ജയിലാകുന്ന ജീവിതങ്ങൾ; നിസ്സഹായരായ തടവുകാരും

HIGHLIGHTS
  • ഇടത്തരക്കാരുടെയും തൊഴിൽരഹിതരുടെയും വേദനകളിലേക്ക് ആണ് ആവർത്തനം നാടകം മിഴിതുറന്നത്
nn-pillai-drama-avarthanam
Representative Image. Photo Credit : Fotokita / Shutterstock.com
SHARE

സെൻട്രൽ ജയിൽ പശ്ചാത്തലത്തിൽ എൻ.എൻ.പിള്ള രചിച്ച നാടകമാണ് ‘ആവർത്തനം’. ജയിലിലാക്കപ്പെട്ട കുറ്റവാളികളുടെ  മാനസികവ്യാപാരങ്ങളിലൂടെ ആണ് ഇൗ ഏകാങ്കത്തിലൂടെ പിള്ള കടന്നുപോകുന്നത്. 23 മോഷണക്കേസുകളിൽ പ്രതിയാക്കപ്പെടുകയും അതിനു ശിക്ഷിക്കപ്പെടുകയും ചെയ്ത ആളാണ് നാടകത്തിലെ മുഖ്യകഥാപാത്രം. ഒൻപതു വർഷം ജയിൽശിക്ഷ അനുഭവിച്ചയാൾ. ശിക്ഷയുടെ കാലാവധി കഴിഞ്ഞ് പുതിയ ലോകത്തേയ്ക്ക് പോകാൻ അയാൾ തയാറാകുകയാണ്. ഇൗ സാഹചര്യത്തിലാണ് നാടകം ആരംഭിക്കുന്നത്. ജയിൽ സൂപ്രണ്ടും ജയിൽപുള്ളിയായ ഇയാളും ഒരുമിച്ചു പഠിച്ചവരാണ്. പഴയകാല സ്നേഹിതർ. ജയിൽ മോചിതനാകുന്ന ഈ പഴയ ചങ്ങാതിയോട്  ജയിൽ സൂപ്രണ്ടിന് വല്ലാത്ത ഇഷ്ടം ഉണ്ട്. പഴയകാലത്തുണ്ടായിരുന്ന അതേ സ്നേഹത്തിന്റെ ചൂട് അയാളുടെ ഹൃദയത്തിൽ ഇപ്പോഴുമുണ്ട്. 

ജീവിത സാഹചര്യങ്ങൾ കൊണ്ടു മാത്രം കുറ്റവാളിയായവനാണ് തന്റെ ഇൗ പഴയ ചങ്ങാതിയെന്ന് അയാൾ വിശ്വസിക്കുന്നു. ജയിൽ ജീവിതവും അതിലേക്ക് നയിച്ച സാഹചര്യങ്ങളെയും മറന്ന് പുതിയൊരു ജീവിതം നയിക്കാൻ തയാറാകണമെന്ന് സൂപ്രണ്ട് അയാളെ ഉപദേശിക്കുന്നു. എന്നാൽ  ജയിലിലേക്ക് തന്നെ മടങ്ങിവരാനാണ് തന്റെ ആഗ്രഹമെന്ന് അയാൾ സൂപ്രണ്ടിനോട് പറയുന്നുണ്ട്. ഒരു ഞെട്ടലോടെ ആണ് സൂപ്രണ്ട് ആ വാക്കുകൾ കേൾക്കുന്നത്. ശിക്ഷയുടെ നീണ്ട കാലാവധി പുറംലോകത്തേക്കാൾ അയാളെ പരിചിതമായ ജയിലിനെയും അതിന്റെ പാരതന്ത്ര്യത്തെയും ഇഷ്ടപ്പെടാൻ അയാളെ പ്രേരിപ്പിക്കുന്നുവോ? 

ജയിൽ സൂപ്രണ്ടിന് സംശയമായി. അദ്ദേഹം അയാളെ തിരുത്താൻ ശ്രമിക്കുന്നു. ഒട്ടേറെ വാദങ്ങൾ അയാൾ നിരത്തുന്നു. തെറ്റുകളുടെയും കുറ്റങ്ങളുടെയും ഇരുണ്ടവഴികളിൽ നിന്ന് നന്മയുടെ വെളിച്ചത്തിലേക്ക് വരാൻ സൂപ്രണ്ട് അയാളെ പ്രേരിപ്പിക്കുന്നു. ഇവർ തമ്മിലുള്ള സംഭാഷണം ഇങ്ങനെ മുറുകി കൊണ്ടിരിക്കുമ്പോഴാണ് ജയിലിലേക്ക് പുതിയ ഒരു പ്രതിയെയും കൊണ്ട് പൊലീസ് എത്തുന്നത്. പോക്കറ്റടി കേസിൽ ശിക്ഷിക്കപ്പെട്ട ഒരു യുവാവായിരുന്നു പ്രതി. പെട്ടെന്ന് ആ യുവാവ് തന്റെ മകനാണെന്ന് ജയിൽപുള്ളി തിരിച്ചറിയുന്നു. ആ മനസ്സ് പിടഞ്ഞുപോയി. മകനും തന്റെ വഴി തന്നെ തിരഞ്ഞെടുത്തിരിക്കുന്നു ജീവിക്കാൻ . 

യുവാവിനെ ജയിലിനുള്ളിലേക്ക് കൊണ്ടുപോകുമ്പോൾ ആ പിതാവ് സൂപ്രണ്ടിനോട് പറയുന്നു ‘അവനെ പുറത്തിറക്കുംമുൻപ് എന്നെ അറിയിക്കണം’ . അതെന്തിന് എന്നു ചോദിച്ചപ്പോൾ അതേദിവസം എനിക്ക് ജയിലിൽ വീണ്ടും കയറാനാണ് എന്നായിരുന്നു അയാളുടെ മറുപടി. ഇടത്തരക്കാരുടെയും തൊഴിൽരഹിതരുടെയും വേദനകളിലേക്ക് ആണ് ഈ നാടകം മിഴിതുറന്നത്.

Content Summary : NN Pillai's drama Avarthanam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA