ADVERTISEMENT

അനുഭവങ്ങളുടെ തിരയും ചുഴിയും കടന്നാണ് തകഴി ശിവശങ്കരപ്പിള്ള  ജ്ഞാനപീഠം കയറിയത്.  അതിനിടയിൽ അറുനൂറിലേറെ കഥകൾ, മുപ്പതിലേറെ നോവലുകൾ, ആത്മകഥാപരമായ മൂന്നു കൃതികൾ,ഒരു ജീവചരിത്രം, രണ്ടു നാടകങ്ങൾ, ഒരു യാത്രാവിവരണം എന്നിവയെല്ലാം എഴുതി. പെൻസിൽ കൊണ്ട് എഴുതിയാലേ അദ്ദേഹത്തിന് എഴുത്തുവരുമായിരുന്നുള്ളൂ. അതും വാതിൽപ്പടിയിൽ വിളക്കുവച്ചു പായ് വിരിച്ചുകിടന്നാണ്  എഴുത്ത്. 

ആദ്യമായി ഒരുടുപ്പിടുന്നത് ഇംഗ്ലിഷ് സ്കൂളിൽ ചേർന്നപ്പോഴായിരുന്നുവെന്ന് തകഴി പറയും. പഠിക്കുന്ന കാലത്ത് എഴുതി അയച്ച പല കഥകളും പ്രസിദ്ധീകരിക്കാതെ  മടങ്ങിവന്നു. സ്കൂൾ ഫൈനൽ പാസായിട്ടും പണമില്ലാത്തതിനാൽ കോളജിൽ ചേരാനുമായില്ല. പക്ഷേ, പതിനേഴാം വയസ്സിൽ ‘സാധുക്കൾ’ എന്ന   ആദ്യ കഥ പ്രസിദ്ധീകരിച്ചു. ഇരുപത്തിരണ്ടാം വയസ്സിൽ ത്യാഗത്തിനു പ്രതിഫലം എന്ന ആദ്യ നോവലും.

‘ദേവും ഞാനും  ബഷീറും പൊറ്റെക്കാടും ഒന്നും കോളജിന്റെ കോമ്പൗണ്ടുപോലും കണ്ടിട്ടുള്ളവരല്ല. ജീവിതം  മാത്രമായിരുന്നു ഞങ്ങളുടെ വിദ്യാഭ്യാസരംഗം. പട്ടിണിയും ദുരിതവും മനോവേദനയും മാത്രമായിരുന്നു ഞങ്ങൾക്കു പറയുവാനുണ്ടായിരുന്നത്. ഞങ്ങളുടെ പിൻബലം  അനുഭവങ്ങൾ മാത്രമാണ്.’ 

‘ഓർമയുടെ തീരങ്ങളിൽ’ എന്ന ആത്മകഥയിൽ തകഴി പറയുന്നത് അക്ഷരം പ്രതി ശരിയാണെന്ന് അവരുടെ കൃതികൾ തെളിയിക്കുന്നുണ്ട്. എന്റെ വക്കീൽ ജീവിതം, ബാല്യകാല കഥ എന്നിവയും തകഴിയുടെ ആത്മകഥാപരമായ കൃതികളാണ്. 

athmakathayanam-column-by-dr-mk-santhosh-kumar-on-thakazhi-sivasankara-pillai

തകഴി, അമ്പലപ്പുഴ, വൈക്കം, കരുവാറ്റ എന്നിവിടങ്ങളിലെ സ്കൂളിലെ പഠനത്തിനുശേഷം  തിരുവനന്തപുരം ലോ കോളജിൽ പ്ലീഡർഷിപ്പിനു ചേർന്നു.  തുരുമ്പിച്ചൊരു പെട്ടിയുമായി തിരുവനന്തപുരത്തു പോയ ആളല്ല തിരിച്ചുവന്നത്. തിരുവനന്തപുരത്തെ ലോ പഠനകാലത്തു കേസരി എ. ബാലകൃഷ്ണപിള്ളയെ പരിചയപ്പെട്ടതാണ്  സാഹിത്യരംഗത്തെ ഉയർച്ചകൾക്ക് വഴിയൊരുക്കിയത്.  ഇടയ്ക്ക് കേരള കേസരി പത്രത്തിൽ ജോലി ചെയ്തു. അമ്പലപ്പുഴ മുൻസിഫ് കോടതിയിലെ വക്കീൽ ജോലിക്കിടയിൽ അടുത്തറിഞ്ഞ കടൽ തൊഴിലാളികളുടെ അടക്കമുള്ളവരുടെ ജീവിതമാണ് തകഴി മിക്ക രചനകൾക്കും വിഷയമാക്കിയത്. അദ്ദേഹത്തിന്റെ പ്രശസ്ത നോവലായ‘ചെമ്മീൻ’ 1965 ൽ രാമു കാര്യാട്ടിന്റെ സംവിധാനത്തിൽ സിനിമയായി.ഇംഗ്ലിഷ്, റഷ്യൻ, ജർമൻ, ഇറ്റാലിയൻ, ഫ്രഞ്ച്, അറബിക്, പോളിഷ്,സിംഹള ഉൾപ്പെടെ 19 ഭാഷകളിലേക്കു ഈ കൃതി വിവർത്തനം ചെയ്യപ്പെട്ടു. അനുഭവങ്ങൾ പാളിച്ചകൾ, ഏണിപ്പടികൾ എന്നീ നോവലുകളും സിനിമയാക്കി.

കുട്ടനാടിന്റെ ഇതിഹാസകാരൻ, കേരള മോപ്പസാങ് എന്നീ വിശേഷണങ്ങളുള്ള തകഴി ശിവശങ്കരപ്പിള്ളയെ 1980 ൽ പത്മഭൂഷൺ ബഹുമതിയും 1984 ൽ  ജ്ഞാനപീഠം പുരസ്കാരവും നൽകി രാജ്യം ആദരിച്ചു.   കേന്ദ്ര സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായിരുന്ന അദ്ദേഹത്തിന്  കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം,വയലാർ അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം,വള്ളത്തോൾ പുരസ്കാരം,സോവിയറ്റ് ലാൻഡ് നെഹ്റു അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ് തുടങ്ങിയവ ബഹുമതികളും ലഭിച്ചിട്ടുണ്ട്. 

തകഴി ശിവശങ്കരപ്പിള്ള

ജനനം:1912 ഏപ്രിൽ 17ന് ആലപ്പുഴയിലെ തകഴിയിൽ

പിതാവ്: ശങ്കരക്കുറുപ്പ്

മാതാവ്: പാർവതിയമ്മ 

ഭാര്യ: കമലാക്ഷി അമ്മ(കാത്ത)

മരണം: 1999 ഏപ്രിൽ 10

പ്രധാന കൃതികൾ: 

കയർ, ഏണിപ്പടികൾ,തോട്ടിയുടെ മകൻ, രണ്ടിടങ്ങഴി,   അനുഭവങ്ങൾ പാളിച്ചകൾ, വെള്ളപ്പൊക്കം, ബലൂണുകൾ, അഴിയാക്കുരുക്ക്, മനുഷ്യന്റെ മുഖം,ഔസേപ്പിന്റെ മക്കൾ, പുന്നപ്ര വയലാറിനുശേഷം.

profile-image-athmakathayanam-column-by-dr-mk-santhosh-kumar-on-thakazhi-sivasankara-pillai

Content Summary : Athmakathayanam Column by Dr. M. K. Santhosh Kumar on Thakazhi Sivasankara Pillai

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com