‘ഇവ’ൾക്ക് ചുറ്റും ഇനിയും പൂമ്പാറ്റകൾ പറക്കട്ടെ

HIGHLIGHTS
  • കാക്കനാട് രാജഗിരി ക്രിസ്തു ജയന്തി സ്കൂളിലെ ആറാം ക്ലാസ്സുകാരി ഇവ ഇംഗ്ലിഷ് നോവലിസ്റ്റായ കഥ
the-csirars-out-on-a-magical-adventure-by-eva-mary-hormise
ഇവ മേരി ഹോർമിസ്
SHARE

ആറാം ക്ലാസ്സുകാരി ഇവ മേരി ഹോർമിസിന് എഴുതാതിരിക്കാൻ കഴിഞ്ഞില്ല. പൂന്തോട്ടത്തിൽ ഒരു പൂമ്പാറ്റ ചിറകടിച്ചു പറക്കും പോലെ, ആ കഥ മനസ്സിലേക്ക് ചേക്കേറി. ആദ്യം ഒരു ആശയ നാമ്പ്, അതിൽനിന്ന് അതങ്ങു പടർന്നുകയറി 125 പേജുള്ള ഇംഗ്ലിഷ് നോവലായി. ആറു സുഹൃത്തുക്കൾ. അവർ കണ്ടതാകട്ടെ ഒരേ സ്വപ്നം. രാജാക്കൻമാരും രാജ്യവുമുള്ള സ്വപ്നത്തിനു പിന്നാലെ കൗമാരക്കാരായ ആ കൂട്ടുകാർ ഒന്നിച്ചിറങ്ങി. വിസ്മയിപ്പിക്കുന്ന, മാന്ത്രികമായ അനുഭവങ്ങളാണ് അവർക്കുണ്ടായത്. ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയായ ജോൺ ഓവന്റെയും ഗ്ലൈഡി ഓവന്റെയും മകനായ കാർട്ടർ ഓവനും കൂട്ടുകാർക്കും ഉണ്ടാകുന്ന സവിശേഷമായ അനുഭവം പതിനൊന്നുകാരിയായ ഇവ തന്റെ ‘ദ് സൈറെഴ്സ് ഔട്ട് ഓൺ എ മാജിക്കൽ അഡ്വഞ്ചർ’ എന്ന ഇംഗ്ലിഷ് നോവലിലൂടെ വരച്ചിടുകയാണ്. സാൻഫ്രാൻസിസ്കോയിൽനിന്ന് തുടങ്ങി ന്യൂയോർക്കിലേക്ക് കഥാ പശ്ചാത്തലം മാറുന്നുണ്ടെങ്കിലും സ്വപ്നത്തിലെ രാജ്യമാണ് കേന്ദ്രബിന്ദു. 

“I'm a normal boy.Or was a normal boy. Circumstances made me a 'saviour'” പതിനാറുകാരനായ കാർട്ടറിന്റെ വാക്കുകളിലുണ്ട് കഥയുടെ മാന്ത്രികത്താക്കോൽ. വിസ്മയകരമായ അനുഭവങ്ങൾ ചിത്രീകരിക്കുന്നതിനൊപ്പം കുട്ടികളുടെ ചിന്താലോകവും ഇവ തുറന്നിടുന്നു. അവരുടെ ആശയലോകത്തിന്റെ വൈവിധ്യ ദൃശ്യങ്ങൾ മാത്രമല്ല, മുതിർന്നവരുടെ പെരുമാറ്റ രീതികളോടുള്ള കുട്ടികളുടെ മാനസിക പ്രതികരണത്തിന്റെ ശകലങ്ങളും നോവലിനെ മറ്റൊരു തലത്തിൽ എത്തിക്കുന്നു. മാതാപിതാക്കൾക്കും നോവൽ ഹൃദ്യമാകും. പുതു തലമുറയുടെ മനസ്സിലേക്ക് ഒരു കിളിവാതിൽ തുറന്നിടുന്നുണ്ട് ഈ നോവൽ.ആമസോണിൽ അടക്കം നോവൽ ലഭ്യമാണ്.

the-csirars-out-on-a-magical-adventure-by-eva-mary-hormise-book-cover

കാക്കനാട് രാജഗിരി ക്രിസ്തു ജയന്തി സ്കൂളിലെ വിദ്യാർഥിനിയാണ് നോവലിസ്റ്റ്. പ്രമുഖ പബ്ലിഷിങ് ഹൗസായ ഹാർപർ കോളിൻസ് ഇന്ത്യയുടെ ആർജെ ഹണ്ട് റേഡിയോ സൂപ്പർ സ്റ്റാർ ദേശീയ വിജയിയുമാണ്. എട്ടുമാസംകൊണ്ടാണ് ഇവ നോവൽ പൂർത്തിയാക്കിയത്. ബിസിനസുകാരനായ ഹോർമിസ് ഐസക് വിതയത്തിലിന്റെയും സോഫ്റ്റ് വെയർ എൻജിനീയർ റിയ സിറിയക്കിന്റെയും മകൾ. രണ്ടുവയസ്സുകാരൻ എറിക് ആണ് സഹോദരൻ.

ഇനിയും ഒട്ടേറെ നോവലുകൾ രചിക്കണമെന്നാണ് ഇവയുടെ സ്വപ്നം. രാത്രി ഉറക്കത്തിനിടയിലാണ് ദ് സൈറെഴ്സിന്റെ ആശയം ചിറകിലേറിയത്. കഥകളുടെ മാന്ത്രിക രാജ്യങ്ങളിൽനിന്ന് ആശയക്കൂട്ടുമായി ഇനിയും എത്രയെത്ര പൂമ്പാറ്റകൾ എത്താനിരിക്കുന്നു.

Content Summary : The Csirars: Out on A Magical Adventure by Eva Mary Hormise 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA