വേവുന്ന മനസ്സിന്റെ തുടിപ്പും കിതപ്പും; മൗനത്തിൽ ഉരുവം കൊള്ളുന്ന കഥകൾ

HIGHLIGHTS
  • മലയാള സാഹിത്യത്തിലെ പുതുതലമുറയെ പരിചയപ്പെടുത്തുന്ന പംക്തി
Induchoodan Kizhakkedam
ഇന്ദുചൂഡൻ കിഴക്കേടം
SHARE

മൗനമാണ് ഇന്ദുചൂഡൻ കിഴക്കേടത്തിന്റെ ഭാഷ. ഉൾക്കടച്ചിലുകളുടെ പെരുംഭാണ്ഡവുമായി വായനക്കാരെ സമീപിക്കുന്നവരാണ് ഇന്ദുചൂഡന്റെ കഥാപാത്രങ്ങൾ. ഒറ്റപ്പെടലിന്റെ നെരിപ്പോടിലെരിയുന്ന മനസ്സുമായി ഒരിറ്റ് ആശ്വാസം തേടിയുള്ള യാത്രയിലാണവർ. കേരളത്തിലെ ഒരു നദിക്കരയിലെ ഗ്രാമത്തിൽനിന്നും തമിഴ്നാട്ടിലെ ഉൾപ്രദേശങ്ങളിൽനിന്നും കൊൽക്കത്തയിലെ തിരക്കുപിടിച്ച തെരുവുകളിൽനിന്നും നാഗാലാൻഡിലെ നിഗൂഢമേഖലകളിൽനിന്നും അദ്ദേഹം കണ്ടെത്തുന്ന കഥാപാത്രങ്ങൾ സംസാരിക്കുന്നത് അതുകൊണ്ടുതന്നെ ഒരേ ഭാഷയാണ്. എവിടെയുമുള്ള വേവുന്ന മനഷ്യമനസ്സിന്റെ ഭാഷ. കോട്ടയം ജില്ലയിലെ മണ്ണയ്ക്കനാട് സ്വദേശിയായ ഇന്ദുചൂഡൻ കിഴക്കേടം ഇപ്പോൾ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തു കോടനാട്ടാണു താമസം. പ്രാവുകളുടെ ഫ്രെഡി, ഭൂമി മുറിച്ചൊരു വാതിൽ, കടൽവീട്, സത്യമംഗലം എന്നീ കഥാസമാഹാരങ്ങളും എതിരടയാളത്തിന്റെ ആത്മകഥ എന്ന നോവലും പ്രസിദ്ധീകരിച്ചു.  

കളിക്കളത്തിലെ കണ്ടമുത്തു, മംഗളപത്രത്തിലെ കേളുമ്മാൻ, മേൽമണ്ണും കുളപ്പാറയുമിലെ തങ്കയ്യൻ, കിസാമയിലെ തലികല, ചിൻ ഒ അസമിലെ പ്രിയൻ, തപനിലെ തപൻസെൻ തുടങ്ങി ജീവിതത്തിൽ ഒറ്റപ്പെട്ട മനുഷ്യരുടെ കഥകളാണ് എഴുതിയവയിൽ ഏറെയും. അവരെല്ലാം ഏകാന്തതയെ സ്വയം വരിച്ചവരോ ജീവിതം അടിച്ചേൽപ്പിച്ച ഒറ്റപ്പെടലിൽ സ്വയം എരിയുന്നവരോ ആണ്. കടുത്ത അസ്തിത്വദുഃഖത്തിലകപ്പെട്ട് തൊട്ടടുത്ത നിമിഷം മരിച്ചു പോകുമെന്നു തോന്നിപ്പിക്കുന്ന മനുഷ്യർ. ഏകാകികളായ ഈ മനുഷ്യർ കഥകളിലേക്കു കയറിവന്നതെങ്ങനെയാണ്?

എത്ര വലിയ ആരവങ്ങൾക്കിടയിലാണെങ്കിൽക്കൂടി ഉള്ളിൽ നാം ഒറ്റപ്പെട്ടവർ തന്നെയാണ്. വ്യക്തി എന്ന നിലയിലുള്ള ഒരാളുടെ ജീവിതം, അയാൾ നേരിടുന്ന വ്യക്തിപരമായ സംഘർഷങ്ങൾ, മറ്റുള്ളവരോട് അയാൾ പുലർത്തുന്ന സമീപനങ്ങൾ, ഇങ്ങനെ പലതും ഒരാൾ സ്വയം നിർണയിക്കുന്നതാണ്. അതിലെ ശരിതെറ്റുകളുടെ ഉത്തരവാദിത്തവും അയാൾക്കു തന്നെയാണ്. ഇത്തരം പല കാര്യങ്ങളും ചിലപ്പോൾ ആരുമായും പങ്കുവയ്ക്കാൽ പറ്റാത്തവയുമാകാം. ഇങ്ങനെയുള്ള നെരിപ്പോടുകൾ അകമേ ചുമക്കാത്ത ആരെങ്കിലുമുണ്ടാവുമോ? ഉണ്ടെങ്കിൽ അയാൾ തീർച്ചയായും ഒരു അമാനുഷനായിരിക്കും. നമ്മൾ നേരിടുന്നതു സാധാരണ മനുഷ്യരെയാണല്ലോ. അതിൽ ആർത്തുചിരിക്കുന്നൊരുവനെ നാം ശ്രദ്ധിച്ചെന്നു വരില്ല. എന്നാൽ കണ്ടമുത്തുവോ കേളുമ്മാനോ തങ്കയ്യനോ തലികലയോ പ്രിയനോ തപൻസെന്നോ നമ്മുടെ മുൻപിലേക്ക് അവരുടെ ഉൾക്കടച്ചിലുകളുടെ പെരുംഭാണ്ഡങ്ങളുമായി കടന്നുവരുമ്പോൾ നാമവരെ ശ്രദ്ധിച്ചു പോവുകയാണ്. അവർ നമ്മോടൊപ്പമുള്ളവരോ നമ്മുടെ ചുറ്റിനുമുള്ളവരോ ആണ്. ദൈവത്തെ കാണിച്ചുതരാനാവശ്യപ്പെട്ട ആളോട് അതിനു മുൻപ് ഏതെങ്കിലുമൊരു വസ്തു തന്നെ കാണിച്ചുതരാൻ ആവശ്യപ്പെട്ട ആചാര്യന്റെ കഥയാണിവിടെ ഓർമ വരുന്നത്. അയാൾ കാണിച്ചു കൊടുക്കുന്ന വസ്തുവുള്ളയിടത്തേക്ക് അദ്ദേഹം നോക്കിയതേയില്ല. ഒടുവിൽ ക്ഷോഭിച്ച അയാളോടു കാണുക എന്ന ജോലി നമ്മുടേതാണെന്നദ്ദേഹം പറഞ്ഞു. അതു തന്നെയാണു സത്യം. മേൽപറഞ്ഞവരെപ്പോലുള്ളവരെ കാണുക എന്ന ദൗത്യം ഏറ്റെടുക്കുമ്പോൾ ഇത്തരം എഴുത്തുകൾ ഉണ്ടാവുകയാണ്.

kadalveedu

നാഗാലാൻഡ്, ബംഗാൾ, അസം, തമിഴ്നാട് തുടങ്ങി വ്യത്യസ്ത ഭൂമികകളും അവിടെ നിന്നുള്ള മനുഷ്യരും പ്രകൃതിയും കഥകളിൽ വരുന്നുണ്ട്. ഇത്രയേറെ വൈവിധ്യമാർന്ന പ്രമേയപരിസര സൃഷ്ടിക്കു പുറകിലെന്താണ്? അതിനു സഹായകരമായതെന്താണ്?

ഇത്തരം കഥകളുടെ മൂലധനമായിത്തീരുന്നതു യാത്രകളാണ്. കണ്ടിട്ടില്ലാത്തയിടങ്ങളിലേക്ക് സാധാരണ കംപാർട്ടുമെന്റിൽ, അപരിചിതരായ മനുഷ്യരോടൊപ്പം യാത്ര പോവുക വലിയൊരനുഭവമാണ്. മെല്ലെ അപരിചിത ഭാവവും ഔപചാരികതയും ഒഴിഞ്ഞു പോവുന്നു. പെട്ടെന്നുണ്ടാവുന്നതാണെങ്കിൽക്കൂടി തീർത്തും പുതിയ സൗഹൃദങ്ങൾ ഉടലെടുക്കുന്നു. ഈ മനുഷ്യരൊക്കെ മറ്റേതോ പേരുകളിൽ വേറിട്ട ചുറ്റുപാടുകളിൽ നമ്മോടൊപ്പം മുൻപും ഉണ്ടായിരുന്നവരാണെന്നു നാം അദ്ഭുതപ്പെടുന്നു. എന്നാൽ പുതിയ സാഹചര്യത്തിലും പുതിയ മേൽവിലാസത്തിലും അവരെ കണ്ടുമുട്ടുമ്പോൾ നമ്മുടെ കാഴ്ചപ്പാടുകളും പുതുക്കപ്പെടുന്നതായി അനുഭവപ്പെടുന്നു. മറ്റൊരു ഭൂപ്രദേശവും ദൃശ്യങ്ങളും ഇക്കാര്യത്തിൽ ഒട്ടേറെ സഹായകമാവുന്നുണ്ട്. സംസ്‌കാരങ്ങളുടെ വൈവിധ്യത്തിനിടയിലും മനുഷ്യരുടെ പ്രശ്‌നങ്ങളും യാതനകളും ഏറെക്കുറെ ഒരുപോലെയാണ്.

sathyamangalam

മരച്ചക്ക്, ആട്ടുകല്ല്, ഉരൽ, തേക്കുകൊട്ട തുടങ്ങിയ മറവിയിലാണ്ടുപോയ ചില ദൃശ്യങ്ങൾ ഓർമവെട്ടത്തിലേക്കു കൊണ്ടുവരുന്നു മേൽമണ്ണും കുളപ്പാറയുമെന്ന കഥ. ഈറ്റച്ചങ്ങാടങ്ങൾ ഒഴുകി നീങ്ങിയ ഓർമയിലെ പുഴയാണ് ‘ചിന്തേർ’ എന്ന കഥയിൽ സദാനന്ദൻ കാണുന്നത്. നാഗരികതയുടെ കടന്നുകയറ്റം അവയെ എങ്ങനെ ജീവിതത്തിന്റെ പിന്നാമ്പുറത്തേക്ക് തള്ളിവിട്ടു എന്നു ദൃശ്യചാരുതയോടെ വിവരിച്ച ശേഷം ഈ ലോകത്തിൽ നിന്നു പിന്തള്ളപ്പെട്ടു പോകുന്ന തങ്കയ്യനെ കഥാകൃത്ത് മുന്നിൽ കൊണ്ടു വന്നു നിർത്തുന്നു. ഓർമയുടെ ചക്രവാളസീമയിലേക്കു പോയി മറിഞ്ഞ ചിലതൊക്കെ ഇങ്ങനെ ഒരു ദൂരദർശനിയിലെന്ന പോലെ വായനക്കാരുടെ തൊട്ടുമുന്നിൽ കൊണ്ടുവന്നു വയ്ക്കുന്നുണ്ട് ഇന്ദുചൂഡൻ കഥകൾ. ഇതേപ്പറ്റി ഒന്നു വിശദീകരിക്കാമോ?

മരച്ചക്കോ ആട്ടുകല്ലോ ഉരലോ തേക്കുകൊട്ടയോ ഇപ്പോൾ അത്രയൊന്നും ഉപയോഗിക്കപ്പെടുന്നില്ലായിരിക്കാം. എങ്കിലും അവയുടെ കാഴ്ച നമ്മെ മറ്റൊരു കാലത്തിലേക്കു കൊണ്ടുപോകുന്നു. നമുക്കു വേണ്ടാത്തൊരാളെ നമുക്കാവശ്യമുള്ള ഒരിടത്തുനിന്നു കരുണയില്ലാതെ നാം പുറംതള്ളുന്നു. അങ്ങനെയാണു നാം നമുക്കു വേണ്ടയിടം ഒരുക്കുന്നത്. എല്ലാ കുടിയൊഴിക്കലുകളുടെയും കഥ തങ്കയ്യന്റേതിനു സമാനമാണ്. ഇത്തരം എത്ര പലായനങ്ങളാണ് ഈ പകർച്ചവ്യാധിയുടെ കാലത്തു നാം കാണുന്നത്. വന്നുവന്നു പഴയ ഓർമകളിൽ മാത്രമേ നല്ല കാലമുണ്ടാവുകയുള്ളു എന്നുപോലും ചിലപ്പോൾ ഭയപ്പെട്ടുപോവുന്നു. അപ്പോഴും സകല ശക്തിയും സമാഹരിച്ച് പ്രതീക്ഷ കൈവിടാതിരിക്കാൻ നാം യത്‌നിക്കുകയാണ്. കാരണം ജീവിതം തുടരാൻ നമുക്കു പ്രതീക്ഷകൾ ഉണ്ടായേ തീരൂ. മേൽപറഞ്ഞ വസ്തുക്കൾക്കും ഈറ്റച്ചങ്ങാടത്തിനുമൊക്കെ ഇത്തരമൊരു പ്രത്യാശയുടെ തുരുത്തുമായി ബന്ധമുണ്ട്. മറ്റൊരു കാര്യം കൂടി ഇപ്പോൾ ഓർക്കുകയാണ്. തുടക്കത്തിൽ സൂചിപ്പിച്ച കാലത്ത് ഇത്രയേറെ സംഘർഷങ്ങൾ ഉണ്ടായിരുന്നോ എന്നു സംശയമാണ്. ടെക്‌നോളജിയുടെ വികാസം എത്രയും നല്ലതും ഏറ്റവും അഭികാമ്യവുമാണ്. എന്നാൽ അതു നാമറിയാതെ ചിലപ്പോൾ ചില സംഘർങ്ങളും കൊണ്ടുവരുന്നുണ്ട്. ഉദാഹരണത്തിന് നാമൊരു ബാങ്കിൽ എത്തുന്നു. പണ്ട് ഒരു ഉദ്യോഗസ്ഥൻ ലെഡ്ജർ തുറന്ന് പേന കൊണ്ടെഴുതി നമ്മുടെ ആവശ്യം നടത്തിവിടുന്നു. നിലവിലെ സംവിധാനങ്ങളുമായി ഈ ആവശ്യ നടത്തിപ്പിനു വലിയ ഭൗതിക ബന്ധമൊന്നുമില്ല. എങ്കിലിപ്പോൾ അതു നടന്നു കിട്ടണമെങ്കിൽ സിസ്റ്റത്തിന് തകരാറൊന്നുമുണ്ടാവരുത്. ഇന്റർനെറ്റ് തടസ്സമില്ലാതെ കിട്ടിക്കൊണ്ടിരിക്കണം. ഇതിനെല്ലാമുപരി വൈദ്യുതി അവിടെ ലഭ്യമായിരിക്കണം. ഇതിലേതെങ്കിലുമൊന്നിനെങ്ങാൻ തടസ്സമുണ്ടാവുമോ എന്ന ഭയം അതിനു പുറപ്പെടുമ്പോൾ അറിയാതെ നമ്മെ പിടികൂടുന്നുണ്ട്. അങ്ങനെയേതെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യം നടക്കാതെ നമുക്കു തിരിച്ചുപോരേണ്ടിവരും. മുൻപ് ഇത്തരം നിരാശയോടെ മടങ്ങേണ്ട സാഹചര്യമുണ്ടായിരുന്നില്ല. ഇങ്ങനെ പറയുമ്പോൾ പുതിയ സൗകര്യങ്ങളെ പിന്തള്ളണമെന്നുള്ള ഒരു പിന്തിരിപ്പൻ സമീപനം ഒരിക്കലുമില്ല. ആധുനിക ജീവിതം സംഘർഷഭരിതമാണെന്നുള്ള ധാരണയുണ്ടെങ്കിൽ ഇതൊക്കെ അതിന് ഒരു കാരണമായേക്കാമെന്ന സൂചന മാത്രമേയുള്ളു.

induchoodan-kizhakkedam-writer

പട്ടിണി അനുഭവിച്ചവനു മാത്രമേ അതൊരാളെ എത്ര വരെ ഓടിക്കുമെന്ന് അറിയാൻ പറ്റൂ എന്ന് ‘കളിക്കള’ത്തിലെ ശെൽവൻ പറയുന്നുണ്ട്. ഒടുവിൽ കുടലിലെ വിശപ്പിനും വായിലെ ആർത്തിക്കുമിടയിൽ അവൻ നടത്തിയ ഓട്ടങ്ങളൊക്കെ ഒരു ഇഷ്ടികച്ചൂളയിൽ ഒടുങ്ങുകയാണ്. ഈ കഥയിലെ ഓരോ വരിയിലും വിശപ്പ് ഘനീഭവിച്ചു കിടക്കുന്നു. അതേസമയം, അതു കഥയുടെ വയർ പിളർന്നു പുറത്തുചാടി ഭീകരത ആർജിക്കുന്നുമില്ല. ഇഷ്ടികച്ചൂളയിലെ കെടാതെ കിടക്കുന്ന കനൽ പോലെ ചെറുചൂടു പരത്തി അതങ്ങനെ അവസാന വാക്ക് വരെ വായനക്കാരനെ പൊള്ളിക്കുകയാണ്. ഈ പട്ടിണിയും ഇല്ലായ്മയും പല കഥകളുടെയും ആകെത്തുകയായാണു വായനയിൽ അനുഭവപ്പെട്ടത്. അതൊരു ജീവിതദർശനമാണോ?

ഇപ്പോഴും ഇല്ലായ്മയും പട്ടിണിയും പലയിടങ്ങളിലും നാം കാണുന്നുണ്ട്. കാലവും പ്രകൃതിയും ഒട്ടേറെ കഠിനപാഠങ്ങൾ നമുക്കു പകർന്നുതന്നുകൊണ്ടിരിക്കുകയാണ്. ഉള്ളവൻ പോലും ഇത്തരം ദശാസന്ധികളിൽ ഇല്ലാത്തവനെപ്പോലെയാകുന്നു. ഒരു സൂക്ഷ്മാണു നമ്മുടെ സ്വാതന്ത്ര്യവും ജീവിതമാർഗങ്ങളും കവർന്നെടുക്കാൻ തുടങ്ങിയിട്ടു നാളേറെയായി. അതിജീവനത്തിനായുള്ള പരിശ്രമങ്ങളെപ്പറ്റി മുൻപു ചിന്തിച്ചിട്ടില്ലാത്തവർ പോലും ഇപ്പോൾ അത്തരത്തിലൊക്കെ വിചാരപ്പെടുന്നു. ഇല്ലായ്മയെന്നാൽ പട്ടിണി മാത്രമല്ല. സ്വസ്ഥതയുടെയും സഹജീവനത്തിന്റെയുമൊക്കെ ഇല്ലായ്മ കൂടിയാണത്. സാധാരണക്കാരിൽ സാധാരണക്കാരായവരുടെ ഇക്കാലത്തെ ദേശാന്തരയാത്രകളൊക്കെത്തന്നെ ഇല്ലായ്മയിൽനിന്നു രൂപപ്പെട്ടതാണ്. കുടലിലെ വിശപ്പിനും വായിലെ ആർത്തിക്കുമിടയിൽ ഓടിത്തളർന്ന ശെൽവൻ അവരിലൊരാളാണ്. തീർച്ചയായും ഇത്തരം കഥനങ്ങൾ അങ്ങനെയൊരു ജീവിതദർശനത്തിൽനിന്ന് ഉണ്ടാവുന്നവയാണ്. 

bhoomi-murichoru-vathil

ദുർമേദസ്സെല്ലാം ചീന്തി മാറ്റി ഭംഗിയേറിയൊരു ഉരുപ്പടി രൂപപ്പെടുന്നതു പോലെ മനസ്സിന്റെ ഉള്ളറകളിൽ പണിയെടുത്ത ചിന്തേരാണ് സദാനന്ദനെ പെട്ടെന്നൊരു ദിവസം പുതിയ മനുഷ്യനാക്കി മാറ്റിയത്. ‘ചിന്തേർ’ എന്ന കഥ ഏറ്റവും പുതിയ കാലത്ത് കാലൂന്നി നിന്നുകൊണ്ട് കാലാതീതമായ പരിവർത്തനത്തിന്റെ, വെളിപ്പെടലിന്റെ ഭൂമികയാണ് അടയാളപ്പെടുത്തുന്നത്. എത്ര സൂക്ഷ്മമായും ലളിതമായുമാണ് സദാനന്ദന്റെ പരിണാമം ‘ചിന്തേർ’ ചീന്തിയെടുത്തിരിക്കുന്നത്. രൂപകൽപനയിൽ ഇങ്ങനെ ചിന്തേരിട്ട ഒരു എഴുത്ത് സാധ്യമാകുന്നതെങ്ങനെയാണ്?

കണ്ണാടി പോലെ മുഖം നോക്കാൻ പറ്റുന്ന ചില അനുഭവങ്ങൾ ഇടയ്ക്കു നമ്മുടെ മുൻപിലെത്തും. അതുവരെ മാത്രമേ നമ്മുടെ അഹന്തയ്ക്ക് നിലനിൽപുണ്ടാവുകയുള്ളൂ. പെട്ടെന്നു തിരിച്ചറിവുകൾ നമ്മെ വന്നു മൂടും. നമ്മെ ചുട്ടുപൊള്ളിക്കുവാൻ പോന്ന അത്തരം അനുഭവങ്ങൾ ചിലപ്പോൾ പെട്ടെന്നു കനത്ത ഒരടി പോലെയാവും പ്രത്യക്ഷപ്പെടുക. എന്തു പ്രതിഫലം കിട്ടിയാലും പോരെന്നു കരുതുന്നൊരാൾ പ്രതിഫലം വേണ്ടാത്തൊരാളുടെ മുൻപിൽ ചെന്നു പെടുന്നൊരവസ്ഥ ഇതിനു മുൻപൊരിടത്ത് എഴുതിയിട്ടുണ്ട്. നമ്മുടെ ചെയ്തികൾ മറ്റൊരാളുടെ പ്രവൃത്തികൾക്കു മുൻപിൽ മുഖം നോക്കാൻ നിൽക്കുന്നൊരവസരം. നമ്മുടെ ദുര അവിടെ തീരുന്നു. കാലവർഷം ഒരു ചിന്തേരായി വന്ന് സദാനന്ദനെയും അങ്ങനെ മാറ്റിപ്പണിയുകയാണ്.

ethiralayadathinte-athmakadha

സ്വന്തം ഒളിയിടം കണ്ടെത്തിയ, മറഞ്ഞിരിക്കുന്ന ഒരു പക്ഷിയെ ഓർമപ്പെടുത്തുന്ന കുറച്ച് എഴുത്തുകാർ നമുക്കുണ്ട്. ഇന്ദുചൂഡൻ കിഴക്കേടം ആ ഗോത്രത്തിൽപ്പെടുന്ന ഒരാളാണ്. പൊതുനിരത്തിൽ നിന്നുമുള്ള ഈ പിൻവാങ്ങൽ എത്രമാത്രം സർഗാത്മകമാണ്?

ഇതു ബോധപൂർവം തിരഞ്ഞെടുക്കുന്ന ഒരു രീതിയല്ല. എഴുത്തുകാർ മറഞ്ഞിരിക്കേണ്ടവരാണെന്ന ഒരു ധാരണ ഒരിക്കലുമില്ല. ഒരുപാടു കാര്യങ്ങളിൽ ഒരേകാലം വ്യാപരിക്കുന്ന ആളുകളുണ്ട്. സമയത്തെ കൃത്യമായി കയ്യടക്കിക്കൊണ്ടാണ് അവരങ്ങനെ ചെയ്യുന്നത്. അങ്ങനെ ചെയ്യുന്നവരോടു ബഹുമാനമുണ്ട്. എല്ലാവർക്കും അതിനു കഴിഞ്ഞുവെന്നുവരില്ല. അതിനു പറ്റാത്തൊരാളുടെ പരിമിതി തന്നെയാണത്. ചിലപ്പോൾ വായനക്കാരന് അതത്ര പ്രശ്‌നമല്ല. രചനയിലേക്ക് ആഴ്ന്നിറങ്ങിയാൽ ഒരുപക്ഷേ, വായനക്കാരൻ എഴുത്തുകാരനെ കൈവിട്ട് എഴുതപ്പെട്ടതിൽത്തന്നെ മുഴുകിപ്പോയേക്കാം. പലപ്പോഴും ഇക്കാര്യങ്ങൾ വ്യക്ത്യധിഷ്ഠിതമാണ്. എന്നാൽ എഴുത്തിനിടെ മറ്റുള്ളവയിൽ നിന്നുള്ള പിൻവാങ്ങൽ ചിലർക്കങ്കിലും ആവശ്യമായി വരുന്നുണ്ട്. 

കഥയിലെ ഹരിതജീവിതം താങ്കൾ സ്വന്തം ജീവിതത്തിൽനിന്നു തന്നെ പകർത്തിയതാണോ? അതോ വേറിട്ട വായനയുടെ കൂടി ഉപോൽപന്നമാണോ അത്? പെരിയാറിന്റെ തീരത്താണല്ലോ വീട് എന്നതോർക്കുന്നു.

നാട്ടിൻപുറങ്ങളിൽ കഴിയുന്നവർ ഒട്ടൊക്കെ ഹരിത ജീവിതം തന്നെയാണു നയിക്കുന്നത്. അവിടെ അവർക്ക് പ്രകൃതിയോടു കുറേക്കൂടി അടുക്കാൻ കഴിയുന്നു. ഏതൊരാളുടെയും എഴുത്തിനെ അയാൾ ജീവിക്കുന്ന പരിസരവും അവിടെയുള്ള മനുഷ്യരുമൊക്കെ സ്വാധീനിക്കുമല്ലോ. വായന എഴുത്തിനെ നേരിട്ടു സഹായിക്കുന്നില്ലെങ്കിൽ പോലും ഒരാളുടെ വിചാരവും കാഴ്ചപ്പാടും സമീപനവും വ്യക്തിസത്തയുമൊക്കെ രൂപപ്പെടുത്തുന്നതിൽ അതു വലിയ ഇടപെടൽ നടത്തുന്നുണ്ട്. വേനൽക്കാലങ്ങളിൽ തെളിനീരായി നേർത്തും മഴക്കാലങ്ങളിൽ കലങ്ങി നിറഞ്ഞും പെരിയാർ ഞങ്ങളോടൊപ്പമുണ്ട്. നദീതടസംസ്‌കാരങ്ങൾ ഉരുവം കൊണ്ടതിനെപ്പറ്റിയൊക്കെയോർത്തു മുൻപു മനുഷ്യർ അഭിമാനിച്ചിരുന്നു. ഇന്നത്തെ നദീതട സംസ്‌കാരം എന്താണെന്ന ഒരു വീണ്ടുവിചാരത്തിലേക്ക് നദികളുടെ ഇപ്പോഴത്തെ അവസ്ഥ നമ്മെ നയിക്കുന്നുണ്ട്.

induchoodan-kizhakkedam-puthuvakku

താങ്കൾ സൂക്ഷിച്ചു വയ്ക്കുന്ന അപൂർവമായ ഈ അന്തർമുഖത്വം ചെറുപ്പകാലത്തെ എത്രമാത്രം വിഹ്വലമാക്കി? പ്രത്യേകിച്ചും കഥയെഴുത്തിലേക്കു കടന്നുവന്ന കാലത്ത്?

അന്തർമുഖത്വം ഒരാളുടെ കുട്ടിക്കാലം മുതലുള്ള അനുഭവങ്ങളുടെ പ്രതിഫലനമാകാം. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഒരാളെ ഏറ്റവും മുറിപ്പെടുത്തുന്നതു കുട്ടിക്കാലത്താണ് എന്നു തോന്നുന്നു. വിദ്യാലയങ്ങളിലൊക്കെ അറിഞ്ഞോ അറിയാതെയോ അത്തരം വേർതിരിവുകൾ പലപ്പോഴും സംഭവിക്കുന്നു. സ്വന്തം ശേഷികളിലുള്ള മതിപ്പോ വരുംകാലത്തെപ്പറ്റിയുള്ള പ്രത്യാശകളോ ഒരാളെ ഇതൊക്കെ മറികടക്കാൻ സഹായിച്ചേക്കാം. കഥയെഴുത്തിലേക്കു കടന്നുവന്ന സമയം ഇത്തരം വിഹ്വലത നേരിടേണ്ടിവന്നിട്ടുണ്ട്. പിന്നീടു താൽപര്യങ്ങളും ശ്രദ്ധകളും മാറുന്നതോടെ പതിയെ അതിൽനിന്നു പുറത്തു കടക്കാനുള്ള ശ്രമങ്ങളും ഉണ്ടാവുന്നു.

ഈയടുത്തു വായിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു പുസ്തകത്തെപ്പറ്റി പറയാമോ?

ഇംഗ്ലിഷിലും മലയാളത്തിലുമുള്ള പുസ്തകങ്ങൾ ഇടവിട്ടിടവിട്ട് വായിക്കാറുണ്ട്. അതിൽ പഴയതും പുതിയതും ഉണ്ടാവാറുണ്ട്. എഴുത്തിലെ സൗഹൃദങ്ങളുടെ തുടർച്ചയായുള്ള വായനയും നടക്കാറുണ്ട്. അത്തരത്തിൽ ഈയിടെ വായിച്ച ഒരു പുസ്തകം കെ.ബി.പ്രസന്നകുമാറിന്റെ ‘ജലക്കണ്ണാടി’യാണ്. യാത്രകളെപ്പറ്റിയുള്ള കൊച്ചു കുറിപ്പുകളുടെ സമാഹാരം. ഓരോന്നും ഓരോ ചിത്രങ്ങൾ പോലെ ചേതോഹരമാണ്. മറ്റൊന്ന് ബിജോയ് ചന്ദ്രൻ എഴുതിയ ‘പകൽ നടക്കാനിറങ്ങുന്ന ഇരുട്ട്’ എന്ന പുസ്തകമാണ്. മറയാൻ മടിക്കുന്ന തെളിമയുള്ള ഓർമകൾ അതിൽ നിറയുന്നു. ജോർജ് ദാസ് എഴുതിയ ‘കണ്ടത്താൻ’ എന്ന പുസ്തകം പാലക്കാടൻ സംസ്‌കൃതിയുടെ ഉൾക്കരുത്ത് ആവാഹിക്കുന്നു.

ഈയടുത്തു വായിച്ചതിൽ ഏറ്റവും ഇഷ്ടമായ കഥകളെപ്പറ്റി പറയാമോ?

എല്ലാ തലമുറയിലും പെട്ട എഴുത്തുകാരുടെ കഥകൾ വായിക്കാൻ ശ്രമിക്കാറുണ്ട്. പുതുകഥകളുടെ വായനയ്ക്ക് ആനുകാലികങ്ങൾ സഹായിക്കുന്നു. പെട്ടെന്ന് ഓർമയിലേക്കു വരുന്ന അടുത്ത കാലത്ത് വായിച്ച കഥകൾ ഇവയാണ്: മീനച്ചിലാറ്റിലെ രാത്രി-അയ്മനം ജോൺ, ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷനായ ആഹാദ് എന്ന എഴുത്തുകാരൻ-കെ.അരവിന്ദാക്ഷൻ, മാന്ത്രികനായ മാൻഡ്രേക്-മനോജ് ജാതവേദര്, എന്റെ പരിണാമ സന്ധികൾ-സോക്രട്ടീസ് കെ. വാലത്ത്, കൊല്ലിക്കുരവൻ-മിനി പി.സി., തടാകം-വിവേക് ചന്ദ്രൻ, പൊറള്-മനോജ് വെങ്ങോല.

Content Summary: Puthuvakku column written by Ajish Muraleedharan- Talk with writer Induchoodan Kizhakkedam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA