അപര വേദന എഴുതുമ്പോൾ

Susan Sontag
സൂസൻ സൊന്റാഗ്. PHOTO: JENS-ULRICH KOCH/AFP
SHARE

ഭാവനാസാഹിത്യത്തോടു താരതമ്യം ചെയ്യുമ്പോൾ സാഹിത്യസിദ്ധാന്തമോ നിരൂപണമോ അത്ര ശോഭനമായ കാര്യമല്ല. സാഹിത്യ വിമർശകന്റെ ജീവിതം വെറുപ്പിക്കുന്ന ആത്മരതിയുടെയും പരപുച്ഛത്തിന്റെയും നാളുകളിലേക്കു പോകാനാണു സാധ്യത കൂടുതൽ. സാഹിത്യ വിമർശം താണ കലയാണെന്നു തോന്നിയിട്ടാവണം നോവലിസ്റ്റിന്റെ പെരുമയാണു സൂസൻ സൊന്റാഗ് എന്നും ആഗ്രഹിച്ചത്. തുടരെത്തുടരെ നോവലുകളെഴുതിയിട്ടും വായനക്കാർക്ക് സൂസൻ സൊന്റാഗ് നോൺഫിക്‌ഷൻ എഴുതുന്ന ആൾ മാത്രമായി തുടർന്നു. അവരുടെ ഗദ്യം ഉന്നതമായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ അമേരിക്കൻ- യൂറോപ്യൻ സാഹിത്യത്തിന്റെ ഗതി മാറ്റിയ, വായനക്കാരുടെ അഭിരുചികളെ മാറ്റിമറിച്ച ഒന്നാംതരം ലേഖനങ്ങൾ അവരെഴുതി. നോവൽ എഴുതേണ്ടതിനു ലേഖനങ്ങളെഴുതി താൻ സമയം വല്ലാതെ നഷ്ടപ്പെടുത്തിയെന്നുവരെ സൊന്റാഗ് ഒരിക്കൽ പറഞ്ഞു.

സൈദ്ധാന്തികതയോ യാന്ത്രികവിശകലനമോ അവരുടെ ഗദ്യത്തിന്റെ രീതിയല്ല. കൃതിയെ ഇഴകീറി വിശകലനം ചെയ്യുന്ന സമ്പ്രദായത്തിനെതിരെ നിലപാടെടുത്ത സൊന്റാഗിന്റെ ഗദ്യം ഒരിക്കലും വിരസമായില്ല. എഴുത്ത് ദുർഗ്രഹമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ദുർഗ്രഹതയുടെ ആശാന്മാരായ റൊളങ് ബാർത്ത്, വാൾട്ടർ ബെന്യമിൻ എന്നിവരെപ്പറ്റി മനോഹരമായി എഴുതുകയും ചെയ്തു. 

വായനയും എഴുത്തും- അതിലപ്പുറം മറ്റൊരു സ്വാതന്ത്ര്യവും അവരെ പ്രലോഭിപ്പിച്ചില്ല. എഴുത്തിൽ സത്യസന്ധമാകുക, അങ്ങനെ സ്വതന്ത്രമാകുക എന്ന ആശയത്തെയാണ് അവർ യാഥാർഥ്യമാക്കിയത്. പൊതുരംഗത്തും രചനാലോകത്തും ഒരേ പോലെ സജീവമായിരിക്കുകയും മരണം വരെ വായനയെയും എഴുത്തിനെയും സ്നേഹിക്കുകയും ചെയ്തു. സൊന്റാഗ് വിക്ടർ സെർജിനെക്കുറിച്ച് എഴുതിയ ഉജ്വലമായ ലേഖനം കഴിഞ്ഞ ദിവസം ഞാൻ വീണ്ടുമെടുത്തു വായിച്ചുനോക്കി. സൊന്റാഗ് ഇല്ലായിരുന്നുവെങ്കിൽ സെർജിന്റെ മഹത്വം ഇംഗ്ലിഷ് വായനക്കാർ അറിയാതെ പോയേനേ. എഴുത്ത് എന്ന മാധ്യമത്തിലെ ലോകത്തെ നിരന്തരം പുതുക്കുന്ന ജോലിയായിരുന്നു അവരുടേത്. 

അമേരിക്കൻ എഴുത്തുകാരനായ ഫിലിപ് ലൊപാട്ടെ സൂസൻ സൊന്റാഗിനെക്കുറിച്ച് നോട്ട്സ് ഓൺ സൊന്റാഗ് എന്ന ഒരു പുസ്തകമെഴുതി.  ലോപാട്ടെ വിദ്യാർഥിയായിരിക്കുമ്പോൾ സൊന്റാഗ് അതേ സർവകലാശാലയിൽ വിദ്യാർഥിയായിരുന്നു. വന്യമായ സൗന്ദര്യം അവരിൽനിന്നു പ്രസരിച്ചു. അക്ഷമത നിറഞ്ഞ ഭാവത്തോടെ, ഒരു അരങ്ങിൽ എന്ന പോലെയായിരുന്നു സൊന്റാഗിന്റെ ശരീരഭാഷ. പ്രശസ്തിയുടെ നെറുകയിൽ ഒരുപക്ഷേ ഏറ്റവുമധികം ഫൊട്ടോഗ്രഫ് ചെയ്യപ്പെട്ട എഴുത്തുകാരികളിൽ ഒരാളായിരുന്നു. 

സൊന്റാഗിന്റെ വിജയങ്ങൾക്കൊപ്പം ആ പ്രതിഭയുടെ സങ്കീർണ വ്യക്തിത്വവും നിലപാടുകളുടെ വൈരുധ്യങ്ങളും കൂടി പരിശോധിക്കുന്നതു കൗതുകകരമായിരിക്കും. അറുപതുകളിലെ അമേരിക്കയിലെ സജീവമായ തീവ്രരാഷ്ട്രീയ- പൗരാവകാശ സമരങ്ങളുടെ എരിതീയിലേക്കാണ് സൊന്റാഗ് ‘എഗെൻസ്റ്റ് ഇന്റർപ്രെട്ടേഷൻ’ എന്ന കൃതിയുമായി എത്തുന്നത്. ഫിലോസഫി ബിരുദധാരിയായ സൊന്റാഗ്, തന്റെ ലേഖനങ്ങളിൽ ഹെഗലിനെയും നീത്ഷെയെയും സമൃദ്ധമായി പരാമർശിച്ചു. സീസാറെ പാവേസ്, നോർമൻ ഒ. ബ്രൗൺ, ഗൊദാർദ് തുടങ്ങിയവരെപ്പറ്റി എഴുതിയ ലേഖനങ്ങൾ അടങ്ങിയ പുസ്തകം സാഹിത്യനിരൂപണത്തിൽ നാഴികക്കല്ലായി. 

against-interpretation

സിനിമയും ഫൊട്ടോഗ്രഫിയും സൊന്റാഗിന്റെ പ്രിയങ്ങളായിരുന്നു. അവർ ഉജ്വലമായ സിനിമാ ലേഖനങ്ങളും എഴുതി. സയൻസ് ഫിക്‌ഷൻ സിനിമയെപ്പറ്റി 1966 ൽ എഴുതിയ ‘സിനിമ ആൻഡ് തിയറ്റർ’, 1968 ൽ ഗൊദാർദിനെക്കുറിച്ച് എഴുതിയത് എന്നിവ ഉദാഹരണം. ഇതിനെല്ലാം പുറമേ സ്വന്തമായി നാലു സിനിമകളും നിർമിച്ചു.

പരമ്പരാഗത രചനകളെക്കാൾ പരീക്ഷണാത്മകമായ രചനകളാണു സൊന്റാഗ് തേടിയത്. മുഖ്യധാരാ വായനക്കാർക്കു പരിചിതരായ എഴുത്തുകാരെ തിരഞ്ഞു കണ്ടുപിടിച്ചു. ഗംഭീരമായി അവതരിപ്പിച്ചു. എഴുത്തുകാരെ സൃഷ്ടിക്കുകയും വളർത്തുകയും ചെയ്യുന്ന വിമർശകന്റെ ധൈഷണികമായ ആധികാരികതയായിരുന്നു അത്. സ്വാഭാവികമായും നിരൂപണത്തിലെ ജനപ്രിയ രീതികളോടു മുഖം തിരിച്ചു. അറുപതുകളിൽ ഫാഷനായിരുന്ന ഫ്രോയിഡിയൻ മനോവിജ്ഞാനീയത്തോടും റിയലിസത്തോടുമുള്ള വിമുഖത ഉദാഹരണം. മനോവിജ്ഞാനീയം സാഹിത്യത്തിനു ബാധകമല്ലെന്ന കണിശമായ നിലപാട്. ഹ്യൂമനിസത്തിൽ താൽപര്യമില്ലെന്ന പ്രഖ്യാപനം. ഇപ്രകാരം പ്രസ്ഥാനങ്ങളിൽനിന്ന് അകന്നുനിൽക്കാൻ വ്യഗ്രത കാട്ടുമ്പോഴും സാഹിത്യത്തിലെ വലിയ ആശയപ്രസ്ഥാനങ്ങളെ പൂർണമായി തള്ളിയതുമില്ല. മനോവിജ്ഞാനീയത്തിന്റെ സങ്കേതങ്ങൾ ഉപയോഗിച്ചായിരുന്നു അവർ വാൾട്ടർ ബെന്യമിനെപ്പറ്റി എഴുതിയത്. അക്കാദമിക പാണ്ഡിത്യപ്രകടനം തന്റെ ശൈലിയല്ലെന്നു തെളിയിക്കാൻ ശ്രദ്ധ കാട്ടുമ്പോഴും വൈവിധ്യമാർന്ന സ്രോതസ്സുകളിൽനിന്നുള്ള ഉദ്ധരണികളും സൂചനകളും ഒട്ടും കുറച്ചതുമില്ല.

സ്വാനുഭവങ്ങളെ പ്രകാശിപ്പിക്കുന്ന രചനകളെ ഒരു ഘട്ടത്തിൽ നിരാകരിച്ചതു സൊന്റാഗിന്റെ വ്യക്തിത്വത്തിലെ വലിയ വൈരുധ്യമായിട്ടാണു ലൊപാട്ടെ ചൂണ്ടിക്കാണിക്കുന്നത്. തന്റെ നാലാമത്തെ പുസ്തകമായ ‘വെയർ ദ് സ്ട്രെസ് ഫാൾസ്’ എന്ന കൃതിയിൽ ഇതു പ്രകടമായിരുന്നു. വ്യക്തിനിഷ്ഠമായ രചനകളോടുള്ള അനിഷ്ടം, നിർവ്യക്തികമായതിനോടുള്ള ആദരം എന്നിവ എഴുത്തുകാരിയിൽ ശക്തി നേടി. സ്വന്തം കാര്യം മാത്രം എഴുതി നിറയ്ക്കുന്നതു സാഹിത്യത്തിനു നല്ലതല്ല. ഈഗോയെ ചെറുക്കുകയും അതിജീവിക്കുകയും ചെയ്യുന്ന ലോകമാണു സാഹിത്യം എന്ന സങ്കൽപത്തിലേക്കു പോകുകയായിരുന്നു സൊന്റാഗ്. വായന എന്നത് അഹന്തയുടെ സമ്പൂർണ ഉച്ചാടനമാണ് എന്ന വിർജിനീയ വൂൾഫിന്റെ വാക്യവും ഇവിടെ ഉദ്ധരിക്കുന്നു. അനുഭവമെഴുത്തും ആത്മകഥാപരമായ രചനാരീതികളും ആഘോഷിക്കുന്ന അമേരിക്കൻ വായനാസമൂഹത്തിനു മുൻപാകെയായിരുന്നു ആ നിഷേധം. എഴുത്ത് തെറപ്പി അല്ല, ആത്മപ്രകാശന മാർഗവുമല്ല, സൊന്റാഗ് എഴുതി– ‘സ്വന്തം കാര്യം പ്രഖ്യാപിക്കുന്ന രീതിയാണു പലർക്കും എഴുത്ത്. ആത്മപ്രകാശനം എന്നും അതിനെ വിളിക്കുന്നു. സഹാനുഭൂതി എന്ന വികാരം ഇക്കാലത്തു ചോർന്നുപോയതിനാൽ ഇനിയൊരിക്കലും മറ്റൊരു മനുഷ്യനെപ്പറ്റി ആർക്കും എഴുതാൻ കഴിയില്ലെന്നാണു ചിലരുെട വാദം. ഇതു സത്യമല്ല. ആത്മകഥാരഹിതമായ ഭാവന ഉണ്ട്. ആത്മപ്രകാശനത്തിനു മിനക്കെടുന്ന നേരം കൊണ്ടു നിങ്ങളിൽനിന്നു തന്നെ നിങ്ങൾക്കു രക്ഷപ്പെട്ടുകൂടേ.. മറ്റുള്ളവരെപ്പറ്റി എഴുതുന്നത് എത്രയോ നല്ലതാണ്...’

സൊന്റാഗിന്റെ ഈ വാദങ്ങളെല്ലാം വൈരുധ്യം നിറഞ്ഞതായിരുന്നു. അതിനാൽ താൻ തിരസ്കരിച്ച ആശയരീതികളെ അവർ മറ്റൊരു സന്ദർഭത്തിൽ സ്വീകരിക്കുന്നത് അപൂർവമായിരുന്നില്ല. സാഹിത്യവിമർശക മാത്രമായി ജീവിച്ചു മരിക്കാൻ അവർക്കു താൽപര്യമില്ലായിരുന്നു. ചെറുകഥകളും നോവലുകളുമെഴുതി. സിനിമ നിർമിച്ചു. ഫൊട്ടൊഗ്രഫിയെപ്പറ്റി ഗംഭീരപ്രബന്ധങ്ങളും യാത്രാലേഖനങ്ങളും രാഷ്ട്രീയവിമർശനങ്ങളുമെഴുതി. ഒരു തോക്കു ചൂണ്ടുന്നതു പോലെയാണു ക്യാമറയുടെ നോട്ടമെന്നു പറഞ്ഞു. അധികാരപീഡയുടെ ഒരു കണ്ണാണത്രേ അത്. ആദ്യമൂന്നു പുസ്തകങ്ങളിലും ബാർത്ത് ആയിരുന്നു സൊന്റാഗിന്റെ മാതൃക. റഷ്യൻ കവി ജോസഫ് ബ്രോഡ്സ്കിയുമായുള്ള സൗഹൃദം രാഷ്ട്രീയനിലപാടുകളെ സ്വാധീനിച്ചു. ‘കമ്യൂണിസം ഈസ് ഫാഷിസം വിത് എ ഹ്യൂമൻ ഫെയ്സ്’ എന്നെഴുതി. അറുപതുകളിലെ പൗരാവകാശ പ്രസ്ഥാനങ്ങളുടെയും യുദ്ധവിരുദ്ധ മുന്നേറ്റങ്ങളുടെയും ഭാഗമായി. ഇറാഖിലെ യുഎസ് തടവറകളിലെ കൊടിയ പീഡനങ്ങളുടെ നിഷ്ഠുരമായ ദൃശ്യങ്ങൾ പുറത്തു വന്നുകൊണ്ടിരുന്ന വർഷങ്ങളിൽ ആ നടുക്കത്തിൽനിന്നാണ് ‘റിഗാഡിങ് ദ് പെയ്ൻ ഓഫ് അദേഴ്സ്’ എഴുതപ്പെട്ടത്. പലസ്തീൻ പ്രശ്നത്തിൽ നിർമിച്ച വാർത്താചിത്രത്തിൽ അവരുടേത് ഇസ്രയേൽപക്ഷ നിലപാടായിരുന്നു. ഒരു ജൂതവനിതയാണെന്ന കാര്യം മറ്റൊരിക്കലും പരാമർശിക്കാതിരുന്ന സൊന്റാഗ് ഈ ഡോക്യൂമെന്ററിയുടെ ആദ്യ പ്രദർശനത്തിനോടനുബന്ധിച്ചു സ്വയം വിശേഷിപ്പിച്ചത് ‘ഇന്റർനാഷനൽ ജ്യൂ’ എന്നായിരുന്നു. നിരൂപണത്തിൽ നവീനാശയങ്ങൾ കൊണ്ടുവരുമ്പോഴും ആധുനികതയുടെ പക്ഷത്തുനിൽക്കുമ്പോഴും എഴുത്തിന്റെ കാര്യത്തിൽ അടിസ്ഥാനപരമായി ഒരു പാരമ്പര്യവാദിയെപ്പോലെയാണു സൊന്റാഗ് പെരുമാറിയത്. 

llness-and-Metaphor

ഭാവനയുടെ പുതിയ ലോകത്ത് ആഹ്ലാദം കണ്ടെത്താനാവുമെന്ന വിശ്വാസം അവർ ഒരിക്കലും ഉപേക്ഷിച്ചില്ല. 1975 ൽ അർബുദം ബാധിച്ച ശേഷം അവർ അതിനോടു പൊരുതി ജയിച്ചു. ഇൽനസ് അസ് മെറ്റഫർ സ്വന്തം രോഗത്തിന്റെ വ്യാഖ്യാനമായാണ് അവർ എഴുതിയത്. അത് അർബുദരോഗികൾക്കു വലിയ പ്രത്യാശ കൂടി പകർന്നുകൊടുത്തു.

മരണശേഷം മൂന്നു വോള്യങ്ങളായി സൊന്റാഗിന്റെ ഡയറിക്കുറിപ്പുകൾ പുറത്തിറങ്ങി. തീർത്തും സ്വകാര്യമായ അവയുടെ പ്രസിദ്ധീകരണം സൊന്റാഗ് ആഗ്രഹിച്ചിരുന്നോ? വ്യക്തിനിഷ്ഠമായതിനെ നിരാകരിച്ച, ആത്മകഥയോടു വിരക്തി പ്രകടിപ്പിച്ച എഴുത്തുകാരിയുടെ ഏറ്റവും സ്വകാര്യമായ വിചാരങ്ങളാണ് ഈ മൂന്നു വോള്യങ്ങളിലുള്ളത്. 

Content Summary : Ezhuthumesha Column by Ajay P. Mangattu on Susan Sontag

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA