സ്മൃതിയാനത്തിന്റെ പ്രണയസഞ്ചാരങ്ങൾ; അതിലെ സഹയാത്രികർ

HIGHLIGHTS
  • ഇരുവരുടെയും സ്നേഹത്തിന്റെ ആഴം രണ്ട് സംഭാഷണങ്ങളിലൂടെ എൻ.എൻ.പിള്ള വ്യക്തമാക്കുന്നു
nn-pillai-one-act-play-fast-passenger-image
Representative Image. Photo Credit : Yan Lev / Shutterstock.com
SHARE

‘ഫാസ്റ്റ് പാസഞ്ചർ’ ഒരു മനോഹരമായ ചെറുകഥ വായിക്കുന്ന അനുഭൂതി വായനക്കാരന് പകരുന്ന ഏകാങ്കമാണ്. യാത്ര ചെയ്തു വന്ന ഫാസ്റ്റ് പാസഞ്ചർ ബസ് ബ്രേക്ക്ഡൗൺ ആയതിനെത്തുടർന്നു യാത്രക്കാർ അതു നന്നാക്കി യാത്ര തുടരാനായി കാത്തു നിൽക്കുന്നിടത്താണ് എൻ.എൻ.പിള്ളയുടെ ഇൗ നാടകം ആരംഭിക്കുന്നത്. യാത്രക്കാരിൽ ഒരു വൃദ്ധനും വൃദ്ധയും ബസിൽ നിന്നിറങ്ങി പരിസരത്ത് കണ്ട ഒഴിഞ്ഞുകിടന്ന സ്ഥലത്ത് ഇരിപ്പുറപ്പിക്കുന്നു. പരസ്പരം സംസാരിക്കുന്നു, പരിചയപ്പെടുന്നു. ഇരുവർക്കും നന്നായി മനസ്സിലാകുന്നുണ്ട് തങ്ങ‍ൾ ആരോടാണ് സംവദിക്കുന്നത് എന്ന്. അവരുടെ ഒാർമകൾക്ക് മുമ്പിൽ കാലം പരാജയപ്പെട്ട് നിൽക്കുകയാണ്. 

ഇരുവരും കൃത്യമായി തങ്ങളോട് സംസാരിക്കുന്നത് ആരാണ് എന്ന് തിരിച്ചറിയുന്നെങ്കിലും അത് തുറന്ന് പറയുന്നില്ല. അവിടെ ഒരൽപം സങ്കോചമോ നൊമ്പരമോ അവരെ പിന്നോട്ട് വലിക്കുന്നു. വസുമതിയും ബാലനും ആയിരുന്ന അവർ സുഭദ്ര എന്നും മാധവൻ നായരെന്നും പേര് മാറ്റിപറഞ്ഞാണ് തങ്ങളുടെ പോയകാല സുഹൃത്തുമായി സംഭാഷണം നടത്തുന്നത്.  ഇരുവർക്കും അറിയാം തങ്ങൾ പ്രാണനുതുല്യം സ്നേഹിച്ച വ്യക്തിയാണ് കൈയെത്തുംദൂരത്ത് ഇരിക്കുന്നത് എന്ന്. എന്നിട്ടും അതു തുറന്നു പറയാൻ മടിച്ചു. പഴയ കാലങ്ങളിലേക്ക് അവർ ഇരുവരും പോകുന്നുണ്ട്. പക്ഷേ സമർഥമായി ഇരുവരും തങ്ങളുടെ യഥാർഥ മുഖം മറയ്ക്കാൻ ശ്രമിക്കുന്നു. ബാലേട്ടൻ എന്നെ അറിയണ്ട എന്ന് വസുമതിയും വസുമതി  തന്നെ തൽക്കാലം തിരിച്ചറിയേണ്ട എന്ന് ബാലനും തീരുമാനിക്കുന്നു. എങ്കിലും ആ നിമിഷത്തിലും ഇരുവർക്കും പണ്ടുണ്ടായിരുന്ന സ്നേഹത്തിന്റെ ആഴത്തിനോ കരുത്തിനോ കുറവ് വന്നിട്ടുണ്ടായിരുന്നില്ല. ഇരുവരുടെയും സ്നേഹത്തിന്റെ ആഴം രണ്ട് സംഭാഷണങ്ങളിലൂടെ എൻ.എൻ.പിള്ള വ്യക്തമാക്കുന്നു. 

വൃദ്ധ: എന്റെ പഴയ ബാലേട്ടൻ ഇന്നു മാധവൻ നായരായി മാറി. വടക്കേടത്ത് വേലിക്കൽ നിന്ന ആ പഴയ ആഞ്ഞിലി ഇന്നൊരു കടത്തുവള്ളമായി മാറി. വള്ളക്കാരൻ ആഞ്ഞിലി അറിയുന്നില്ല. ബാലേട്ടൻ വസുമതിയെ അറിയുന്നില്ല. 

വൃദ്ധൻ: അതേ നടപ്പ്, അതേ നോട്ടം, അതേ ചിരി. വസുമതീ, നിന്റെ അസ്ഥിപഞ്ജരം പോലും എനിക്കു തിരിച്ചറിയാം. പക്ഷേ നിന്റെ മനസ്സ് മാത്രം ഞാൻ അറിയുന്നില്ല. നീ എന്നെയും. 

ഫാസ്റ്റ് പാസഞ്ചർ അറ്റകുറ്റപ്പണിക്ക് ശേഷം യാത്രയ്ക്കൊരുങ്ങുന്നു. വ‍ൃദ്ധയുടെ കരം ഗ്രഹിക്കുന്ന വൃദ്ധൻ. ഇത് ഒരു പുതിയ തുടക്കമാകാം. പരസ്പരം തിരിച്ചറിഞ്ഞത് അറിയിക്കുന്നതിന്റെ തുടക്കം. ശുഭപര്യവസായിയായി നാടകം ഒടുവിൽ മാറുന്നു. 

Content Summary: N N Pillai's one act play Fast Passenger

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA