സൗജന്യങ്ങൾ ആരെയും അറിയിക്കാതെ മുഴുവൻ സ്വന്തമാക്കാൻ ശ്രമിക്കുന്നവർ; ആർക്കും ഉപകരിക്കാത്ത നേട്ടങ്ങൾ

HIGHLIGHTS
  • സ്വയംപര്യാപ്തത ഒരു ആലങ്കാരിക പ്രയോഗം കൂടിയാണ്
  • ഒഴിവാക്കി ജീവിക്കാനല്ല, ഒപ്പം നിർത്തി ജീവിക്കാനാണു പഠിക്കേണ്ടത്
subhadinam-the-importance-of-having-strong-team-spirit
Representative Image. Photo Credit : Jamesboy Nuchaikong / Shutterstock.com
SHARE

ഗുരുവും ശിഷ്യനും ഹിമാലയം കയറുകയാണ്. ശക്തമായ മഞ്ഞുവീഴ്ചയുണ്ട്. കുറച്ചു നടന്നപ്പോൾ, ആരോ വീണു കിടക്കുന്നത് അവർ കണ്ടു. ഗുരു ആ മനുഷ്യന്റെ കയ്യും കാലും തിരുമ്മി ചൂടു നൽകാൻ തുടങ്ങി. ശിഷ്യൻ പറഞ്ഞു: ‘ഇയാളെ പരിചരിച്ചുകൊണ്ടിരുന്നാൽ നമുക്കും ജീവൻ നഷ്ടപ്പെടും. എത്രയും പെട്ടെന്ന് ഈ അതിശൈത്യമേഖല മറികടക്കണം’. താൻ പറഞ്ഞത് ഗുരു ശ്രദ്ധിക്കുന്നുപോലുമില്ലെന്നു മനസ്സിലാക്കിയ ശിഷ്യൻ വേഗം നടന്നു. പ്രഥമശുശ്രൂഷ നൽകിയയാളെയും ചുമന്നു ഗുരു യാത്ര തുടർന്നു. ആയാസമേറിയ യാത്രയായതുകൊണ്ട് രണ്ടുപേരുടെയും ശരീരത്തിലെ ചൂടു നിലനിന്നു. കുറച്ചുദൂരം നടന്നപ്പോൾ അവർ ഒരു കാഴ്ച കണ്ടു. രക്ഷപ്പെടാനായി വേഗം പോയ ശിഷ്യൻ മഞ്ഞിൽ പുതഞ്ഞു കിടക്കുന്നു. അയാൾക്കു ജീവനും നഷ്ടമായിരുന്നു.

തനിച്ചു ശ്രമിച്ചാൽ എല്ലാം തന്റേതു മാത്രമാക്കാമെന്നതാണ് ഏറ്റവും അപക്വവും അപകടകരവുമായ ചിന്ത. തനിക്കുവേണ്ടി മാത്രം ജീവിക്കുന്ന വികലമനസ്സിനുടമകൾ എല്ലാ രംഗത്തുമുണ്ട്. ഒരു നോട്ടും ആർക്കും കൊടുക്കാതെ തനിയെ പഠിച്ച് ഒന്നാം സ്ഥാനം നേടാൻ ശ്രമിക്കുന്നവർ, തനിക്കു കിട്ടുമെന്നുറപ്പിക്കാൻ മറ്റാരോടും പറയാതെ ജോലിക്ക് അപേക്ഷ അയയ്ക്കുന്നവർ, ലഭിക്കുന്ന സൗജന്യങ്ങൾ ആരെയും അറിയിക്കാതെ മുഴുവൻ സ്വന്തമാക്കാൻ ശ്രമിക്കുന്നവർ...

subhadinam-the-importance-of-having-strong-team-spirit-illustration

സ്വയംപര്യാപ്തത ഒരു ആലങ്കാരിക പ്രയോഗം കൂടിയാണ്. ആവശ്യത്തിനു സമ്പത്തോ വിദ്യാഭ്യാസമോ ആരോഗ്യമോ ഉണ്ടെങ്കിൽപോലും ആർക്കാണ് തനിച്ചു ജീവിക്കാനാകുക. പരസഹായമില്ലാതെ ഒരു ദിവസമെങ്കിലും മുന്നോട്ടു നീങ്ങാൻ ആർക്കെങ്കിലും കഴിയുമോ. എല്ലാത്തരം ജോലികളും ചെയ്യുന്ന ആളുകൾ ഉള്ളതുകൊണ്ടാണ് എല്ലാവരും ജീവിക്കുന്നത്. കർഷകരില്ലാതെ ആഹാരമുണ്ടാകില്ല, തുന്നൽക്കാരില്ലാതെ വസ്ത്രമുണ്ടാകില്ല, വൈദ്യനില്ലാതെ ആരോഗ്യം സംരക്ഷിക്കപ്പെടില്ല. ഒരാളും മറ്റൊരാളും തമ്മിൽ ഏതൊക്കെയോ അദൃശ്യകണ്ണികളിലൂടെ ബന്ധിക്കപ്പെടുന്നുണ്ട്. ഒഴിവാക്കി ജീവിക്കാനല്ല, ഒപ്പം നിർത്തി ജീവിക്കാനാണു പഠിക്കേണ്ടത്.

ഓട്ടമത്സരങ്ങളിൽ മാത്രമാണ് അതിവേഗം ഓടേണ്ടത്. അവിടെ സമ്മാനം നേടിയാൽ മാത്രം മതി. മറ്റെല്ലാ യാത്രകളിലും വഴികളിൽ എന്തു സംഭവിക്കുന്നു എന്നതും പ്രധാനമാണ്. എല്ലാ യാത്രകളും ഓടിത്തോൽപിക്കാനുള്ളതല്ല. കണ്ടുമുട്ടുന്നവയെയെല്ലാം അവഗണിച്ച് കാര്യലാഭത്തിനുവേണ്ടി മാത്രം ഓടുന്നതിൽ എന്തർഥം. ഒറ്റയ്ക്ക് ഓടുന്നതിനെക്കാൾ കൂടുതൽ നേട്ടങ്ങൾ ഒരുമിച്ചോടിയാൽ ലഭിക്കില്ലേ. ഒന്നിച്ചു നിൽക്കുമ്പോഴുള്ള ഊർജവും ഉത്സാഹവും ഒറ്റയ്ക്കു നിൽക്കുമ്പോഴുണ്ടോ? ആർക്കും ഉപകരിക്കാതെയുള്ള ജീവിതത്തിൽ നേടുന്ന സമ്മാനങ്ങളുടെ പേരിൽ കയ്യടിക്കാനെങ്കിലും ആരെങ്കിലും ഉണ്ടാകുമോ? അണയാൻ തുടങ്ങുന്ന ഒരു നാളമെങ്കിലും കെടാതെ സൂക്ഷിക്കാൻ കഴിഞ്ഞാൽ അതാകും ഏറ്റവും വലിയ ബഹുമതിയും മുന്നോട്ടുള്ള യാത്രയിലെ പ്രചോദനവും.

Content Summary : Subhadinam - The importance of having strong team spirit 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA