ലോകയുദ്ധത്തിൽ നിന്ന് ഒളിച്ചോടിയ സൈനികൻ; ലോകാദ്ഭുത നോവലുമായി ചലച്ചിത്രകാരൻ

Werner Herzog
വെർണർ ഹെർസോഗ്. ചിത്രത്തിന് കടപ്പാട് – വിക്കിപീഡിയ
SHARE

അസാധ്യ കാര്യങ്ങളുടെ ചലച്ചിത്രകാരൻ വെർണർ ഹെർസോഗ് വീണ്ടും വരുന്നു. ബിൻ സ്ക്രീനിൽ തീ പടർത്താനല്ല, അക്ഷരങ്ങൾക്കു ചൂടു പകരാൻ. കഥയുടെ ഉദ്വേഗവും ആവേശവും പടർത്താൻ. ലോകം അംഗീകരിച്ച സത്യത്തെ തിരസ്കരിച്ച് സമാന്തര ലോകം സൃഷ്ടിച്ചു ജീവിച്ച രണ്ടാം ലോക യുദ്ധത്തിലെ ജപ്പാൻ സൈനികന്റെ ജീവിതവുമായി. നോവൽ പിന്നീട് സ്ക്രീനിലും അദ്ദേഹം തന്നെ അവതരിപ്പിക്കുമോ എന്നു മാത്രമേ ഇനി അറിയാനുള്ളൂ. ചലച്ചിത്രമായാലും ഇല്ലെങ്കിലും ദൃശ്യവിരുന്നായിരിക്കും ഹെർസോഗിന്റെ നോവൽ. ഓരോ വായനക്കാരനും മനസ്സിന്റെ തിരശ്ശീലയിൽ ആവർത്തിച്ചു കാണാൻ പാകത്തിലുള്ള ത്രില്ലർ.

ചലച്ചിത്ര പ്രണയികൾക്കു സുപരിചിതനാണ് ഹെർസോഗ്. ജർമൻ നവ സിനിമയുടെ തലതൊട്ടപ്പൻ. 19–ാം വയസ്സിൽ ആദ്യ ചലച്ചിത്രത്തിന്റെ ജോലികൾക്കു തുടക്കമിട്ട, സുദീർഘ ജീവിതത്തിൽ അറുപതോളം സിനിമകൾക്കു ജീവൻ നൽകിയ അപൂർവ പ്രതിഭാശാലി. ലോകത്തിലെ മികച്ച 100 സംവിധായരുടെ കൂട്ടത്തിൽ ഉറപ്പായും സ്ഥാനമുണ്ട് ഹെർസോഗിന്. മികച്ച പത്തിൽ പോലും കണ്ണുമടച്ച് അദ്ദേഹത്തെ ഉൾപ്പെടുത്തുന്നവരുമുണ്ട്. വിയോജിപ്പുകൾ മാറ്റിനിർത്തിയാൽ പോലും ഹെർസോഗിനെ അവഗണിക്കാനാവില്ല; ലോക സിനിമയ്ക്ക്. ദ് റാത്ത് ഓഫ് ഗോഡ്, ഫിറ്റ്സ്കറാൾഡോ, ലെസ്സൺസ് ഓഫ് ഡാർക്നെസ്സ്, മൈ ബെസ്റ്റ് ഫ്രണ്ട് മുതൽ 11 വർഷം മുമ്പെടുത്ത കേവ് ഓഫ് ഫൊർഗോട്ടൻ ഡ്രീംസ് വരെ 60– ൽ അധികം ചിത്രങ്ങൾ. ഹെർസോഗിന്റെ പരാജയപ്പെട്ട ചിത്രങ്ങൾക്കു പോലും ആരാധരുണ്ട്. പൂർണമായും തള്ളിക്കളയാവുന്ന ഒന്നും അദ്ദേഹത്തിന്റെ ക്യാമറയിൽ പതിഞ്ഞിട്ടില്ലെന്നാണ് അതിന് അവർ പറയുന്ന ന്യായീകരണം. അസാധ്യസ്വപ്നങ്ങളുമായി ജീവിച്ച സാധാരണക്കാരായിരുന്നു അദ്ദേഹത്തിന്റെ നായകർ. പ്രകൃതി ശക്തികളോടു മല്ലിട്ട് അധിശത്വം ഉറപ്പിക്കാൻ ജീവിതം നിരന്തര പോരാട്ടമാക്കിയവർ. ചലച്ചിത്രങ്ങൾക്കൊപ്പം എഴുത്തിലും നേരത്തേ തന്നെ അദ്ദേഹം കൈവച്ചിട്ടുണ്ട്. എന്നാലിപ്പോൾ നീണ്ട ഇടവേളയ്ക്കു ശേഷമാണ് വീണ്ടും എഴുതിത്തുടങ്ങുന്നത്. തട്ടകത്തിലേക്കുള്ള മടങ്ങിവരവ് എന്നും വിശേഷിപ്പിക്കാം. അതിനു തിരഞ്ഞെടുത്തത് യുദ്ധമില്ലാത്ത ഒരു യുദ്ധകഥയും.

ദ് ട്വിലൈറ്റ് വേൾഡ് എന്നാണു ഹെർസോഗിന്റെ പുറത്തിറങ്ങാനിരിക്കുന്ന നോവലിന്റെ പേര്. ജർമനിയിൽ നിന്നുള്ള വിവർത്തനം കവി മൈക്കൽ ഹോഫ്മാനും. എന്നാൽ കവിതയ്ക്കല്ല, കഥയ്ക്കു തന്നെയാണു നോവലിൽ പ്രാധാന്യം. അസാധാരണമായ ഒരു കഥയ്ക്ക്.

ഹിറോ ഒനോഡ എന്ന ജപ്പാൻ സൈനികന്റെ കഥയാണ് ഹെർസോഗ് പറയുന്നത്. രണ്ടാം ലോക യുദ്ധത്തിൽ ജപ്പാൻ സൈന്യത്തിൽ ഇന്റലിജൻസ് ഓഫിസർ ആയിരുന്നു ഒനോഡ. തന്റെ രാജ്യം യുദ്ധത്തിൽ പരാജയപ്പെട്ടത് അറിയാതെ ശത്രുസൈന്യത്തിനു പിടികൊടുക്കാതെ രക്ഷപ്പെടുകയായിരുന്നു അദ്ദേഹം. ഫിലിപ്പീൻസിലെ കൊടും കാട്ടിലേക്കായിരുന്നു യാത്ര. ഒളിവു ജീവിതം ദിവസങ്ങളും മാസങ്ങളും വർഷങ്ങളും പതിറ്റാണ്ടുകളും കടന്നു മുന്നോട്ടുപോയി. ആ കാലത്തൊന്നും ജപ്പാൻ പരാജയപ്പെട്ടു എന്നദ്ദേഹം സമ്മതിച്ചിരുന്നില്ല. അംഗീകരിച്ചുമില്ല. 1945 ജപ്പാന്റെ പരാജയത്തിൽ അവസാനിച്ച യുദ്ധത്തിന്റെ ഫലം അംഗീകരിക്കാതെ 1974 വരെ കാടു വീടാക്കി ജീവിച്ചു ഒനോഡ. ഒടുവിൽ അദ്ദേഹത്തിന്റെ മുൻ കമാൻഡിങ് ഓഫിസർ തന്നെ വേണ്ടിവന്നു തോൽവി എന്ന ദുഃഖസത്യം ബോധ്യപ്പെടുത്താൻ. അപ്പോഴും അത് ശത്രുരാജ്യങ്ങളുടെ പ്രചാരവേലയാണോ എന്നദ്ദേഹത്തിന് സംശയുമുണ്ടായിരുന്നു. സത്യം ബോധ്യപ്പെട്ടപ്പോൾ ഒനോഡ കീഴടങ്ങി. ജപ്പാന്റെ തോൽവി അംഗീകരിച്ചു. 75 ൽ ബ്രസീലിലേക്കു കുടിയേറി. കൃഷി ഏറ്റെടുത്തു. 84 ൽ മാത്രമാണ് മാതൃരാജ്യമായ ജപ്പാനിലേക്കു മടങ്ങിയത്. കുട്ടികൾക്കുവേണ്ടിയുള്ള പ്രകൃതി പഠന ക്യാംപ് നടത്തി ശിഷ്ടകാലം ജീവിച്ച ഒനോഡ മരിച്ചത് 91–ാം വയസ്സിൽ. 7 വർഷം മുൻപ്.

ശരീരം മരവിപ്പിക്കുന്ന തണുപ്പിൽ ഒനോഡയുടെ ഏകാന്ത യാത്ര മുതൽ കാടിനു നടുവിൽ ഓപറ ഹൗസ് ഉണ്ടാക്കി ജീവിച്ചതുൾപ്പെടെ സൈനികന്റെ ജീവിതം സൂക്ഷ്മാംശങ്ങൾ പോലും വിടാതെയാണ് ഹെർസോഗ് ചിത്രീകരിക്കുന്നത്. ഒരു നോവലായി വായിക്കുകയല്ല, ചലച്ചിത്രമായി ആസ്വദിക്കാൻ മാത്രം വിഭവ സമൃദ്ധമായ അക്ഷര വിരുന്ന്.

കഥ പൂർണമായ പുസ്തകത്തിന്റെ അച്ചടി പുരോഗമിക്കുകയാണ്. ഈ വർഷം തന്നെ പുസ്തകം പുറത്തിറങ്ങുമെന്നാണ് പ്രസാധകരുടെ ഉറപ്പ്. തിയറ്ററിൽ ടിക്കറ്റിനു ക്യൂ നിൽക്കുന്ന ഉൽക്കണ്ഠയോടെ വായനക്കാരുടെ കാത്തിരിപ്പ് തുടങ്ങിക്കഴിഞ്ഞു. അസാധ്യ കാര്യങ്ങളുടെ തമ്പുരാന്റെ അസാധ്യ കഥയ്ക്കു വേണ്ടി. 

Content Summary: Werner Herzog to tell story of Japanese soldier who refused to surrender

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA