ്ണിസ്സാറിനെ അറിയുന്ന ആർക്കും തർക്കമുണ്ടാവില്ല.’

അയാൾ നിർവൃതിയോടെയല്ല അസ്വസ്ഥതയോടെയാണ് കേട്ടിരുന്നത്. ഇടയ്ക്കിടെ ഫോണിലൂടെ ആളുകൾ അച്ഛനെ അനുസ്മരിക്കുന്നു. നല്ല നല്ല കാര്യങ്ങൾ ഓർത്തുപറയുന്നു. എല്ലാം അവരുടെ സന്തോഷത്തിനുവേണ്ടിയാണ്. ആദ്യമെല്ലാം ധനസഹായത്തിനോ മറ്റെന്തെങ്കിലും കാര്യസാധ്യത്തിനോ ആണ് പലരും വിളിക്കുന്നതെന്ന് ധരിച്ചിരുന്നു. അതിനൊന്നുമല്ലെന്ന് ഉറപ്പായപ്പോൾ സമാധാനം വന്നെങ്കിലും അച്ഛനെക്കുറിച്ച് നല്ലത് കേട്ടിരിക്കാൻ പ്രയാസം തോന്നി. കാരണം അച്ഛനെക്കുറിച്ച് അയാളൊരിക്കലും നല്ലത് വിചാരിച്ചിരുന്നില്ല. 

‘സമയം വൈകിപ്പിക്കുന്നില്ല. മകളുടെ വിവാഹമാണ്. ആ വിവരമറിയിക്കാനാണ് ഞാൻ വന്നത്.’ 

ഇപ്പോൾ നടക്കുന്ന വിവാഹങ്ങളിൽ  ഉടലോടെ പങ്കെടുക്കുക എന്നത് അത്രത്തോളം പ്രാധാന്യം ആ വ്യക്തിക്ക് വധൂവരന്മാരുമായി ഉണ്ടെന്നതിന്റെ സാക്ഷ്യം കൂടിയായിരുന്നു. ക്ഷണക്കത്തും വധൂവരന്മാരുടെ ഫോട്ടോകളും മറ്റും അയാൾ കരുണാകരന് കൈമാറി. 

‘നേരിട്ടു പങ്കെടുക്കണമെന്ന് നിർബന്ധിക്കുന്നില്ല. ഒാൺലൈനായി സാറിന് വിവാഹം കാണാം.’ 

അതൊന്നുമല്ല അയാളെ മഥിച്ചത്. തന്റെ അച്ഛനും അലക്സിന്റെ പപ്പയുമായി അടുപ്പമണ്ടായിരുന്നു എന്നത് ശരി. അതിന്റെ പേരിൽ വിവാഹം ക്ഷണിച്ചതും മനസ്സിലാക്കാം. പക്ഷേ അച്ഛന് ഇതിലുള്ള പങ്കെന്താണ്. ഏതു വിധത്തിലാണ് അച്ഛൻ അലക്സിന്റെ പപ്പയുമായി ഗാഢമായ മൈത്രി പുലർത്തിയിരുന്നത്. അതിനെപ്പറ്റി ചോദിച്ചപ്പോൾ അലക്സും നിസ്സഹായനായി. 

‘അങ്ങനെ ചോദിച്ചാൽ...അങ്ങയുടെ അച്ഛൻ വളരെ പ്രധാനപ്പെട്ട ഒരാളായിരുന്നു എന്ന് എന്റെ പപ്പ എല്ലായ്പ്പോഴും പറയുമായിരുന്നു. പിന്നെ, മക്കളുടെ വിവാഹപ്രായമാകുമ്പോൾ കൊച്ചുണ്ണിസ്സാറിനെയോ അദ്ദേഹമില്ലെങ്കിൽ മക്കളെയോ ക്ഷണിക്കണമെന്നും പപ്പ പറഞ്ഞിട്ടുായിരുന്നു.’ 

അലക്സ് ഇത്ര ദൂരം സഞ്ചരിച്ചതിന്റെ ഗൗരവം മനസ്സിലായി. അയാളെ നിരാശപ്പെടുത്താതിരിക്കാൻ സ്വന്തം അച്ഛനോടുള്ള അഗാധമായ കൃതജ്ഞതയും കടപ്പാടും ബോധ്യപ്പെടുത്തും മട്ടിൽ അയാൾ മുഖഭാവത്തെ ക്രമീകരിച്ചു. അപ്പോഴും ഉള്ളിൽ ആശയക്കുഴപ്പമായിരുന്നു. ഒന്നാമത് അച്ഛന് സ്വജീവിതത്തിൽ എന്തെങ്കിലും പ്രധാന്യമുള്ളതായി അയാൾക്ക് തോന്നിയിരുന്നില്ല. രണ്ടാമത് തനിക്കുപോലും തോന്നാത്ത ആദരവാണ് അച്ഛനെ നേരിട്ടു കണ്ടിട്ടില്ലെന്ന് പറയുന്ന അലക്സ് പ്രകടിപ്പിക്കുന്നത്. എന്നുതന്നെയുമല്ല അച്ഛനോടുള്ള ആദരവിന്റെ കുറച്ചുഭാഗം അയാൾ തനിക്കുനേരെയും സൗജന്യമാധുര്യത്തോടെ വച്ചുനീട്ടുന്നുണ്ട്. 

കരുണാകരന് ഇതെല്ലാം ആരോടെങ്കിലും പറയണമെന്ന് തോന്നി. വേണമെങ്കിൽ ഒാഫീസിലെ ജീവനക്കാരുടെ മാനസിക സമ്മർദം കുറയ്ക്കാൻ സ്ഥാപിച്ചിട്ടുള്ള  റോബോട്ടിനോട് പറയാം. അയാളുടെ ചീഫ് പോലും, കുറ്റസ്സമ്മതം നടത്തുന്ന പുള്ളിയെപ്പോലെ റോബോട്ടിനോട് ഇടയ്ക്കിടെ സ്വകാര്യം പറയുന്നത് കാണാം. 

‘സർ, താങ്കളുടെയും കുടുംബത്തിന്റെയും അനുഗ്രഹം ഞങ്ങളുടെ മക്കളുടെ മേൽ ഉണ്ടാകണമെന്ന് പപ്പയ്ക്കുവേണ്ടി അപേക്ഷിക്കുകയാണ്.’ 

‘എല്ലാ ആശീർവ്വാദങ്ങളുമുണ്ടാകും.’ 

കരുണാകരൻ തിടുക്കത്തിൽ പറഞ്ഞു. അപ്പോളെല്ലാം അയാളുടെ ഹൃദയം അയാൾക്ക് അപരിചിതമായ ഭാഷയിൽ എന്തോ ഉച്ചരിക്കുന്നുണ്ടായിരുന്നു. അലക്സിന് കേൾക്കാൻ കഴിയുന്നതിനേക്കാളും പതുക്കെ.

അലക്സ് പോയശേഷം, സ്ത്രീരൂപം നൽകിയിട്ടുള്ള റോബോട്ട് അടുത്തുവന്നിട്ട് പതിയെ പാടി: 

‘മാനം പറക്ക്ണ ചക്കിപ്പരുന്തേ.. 

എങ്ങടമ്മേനേം അപ്പനേം നീയെങ്ങാ കണ്ടേ..

അപ്പനെ വിറ്റ് വടക്കോട്ടും പോയേ..

അമ്മയെ വിറ്റങ്ങ് തെക്കോട്ടും പോയേ..

അവരിന്നും വരവില്ല നാളേം വരവില്ല 

എങ്ങക്കാരോരുമില്ലെന്റെ ചക്കിപ്പരുന്തേ...’

പകർച്ചവ്യാധിയുടെ വൈറസ് ബാധിക്കുകയില്ലാത്ത യന്ത്രത്തിന്റെ മുഖത്തേക്ക് അയാൾ നോക്കി. കൃത്രിമബുദ്ധിയുടെ അനുഗ്രഹത്തിൽ റോബോട്ട് കാര്യം മനസ്സിലാക്കിയിരിക്കുന്നു. അയാൾ ഒന്നും പറഞ്ഞില്ല. റോബോട്ട് സൗമ്യമായി നിർദേശിച്ചു.

‘ഇത്തരം കാര്യങ്ങളൊന്നും താങ്കളെ ബാധിക്കുന്നതല്ല. ജോലി ചെയ്യൂ.’

വെളുത്ത നിറക്കാരന്റെ കൗശലത്തിൽ പ്രവർത്തിക്കുന്ന റോബോട്ടിന്റെ കൈ അയാളുടെ ചുമലിൽ പതിയെ പതിഞ്ഞു.

അന്നുരാത്രി സണ്ണി പാലസിലെ ഫ്ളാറ്റിൽ വന്നപ്പോൾ കതക് തുറന്നത് ഭാര്യയാണോ ഭാര്യയുടെ രൂപമുള്ള റോബോട്ടാണോ എന്ന് കരുണാകരന് സംശയം തോന്നി.‘എന്താ രൂക്ഷമായി നോക്കുന്നത്’ എന്ന് ഭാര്യ ചോദിച്ചപ്പോൾ അയാൾക്ക് അത് ഭാര്യ തന്നെയാണെന്ന് ഉറപ്പുവന്നു. ഒരു റോബോട്ട് ഒരിക്കലും മര്യാദ വിട്ട് പെരുമാറില്ല. വേഷം മാറുമ്പോൾ അയാൾ അലക്സ് വന്നതിനെപ്പറ്റി ചുരുക്കി വിവരിച്ചു. 

‘ഇതിപ്പോ നാലാമത്തെ ആളല്ലേ കുറച്ചു വർഷങ്ങൾക്കുള്ളിലായി കാണാൻ വരുന്നത്..?’

ആലോചിച്ചുനോക്കിയപ്പോൾ ഒരാൾ വന്ന വിവരം ഭാര്യയോട് പറയാൻ വിട്ടുപോയിട്ടുണ്ടെന്ന് കരുണാകരന് ഒാർമവന്നു. അതും കൂടി ചേർത്താൽ അച്ഛനെത്തേടി വരുന്ന അഞ്ചാമത്തെ ആളാണിത്. അഞ്ചും തനിക്ക് അപരിചിതർ. അച്ഛന് സുപരിചിതർ. ഭാര്യയോട് പോലും മറച്ചുവച്ച നാലാമത്തെ അതിഥി നേരിട്ട് പറഞ്ഞ കഥകൾ അയാൾ ഓർത്തെടുത്തു. അതോർക്കുമ്പോൾ മനസ്സിലുണ്ടാകുന്ന അവിശ്വസനീയതയുടെ കയ്പ്പുരസം അയാളുടെ മുഖചർമ്മപാളികളിൽ പരക്കുന്നു. അയാൾ ചുണ്ടുകൾ തമ്മിലമർത്തി വിലങ്ങനെ തലയാട്ടി. ഒരിക്കലുമത് സംഭവ്യമല്ലെന്ന് സ്വയം ഉറപ്പിക്കുന്നതുപോലെ.

മഹാമാരി മാറ്റി മറിച്ച ലോകമാണ് പുറത്തുകിടക്കുന്നത്. എത്ര വർഷങ്ങളായി അകത്തിരിപ്പ് തുടങ്ങിയിട്ടെന്ന് അയാൾ ഒാർത്തു. അവർ രണ്ടാളും ബാൽക്കണിയിൽ ചെന്നുനിന്നു. നിരത്തുകളിൽ ഇപ്പോൾ വാഹനങ്ങൾക്കിടയിൽ സഞ്ചരിക്കുന്നത് എലികളും നായ്ക്കളും കുറ്റിക്കാടുകളിലുള്ള ചെറുമൃഗങ്ങളുമാണ്. ആകാശത്ത് പൊലീസിന്റെ ഡ്രോണുകൾ പറക്കുന്നത് നോക്കിയശേഷം ഭാര്യ പറഞ്ഞു.

‘ജീവിച്ചിരുന്ന കാലത്ത് നിങ്ങൾക്കേറ്റവും വെറുപ്പ് നിങ്ങളുടെ അച്ഛനോടായിരുന്നല്ലോ. അതിന് പരലോകത്തിരുന്ന് അങ്ങേര് നടത്തുന്ന പ്രതികാരമായിരിക്കുമോ ഇതെല്ലാം’. 

അയാൾ മറുപടി പറയാതെ മറ്റു ചില കാര്യങ്ങൾ ഒാർത്തുകൊണ്ടു നിന്നു. 

അച്ഛന്റെ അച്ഛൻ ‘കുടച്ചോഴി’യായിരുന്ന കാര്യമാണ് പ്രധാനമായും ഒാർത്തത്. അറപ്പുരകളിലും പത്തായങ്ങളിലും സൂക്ഷിക്കുന്ന നെല്ലും എള്ളും മുതിരയും കപ്പയുമെല്ലാം ചെള്ളും ചാഴിയും തൊടാതിരിക്കാനും പകർച്ചവ്യാധികൾ പകരാതിരിക്കാനുമാണ് ഓണക്കാലത്ത് കുടച്ചോഴി കെട്ടിയാടിയിരുന്നത്. അക്കാലത്ത് മരണം വീടുകൾക്കരികെ പതുങ്ങിനടന്നിരുന്നു. വിജനമായ കുന്നുകളുടെ ഉച്ചിയിൽ ചിതകളെരിഞ്ഞു. വസൂരി വ്രണങ്ങളിലെ ചലവും പഴുപ്പും കത്തുന്ന മണം നാടിന്റെ മേൽപ്പോട്ടുയർന്ന് മേഘങ്ങളായി. ചന്ദനവും നെയ്യും കത്തുന്ന മണമായിരുന്നില്ല അത്. 

ചന്ദനവും മഞ്ഞളുമരച്ച് ദേഹത്തും മുഖത്തും പൂശി രണ്ടാം മുണ്ടു കെട്ടി തുണിത്തൊപ്പി വച്ചാണ് കുടച്ചോഴിയാവുന്നത്. കൈയിൽ മുള വിശറിയുണ്ടാവും. കുടച്ചോഴിവേഷത്തിലുള്ള അച്ഛാച്ഛനെ കിട്ടില്ലെന്ന് അയാളോർത്തു. അച്ഛനെപ്പോലും ശരിക്കും കിട്ടില്ല. അച്ഛൻ തൃപ്തിപ്പെടുത്താത്തവിധം പ്രാകൃതനായിരുന്നു. അപ്പോൾ അച്ഛാച്ഛന്റെ അച്ഛൻ എങ്ങനെയായിരുന്നിരിക്കണം...? 

തന്റെ അച്ഛനെ തനിക്ക് പരിചയപ്പെടുത്താനായിട്ട് ആദ്യം അന്വേഷിച്ചു വന്നയാളെ അയാൾക്ക് ഓർമ വന്നു. 

ഒരു ഞായറാഴ്ച ദിവസമായിരുന്നു അത്. വാമൂടി മാറ്റി സ്വന്തം മുഖം തന്നെ കാണിച്ചിട്ട് തമിഴ് നന്നായി കലർന്ന മലയാളത്തിൽ ആഗതൻ പറഞ്ഞു. 

‘ഇൗ നിമിഷം ജീവിതത്തിലുണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അതിന്റെ എക്സൈറ്റ്മെന്റ് വിവരിച്ചാൽ മാഡത്തിനും സാറിനും എത്രത്തോളം മനസ്സിലാകുമെന്നറിയില്ല. സർ, എന്റെ പേര് പുകഴേന്തി എന്നാണ്.’ 

തമിഴർക്ക് പതിവുള്ള ഉള്ളുതുറന്ന ചിരിയോടെ പുകഴേന്തി അറിയിച്ചു. യൗവനത്തിൽ കുറച്ചുകാലം അച്ഛൻ തമിഴ്നാട്ടിൽ ജോലി ചെയ്തിരുന്ന കാര്യം അയാളന്നേരം ഒാർത്തു. 

‘കൊച്ചുണ്ണിയേട്ടനെ ഞാനോ സഹോദരങ്ങളോ കണ്ടിട്ടില്ല. നന്നായി വെയിലേറ്റ് വിയർത്തിട്ടാണ് അദ്ദേഹം വരാറുള്ളതെന്ന് അപ്പ പറഞ്ഞ് കേട്ടിട്ടുണ്ട്. വാഹനം കിട്ടാതെ നടന്നിട്ടോ മറ്റോ അലഞ്ഞതുപോലെ.’ 

പുകഴേന്തിയെന്ന മധ്യവയസ്കന്റെ മുഖത്തേക്ക് നോക്കി അയാൾ അമ്പരന്നുനിന്നു. നാട്ടിൽ ഗതിയില്ലാതായപ്പോഴാണ് അച്ഛൻ വീട് വിട്ടുപോയതെന്ന് അമ്മ പറഞ്ഞ് അയാളും ജ്യേഷ്ഠനും കേട്ടിട്ടുണ്ടായിരുന്നു.

‘സർ, ഇന്ന് ആളുകൾക്ക് നന്ദിയില്ല. ഓർമയില്ല. ഈ മാസ്ക് ഇപ്പോ വന്നതൊന്നുമല്ല സർ. നമ്മുടെയെല്ലാം മുഖത്ത് അത് നേരത്തേതന്നെയുണ്ടായിരുന്നു.’ 

പുകഴേന്തി പറഞ്ഞപ്പോൾ കരുണാകരന് ലേശം ഈർഷ്യ തോന്നി.

‘പക്ഷേ കൊച്ചുണ്ണിയേട്ടൻ മാസ്ക് വയ്ക്കാത്ത ഒരാളായിരുന്നെന്ന് അപ്പയും അമ്മയും ഒരുപോലെ പറഞ്ഞറിയാം.’

പുകഴേന്തി അന്ന് അച്ഛനെപ്പറ്റി അങ്ങനെ പലതും പറഞ്ഞപ്പോൾ മറ്റുള്ളവരോട് സ്വതേ തോന്നാറുള്ള പുച്ഛത്തോടെയാണ് അയാൾ കേട്ടിരുന്നത്. ആ പുച്ഛത്തിന്റെ ഒരംശം താൻ തന്റെ അച്ഛന് നൽകുന്നതാണെന്ന് കരുണാകരന് മനസ്സിലായി.

നീണ്ടുനിന്ന വർത്തമാനത്തിനുശേഷം ഉപചാരങ്ങൾക്കൊന്നും നിൽക്കാതെ അന്നത്തെ ദിവസത്തിൽനിന്നും പുകഴേന്തി കടന്നുപോയി. പിന്നീടയാളെ കണ്ടിട്ടില്ല.

മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞ് വീണ്ടുമൊരാളെത്തി. കൊളംബോയിൽനിന്നുള്ള കെ. എം ജയവർദ്ധന. അയാളെക്കാൾ പ്രായം കുറവായിരുന്നു ജയവർദ്ധനയ്ക്ക്. സ്വീകരിച്ചിരുത്തി സംസാരം തുടങ്ങിയപ്പോൾ സിംഹള കലർന്ന ഇംഗ്ലീഷ് ഗ്രഹിക്കാൻ കുറച്ച് പ്രയാസവും പതിവുപോലെ വിരസതയും തോന്നി. 

‘ഞങ്ങളുടെ ഗ്രാമത്തിൽ ഒരു നാടോടിക്കഥയുണ്ട്. അത് സാറിന്റെ അച്ഛനെപ്പറ്റിയാണ്. പക്ഷേ ഞാനദ്ദേഹത്തെ അറിയില്ല.’

കരുണാകരൻ അതുകേട്ട് ഭാര്യയെ നോക്കി. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനാൽ അവൾ ചെവിയിൽ ഇയർ ഫോൺ ഉപയോഗിച്ചിരുന്നു. അതിഥിക്ക് അപമര്യാദയാവാതിരിക്കാൻ അത് താഴ്ത്തി വച്ചതിനാൽ പറഞ്ഞ കാര്യം കേട്ടിട്ടുണ്ടാവുമെന്ന് അയാൾ ഗ്രഹിച്ചു. അതിഥി ശാന്തനായിരുന്നു. വിമാനയാത്ര കഴിഞ്ഞ് ഏതോ ഹോട്ടലിൽ താമസിച്ച് ശുചിയായിട്ടാണ് വന്നിരിക്കുന്നത്. പിന്നെ കരുണാകരൻ നോക്കുമ്പോൾ ഭാര്യ തിരികെ ഇയർഫോൺ ചെവിയിൽ വച്ചിരിക്കുന്നതാണ് കണ്ടത്. 

‘ലങ്ക സമ സമാജ പാർട്ടിയെപ്പറ്റി സർ കേട്ടിട്ടുണ്ടാവും. എന്റെ ഫാദർ അതിന്റെയൊരു സജീവ പ്രവർത്തകനായിരുന്നു. ഒരിക്കൽ സാറിന്റെ അച്ഛൻ വന്നപ്പോൾ ഞങ്ങളുടെ വീട്ടുമുറ്റത്ത് ഒരു കറുത്ത കൊളമ്പൻ മാവ് നട്ടിരുന്നു. താങ്കളെപ്പോലെ ഞങ്ങൾക്കും വിശ്വസിക്കാൻ പ്രയാസമുണ്ട്. മാവ് ഇപ്പോഴും കായ്ക്കുന്നു സർ.’

തുടർന്ന് ജയവർദ്ധന കൈയിൽ കരുതിയിരുന്ന കാർഡ് ബോർഡ് പെട്ടി മുന്നിലേക്ക് നീക്കിവച്ചു. സാമാന്യത്തിലധികം വലുപ്പമുണ്ടായിരുന്നു അതിന്.

‘ഇന്നലെ പറിച്ച് പായ്ക്ക് ചെയ്തതാണ്. വിമാനത്തിനുള്ളിലെ ലഗേജ് കൈകാര്യത്തിനിടയിൽ കേടുപറ്റിക്കാണില്ലെന്ന് കരുതുന്നു.’ 

അയാൾ ജയവർദ്ധനയെയും ആ പെട്ടിയെയും നോക്കി. അച്ഛൻ ആ പെട്ടിക്കുള്ളിൽ സാന്നിദ്ധ്യമായി ഇരിക്കുന്നതുപോലെ തോന്നി. ഭാര്യ എണീറ്റുവന്നു. ഒാൺലൈൻ ക്ലാസുകൾ കഴിഞ്ഞ് മക്കളും എഴുന്നേറ്റുവന്നു. എല്ലാവരുടേയും മദ്ധ്യത്തിൽ അച്ഛന്റെ സാന്നിദ്ധ്യവും ഒാർമയും പെട്ടിയുടെ രൂപത്തിലിരുന്നു. 

അയാൾ അണുനാശിനി എടുത്ത് പെട്ടിയുടെ മേൽ നന്നായി തളിച്ചിട്ട് സാവകാശം പെട്ടി തുറന്നു. വൃത്തിയായി സൂക്ഷിച്ചിരുന്ന മാമ്പഴങ്ങളുടെ മണം അപ്പാർട്ട്മെന്റിൽ പരന്നു. 

‘ഇത് എന്റെ അച്ഛൻ നട്ട മാവിലുണ്ടായതാണെന്ന് ഉറപ്പുണ്ടോ?’ 

ഒരു മാമ്പഴം കൈയിലെടുത്തിട്ട് കരുണാകരൻ ചോദിച്ചു. തന്റെ നാട്ടിലെ ഒരാളും അതിഥിയോട് ഇങ്ങനെ സംസാരിക്കുകയില്ലെന്ന അതിശയഭാവത്തിലും ലേശം നിരാശയിലും ജയവർദ്ധന അയാളെ നോക്കി. 

‘സർ, വിമാനക്കൂലി കൊടുത്ത് അല്ലെങ്കിൽ ഞാനെന്തിന് ഇതിവിടെ കൊണ്ടുവരണം?’

അൽപനേരം നിശ്ശബ്ദമായിട്ട് ജയവർദ്ധന പറഞ്ഞു. 

‘മരങ്ങൾ വേരുകളിലൂടെ മരിച്ചവരോട് സംസാരിക്കുന്നുണ്ടാവും. അഴുകി ദ്രവിച്ച മാംസത്തോടായാലും ചാരത്തോടായാലും. മാമ്പഴത്തിൽ കിളി കൊത്തുമ്പോൾ എനിക്ക് വേദനിക്കാറുണ്ട് സർ.’ 

അന്നാണ് അച്ഛന്റെ സ്മരണയിൽ അയാൾ ആദ്യമായി ഒന്നുലഞ്ഞത്. കിളിച്ചുണ്ടിന്റെ നേർത്ത മൂർച്ച തന്റെ ചർമ്മത്തിൽ പോറലുണ്ടാക്കിയതായി അയാൾക്ക് അനുഭവപ്പെട്ടു. ജയവർദ്ധന തുടർന്നു. 

‘ഞങ്ങളുടെ നാട്ടിൽ കറുത്ത കൊളംബനും വെൈള്ള കൊളംബനും രണ്ടുതരം മാവുകളുണ്ട്. എന്തോ അങ്ങയുടെ പിതാവ് നട്ടത് കറുത്ത കൊളംബനാണ്.’ 

ജയവർദ്ധന തന്റെ വലുപ്പമുള്ള യാത്രാഭാണ്ഡം തുറന്നിട്ട് പാസ്പോർട്ടും മറ്റും സൂക്ഷിച്ചിട്ടുള്ള വേറൊരു സഞ്ചി പുറത്തെടുത്തു. അതിനുള്ളിൽ മടക്കിവച്ചിരുന്ന പത്രവാർത്തയും പടവുമെടുത്ത് അയാളുടെയും ഭാര്യയുടേയും നേരെ നീട്ടിക്കാണിച്ചു. 

‘ഞങ്ങളുടെ പാർട്ടിപ്പത്രത്തിൽ വന്ന വാർത്തയാണ് സർ. ഇതാണെന്റെ അച്ഛൻ.’

സിംഹള ഭാഷയിൽ വന്ന ആ വാർത്ത അയാൾക്കും ഭാര്യയ്ക്കും മനസ്സിലായില്ല. ഫോട്ടോയിലെ കറുപ്പിലും വെളുപ്പിലുമുള്ള അച്ചടിരൂപം ഒട്ടും പരിചയമുള്ളതുമായിരുന്നില്ല. എന്തായാലും അയാളുടെ അച്ഛനും തന്റെ അച്ഛനുമായി അചഞ്ചലമായ എന്തോ ബന്ധമുണ്ടായിരുന്നു എന്നത് അയാൾക്ക് തീർച്ചയായി. അല്ലെങ്കിൽ അങ്ങനെ വിശ്വസിക്കേിയിരിക്കുന്നു. അതിനുള്ള തെളിവുകളുമായിട്ടാണ് ജയവർദ്ധന വന്നിരിക്കുന്നത്. 

‘സർ, ഒരുകാലത്ത് ഞങ്ങൾ ജീവിച്ച ജീവിതം നിങ്ങൾക്കെത്ര കണ്ട് മനസ്സിലാകുമെന്നറിയില്ല. വെടിമരുന്നിന്റെ മണം കഴിക്കുന്ന ഭക്ഷണത്തിൽ ചുവയ്ക്കുമായിരുന്നു. നടത്തത്തിനുശേഷം കാലുകൾ അവശേഷിക്കുന്നുണ്ടെന്നത് ഒാരോ ദിവസം തീരുമ്പോളും ഞങ്ങൾക്ക് കിട്ടിയ അതിശയമായിരുന്നു.’ 

കരുണാകരൻ ലേശം അന്ധാളിപ്പോടെ ഇരുന്നു. ശ്രീലങ്കൻ ആഭ്യന്തരകലാപകാലത്തെല്ലാം തന്റെ അച്ഛൻ അവിടെയുണ്ടായിരുന്നു എന്നാണോ ജയവർദ്ധന പറയുന്നതെന്ന് ആലോചിച്ചു. അക്കാര്യം എടുത്തുചോദിച്ചാൽ അച്ഛനെ അവമതിക്കുന്നതായി തോന്നിയെങ്കിലോ എന്നുകരുതി അയാൾ വാ തുറക്കാൻ ശ്രമിച്ചില്ല. 

കിഴക്കേപ്പാടത്ത് കൊച്ചുണ്ണി എന്നല്ലാതെ അച്ഛനെപ്പറ്റി എന്താണ് അറിയാവുന്നത് എന്നാലോചിച്ചു. അച്ഛന്റെ ബാല്യം, കൗമാരം, യൗവനം, വാർദ്ധക്യം.. കേട്ടറിവുകളുടെയും കുറച്ച് നേരിട്ടറിവുകളുടേയും മിച്ചമൂല്യം എത്രയാണെന്ന് തിരക്കും പോലെയൊരു ശ്രമം.

വീണ്ടും ഇന്ത്യയിൽ വരുമ്പോൾ കാണാമെന്ന് പറഞ്ഞാണ് അന്ന് ജയവർദ്ധന പിരിഞ്ഞത്. പിന്നീട് വിളിക്കുകയോ നേരിട്ട് വരികയോ ഉണ്ടായിട്ടില്ല. മെല്ലെ ജയവർദ്ധനയെ അയാൾ വിസ്മൃതിക്ക് സമ്മാനിച്ചു. എന്നിട്ടും കൊളംബോയിൽ അച്ഛൻ എന്നോ നട്ട മാവ് വളരുന്നു എന്ന ചിന്ത അയാളെ വിട്ട് പോയതേയില്ല. 

വീണ്ടും മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞു. അതിനെല്ലാമിടയിലാണ് അയാൾക്കൊരു ഇ-മെയിൽ സന്ദേശം വന്നത്. പരിചിതമായതിനാൽ അമ്പരപ്പ് തോന്നിപ്പിക്കാതായ വാർത്തയായിരുന്നു സന്ദേശത്തിൽ. 

‘താങ്കളുടെ അച്ഛന്റെ പഴയ സ്നേഹിതനാണ് എന്റെ പിതാവ്. ഒന്നുനേരിൽ കാണാൻ ആഗ്രഹിക്കുന്നു. വരേണ്ട് ദിവസവും സമയവും ദയവായി അറിയിക്കുക.’

ഇത്തവണത്തെ അതിഥി അച്ഛന്റെ സുഹൃത്താവുമെന്ന് അയാളോ അയാളുടെ ഭാര്യയോ മക്കളോ സ്വപ്നത്തിൽപ്പോലും വിചാരിക്കാത്ത ഒരാളായിരുന്നു. ലോകമെങ്ങും വ്യവസായസമ്രാജ്യമുള്ള മുഹമ്മദ്. 

‘ഇത് നിങ്ങളെ കബളിപ്പിക്കാൻ ആരോ മനപ്പൂർവ്വം ചെയ്യുന്നതാണ്. ഈ കോടീശ്വരനും നിങ്ങളുടെ അച്ഛനും തമ്മിലെന്ത് ബന്ധം..?’

ഭാര്യ തറപ്പിച്ച് പറഞ്ഞപ്പോൾ കരുണാകരന് അത് വിശ്വസിക്കാതിരിക്കാനായില്ല. അയാൾ മുഹമ്മദിന് മറുപടിയയച്ചത് തന്നെ കാണാൻ വരേണ്ടെ അനുവദിക്കുന്ന ദിവസം താൻ അദ്ദേഹത്തെ വന്നുകണ്ടുകൊള്ളാമെന്നുമായിരുന്നു. എന്നാൽ കൊച്ചുണ്ണിയുടെ മകനെ താനാണ് വന്നുകാണേണ്ടെതെന്ന് മറുപടി അയച്ച് മുഹമ്മദ്  വീണ്ടും അയാളെ നടുക്കി. ഇത്തവണ അയാൾ വല്ലാതെ സ്തബ്ധനായി. അച്ഛനെക്കുറിച്ച് ആലോചിക്കാതെ ഒരുനിമിഷവും അയാൾക്ക് തള്ളിനീക്കാൻ സാധിക്കാതായി. 

അനുവദിച്ച തീയതിയിൽ പറഞ്ഞ സമയത്ത് സണ്ണി പാലസിന്റെ കവാടം കടന്ന് മുഹമ്മദിന്റെ കാർ വന്നു. അകമ്പടി വാഹനങ്ങളും സുരക്ഷാവാഹനങ്ങളും വേറെ. കവാടത്തിലെ സെക്യൂരിറ്റിക്ക് നേരത്തെ നിർദ്ദേശം കിട്ടിയിരുന്നതിനാൽ അവരും ജാഗരൂകരായിരുന്നു. നാല് അംഗരക്ഷകരുടെ സാന്നിദ്ധ്യത്തിൽ മുഹമ്മദ് ഫ്ളാറ്റിലേക്ക് വന്നപ്പോൾ അതുകാണാൻ ആരോഗ്യവകുപ്പിന്റെ വിലക്കിനെ മറികടന്ന് ജനം തിരക്കുണ്ടാക്കി. 

ആറടിയോളം ഉയരമുള്ള വെളുത്തു സുമുഖനായ മദ്ധ്യവയസ്കനായിരുന്നു മുഹമ്മദ്. പക്ഷേ കുറച്ചുനേരം സംസാരിച്ചു കഴിഞ്ഞപ്പോൾ മനസ്സിലായത് അയാൾ പ്രായത്തെ ഒളിപ്പിച്ച വൃദ്ധനാണെന്നാണ്. സ്വീകരണമുറിയിൽ അയാളും ഭാര്യയും മക്കളും അമ്പരപ്പ് മറയ്ക്കാനാവാതെ നിന്നു. മുഹമ്മദാണ് അവരോട് ഇരിക്കാൻ പറഞ്ഞത്. എന്നിട്ട് ഉച്ചരിച്ചു. 

‘കൊച്ചുണ്ണിക്ക് പ്രസക്തിയേറുന്നു...’

ദേഹത്ത് ചുളിവുകൾ വീഴാത്ത മുഹമ്മദ് എന്ന വൃദ്ധനെ അയാൾ നോക്കി. വൈദ്യസഹായത്തോടെ രോഗങ്ങളെ തുരത്തി ആയുസ്സ് നീട്ടാൻ പാങ്ങുള്ള ധനാഢ്യരെക്കുറിച്ച് വാർത്താമാധ്യമങ്ങളിൽ ഇടക്കിടെ വരാറുള്ള വൃത്താന്തങ്ങൾ അയാൾ ഒാർത്തെടുത്തു. മുഹമ്മദിനിപ്പോൾ എത്ര വയസ്സ് കാണും. അന്നേരമാണ് അച്ഛൻ ഏതുവർഷമാണ് വിട പറഞ്ഞതെന്ന് അയാൾ ആലോചിച്ചത്. ഒാർമ കിട്ടിയില്ല അയാൾക്ക്. ഏതായാലും അച്ഛൻ ജീവിച്ചിരുന്നെങ്കിൽ ന്യായമായും മുഹമ്മദിന്റെ ആയുസ്സ് കിട്ടുമായിരുന്നില്ല. അച്ഛൻ ഇടത്തരം വരുമാനക്കാരനായ സാധാരണക്കാരനായിരുന്നു. അച്ഛന്റെ അച്ഛൻ പാടത്തെ പണിക്കാരനായിരുന്നു. അദ്ദേഹത്തിന്റെയും അച്ഛൻ അടിമയായിരുന്നു. അയാൾക്ക് ലജ്ജ അനുഭവപ്പെട്ടു.  

‘പുറമ്പോക്കിലെ കുടികിടപ്പവകാശം കൈവശപ്പെടുത്തുന്നതിനുള്ള കോടതിവ്യവഹാരത്തിലൂടെയാണ് അവരിരുവരും കൂട്ടുകാരായത്. വസ്തു രണ്ടാക്കി വീതിക്കാനായിരുന്നു കോടതിയുടെ തീരുമാനം.’

യൗവനം തിരികെക്കിട്ടിയ പല്ലുകൾ വെളിപ്പെടുത്തി മുഹമ്മദ് ചിരിച്ചു. 

‘പക്ഷേ കൊച്ചുണ്ണിക്ക് വസ്തു വിഭജിക്കുന്നതിനോട് താൽപര്യമുണ്ടായിരുന്നില്ല. എന്റെ പിതാവും അതിനോട് യോജിച്ചു. കോടതി ഉത്തരവ് പാലിക്കേണ്ടതായ വിധത്തിലേക്ക് കാര്യങ്ങൾ മാറി മറിഞ്ഞതിനാൽ അത് സംഭവിച്ചുപോയി...ആ വിഭജനമാണ് നമ്മളെ തമ്മിലകറ്റിയത്. ക്ഷമിക്കണം, നമ്മളെയല്ല, നമ്മുടെ പൂർവ്വീകരെ.’

കേൾക്കുന്നതെല്ലാം ചെവികളുടെ പിശകാണെന്ന മട്ടിൽ ഇരിക്കുകയാണ് അയാൾ ചെയ്തത്. അതേ കഴിയുമായിരുന്നുള്ളൂ. അച്ഛന് ഏതെങ്കിലും സ്വത്ത് കോടതി വ്യവഹാരം നടത്തിക്കിട്ടിയതായി അയാൾക്ക് അറിവുണ്ടായിരുന്നില്ല. അയാളുടെ ഏറ്റവും പഴക്കമുള്ള ഒാർമയിൽ അവർ ഒാല കുത്തി മറച്ച കുടിലിലാണ് കിടന്നിരുന്നത്. ശേഷം ചുമരുകളുള്ള ഒറ്റമുറിയായി മാറി. പിന്നീടതിന് ചായ്പ്പ് വന്നു. വളരെക്കാലം കഴിഞ്ഞാണ് നല്ലൊരു വീടിന്റെ ആകൃതി അതിന് കിട്ടുന്നത്. 

‘കൊച്ചുണ്ണി ഒരുപാട് വേദനിച്ചിരുന്നു...’

മുഹമ്മദ് പറഞ്ഞപ്പോൾ കരുണാകരൻ വിക്കി. 

‘സർ.. എന്റെ അച്ഛൻ.. കിഴക്കേപ്പാടത്തെ...’

മുഹമ്മദ് അയാളെ കൈയെടുത്ത് വിലക്കി. എന്തിനെന്ന് നോക്കിനിന്നവർക്കും മനസ്സിലായില്ല. 

‘വളരെ മോശം കാലമാണിതെന്ന് പറയാതെ കരുണാകരന് അറിയാമല്ലോ. ഹസ്തദാനം പോലും നമ്മൾ മറന്നുപോയില്ലേ..?’ 

കരുണാകരൻ അറിയാതെ തലയനക്കി. മുഹമ്മദും കുറേനേരം മിണ്ടാതിരുന്നു. എന്നിട്ട് തുടർന്നു. 

onam-specia-literature-writer-susmesh-chandroth
സുസ്മേഷ് ചന്ത്രോത്ത്

‘ഒൗഷധം കണ്ടുപിടിക്കാനാവാത്ത മഹാമാരി ലോകമാകെ പടരുന്നു. ആളുകൾ ചത്തൊടുങ്ങുന്നു. എന്നിട്ടും പലയിടങ്ങളിലും യുദ്ധം നടക്കുന്നു. വിമാനത്തിന്റെ ചക്രങ്ങളിൽ മനുഷ്യച്ചോര പുരളുന്നതിനെപ്പറ്റി നമ്മളെന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ... അല്ലെങ്കിൽ കേട്ടിട്ടുണ്ടോ... ഇല്ല. മഹായുദ്ധകാലങ്ങളിൽപ്പോലും ഇതൊന്നും സംഭവിച്ചിട്ടുണ്ടാവില്ല.’

വർത്തമാനങ്ങൾ അങ്ങനെ നീണ്ടുപോയി. മുഹമ്മദ് എന്ന മനുഷ്യന് ആള് തെറ്റിക്കാണുമെന്ന് തോന്നിയെങ്കിലും തിരുത്താൻ കരുണാകരൻ ശ്രമിച്ചില്ല. അയാൾക്ക് സ്വന്തം അച്ഛനെ അംഗീകരിക്കേണ്ടെന്നാണ് അന്നേരത്തും തോന്നിയത്. കുറേനേരം ഇരുന്നിട്ട് പരിവാരസമേതം മുഹമ്മദ് മടങ്ങി. എന്തിനാണ് അദ്ദേഹം വന്നതെന്ന് കരുണാകരന് എത്രയാലോചിച്ചിട്ടും മനസ്സിലായില്ല. പക്ഷേ വിമാനച്ചക്രങ്ങളിലെ മനുഷ്യച്ചോര എന്നത് മറക്കാനുമായില്ല. 

‘എന്താണൊരു വല്ലാത്ത ആലോചന..?’ 

കരുണാകരനോട് ഭാര്യ ചോദിച്ചു. 

അച്ഛനെ തിരക്കിവന്ന വെളിപ്പെടുത്താത്ത അതിഥിയെക്കുറിച്ച് ഓർക്കുകയായിരുന്നു അയാൾ. ഊഴമനുസരിച്ച് അച്ഛന്റെ സന്ദർശകരിലെ നാലാമൻ. പുകഴേന്തിയും അലക്സും ജയവർദ്ധനയും മുഹമ്മദും പറയാത്തതും അവർ പോലും അറിയാത്തതുമായ ആ വിശേഷങ്ങൾ പറയാൻ മാത്രം ജീവിച്ചിരിക്കുന്നതുപോലെ വൃദ്ധനായിരുന്നു നാലാമൻ. 

‘ഒന്നുമില്ല. എന്റെ അച്ഛൻ ഇതിനൊന്നും അർഹനായിരുന്നില്ല. വേറെയാരുടെയോ തന്തയെയാണ് ഇപ്പോൾ പലരും എന്റെ തന്തയായി കരുതുന്നതെന്ന് തോന്നുന്നു. നാശം പിടിക്കാൻ.’ 

കരുണാകരൻ അമർഷത്തോടെ പറഞ്ഞു. അയാളുടെ ദേഷ്യം കപ്പോൾ ഭാര്യ സംസാരം നീട്ടിയില്ല. 

അങ്ങനെയുള്ള ജീവിതത്തിലെ ദിവസങ്ങൾ കുറേയടർന്നപ്പോൾ അയാളിലേക്കെത്തുന്ന സന്ദർശകരുടെ എണ്ണം കൂടി. അവസാനം അച്ഛൻ അയാൾക്കൊരു ബാധയായി മാറി. നൂറുകണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ച് നേരിട്ട് ആളുകളെ കൂട്ടി ചെയ്യാനാവുന്ന ചാവുതുള്ളലും പൂപ്പടതുള്ളലും അടിയന്തിരപ്പാട്ടും മുതൽ കംപ്യൂട്ടറിൽ ചെയ്യാൻ കഴിയുന്ന ഉച്ചാടനം വരെ കരുണാകരൻ നടത്തിനോക്കി. ബാധ പോകുന്നില്ലെന്ന് എല്ലാ ഉത്തരങ്ങളും അയാളെ അറിയിച്ചു. 

ഒരുദിവസം കരുണാകരൻ ഒാഫീസിൽ നിന്നിറങ്ങിയത് മനസ്സിലെടുത്ത തീരുമാനത്തോടെയാണ്. കാറോടിക്കുമ്പോളും പലവട്ടം വേണോ വേണ്ടയോ എന്നാലോചിച്ചുനോക്കി. ഒടുക്കം തീരുമാനം നടപ്പാക്കാൻ അയാളുറച്ചു. അപ്പോളേക്കും അച്ഛന്റെ ഒാർമ്മകൾ പങ്കിടാൻ വരുന്നവരുടെ എണ്ണം ഇരുപത്തിമൂന്ന് പിന്നിട്ടിരുന്നു. 

‘സർ, പറയുമ്പോൾ ഒന്നും വിട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കണം. ഉദാഹരണത്തിന് കിഴക്കേപ്പാടത്ത് കൊച്ചുണ്ണി തലയിൽ വച്ചിരുന്ന ഹെയർ ഒായിലിന്റെ മണം പോലും കൃത്യമായി ഞങ്ങൾക്കറിയണം. വിയർപ്പിന്റെ മണം. മറ്റ് മാനറിസങ്ങൾ...പിന്നെ ശബ്ദത്തിന്റെ സാമ്പിളില്ലാത്തതിനാൽ അതിനെ സംബന്ധിച്ച കൃത്യമായ വിവരണം.. എല്ലാം...’

റോബോട്ടുകളെ വിതരണം ചെയ്യുന്ന കമ്പനിയിലെ ഉദ്യോഗസ്ഥനു മുന്നിൽ അച്ഛനെക്കുറിച്ച് അറിയാവുന്നതും മനസ്സിലാക്കിയതുമായ എല്ലാം രേഖപ്പെടുത്തിയ ഫയൽ കരുണാകരൻ കൈമാറി. അതെല്ലാം നോക്കിയിട്ട് ഉദ്യോഗസ്ഥൻ അയാളോട് വിശദമായി സംസാരിച്ചു. എന്നിട്ടും ചില കണ്ണികൾ കൂടുന്നില്ലെന്ന് ഇരുവർക്കും തോന്നി. 

‘സർ, താങ്കൾ എന്തോ കൂടി ബാക്കി വയ്ക്കുന്നുണ്ട്’.

ഉദ്യോഗസ്ഥൻ പറഞ്ഞപ്പോൾ അത് സമ്മതിക്കും മട്ടിൽ അയാൾ തലയാട്ടി. അടിമകളുടെ പരമ്പരയുടെ ചരിത്രം മുതൽ വർത്തമാനം വരെ ഫയലിലുണ്ടെങ്കിലും നിർണ്ണായക വിവരങ്ങൾ ഇനിയും ബാക്കിയാണ്. അത് പറയണമോ വേണ്ടയോ എന്നാണ് അയാൾ ആലോചിച്ചത്. ഒടുവിൽ അച്ഛന്റെ പൂർണരൂപം ആ വിവരങ്ങളുടെ അസാന്നിദ്ധ്യത്തിൽ അപൂർണമാണെന്ന് മനസ്സിലാക്കി അയാൾ മുന്നോട്ടാഞ്ഞു. താൻ വാങ്ങാൻ പോകുന്ന റോബോട്ടിൽ എന്തെല്ലാം വേണമെന്ന് തീരുമാനമെടുക്കുന്ന വിഭാഗത്തിലെ ഉദ്യോഗസ്ഥന്റെ മുന്നിൽ ആ നാലാമന്റെ വിവരണങ്ങൾ അയാൾ വെളിപ്പെടുത്തി. 

‘സർ, ഇപ്പോൾ എല്ലാം കൃത്യമായി എന്ന് കരുതുന്നു.’ 

കരുണാകരന് ഒന്നും പറയാനായില്ല. പക്ഷേ അയാൾ വിങ്ങിക്കരയുകയായിരുന്നു. 

ദിവസങ്ങൾ കഴിഞ്ഞ് പറഞ്ഞദിവസം റോബോട്ടുമായി കമ്പനിയധികൃതർ സണ്ണി പാലസിലെ പതിനെട്ട് സി ഫ്ളാറ്റിലെത്തി. സ്വീകരണമുറിയിൽ വച്ച്, റബ്ബറും തെർമോക്കോളും പ്ലാസ്റ്റിക് ശീലയുമെല്ലാമുപയോഗിച്ച് പൊതിഞ്ഞിരുന്ന റോബോട്ടിനെ പെട്ടിയിൽനിന്നും പുറത്തെടുത്തപ്പോൾ അയാൾക്ക് ജയവർദ്ധന കൊണ്ടുവന്ന മാമ്പഴപ്പൊതി അഴിച്ചത് ഓർമ വന്നു. കൂട്ടവും ജന്മവും ചൊല്ലി അടിയന്തിരപ്പാട്ട് പാടുന്ന അജ്ഞാതരൂപികളുടെ സാന്നിദ്ധ്യവും അയാൾക്കോർമവന്നു. 

റോബോട്ടിനെ പ്രവർത്തനക്ഷമമാക്കിയ നിമിഷം വീട്ടിലുയർന്ന കൈയടികൾക്കിടയിൽ അയാൾ ബാൽക്കണിയിലേക്ക് നടന്നു. എത്രനേരം ബാൽക്കണിയിൽ നിന്നു എന്ന് അയാൾക്കോർമ്മയില്ല. കരുണാകരാ... എന്ന വിളികേട്ടാണ് അയാൾ തിരിഞ്ഞത്. ബാൽക്കണിയിലേക്കുള്ള വാതിലിനരികിൽ കൊച്ചുണ്ണിയെന്ന പഴയ മനുഷ്യന്റെ സ്വഭാവഗുണങ്ങളും മണവും നിറവും ചിന്താശീലവും പെരുമാറ്റരീതികളുമുള്ള റോബോട്ട് നിന്നിരുന്നു. 

ഒരുകാലത്തും താൻ അച്ഛനെ അംഗീകരിക്കാതിരുന്നത് അച്ഛൻ മനസ്സിലാക്കുമോ എന്ന് അയാളപ്പോൾ ഭയന്നു. കൃത്രിമബുദ്ധിയുടെ തോത് കുറയ്ക്കാനാവില്ലെന്ന് കമ്പനി അധികൃതർ മുന്നേ പറഞ്ഞിരുന്നു. അതായത് ശരിക്കുള്ള അച്ഛന്റെ യന്ത്രരൂപമാണ് കമ്പനി നൽകിയിരിക്കുന്നത്. എന്തായാലും കൊച്ചുണ്ണി റോബോട്ട് ഭൂതകാലവിചാരണയ്ക്ക് മുതിർന്നില്ല.

അയാളുടെ മക്കൾ ‘അച്ഛാച്ഛാ’ എന്നും അയാളും ഭാര്യയും ‘അച്ഛാ’ എന്നും വിളിച്ചപ്പോൾ റോബോട്ട് വിളികേട്ടു. യന്ത്രമായി മാറിയ കൊച്ചുണ്ണിയുടെ ഭൂതരൂപം ഭാവിയിലെ യന്ത്രമായി മാറാൻ പോകുന്ന ആ മനുഷ്യരോട് തനിക്ക് അനുവദിച്ചിട്ടുള്ള ബുദ്ധിയുടെ വികാസസീമകളിലൂടെ സംവദിച്ചു. 

ക്രമേണ എല്ലാം പഴയ പടിയായി. കരുണാകരന് കുറച്ച് സമാധാനം വന്നു. അച്ഛൻ വീട്ടിലെ ഒരംഗമായി. യന്ത്രമായിരുന്നതിനാൽ ഒരു മനുഷ്യനുണ്ടാക്കുന്ന പൊല്ലാപ്പുകളൊന്നുമുണ്ടായിരുന്നുമില്ല. 

മാസങ്ങളോ വർഷങ്ങളോ അങ്ങനെ നീങ്ങിപ്പോയി. ലോകം പുറത്ത് അതേപടി കെട്ടുകിടന്നു. 

ഒരു ഞായറാഴ്ച ദിവസം സണ്ണി പാലസിലെ സുരക്ഷവിഭാഗത്തിന്റെ തലവൻ പതിനെട്ട് സിയിലേക്ക് വിളിച്ചു. അയാൾ ക്ഷൗരം ചെയ്യുകയായിരുന്നു. ഭാര്യ ഒാൺലൈൻ ജോലികളിലും. ഇന്റർകോം എടുത്തത് അച്ഛനാണ്. 

‘അതെ, കിഴക്കേപ്പാടത്ത് കൊച്ചുണ്ണിയുടെ മകന്റെ ഫ്ളാറ്റാണ്.’ 

റോബോട്ട് പറയുന്നതിന് അയാൾ ക്ഷൗരത്തിനിടയിൽ ചെവിയോർത്തു. 

‘സന്ദർശകനോ... എനിക്കോ.. ശരി. വരാൻ പറയൂ.’

തനിക്കുള്ള അതിഥിയെ സ്വീകരിക്കുന്നതിനായി അച്ഛൻ നീങ്ങുന്നത് അയാൾ കണ്ണാടിയിലൂടെ കണ്ടു. അത് എത്രാമത്തെ അതിഥിയാണെന്ന് ഒാർക്കാൻ ശ്രമിച്ചുകൊണ്ട് അയാൾ ക്ഷൗരം തുടരുകയും ചെയ്തു. 

കുറിപ്പുകൾ :

1) പുലവൃത്തം - ഭാഷാവൃത്തങ്ങളിലൊന്ന്.

2) കുടച്ചോഴിക്കളി - പുലയസമുദായത്തിലെ കർഷകത്തൊളിലാളികളുടെ ആടിക്കളി. അന്നവും ജോലിയും തന്ന് തങ്ങളെ സംരക്ഷിക്കുന്ന വീട്ടുകാരെ വസൂരി പോലുള്ള പകർച്ചവ്യാധികളിൽനിന്നും രക്ഷിക്കുന്നതിനായിട്ടാണ് കർഷകർ കുടച്ചോഴിക്കളി നടത്തുന്നത്. ചിങ്ങമാസത്തിലെ കൊയ്ത്തും മെതിയും കഴിഞ്ഞാണ് ഇത്. 

3) പൂപ്പടതുള്ളൽ - പുലയ സ്ത്രീകൾ തെങ്ങിൻ പൂക്കുല കൈയിലേന്തി വട്ടത്തിലിരുന്ന് ദേഹമനക്കി തുള്ളുന്നതാണ് പൂപ്പടതുള്ളൽ. പ്രേതങ്ങളെ കളത്തിൽ വരുത്തി തുള്ളിക്കുന്നതായിട്ടാണ് വിശ്വാസം. 

4) ചാവുതുള്ളൽ - മരിച്ചുപോയിട്ടുള്ള പരേതാത്മക്കളെയാണ് ‘ചാവു'കൾ’ എന്നു പറയുന്നത്. പരേതാത്മാക്കളെ ആരാധിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന മന്ത്രവാദം.

5) അടിയന്തിരപ്പാട്ട് - പതിനാറടിയന്തിരം കഴിഞ്ഞ് പരേതന്റെ ബന്ധുവിന്റെ  ദേഹത്തിലേക്ക് പ്രേതത്തെ ആവാഹിച്ച് മരണകാരണങ്ങളും കുടുംബത്തിലെ അനർത്ഥങ്ങളും പറയിപ്പിക്കുന്ന ആചാരം. തുടി കൊട്ടിപ്പാടുന്ന അടിയന്തിരപ്പാട്ടിൽ മരിച്ചുപോയ ആളുടെ ചരിത്രമുണ്ടാകും. 

6) കൂട്ടം– കുലം 

Content Summary -  Pulavrutham, short story written by Susmesh Chandroth

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA